2 Friday
December 2022
2022 December 2
1444 Joumada I 8

ജനസേവകരാവുക ഡോ. ജാബിര്‍ അമാനി

അന്ത്യനാളിന്റെ അടയാളങ്ങള്‍ വിശദീകരിക്കുന്ന ഒരു പ്രവാചകവചനത്തില്‍ ഇങ്ങിനെ കാണാം.
‘അന്ത്യനാളിന്റെ ഇരുട്ടുകളില്‍ പെട്ടതത്രെ അക്രമങ്ങള്‍’
അറബി ഭാഷയില്‍ ‘ളുല്‍മ്’ എന്ന പദമാണല്ലോ അക്രമത്തിന് ഉപയോഗിക്കുക. അസ്ഥാനത്ത് ക്രമീകരിക്കുന്ന ഏതൊരു സംവിധാനത്തിനും അതെത്ര ചെറുതും വലുതുമായാലും അതിന് അക്രമം (ളുല്‍മ്) എന്നാണ് ഭാഷാര്‍ഥം. സ്രഷ്ടാവിന്റെ അടുക്കല്‍ ഓരോ കാര്യങ്ങള്‍ക്കും കൃത്യമായി ക്രമവും ചിട്ടയുമുണ്ട് (13:8, 87:3). പ്രപഞ്ചത്തിലെ എല്ലാ സംവിധാനങ്ങളിലും ഇത് ഉണ്ട്. ന്യൂനതയെന്നത് സ്രഷ്ടാവിന്റെ ക്രമീകരണങ്ങളില്‍ സൂക്ഷ്മമായി പോലും കാണാനാവില്ല. പ്രസ്തുത ‘സിസ്റ്റത്തിന്’ നാം വരുത്തുന്ന ഏതൊരു ചെറിയ ശ്രമങ്ങളും അക്രമത്തിന്റെ പരിഗണനയിലാണ് വരുന്നത്. നീതിപൂര്‍വകമല്ലാത്ത ഏത് കാര്യവും അക്രമമായി വിലയിരുത്തുകയാണ് മതം. അതിഗുരുതരമായ പാതകങ്ങളും സാമൂഹ്യതിന്മകളും, വധം, വ്യഭിചാരം തുടങ്ങിയവയും പൊതുവായി അക്രമം എന്ന് വിലയിരുത്താറുണ്ട്. തദ്ഫലമായി കണ്ണീരു കുടിക്കേണ്ടിവരുന്ന സാഹചര്യമുണ്ടെങ്കിലും ചെറിയ ചെറിയ കാര്യങ്ങളെ നാം നിസ്സാരമായി പരിഗണിക്കുന്നു. അക്രമത്തിന്റെ പരിധിയില്‍ എണ്ണാന്‍ പോലും പലപ്പോഴും ശ്രദ്ധിക്കാറില്ല.
അക്രമങ്ങള്‍ രണ്ട് വിധമാണ്. ഒന്ന്, നാം നമ്മോടുതന്നെ ചെയ്യുന്നത്. രണ്ടാമത്തേത്, നമ്മളിലൂടെ മറ്റുള്ളവര്‍ക്കോ സൃഷ്ടിജാലങ്ങള്‍ക്കോ മറ്റോ അനുഭവപ്പെടുന്നത്.
മനുഷ്യന്റെ ശരീരം എല്ലാ നിലയ്ക്കും അന്യൂനമായ സൃഷ്ടിയാണല്ലോ. നീതി പൂര്‍വകമായ ക്രമീകരണം സ്വന്തം ശരീരത്തോട് ചെയ്യുന്ന ക്രമംതെറ്റിയ നടപടികളാണ് അക്രമങ്ങളില്‍ പ്രധാനപ്പെട്ടത്. ആരോഗ്യം, ശുചിത്വം തുടങ്ങി നാനാതലങ്ങളില്‍ കൃത്യമായ കാഴ്ചപ്പാടോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തിബാധ്യതയാണ് ഓരോ വിശ്വാസിക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു (2:195). സ്വയംനാശത്തിന് ഹേതുവാകുന്ന ഒരുനടപടിക്രമവും പാടില്ലെന്ന മതനിര്‍ദേശത്തെ നാം എത്രത്തോളം ഗൗരവത്തില്‍ എടുക്കാറുണ്ട്.
പള്ളിയിലേക്ക് പ്രവേശിക്കുന്നവരില്‍ ചിലര്‍ പുകവലിക്കാരുണ്ട്. നോമ്പുകാലത്ത് നോമ്പ് തുറന്നശേഷം ആദ്യം ചെയ്യുന്ന മഹത്തായ സേവനം(?) പുകവലിയാക്കി ശീലിച്ചവരുണ്ട്. വൈദ്യശാസ്ത്രം വിലക്കിയ(ശാസ്ത്ര പഠനപ്രകാരം തെറ്റാണെന്ന് കണ്ടെത്തിയ) ഭക്ഷണങ്ങള്‍ ബോധപൂര്‍വം കഴിച്ച് ‘മരിക്കുകയാണെങ്കില്‍ മരിക്കട്ടെ’യെന്ന മാനസികാവസ്ഥ സ്വീകരിക്കുന്നവരുണ്ട്. അമിതവേഗതയിലും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചും യാത്ര ചെയ്ത് സ്വയം അപകടങ്ങള്‍ വരുത്തിവെക്കുന്നവരുണ്ട്. ജീവിതത്തിന് കൃത്യമായ അടുക്കും ചിട്ടയും പാലിക്കാതെ അപകടങ്ങളെ ഗൗരവമായി കാണാത്തവരുണ്ട്…. എല്ലാം സ്വന്തത്തോട് ചെയ്യുന്ന അക്രമങ്ങള്‍. എന്നാലിത് ഒരു ‘ളുല്‍മ്’ ആയി നാം വിലയിരുത്താറുണ്ടോ?
ഭൂമിയിലെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതി സംവിധാനങ്ങള്‍ക്കും തടസ്സമാകുന്ന കാര്യങ്ങള്‍ ബോധപൂര്‍വമായി നമ്മളില്‍ നിന്ന് വരാന്‍ പാടില്ല. പക്ഷേ, അതും ഗൗരവമായി കാണാറുണ്ടോ? ഹരിതനിയമാവലി, വിശ്വാസികളിലൂടെ പുലര്‍ന്നു കാണേണ്ടതില്ലേ? കാരണം, ഇസ്‌ലാം പരിസ്ഥിതി പരിപാലനത്തിന് അത്രയധികം പ്രാധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ ഒട്ടും ശ്രദ്ധയില്ലാതെ ഭൂമിയെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കളെ ലാഘവത്തോടെ ഉപയോഗിക്കല്‍ മറ്റുള്ളവര്‍ക്ക് ദോഷം ഉണ്ടാക്കുന്ന നിരവധി പാരിസ്ഥിതിക ദൂഷ്യങ്ങള്‍… ഇവയും അക്രമത്തിന്റെ പരിധിയിലാണ് മതം പരിഗണിക്കുന്നത്. വെള്ളം, വായു, സസ്യ-വൃക്ഷലതാദികള്‍, പരോപകാരപ്രദമായ സംവിധാനങ്ങള്‍, വസ്തുക്കള്‍ ഇവയോടെല്ലാം ഉള്ള നീതിപൂര്‍വകമായ ബാധ്യതാ(ഹഖ്) നിര്‍വഹണം അനിവാര്യമാണ്.
അപരന്റെ സ്വസ്ഥജീവിതത്തിന് ഏതെങ്കിലും തരത്തില്‍ തടസ്സമുണ്ടാക്കാവുന്ന സമീപനങ്ങളില്‍ നിന്ന് വിട്ടുനില്ക്കുക വിശ്വാസിയുടെ ബാധ്യതയാണ്. ‘മുഅ്മിന്‍’ എന്ന പദത്തിന്റെ താല്പര്യങ്ങളില്‍ ഒന്ന് ‘നിര്‍ഭയത്വം പ്രദാനം ചെയ്യുന്നവന്‍’ എന്നുകൂടിയാണ്. വിശ്വാസത്തിന്റെ താല്പര്യമായി പ്രവാചകന്‍(സ) പഠിപ്പിച്ചത്, ഒരാളുടെ നാവില്‍നിന്നും കൈയില്‍ നിന്നും അപരന്‍ സുരക്ഷിതമായിത്തീരുക എന്നതാണല്ലോ. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണെന്നും അവന് ഒരു നിലയ്ക്കുമുള്ള അക്രമവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് മതം ഗൗരവത്തോടെ ഉണര്‍ത്തിയിട്ടുണ്ട്.
കേവലം മറ്റൊരാളെ ഉപദ്രവിക്കാതെ തന്നിലേക്ക് തന്നെ ചുരുങ്ങിക്കൂടി ജീവിക്കുന്നതു കൊണ്ട് മാത്രം നേടാനാവുന്നതല്ല ഇക്കാര്യം. തന്റെ മനനംപോലും മറ്റൊരാളുടെ സ്വസ്ഥ ജീവിതത്തിന് കാരണമാകുന്നുവെങ്കില്‍, അവ പോലും വെടിയേണ്ടത് ഈമാനിന്റെ താല്പര്യമാണ്.
മറ്റൊരു വ്യക്തിയുടെ ജീവിതവൃത്തി, ജോലി, സഞ്ചാരം, സൈ്വരമായ മറ്റു ജീവിത പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിന്റെ വിവിധ തരത്തിലുള്ള കര്‍മങ്ങള്‍, അറിവന്വേഷണത്തിന്റെ മാര്‍ഗങ്ങള്‍, വിദ്യാഭ്യാസ സംവിധാനങ്ങള്‍, ചികിത്സകള്‍, വിവിധ തരത്തിലുള്ള വ്യക്തി കുടുംബ ചടങ്ങുകള്‍, സഹോദരന്റെ രോഗം, മരണം എന്നിവ വഴി വന്നുചേരുന്ന സന്ദര്‍ശനം ആരാധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍, ജീവിക്കുന്ന ദേശത്തിന്റെ വികസനം, പുരോഗതികള്‍, പരിഷ്‌ക്കരണ സംരംഭങ്ങള്‍, സാമ്പത്തികാഭിവൃദ്ധി തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത നന്മകളെയും അഭിവൃദ്ധികളെയും സ്വസ്ഥ ജീവിതവഴികളെയും എല്ലാ അര്‍ഥത്തിലും തടസ്സപ്പെടുത്തുന്ന സംവിധാനമല്ലേ ഹര്‍ത്താലുകളും ബന്ദുകളും. എത്രകോടി സംഖ്യയാണ് ഓരോ ഹര്‍ത്താലുകള്‍ വഴിയും നശിക്കുന്നത്, നഷ്ടമാകുന്നത്… എത്രപേരാണ് കണ്ണുനീര്‍ കുടിക്കുന്നത്. ഒരുവേള ജീവിതം പോലും നഷ്ടപ്പെടുന്നത്. എന്നിട്ടും ഹര്‍ത്താലുകള്‍ അക്രമമായി കാണാന്‍ നമ്മുടെ മാനസികാവസ്ഥ സുസജ്ജമാകുന്നില്ലെങ്കില്‍ മഹാദുരന്തമാണത്.
സാങ്കേതിക-നിയമപരിധിയില്‍ ഹര്‍ത്താലും ബന്ദും തമ്മിലെ സ്വീകാര്യ അസ്വീകാര്യങ്ങളല്ല. അവ ഒരു സമരമുറയാണോ അല്ലയോ എന്നതുമല്ല. ജനാധിപത്യ സംവിധാനത്തില്‍ അനുവദനീയമോ അല്ലയോ എന്നതുമല്ല, മറിച്ച് വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ ഏതെങ്കിലുമൊന്നിലോ മൊത്തമായോ ഏതെങ്കിലുമൊരു തിന്മയ്ക്ക് സാധ്യതയൊരുക്കുന്നുവെങ്കില്‍ ഒരു ‘വിശ്വാസി’ അത് സ്വീകരിക്കാന്‍ വിലക്കപ്പെട്ടവനാണ്. ഒരു തിന്മ ചെയ്യുന്നതിന് തത്തുല്യമാണ് തിന്മയ്ക്ക് പ്രേരണ ചെലുത്തുന്ന കാര്യങ്ങള്‍ പോലും മതം അനിഷ്ടമായി കാണുന്നുവെന്നത്. ഈ അര്‍ഥത്തില്‍ ഹര്‍ത്താല്‍ സമരങ്ങളോടുള്ള വിശ്വാസിയുടെ സമീപനങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഒരു വിശ്വാസിയുടെ മത ജീവിതത്തിലെ വിലക്കുകളും വിരോധങ്ങളുടെ മറ്റു മേഖലകൡും പാലിക്കേണ്ടത് അനിവാര്യമാണല്ലോ. പള്ളിയില്‍ പരിഗണിക്കുന്ന നന്മകള്‍ പാര്‍ട്ടി ഓഫീസുകളി ലും പാലിക്കേണ്ടതാണല്ലോ. പക്ഷേ, തന്‍താങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആഹ്വാനിക്കുന്ന ജനക്ഷേമവും നന്മയും പുരോഗതിയും തടസ്സപ്പെടുത്തുന്ന ഹര്‍ത്താല്‍ സമരങ്ങളില്‍ നാം പിന്തുണക്കാരോ കടയടപ്പിക്കുന്നവരോ ഗതാഗത തടസ്സം നിര്‍വഹിക്കുന്നവരോ ആകുന്നത് ഏത് മാനദണ്ഡപ്രകാരമാണ് ന്യായീകരിക്കാനാവുക. അന്യന്റെയും അപരന്റെയും ‘അവകാശങ്ങളിലാണ്’ നാം കൈവെക്കുന്നത്. അവയെ അക്രമമായി കാണാന്‍ കഴിയില്ലെങ്കില്‍ മതത്തിന്റെ സാഹോദര്യബോധ്യങ്ങള്‍ക്കും നന്മതിന്മാ സങ്കല്പങ്ങള്‍ക്കും എന്ത് വിലയും മഹത്വവും?
സമകാലത്ത് വളര്‍ന്നുവന്ന ഹര്‍ത്താല്‍ വിരുദ്ധ ജനകീയ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തേണ്ടത്, മതവിശ്വാസത്തിന്റെ വീക്ഷണത്തിലും വിലയിരുത്തലുകള്‍ നടക്കട്ടെ. നന്മയുടെ പക്ഷത്തിനാണ് നാം പിന്തുണയേകേണ്ടത്.
‘എല്ലാ നന്മയുടെയും അടിത്തറ നീതിയാണെന്നും തിന്മകളുടെ അടിത്തറ അക്രമമാണെന്നും(ളുല്‍മ്) ഒരു വിശ്വാസി തിരിച്ചറിയുമ്പോഴാണ് അവനില്‍ സാമൂഹ്യബോധം ഉടലെടുക്കുക’യെന്ന് ഇമാം ഇബ്‌നുല്‍ഖയ്യിം അഭിപ്രായപ്പെട്ടിട്ടുണ്ട്.
അക്രമികള്‍ക്ക് ഇഹപരശിക്ഷയുണ്ട് എന്നതാണ് മതവീക്ഷണം(ഗാഫിര്‍ 54). യുവതയുടെ ക്രയശേഷിയും ജാഗ്രതയും ജനസേവനത്തിനായിരിക്കണം.
ജനവിരുദ്ധരുടെ പക്ഷത്താണ് എന്നും ഹര്‍ത്താല്‍ സമരങ്ങള്‍ നിലയുറപ്പിച്ചത്. വമ്പിച്ച സാമ്പത്തികനഷ്ടം വരുത്തി സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കുന്ന വൈരുധ്യസമരങ്ങള്‍. തൊഴിലിന്റെയും തൊഴിലാളിയുടെയും പ്രശ്‌നം പരിഹരിക്കുന്ന തൊഴിലുതന്നെ നിര്‍ത്തിവെച്ചാലുള്ള വിരോധാഭാസം എത്രയാണ്!
യുവത തണല്‍ പകരാനുള്ളവരാണ്. ജനക്ഷേമ താല്പര്യങ്ങളില്‍ നീതിയുണ്ട്. ജനവിരുദ്ധമായതെല്ലാം അക്രമമാണ്. അക്രമങ്ങള്‍ വെടിയുക, ജനസേവകരാവുക – ആദര്‍ശയൗവനം ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുക.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x