ഗസ്സ അനുകൂല പരിപാടിക്കിടെ ഗ്രെറ്റ തുന്‍ബര്‍ഗ് അറസ്റ്റില്‍
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശീയ യുദ്ധത്തിനെതിരെ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ കോപന്‍ഹേഗ് പൊലീസ് അറസ്റ്റ് ചെയ്തു. ചുമലില്‍ കറുപ്പും വെളുപ്പും കലര്‍ന്ന കഫിയ ഷാള്‍ ധരിച്ച തുന്‍ബര്‍ഗിനെ പൊലീസ് കാമ്പസിന് പുറത്തേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ പ്രാദേശിക ദിനപത്രമായ എക്‌സ്ട്ര ബ്ലേഡെറ്റ് പുറത്തുവിട്ടു. ‘അധിനിവേശത്തിനെതിരായ വിദ്യാര്‍ഥികള്‍’ എന്ന സംഘടന പ്രതിഷേധം നടത്തുന്ന കെട്ടിടത്തിലേക്ക് പൊലീസ് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തുന്‍ബെര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ഇസ്രായേല്‍ സര്‍വകലാശാലകളെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ യൂനിവേഴ്‌സിറ്റി റെക്ടറുടെ ഓഫിസില്‍ പ്രവേശിച്ചതായി വിദ്യാര്‍ഥി സംഘം ഇന്‍സ്റ്റഗ്രാമില്‍ പ്രസ്താവിച്ചു. അറസ്റ്റിലായവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ പോലീസ് വിസമ്മതിച്ചു.