15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഗ്രേറ്റ് മാര്‍ച്ച് അവസാനിപ്പിച്ചു

ഗസയിലെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ എല്ലാ വെള്ളിയാഴ്ചയും നടത്തി വന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍സ് അവസാനിപ്പിച്ച വാര്‍ത്തയാണ് ഫലസ്തീനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 51 ആഴ്ചകളായി നടത്തി വന്ന ശക്തമായ ജനകീയ പ്രക്ഷോഭമാണ് ഗസ അവസാനിപ്പിച്ചിരിക്കുന്നത്. ഗ്രേറ്റ് മാര്‍ച്ച് ആരംഭിച്ചതിന് ശേഷം അനേകം ആക്രമണങ്ങളും വെടിവെപ്പുകളും ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. നൂറ് കണക്കിനാളുകള്‍ മരണപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെറിപൂണ്ട ഇസ്രായേല്‍ സൈന്യം മാര്‍ച്ചിനെതിരില്‍ വെടിയുതിര്‍ക്കുന്ന വാര്‍ത്തകളും പ്രക്ഷോഭകാരികള്‍ സൈന്യത്തെ തിരിച്ചാക്രമിക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുനമ്പില്‍ ശാന്തതയും സമാധാനവും നിലനിര്‍ത്താനായി തങ്ങള്‍ ഈയൊരു സമര മാര്‍ഗത്തില്‍ നിന്ന് പിന്മാറുകയാണെന്നും അന്തിമ ലക്ഷ്യം സ്വതന്ത്ര ഫലസ്തീനാണെന്നും ഗ്രേറ്റ് മാര്‍ച്ചിന്റെ സംഘാടകര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായ ഏകോപനം മാര്‍ച്ചിലൂടെ സാധിച്ചിട്ടുണ്ടെന്നും അവര്‍ വാദിച്ചു. മാര്‍ച്ച് ഓഫ് റിട്ടേണ്‍സിലെ ഉന്നത തല കമ്മീഷനാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് അവസാനിപ്പിക്കാന്‍ കമ്മീഷന് മേലും ഗസ അധികാരികളുടെ മുകളിലും കടുത്ത സമ്മര്‍ദ്ധങ്ങളുണ്ടായിരുന്നു. മാര്‍ച്ചുകള്‍ക്ക് നേരെ സൈന്യം നൂറ് കണക്കിന് ബോംബാക്രമണങ്ങളാണ് ഇതുവരെയായി നടത്തിയത്. സൈന്യത്തിന്റെ ആക്രമണങ്ങളെ ചെറുക്കാനാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ സംഘടിപ്പിക്കപ്പെട്ടത്. ഫലസ്തീന്‍ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഇപ്പോള്‍ അവസാനിപ്പിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍.
Back to Top