18 Friday
April 2025
2025 April 18
1446 Chawwâl 19

ഗസ്സയിലെ സ്‌കൂള്‍ ആക്രമണത്തെ അപലപിച്ച് യു എന്‍


ഫലസ്തീനികളുടെ അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മധ്യ ഗസ്സയിലെ സ്‌കൂളിനുമേല്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് യു എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്ന യു എന്നിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിന് നേരെയുള്ള ആക്രമണം സ്വീകാര്യമല്ല. ഗസ്സയില്‍ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല. മരിച്ചവരില്‍ ആറ് ഉനര്‍വ തൊഴിലാളികളും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഹമാസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ലക്ഷ്യമിട്ടാണ് സ്‌കൂള്‍ ആക്രമിച്ചതെന്നാണ് ഇസ്രായേലിന്റെ വാദം. ഒക്ടോബര്‍ ഏഴിനുശേഷം ഇത് അഞ്ചാം തവണയാണ് യു എന്നിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിനുനേരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നതെന്ന് ഗസ്സ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബാസല്‍ പറഞ്ഞു. ആക്രമണത്തില്‍ മരിച്ച ജീവനക്കാര്‍സ്‌കൂളില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നവരായിരുന്നുവെന്നും തന്റെ ഏജന്‍സിയുടെ 220 സ്റ്റാഫുകളെങ്കിലും ഗസ്സയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഉനര്‍വയുടെ തലവന്‍ ഫിലിപ്പ് ലസാരിനി പ്രതികരിച്ചു. ഗസ്സയിലെ അവസാനമില്ലാത്തതും വിവേകശൂന്യവുമായ കൊലപാതകങ്ങളെ ലസാരിനി അപലപിച്ചു. യുദ്ധത്തിന്റെ തുടക്കം മുതല്‍ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഉദ്യോഗസ്ഥരും പരിസരങ്ങളും തീര്‍ത്തും അവഗണിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Back to Top