ചരിത്രത്തിന്റെ ആകാശംതൊട്ട് ഹസ്സ മണ്ണിലിറങ്ങി
ഇനിയൊരു മണല്‍ക്കാറ്റിനും മായ്ച്ചുകളയാനാവാത്ത ചരിത്രം രചിച്ച് വിണ്ണില്‍നിന്ന് മണ്ണിലിറങ്ങിയ താരമായി യു എ ഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ മേജര്‍ ഹസ്സ അല്‍മന്‍സൂരി ഭൂമിയില്‍ തിരിച്ചെത്തി. വ്യാഴാഴ്ച വൈകീട്ട് യു എ ഇ സമയം മൂന്നോടെയാണ് ഹസ്സ അല്‍മന്‍സൂരിയും സഹയാത്രികരും ദൗത്യം പൂര്‍ത്തിയാക്കി കസാഖ്‌സ്താനില്‍ തിരിച്ചിറങ്ങിയത്. എട്ട് ദിവസമാണ് ഹസ്സ അല്‍മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കഴിഞ്ഞത്. രാവിലെ 11 മുതല്‍ സോയുസ് എം 12 എന്ന പേടകം വഴി ഭൂമിയിലേക്ക് തിരിച്ചിറങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
11.38ന് ബഹിരാകാശ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിച്ച് പേടകം ഭൂമിയിലേക്ക് തിരിച്ചിറക്കം തുടങ്ങി. ബഹിരാകാശം വിട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണത്തില്‍ പേടകത്തിന് തീപിടിക്കുമെന്നതിനാല്‍ വളരെ സങ്കീര്‍ണമാണ് തിരിച്ചിറക്കത്തിന്റെ ഓരോ ഘട്ടവും. ഏറ്റവും നിര്‍ണായകമായ പ്ലാസ്മ സോണും പിന്നിട്ട് 2.47ന് യാത്രികരുടെ പേടകത്തെ സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്ന പാരച്യൂട്ട് ആകാശത്ത് പ്രത്യക്ഷപ്പെട്ടു.
2.59ന് ഹസ്സ അല്‍മന്‍സൂരി, റഷ്യന്‍ കമാന്‍ഡര്‍ അലക്‌സി ഓവ്ഷിനിന്‍, അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ നിക്ക് ഹോഗ് എന്നിവര്‍ ഭൂമിയെ തൊട്ടു. ‘ദൈവത്തിന് സ്തുതി.. നാടിന്റെ പുത്രന്‍ ബഹിരാകാശ കേന്ദ്രത്തില്‍ താമസിച്ച ആദ്യ അറബി, സുരക്ഷിതനായി തിരിച്ചുവന്നിരിക്കുന്നു’ എന്ന വൈകാരിക ട്വീറ്റോടെയാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും ഹസ്സയെ വരവേറ്റത്.
രാജ്യത്തിന്റെ പതാക ചുംബിച്ച് ഹസ്സ അഭിമാന നിമിഷം പങ്കിട്ടു. നമ്മുടെ യത്‌നം അവസാനിച്ചിട്ടില്ലെന്നും അവസാനിക്കുകയില്ലെന്നും ഒരു തലമുറ വീണ്ടും ഈ ദൗത്യവുമായി കരുത്തോടെ മുന്നോട്ടുപോകുമെന്നും ഹസ്സ കുറിച്ചിട്ടു.