5 Wednesday
February 2025
2025 February 5
1446 Chabân 6

ചെളിക്കത്ത്

ഫായിസ് അബ്ദുള്ള തരിയേരി


ഞാനാ വാതില്‍ പിന്നെയും തുറന്നിടാറുണ്ടായിരുന്നു.
മട്ടുപ്പാവിന്റെ മുകളില്‍ കൂടി നീ വന്നിരിക്കുമെന്ന് നിനച്ചു.
പാഞ്ഞു പോകുന്ന താരകങ്ങള്‍,
നിലാവിലൊളിയുന്ന വയലറ്റു കസവ്,
നിശയുടെ ദീര്‍ഘ നിശ്വാസം, പൊട്ടിച്ചിരികള്‍
ഒന്നൂടെ കാണാമെന്ന് മോഹിച്ചു.

ഇന്നലത്തെ മഴയോട് കൂടി ഞാനതെല്ലാം നിര്‍ത്തി,

എന്റെ കത്തു പെട്ടി ഏതോ പാറക്കൂട്ടങ്ങളില്‍
കണ്ടെന്നാരോ പറഞ്ഞു കേട്ട്,
സ്നേഹവീട്ടിലാകാശം കല്ലെറിഞ്ഞത്
ടീവിയില്‍ കണ്ട്.

സത്യമായിട്ടും
ഇനി മഴയെപ്പറ്റി പറയില്ല,
മഴയുടെ ചൂരിനെപ്പറ്റി പറയില്ല,
മഴയുടെ പ്രണയത്തെപ്പറ്റി പറയില്ല
വരില്ലെന്ന് പറഞ്ഞിട്ടും
വാക്ക് തെറ്റിച്ചു ഞാനിതാ വരുന്നു
അവസാനമായൊന്ന് കാണണമായിരുന്നു
ചുംബിക്കണമായിരുന്നു
മണ്ണിലെങ്കിലും അനുഗമിക്കണമായിരുന്നു.

ചളിയില്‍ പുതഞ്ഞ കഷണങ്ങളിലൊന്നും
നിന്റെ കയ്യില്ലായിരുന്നു
ആരോ കണ്ടം വെച്ചു പോയിരുന്നു.
ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡറിനു വെച്ച പോലെ
മനുഷ്യരെയിങ്ങനെ തുണ്ടമായി പാക്ക് ചെയ്തിരിക്കുന്നു.
സന്ധ്യക്ക് കോതിയിടാറുള്ള മുടിത്തുമ്പുകള്‍
മണ്ണിലൊരു കവരൊട്ടിക്കുന്നത് കണ്ടെനിക്ക്
തലചുറ്റി.

വഴി മാറിയോ
ഇല്ലെങ്കില്‍ ഞാനാരോട് ചോദിക്കും
നിന്റെ പച്ചപ്പട്ടാരാണ് മാറിയുടുത്തതെന്ന്?
കാറ്റിലാടുന്ന ജിമിക്കിയുടെ താളങ്ങളില്‍
ആരാണ് ഒപ്പീസെഴുതുന്നതെന്ന്?
ആലിപ്പഴം പെറുക്കാനിറങ്ങിയ
കുട്ടികളുടെ തൊണ്ടയിലെങ്ങനെ
നനഞ്ഞ മരുഭൂമി കയറിപ്പാര്‍ത്തുവെന്ന്?

ആരും മിണ്ടിയില്ല
അവളെ കാണണമെന്ന് പറഞ്ഞു
ആരും മിണ്ടിയില്ല
ആ കത്തുകളെന്റെതെന്ന് പറഞ്ഞു
ആരും മിണ്ടിയില്ല
ശവപ്പറമ്പില്‍ ആര് മിണ്ടാനാണ്
മരിച്ചോരല്ലാതെ.

പാലത്തിന്നക്കരെയൊരാള്‍
ഉറക്കെ ഉറക്കെ കൂവുന്നു
മഴയിതാ കോളും കൊണ്ടു വരുന്നു,
ഞാനാ വാതിലടക്കുന്നു
അതൊരു മഴ അല്ലായിരുന്നു..
അവസാന ശ്വാസത്തില്‍ ദൂരെയെവിടെന്നോ
മനുഷ്യരൊഴുക്കുന്ന കണ്ണീരായിരുന്നു.
തുടച്ചാലും തുടച്ചാലും ഒഴുകുന്ന
അവസാനത്തെ പിടച്ചിലുകള്‍
എന്റെയും നിന്റെയും ചിതയൊരുക്കുന്ന
ചെളിക്കത്ത്.

Back to Top