1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ജനങ്ങളുടെ ദുരിതം കാണാതെ പശുവിനെക്കുറിച്ച് മാത്രം വേവലാതിപ്പെടുന്നത് നീതീകരിക്കാവതല്ല: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: തടങ്കല്‍ പാളയങ്ങളുടെയും മനുഷ്യാവകാശ നിഷേധത്തിന്റെയും പൗരത്വ നിരാസത്തിന്റെയും അരക്ഷിതാവസ്ഥയിലേക്ക് ഇന്ത്യയിലെ കോടിക്കണക്കായ മനുഷ്യരെ തള്ളിവിട്ട് പ്രധാനമന്ത്രി പശുവിനെക്കുറിച്ച് വേവലാതിപ്പെടുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു. പശുവിന്റെ പേരുപറഞ്ഞ് രാജ്യത്തുടനീളം പാവപ്പെട്ട മനുഷ്യര്‍ തല്ലിക്കൊല്ലപ്പെട്ടപ്പോള്‍ മൗനം ദീക്ഷിച്ച പ്രധാനമന്ത്രി പശുവിന്റെ പേരില്‍ വൈകാരികത ഇളക്കിവിടുന്നത് ഭരണപരാജയം മറച്ചുവെക്കാനാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുകയില്ലെന്ന സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാ വിരുദ്ധവുമാണ് അമിത്ഷായുടെ പ്രസ്താവനയെന്നിരിക്കെ രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും മൗനം പാലിക്കുന്നത് ആശങ്കാജനകമാണ്. വിലക്കയറ്റവും തെഴിലില്ലായ്മയും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിട്ടും പരിഹാരമൊന്നും ചെയ്യാതെ കശ്മീര്‍ വഭജനവും പൗരത്വ ബില്ലുമൊക്കെയായി രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ദേശവ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് കെ എന്‍ എം ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അബ്ദുല്‍അലി മദനി സ്വാഗതം പറഞ്ഞു. പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, അബ്ദുസ്സലാം പുത്തൂര്‍, ഡോ. അന്‍വര്‍ സാദത്ത്, ഖദീജ നര്‍ഗീസ്, ഇസ്ഹാഖ് കടലുണ്ടി, ഡോ. അനസ് കടലുണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, ഇസ്മാഈല്‍ കരിയാട് വകുപ്പുതല റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ബശീര്‍ പട്‌ല(കാസര്‍കോഡ്), അഹമ്മദ്കുട്ടി പുനൂര്‍ (കോഴിക്കോട് നോര്‍ത്ത്), അബ്ദുര്‍റശീദ് മടവൂര്‍ (കോഴിക്കോട് സൗത്ത്), ജലീല്‍ ഒതായി (കണ്ണൂര്‍), സലീം മേപ്പാടി (വയനാട്), ആബിദ് മദനി (മലപ്പുറം വെസ്റ്റ്), എം കെ മൂസ (മലപ്പുറം ഈസ്റ്റ്), എസ് എം സലീം (പാലക്കാട്), ഡി ഐ സിറാജ് മദനി (തൃശൂര്‍), എം കെ ശാക്കിര്‍ (എറണാകുളം), വൈ. മുഹമ്മദ് മുനീര്‍ (ആലപ്പുഴ), കെ ബി മുജീബ് (ഇടുക്കി), അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സുബൈര്‍ ആലപ്പുഴ, ശംസുദ്ദീന്‍ പാലക്കോട്, കെ എല്‍ പി ഹാരിസ് പ്രസംഗിച്ചു.

Back to Top