1 Friday
December 2023
2023 December 1
1445 Joumada I 18

ചാക്കീരി മൊയ്തീന്‍കുട്ടി  മാപ്പിള സാഹിത്യത്തിലെ രത്‌നശോഭ – ശമീര്‍ കരിപ്പൂര്‍

ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങളാല്‍ മലയാള ഭാഷക്ക് സമാന്തരമായി മാപ്പിള സ്വത്വ നിര്‍മ്മിതിയില്‍ നിന്നും ഉരുവംകൊണ്ട ഒരു സാഹിത്യ ശാഖയാണ് അറബി മലയാളം. മലയാള ഉച്ചാരണവും അറബി ലിപിയും സന്ധിക്കുന്ന ഈ സാഹിത്യ ശാഖയില്‍ ആയിരത്തില്‍പരം അമൂല്യവും ബൃഹത്തുമായ ഗ്രന്ഥങ്ങള്‍ പിറവി കൊണ്ടിട്ടുണ്ട്. അവ തന്നെയും ഇനിയും ചരിത്രകുതുകികളുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നവയുമാണ്. അറബി- മലയാള ലിപിയുടെ ഉല്‍പത്തി കൃത്യമായ കാലഗണന വച്ച് നിരൂപിക്കാനുതകുന്ന ചരിത്രരേഖകളൊന്നും ഇന്നേവരെ ലഭ്യമായിട്ടില്ല. മലയാള ഭാഷയ്‌ക്കെന്ന പോലെ ഭാഷാപരിഷ്‌ക്കര്‍ത്താക്കള്‍ ഈ ശ്രേണിയിലും ഉണ്ടായിട്ടുണ്ട്. മാപ്പിള സാഹിത്യമെന്ന് ഇപ്പോള്‍ പൊതുവില്‍ സംജ്ഞ ചെയ്യപ്പെട്ടുവരുന്ന ഈ പ്രാചീന സാഹിത്യ ശാഖയുടെ ഉന്നമനത്തിന് മഹിതമാര്‍ന്ന സേവനങ്ങള്‍ ചെയ്തവര്‍ നിരവധിയാണ്. അവരില്‍ ശ്രദ്ധേയനാണ് മാപ്പിള കവിയും സാഹിത്യകാരനുമായിരുന്ന ചാക്കീരി മൊയ്തീന്‍ കുട്ടി.
മാപ്പിള കാവ്യരംഗത്തെ മുടിചൂടാമന്നനായ മോയിന്‍കുട്ടി വൈദ്യരുടെ സമകാലികനായ ചാക്കീരി മായ്തീന്‍ കുട്ടിയുടെ മാപ്പിള സാഹിത്യ രംഗത്തെ മഹല്‍ സേവനങ്ങള്‍ ഏറെ പ്രശംസനീയവും വ്യതിരിക്തവുമായിരുന്നു. ചാക്കീരി ബദര്‍ എന്ന പേരില്‍ പഴമക്കാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ബദര്‍ യുദ്ധത്തെ ഇതിവൃത്തക്കുന്ന കാവ്യം ഇദ്ദേഹത്തിന്റെ രചനയാണ്. ഏറെ ആധികാരികമായ ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങളെ അവലംബിച്ച് രചിച്ചതാണ് ഈ കൃതി. ഹിജ്‌റ 1294-ല്‍ (എഡി 1877) കോഴിക്കോട്ടെ മള്ഹറുല്‍ അദ്ല്‍ അച്ചുകൂടത്തില്‍ പ്രസ്തുത കൃതി അച്ചടിക്കപ്പെട്ടു. 1971-ല്‍ ഈ കൃതി മലയാള ലിപിയില്‍ അദ്ദേഹത്തിന്റെ പുത്രനായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റെ ശ്രമഫലമായി പുറത്തുവന്നു. ആ മഹല്‍ സംരംഭത്തിന് അവതാരിക എഴുതിയത് കവി കോകിലം ടി ഉബൈദായിരുന്നു.
മാപ്പിള കവികള്‍ സങ്കരഭാഷാപദങ്ങളുടെ അതിപ്രസരം അവരുടെ സൃഷ്ടികളിലേക്ക് ആവാഹിച്ചെടുത്തിരുന്ന അക്കാലത്ത് പരഭാഷാ പദാവലികളില്‍ നിന്നും മാപ്പിള കാവ്യങ്ങളെ മോചിപ്പിക്കാന്‍ പ്രഥമ ഉദ്യമം നടത്തിയത് ചാക്കീരിയാണ്. അദ്ദേഹത്തിന്റെ ബദ്ര്‍ കാവ്യത്തില്‍ പരഭാഷാ പദങ്ങള്‍ക്കു പകരമായി ഭാഷാ പദങ്ങള്‍ ഉപയോഗിക്കാന്‍ കാവ്യത്തില്‍ ഏറെക്കുറെ ചാക്കീരി മൊയ്തീന്‍ കുട്ടി ശ്രമിച്ചിട്ടുണ്ടെന്നു പറയാം. മാപ്പിള പൊതുമണ്ഡലത്തില്‍ മലയാള ഭാഷ സാര്‍വ്വത്രികമാവുന്നതിനും മുന്‍പാണിതെന്നോര്‍ക്കണം. ചാക്കീരി ബദ്‌റിലെ പ്രശസ്തമായ ഭാഗം:
നിധി മതിമാന്‍ ജഗതി വിളങ്ങും മണിനബി
ഹിജ്‌റത്തിന്‍ സമാരണ്ടില്‍
നിററമളാനതിലതി സുകൃതപ്പടയിതു
പൊരുതുകയായ്
ഇതിനുടെവാസര വിഷയത്തില്‍
ചതുര്‍ദ്ദശയൊടു
പഞ്ചമദിനമെന്നും
ഇതിനെതിരായിരുനവൊന്നും
ചില മൊഴികളില്‍ വരവായ്
അതുലിതരാം ഇബ്‌നുഹിശാമിന്‍
മൊഴിപതിനേള്‍
നല്‍ ജുമുഅഃ ദിനത്തില്‍
അത് സ്ഥിരമാക്കിയ സമപൊരുള്‍
മുന്‍തഖാവിലു
മരുളുകയായ്
അധിരഥന്‍മാരുടെ നുതി പറയുന്നവരിലും
കേള്‍ക്കുന്നവരിലുമെല്ലാം
അനുഭവമേറിയ പലപുണ്യം
തരുവനുപരതിയായ്
(ഇശല്‍: ആചാരമംഗലം)
ബദ്ര്‍ യുദ്ധം നടന്നത് റമദാനിലെ ഏത് ദിനത്തിലാണെന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. റമദാന്‍ 18-നെന്നും 19-നെന്നും അഭിപ്രായപ്പെട്ടവരുണ്ട്….” എന്നിങ്ങനെ കാവ്യത്തില്‍ വിവരിക്കുന്ന കവി പ്രസിദ്ധ പ്രവാചക ചരിത്രകാരന്‍ ഇബ്‌നുഹിശാമിന്റെ സീറത്തുന്നബവിയ്യ എന്ന ചരിത്ര ഗ്രന്ഥത്തിലെ റമദാന്‍ 17 എന്ന പരാമര്‍ശത്തിന് പ്രാമുഖ്യം നല്‍കുന്നു. തുടര്‍ന്ന് വരുന്ന അധിരഥന്‍…. പരതിയായ്… എന്ന വരികളില്‍ മഹത്തുക്കളുടെ മഹച്ചരിതങ്ങള്‍ ഉല്‍ബോധിപ്പിക്കുന്നതും ശ്രവിക്കുന്നതുമെല്ലാം ദൈവിക കടാക്ഷം ലഭിക്കുന്ന സല്‍കൃത്യമായെണ്ണുന്നു.
നവീനങ്ങളായ പല മാറ്റങ്ങളും ചാക്കീരി തന്റെ കാവ്യത്തില്‍ സൃഷ്ടിക്കാന്‍ ഉദ്യമിച്ചു. പാരമ്പരാഗതമായി മാപ്പിളക്കവികള്‍ ഉപയോഗിച്ചു വരുന്ന ഇശല്‍ നാമങ്ങള്‍ക്ക് പകരം ഏറെക്കുറെ ദ്രാവിഡ വൃത്തങ്ങളുടെ പേരുകള്‍ ചേര്‍ത്തു. കൂടാതെ സ്വന്തമായി ചേര്‍ത്ത ഇശല്‍ നാമങ്ങളുമുണ്ട്. ഉദാഹരണത്തിന് താഴെ ചേര്‍ക്കുന്നു:
(പരമ്പരാഗത ശൈലി) (ചാക്കീരി നല്‍കിയത്)
കപ്പപ്പാട്ട്   ചായല്‍ നട
മുഹിബ്ബ്‌നൂര്‍    ഇന്ദ്രവജ്രം
ആകാശം ഭൂമി     സര്‍പ്പിണി
തടകി മണത്തെ ചാട്ടം ചെറിയ കല്യാണി
സങ്കിടത്തില്‍ നീട്ട്   പുതിയ കല്യാണി
ആരമ്പ             മന്ദനട
ഓശാ ബിരുത്തം  ചുടര ച്ചായല്‍
ഓശാകള്‍         മാലിനി
ചാക്കീരി മൊയ്തീന്‍ കുട്ടിയുടെ ഈദൃശങ്ങളായ ഉദ്യമങ്ങള്‍ മലയാള ഭാഷാ ലോകത്തേക്ക് മാപ്പിള കവികളെ ചേര്‍ത്തു നിര്‍ത്താന്‍ വേണ്ടിയായിരുന്നു. അറബി- മലയാള ലിപിയും അതിലെ മാപ്പിള കാവ്യങ്ങളും മാപ്പിളമാര്‍ക്കിടയില്‍ ആഴത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ചാക്കീരിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാല്‍ അതേ ലിഖിത മാധ്യമത്തിലൂടെ അവര്‍ക്കിടയില്‍ കാവ്യങ്ങള്‍ ചമച്ച് അക്കാലത്തെ മാപ്പിള കവികള്‍ക്കിടയില്‍ ഭാഷാപരമായ പരിവര്‍ത്തനം സാധ്യമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കീഴാള വിഭാഗത്തില്‍ നിന്നും ധാരാളമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ട മാപ്പിളമാരുടെ ഉപബോധങ്ങളില്‍ മലയാള ഭാഷ സവര്‍ണ മര്‍ദക എഴുത്തുരൂപമാണെന്ന ധാരണയുണ്ടായിരുന്നതിനാലാവണം മലയാള ഭാഷയുമായി മാപ്പിളമാര്‍ നൂറ്റാണ്ടുകളോളം ഐത്തം കല്‍പ്പിച്ചത് എന്നനുമാനിക്കാം.
മാപ്പിള സാഹിത്യ രംഗത്ത്
മാപ്പിള സാഹിത്യമെന്ന് പൊതുവില്‍ സംജ്ഞ ചെയ്യപ്പെടുന്ന അറബി- മലയാള സാഹിത്യ ലോകത്തിന് ചാക്കീരി മൊയ്തീന്‍കുട്ടിയുടെ മഹല്‍ സേവനങ്ങളെ ഒരിക്കലും വിസ്മരിക്കാനാവില്ല. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ ഉദ്യമങ്ങളിലൊന്ന് ഭാഷാഭൂഷണം എന്ന പേരിലെഴുതിയ പര്യായ നിഘണ്ടുവാണ്. ചാക്കീരി തന്റെ ബദര്‍ കാവ്യത്തില്‍ ഉപയോഗിച്ചവയും അല്ലാത്തവയുമായ നിരവധി പദങ്ങളുടെ നാനാര്‍ഥങ്ങള്‍ വിവരിക്കുന്നതാണ് ഈ കൃതി. ചാക്കീരിയുടെ ബദര്‍ കാവ്യത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ ഉദ്യമിക്കുന്നവര്‍ക്ക് ഏറെ ഉപകരിക്കുന്നതാന്ന് ഈ കൃതി. ഇതിന്റെ രണ്ട് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഈ കൃതിയുടെ മലയാള പതിപ്പ് 1982-ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയിട്ടുണ്ട്. ഇ സൈനുദ്ദീന്‍ എന്നയാളാണ് അതിന്റെ ലിപിമാറ്റം വരുത്തിയത്. പക്ഷേ, അദ്ദേഹത്തിന് ലഭ്യമായ പ്രതിയുടെ ആദ്യത്തെ നാലോ അഞ്ചോ പേജുകള്‍ നഷ്ടപ്പെട്ടിരുന്നു. തന്നിമിത്തം ഗ്രന്ഥകര്‍ത്താവിന്റെ പേര് അജ്ഞാതമാണെന്ന് സൈനുദ്ദീന് തെറ്റായി എഴുതേണ്ടി വന്നു. അറബി- മലയാളത്തില്‍ രണ്ടു പതിപ്പുകള്‍ ഇറങ്ങിയതില്‍ ആദ്യ പതിപ്പിന് വളരെ ഹൃസ്വമായി ചാക്കീരി എഴുതിയ മുഖക്കുറിപ്പില്‍ മാപ്പിളപ്പാട്ടിലെ പരഭാഷാ പദപ്രയോഗങ്ങള്‍ പാട്ടിന്റെ ഭാഷാസാഹിത്യസൗന്ദര്യം നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ആ മുഖക്കുറിപ്പുള്‍ക്കൊള്ളുന്ന ഒന്നാം പതിപ്പിന്റെ കോപ്പി മാപ്പിള ചരിത്രകാരനായിരുന്ന മര്‍ഹും കെ കെ മുഹമ്മദ് അബ്ദുല്‍കരീമിന്റെ ചരിത്ര ശേഖരത്തിലുണ്ട്.
                                                           
ചാക്കീരിയുടെ ബദര്‍ കാവ്യം ഹിജ്‌റ 1343 ശഅബാന്‍ 11 ന് (എഡി 1924) മുഈനുല്‍ ഇസ്‌ലാം പ്രസ്സില്‍ നിന്നും സി കെ മുഹമ്മദ് എന്നയാള്‍ മുദ്രണം ചെയ്തു. അതില്‍ ‘ഭാഷാസാഹിത്യ രത്‌നച്ചുരുക്കം’ എന്ന തലവാചകത്തില്‍ ചാക്കീരിയുടെ ഒരു ലേഖനമുണ്ട്. മലയാള ഭാഷയെക്കുറിച്ചും അക്കാലത്ത് നിലവിലുള്ള അതിലെ സാഹിത്യ കൃതികളെ കിറച്ചും അദ്ദേഹത്തിന് എത്രമാത്രം പരിജ്ഞാനമുണ്ടായിരുന്നുവെന്നതിന് ആലേഖനം സാക്ഷിയാണ്. ഭാഷാ സാഹിത്യത്തെ പഠനവിധേയമാക്കുന്ന ‘ലീലാതിലകം’ പോലുള്ള ലക്ഷണ ഗ്രന്ഥങ്ങള്‍ ചാക്കീരി വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ മാപ്പിള കാവ്യങ്ങളില്‍ പരഭാഷാ പദപ്രയോഗങ്ങള്‍ അനുവര്‍ത്തിച്ച് കാവ്യം ചമയ്ക്കുന്ന ശൈലി തുടര്‍ന്നുവരുന്നത് പാട്ടിന്റെ ശുദ്ധമായ ഭാഷാസൗന്ദര്യം നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം മനസ്സിലാക്കി.
ചാക്കിരി എഴുതുന്നു: ”വിശേഷിച്ച് അറബി- മലയാളത്തില്‍ മുസ്‌ലിമാന്മാരുടെ ഇടയില്‍ നടന്നുവരുന്ന കവിതകളും തര്‍ജമകളും (ഗദ്യങ്ങള്‍) മുസ്‌ലിമാന്മാരുടെ മലയാളത്തെ വഷളാക്കുന്നതിന് ഏറ്റവും ഉതകുന്നതാകുന്നു. ഈ കവിതകള്‍ മലയാളത്തില്‍ തമിഴ്, അറബ് മുതലായ പല ഭാഷകളും കൂട്ടിക്കെട്ടി ഉണ്ടാക്കുന്നതാണ്.
ഈ കവിതകള്‍ക്ക് കവികളുടെ ദുസ്സ്വാതന്ത്ര്യമല്ലാതെ മറ്റു യാതൊരു ആഹാരവുമില്ല. വ്യാകരണാദി ഗ്രന്ഥങ്ങളെ കൊണ്ട് നിജപ്പെടുത്തിയ ഭാഷാനിയമങ്ങളെ അനുസരിക്കാതെ കവികള്‍ പല അഴിമതികളും ചെയ്തുവരുന്നു. ഭാഷാ കവിതക്ക് പദത്തില്‍ പതിനൊന്നും വാക്യത്തില്‍ പത്തൊമ്പതും അര്‍ഥത്തില്‍ പത്തും ദോശങ്ങളാണ് ഭാഷാശാസ്ത്രങ്ങളില്‍ കല്‍പിച്ചിട്ടുള്ളത്. ഈ കവിതകള്‍ പ്രസ്തുത ദോശങ്ങളുടെ ഇരിപ്പിടമാണ്. എന്നു മാത്രമല്ല, പ്രാചീനമാര്‍ നാനൂറ് അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് ദുഷ്ടമെന്നു കണ്ട് ഉപേക്ഷിച്ചതായ ചെന്റാന്‍, നിന്റാന്‍, വന്താര്‍, തിന്‍താന്‍ മുതലായ തമിള്‍ നയങ്ങളെയാണ് മലയാളനയങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. ശബ്ദഭംഗിക്കും അലങ്കാരത്തിനും കര്‍ണ്ണകഠോരമായ അനുപ്രാസങ്ങളെ ചെയ്കയാണ്. ഈ വക പ്രയോഗങ്ങളെ എങ്ങനെ സഹിക്കും? ഇത്തരം കോമാളി കവിതകളെ സഹൃദയന്മാര്‍ എത്ര വെറുത്താലും പാമരന്‍മാര്‍ രസിക്കയല്ലാതെ വെറുക്കയില്ല.
കവിതയിലെ ദോശങ്ങള്‍ക്കെല്ലാം അവര്‍ പരിഹാരമായി വെച്ചിരിക്കുന്നത് ദ്വിതീയാക്ഷര പ്രാസമാകുന്നു. ആയത് നാല്‍ പാദങ്ങളിലും രണ്ടാമത്തെ അക്ഷരം ഒരു അക്ഷരമായിട്ട് വരുന്നതാണ്. ഈ ദ്വിതീയാക്ഷര പ്രാസമുണ്ടായാല്‍ പിന്നെ എന്തു ദോശമുണ്ടായാലും അവര്‍ വകവെക്കയില്ല. പ്രാസഭക്തന്മാരുടെ ദ്വിതീയാക്ഷര പ്രാസത്തിന്റെ കാര്യത്തില്‍ പലതും പറഞ്ഞുവരുന്നുണ്ട്. എങ്കിലും ഭാഷാശാസ്ത്രങ്ങള്‍ അവയെല്ലാം തീരെ നിഷേധിച്ചിരിക്കുന്നു. എങ്ങനെയെന്നാല്‍ ദ്വിതീയാക്ഷരപ്രാസം കവിതാവനിതക്ക് ഒരു തിരുമംഗലമാണെന്നു കരുതി കവി കുഞ്ജന്മാര്‍ പ്രാസത്തിന്റെ നാലക്ഷരങ്ങളെ രക്ഷിപ്പാന്‍ വേണ്ടി പല ഗോഷ്ടികളും ആഭാസങ്ങളും കാട്ടിക്കൂട്ടുന്നു. അര്‍ഥത്തില്‍ ആര്‍ വകവെക്കുന്നു? പ്രാസത്തിനായി മണ്ണാന്‍കട്ട എന്നുപയോഗിപ്പാനും അവര്‍ മടിക്കുന്നില്ല” (ഭാഷാസാഹിത്യ രത്‌നചുരുക്കം, ചാക്കീരി മൊയ്തീന്‍ കുട്ടി)
മാപ്പിള കാവ്യങ്ങളിലെ ഭാഷയെ പരിപോഷിപ്പിച്ച് ശുദ്ധ ഭാഷയില്‍ പാരമ്പര്യ ശീലുകളുടെ അകമ്പടിയില്‍ മാപ്പിള കാവ്യങ്ങള്‍ വിരചിതമാകണമെന്ന് ചാക്കീരി ആഗ്രഹിച്ചു; അതിനായി പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ ഭവനം വിവിധ വിജ്ഞാനീയങ്ങളുള്‍ക്കൊള്ളുന്ന അമൂല്യവും ബൃഹത്തുമായ ഗ്രന്ഥങ്ങളുടെ കലവറയായിരുന്നു. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ ജ്വലിക്കുന്ന നായകനായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സതീര്‍ഥ്യനും പണ്ഡിതനുമായിരുന്ന ചാലിലകത്ത് ഖുസയ്യ് ഹാജിയുടെ മക്കളായ ചാലിലകത്ത് അലി ഹസന്‍ മൗലവിയും, അബ്ദുല്ല മൗലവിയും ചാക്കീരി മൊയ്തീന്‍ കുട്ടി സാഹിബിന്റെ അഭ്യുദയകാംക്ഷികളും സന്തത സഹചാരികളുമായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണ നിമിത്തം ആ ഇരുപണ്ഡിതരെയും സ്വഭവനത്തില്‍ താമസിപ്പിച്ച് സാമ്പത്തിക സഹായങ്ങള്‍ നല്‍കി അറബി ഭാഷയിലുള്ള വിവിധങ്ങളായ അമൂല്യ ഗ്രന്ഥങ്ങള്‍ അറബി- മലയാള ലിപിയില്‍ പരിഭാഷ ചെയ്യിപ്പിച്ചു.
ചാക്കീരിയുടെ പ്രേരണയില്‍ ശാഫിഈ മദ്ഹബിലെ പ്രശസ്ത പണ്ഡിതനായ ഇബ്‌നുഹജര്‍ ഹൈത്തമിയുടെ തുഹ്ഫ മുഴുവനായും ചാലിലകത്ത് അബ്ദുല്ല മൗലവിയും സഹോദരന്‍ ഹസന്‍ മൗലവിയും കൂടി അറബി- മലയാള ലിപിയില്‍ എഴുതിത്തീര്‍ത്തിരുന്നു. പക്ഷേ, ആ മഹല്‍ കൃതിയുടെ മൂന്ന് ഭാഗങ്ങള്‍ മാത്രമേ പുറത്തിറങ്ങിയുള്ളൂ. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ലോകപ്രശസ്ത കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥത്തിന് സയ്യിദ് ബക്കരിയെഴുതിയ വ്യാഖ്യാനത്തിന്റെ അറബി- മലയാള പരിഭാഷയും അക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. വിശുദ്ധഖുര്‍ആനില്‍ പരാമര്‍ശവിധേയരായ 25 ഓളം പ്രവാചകന്‍മാരുടെ ചരിത്രം വിവരിക്കുന്ന ഖസസുല്‍ അംബിയ എന്ന കൃതിയും ചാലിലകത്ത് സഹോദരന്‍മാരെ കൊണ്ട് അറബി- മലയാള ലിപിയിലേക്ക് മൊഴിമാറ്റം ചെയ്യിച്ചതും പ്രസിദ്ധീകരിച്ചതും ചാക്കീരി മൊയ്തീന്‍ കുട്ടി സാഹിബാണ്.
ഇസ്‌ലാമിക വിശ്വാസ കര്‍മ്മ രംഗങ്ങളിലെ ഉത്തമങ്ങളായ ബൃഹത് ഗ്രന്ഥങ്ങള്‍ അറബി- മലയാള ലിപിയിലേക്ക് മൊഴിമാറ്റം ചെയ്യിച്ച് തദ്വാരാ കേരളത്തിലെ സാധാരണക്കാരായ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക സാഹിത്യകൃതികളെ പരിചയപ്പെടുത്താന്‍ ഈദൃശങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ചാക്കീരി മൊയ്തീന്‍ കുട്ടി പരിശ്രമിച്ചു. ഇന്നത്തെപ്പോലെ വ്യാപകമായി അച്ചടി ശാലകളോ ഡിജിറ്റല്‍ സംവിധാനങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഇസ്‌ലാമിക സാഹിത്യങ്ങളിലെ ബൃഹത് ഗ്രന്ഥങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ചാക്കീരി മൊയ്തീന്‍ കുട്ടി നടത്തിയ ശ്രമങ്ങള്‍ മാപ്പിള സാഹിത്യ ചരിത്രത്തിലെ ശ്ലാഘനീയമായ മുഹൂര്‍ത്തങ്ങളാണ്.
അറബി- മലയാള ലിപിയിലുള്ള ശ്രദ്ധേയമായ ആറു കൃതികളാണ് ചാക്കിരിയുടെ രചനകളായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. അവയുടെ പേരുകള്‍ ചുവടെ.
1.  ബദര്‍യുദ്ധം: മാപ്പിള കാവ്യം
2.  ഭാഷാഭൂഷണം പര്യായനിഘണ്ടു
3.  തുഹ്ഫത്തുല്‍ ഇഖ്‌വാന്‍ ഗദ്യഗ്രന്ഥം
4.  ചെറിയ തുഹ്ഫതുല്‍ ഖാരി:
ഖുര്‍ആന്‍ പാരായണ ശാസ്ത്രം
5.  വലിയ തുഹ്ഫത്തുല്‍ ഖാരി:
ഖുര്‍ആന്‍ പരായണശാസ്ത്രം
6.  സീനത്തുല്‍ ഖാരി
കുടുംബം, സമകാലികര്‍, സുഹൃത്തുക്കള്‍
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂര് ഗ്രാമമാണ് ചാക്കീരിയുടെ ജന്മദേശം. വ്യാപാരിയും ധനാഢ്യനും ഔദാര്യവാനുമായിരുന്ന ചാക്കീരി അവറാന്‍ സാഹിബിന്റെ രണ്ടാമത്തെ പുത്രനാണ് മൊയ്തീന്‍കുട്ടി. വാളക്കുളത്തെ കുലീന കടുംബത്തിലെ കൊളമ്പില്‍ ബാപ്പു ഹാജിയുടെ മകള്‍ ആമിനയാണ് ചാക്കീരിയുടെ മാതാവ്. എഡി 1850-ലാണ് ജനനം. മാതൃഭവനത്തിലാണ് അദ്ദേഹം തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്.
കൊളമ്പില്‍ മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നു ഖുര്‍ആന്‍ പാരായണ ശാസ്ത്രം (തജ്‌വീദ്) കരഗതമാക്കി. നാട്ടാശാനായിരുന്ന ഒരു പണിക്കരടുത്ത് എഴുത്തിനിരുന്ന് അദ്ദേഹം അക്ഷരാഭ്യാസത്തിന് നാന്ദി കുറിച്ചു. പ്രസിദ്ധ പണ്ഡിത കുടുംബമായ ചാലിലകത്ത് കുടുംബത്തിലെ അലി ഹസ്സന്‍ മൗലവി, സഹോദരന്‍ അബ്ദുല്ല മൗലവി എന്നിവര്‍ ചാക്കീരിയുടെ ഗുരുനാഥന്‍മാരും സുഹൃത്തുക്കളുമായിരുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന തമിഴ് പുലവന്‍മാരുടെ കാവ്യങ്ങളില്‍ നിന്നും, അറബി- മലയാള ലിപിയിലുള്ള മാപ്പിള കാവ്യങ്ങളില്‍ നിന്നും പാട്ടുകളുടെ അടിസ്ഥാന നിയമങ്ങളും രചനാരീതികളും മനസ്സിലാക്കി. പിതാവ് അവറാന്‍ സാഹിബിന് കാര്‍ഷിക വൃത്തിക്കു പുറമെ കോഴിക്കോട് നഗരത്തില്‍ അരിക്കച്ചവടവും മലഞ്ചരക്ക് കച്ചവടവുമുണ്ടായിരുന്നു. പിതാവിന്റെ കച്ചവട പാതയെ മൊയ്തീന്‍കുട്ടി സാഹിബും പിന്തുടര്‍ന്നു.തന്റെ സമ്പത്തിന്റെ നല്ലൊരു പങ്ക് അറബി- മലയാളത്തിലുള്ള വൈജ്ഞാനിക കൃതികളുടെ പ്രചരണത്തിന് വേണ്ടി വിനിയോഗിക്കുന്നതില്‍ യാതൊരു അസാംഗത്യവും അദ്ദേഹത്തിനില്ലായിരുന്നു.
മാപ്പിള കവികളായിരുന്ന, പക്കിത്താന്റകത്ത് കുഞ്ഞാവ (വെട്ടത്ത് പുതിയങ്ങാടി), കാഞ്ഞിരാല കുഞ്ഞിരായിന്‍കുട്ടി (മമ്പാട്), ഖാസിയാരകത്ത് കുഞ്ഞാവ (ചാലിയം), സി നൈനാന്‍ കുട്ടി മാസ്റ്റര്‍ (കൂട്ടായി), എം കുഞ്ഞാവവൈദ്യര്‍ (പൊന്നാനി), എം വി മുഹമ്മദ് മുസ്‌ലിയാര്‍ (കട്ടിലശ്ശേരി), കമ്മുക്കുട്ടി മരക്കാന്‍ (പരപ്പനങ്ങാടി) തുടങ്ങിയവരെല്ലാം ചാക്കീരി മൊയ്തീന്‍ കുട്ടി സാഹിബിന്റെ സമകാലികരും സുഹൃത്തുക്കളുമാണ്. മൊയ്തീന്‍ കുട്ടി സാഹിബിന്റെ ഏകപുത്രനായിരുന്നു മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന മര്‍ഹും ചാക്കീരി അഹമ്മദ് കുട്ടി. മാപ്പിള സാഹിത്യത്തിന് അനര്‍ഘങ്ങളായ സംഭാവനകള്‍ നല്‍കിയ ആ സാഹിത്യോപാസകന്‍ 1929-ന് അന്തരിച്ചു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x