13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

ഗൗരി ലങ്കേഷ്; നിര്‍ഭയയായ പത്രപ്രവര്‍ത്തക

അബ്ബാസ് മലപ്പുറം

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയാകുന്നു. വ്യാജവാര്‍ത്തകളുടെ കാലത്ത് ഏറെ സ്മരിക്കപ്പെടേണ്ട പേരാണ് അവരുടേത്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെ സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിക്കാനിരിക്കെയാണത്രെ അവര്‍ കൊല്ലപ്പെടുന്നത്. രാജ്യത്തെ പ്രതിപക്ഷത്തിനെതിരെ തീവ്ര ഹിന്ദുത്വക്കാര്‍ പടച്ചുവിടുന്ന കള്ളവാര്‍ത്തകള്‍ക്കു പിറകെ അവര്‍ യാത്ര ചെയ്തു. തീവ്ര വിനാശകരമായ കിംവദന്തികള്‍ പരത്തുന്നത് ബി ജെ പി അനുകൂല ഹാന്റിലുകളാണെന്ന് അവര്‍ കണ്ടെത്തി. ആ ഉള്ളടക്കമടങ്ങിയ മുഖപ്രസംഗം എഴുതി പൂര്‍ത്തിയാക്കിയ രാത്രിയാണ് അവര്‍ കൊല ചെയ്യപ്പെടുന്നത്.
ഗൗരി ലങ്കേഷ് സ്വയം വിശേഷിപ്പിച്ചിരുന്നത് ജേര്‍ണലിസ്റ്റ് ആക്ടിവിസ്റ്റ് എന്നാണ്. ഇന്ത്യന്‍ തീവ്രവലത് പക്ഷത്തിനെതിരെയുള്ള വലിയ പോരാട്ടത്തില്‍, ബി ജെ പി പടര്‍ത്തുന്ന വ്യാജവാര്‍ത്തക്കെതിരായ യുദ്ധം വളരെ പ്രധാനമാണെന്ന് അവര്‍ കരുതി. ‘ഒരു പതിറ്റാണ്ടിലേറെയായി ഗൗരി ലങ്കേഷ് പത്രാധിപരായിരുന്ന വാരിക പോരാടിക്കൊണ്ടിരുന്നത് സമൂഹത്തില്‍ മതവിദ്വേഷം സൃഷ്ടിക്കുന്നവര്‍ക്കെതിരെയായിരുന്നു. പത്രികയിലെ ആദ്യവര്‍ഷങ്ങളില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വാര്‍ത്തകളെയും വസ്തുതകളെയും വളച്ചൊടിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നതിതിന്റെ ദുഷ്ഫലങ്ങളെ കുറിച്ച് ഗൗരി ലങ്കേഷ് അടിവരയിട്ടെഴുതിയിരുന്നു.
ഗൗരി ലങ്കേഷ് പരിണമിക്കുന്ന അതേ കാലത്ത് ഇന്ത്യയും മാറുകയായിരുന്നു. രണ്ടായിരത്തി പത്തുകളുടെ പകുതിയോടെ ഹിന്ദുദേശീയവാദികള്‍ മുഖ്യധാരയിലെത്തി. 2014 തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചതിന് ഭാഗികമായെങ്കിലും ‘ഐ റ്റി സെല്‍’ എന്നറിയപ്പെടുന്ന അവരുടെ ഒരു ബൃഹത് ശൃംഖലയ്ക്ക് നന്ദി പറയണം. ബി ജെ പിയെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും വാര്‍ത്തകളും പ്രചരിപ്പിക്കുകയും അവര്‍ക്കെതിരെ നിലപാടുകള്‍ എടുക്കുന്നവരെ, ഗൗരി ലങ്കേഷ് അടക്കമുള്ളവരെ, ആക്രമിക്കുകയും ചെയ്യുകയായിരുന്നു ഈ സെല്ലിന്റെ പരിപാടി.
ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കൊടുവില്‍ ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഗൗരിയെ കൊന്നു കളഞ്ഞത്. അവര്‍ മുന്നോട്ടു വെച്ച നിര്‍ഭയമായ പത്രപ്രവര്‍ത്തനം ഏറ്റെടുക്കുന്നവരായാരുണ്ട് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x