25 Monday
September 2023
2023 September 25
1445 Rabie Al-Awwal 10

ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഭാഷാ ഭൂമിക – ഡോ. പി എം മുസ്തഫ കൊച്ചിന്‍

കവിതയ്ക്ക് അറബിഭാഷയില്‍ ശിഅ്ര്‍ എന്ന് പറയുന്നു. ശിഅ്ര്‍ എന്നതിന്റെ അര്‍ഥം അറിയുക, ഗ്രഹിക്കുക, അനുഭവിക്കുക എന്നാണ്. മുഹമ്മദ് നബി(സ)യുടെ ഒരു വാക്യത്തില്‍ മേല്‍കൊടുത്ത അര്‍ഥത്തില്‍ ശിഅ്ര്‍ എന്ന പദം വന്നിട്ടുണ്ട്. ലൈത ശിഅ്‌രി സ്വനഅ ഫുലാന്‍ (ഇന്നയാള്‍ ചെയ്തതിനെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നെങ്കില്‍). കവിത ഉള്‍ക്കൊള്ളുന്ന ജ്ഞാന ഉറവിടത്തെ നബി(സ) അംഗീകരിക്കുന്നുണ്ട്. ‘കവിതയില്‍ തത്വജ്ഞാനത്തിന്റെ അംശമുണ്ട്.’ മറ്റൊരിക്കല്‍ കവിതയെപ്പറ്റി നബി(സ) പറഞ്ഞു: ”അതൊരു വചനകലയാണ്. അതിലെ നല്ലത് നല്ലതും, ചീത്തത് ചീത്തയുമാണ്.” (ബുഖാരി). ബുഖാരി തന്റെ അല്‍അദബുല്‍ മുഫറദില്‍ കവിതയെക്കുറിച്ച് ആഇശ(റ) പറഞ്ഞ ഒരു വചനം ഉദ്ധരിക്കുന്നുണ്ട്: ”കവിതയില്‍ നല്ലതുമുണ്ട്, ചീത്തയുമുണ്ട്. നല്ലത് എടുക്കുക, ചീത്ത കൈവെടിയുക.”
ജാഹിലീ കവിതകള്‍ അറബികളുടെയും അറബിഭാഷയുടെയും പൈതൃക ശേഖരമാണ്. അതില്‍ അവരുടെ അറിവും ശാസ്ത്രവും ചരിത്രവും ഭാഷാ ശൈലികളും ഉള്‍ച്ചേരുന്നു. തഫ്‌സീര്‍ മേഖലയില്‍ അറിയപ്പെട്ട സ്വഹാബിയാണ് നബി(സ)യുടെ പിതൃവ്യപുത്രനായ അബ്ദുല്ലാഹിബിനു അബ്ബാസ്(റ). വൈജ്ഞാനിക തൃഷ്ണയോടെ ഖുര്‍ആനിനെ സമീപിച്ച അദ്ദേഹത്തിനുവേണ്ടി നബി(സ) ഇങ്ങനെ പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, നീ ഇദ്ദേഹത്തിന് മതപരിജ്ഞാനം നല്‍കുകയും ഖുര്‍ആന്‍ വ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്യേണമേ.” ഖുര്‍ആനിക വാക്യങ്ങളുടെ ഭാഷാപരമായ സവിശേഷതകള്‍ വിശകലനം ചെയ്യാന്‍ ഇബ്‌നു അബ്ബാസിന്(റ) പ്രത്യേക കഴിവായിരുന്നു. സൂക്തങ്ങളുടെ ഭാഷാപരമായ രൂപഘടനയും ഉപയോഗവും അദ്ദേഹം പരിഗണിച്ചു. അറബി ഭാഷാ-സാഹിത്യ ഭംഗിക്കും, ഭാഷയില്‍ പ്രചാരം ആര്‍ജിച്ച ആശയങ്ങള്‍ക്കും എതിരായ വീക്ഷണങ്ങള്‍ അദ്ദേഹം സ്വീകരിച്ചിരുന്നില്ല.
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ”നിങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് എന്തെങ്കിലും വായിച്ചിട്ട് അത് മനസ്സിലായില്ലെങ്കില്‍ നിങ്ങളത് അറബിക്കവിതകളില്‍ പരതുക. നിശ്ചയം, കവിത അറബികളുടെ ദീവാനാണ് (പുരാവസ്തു ശേഖരമാണ്)” വിവിധ ഖുര്‍ആനിക പദങ്ങളുടെ അര്‍ഥം ആരായുന്നവര്‍ക്കെല്ലാം ജാഹിലീ കവികളുടെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുഅബ്ബാസ്(റ) വിശദീകരണം നല്‍കിയിരുന്നു. അറബി ഭാഷാ സാഹിത്യം പഠിക്കുന്നതിനും ഖുര്‍ആനിലെയും നബിവചനങ്ങളിലെയും ആശയങ്ങള്‍ ശരിയായ രീതിയില്‍ ഗ്രഹിച്ച മനസ്സിലാക്കുന്നതിനും അറബിക്കവിതയെ ആശ്രയിക്കേണ്ടിവരും. അറബി ഭാഷയിലുള്ള ഖുര്‍ആന്‍ അറബികളുടെ സംശുദ്ധ ഭാഷാശൈലി പിന്തുടരുന്നു. അറബികളുടെ ഭാഷയില്‍ ആ ഭാഷാ പ്രയോഗങ്ങള്‍ക്കനുസരിച്ചാണ് ഖുര്‍ആനുള്ളത്. അറബികള്‍ക്ക് മുഴുവന്‍ അതിലെ ഒറ്റപ്പദങ്ങളും പദസമുച്ചയങ്ങളുടെയും ആശയം മനസ്സിലാക്കാന്‍ കഴിയുന്നു.
ഖുര്‍ആന്‍ വ്യാഖ്യാനം അറബി ഭാഷാ നിയമത്തിനും പ്രയോഗത്തിനും എതിരാകാന്‍ പാടില്ല. ഭാഷാ പ്രയോഗത്തിന്റെ തനിമ തിരിച്ചറിയാന്‍ അറബിക്കവിത മനസ്സിലാക്കണം. ഖുര്‍ആനിലെ ഒരു വാക്കിനെ വിശദമാക്കുമ്പോള്‍ അറബി ഭാഷയും അതിന്റെ ശൈലിയും അത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നും പ്രത്യേകം അറിഞ്ഞിരിക്കണം. ഖുര്‍ആനിന്റെ അവതരണകാലത്ത് ഒരു പദത്തിന് എപ്രകാരമാണോ അര്‍ഥം പറഞ്ഞിരിക്കുന്നത് ആ അര്‍ഥം തന്നെയാണ് ആ പദത്തിന് ഒന്നാമത് പരിഗണിക്കേണ്ടത്.

ഉദാഹരണത്തിന് ഖുര്‍ആനിലെ സാഇഹൂന്‍(9:112), സാഇഹാത് (66:5) എന്നീ പദങ്ങളുടെ ആധുനിക ഭാഷാര്‍ഥം വിനോദസഞ്ചാരികള്‍ (Tourists) എന്നാണ്. എന്നാല്‍ പഴയകാല അര്‍ഥമനുസരിച്ച് ‘വ്രതമെടുക്കുന്നവര്‍’ എന്നതാണ് ആദ്യം പരിഗണിക്കേണ്ടത്. ഖുര്‍ആനിലെ ചില പദങ്ങളുടെ വ്യംഗ്യാര്‍ഥങ്ങള്‍ കണ്ടെത്താന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ജാഹിലീ കവിതകള്‍ അവലംബിച്ചിട്ടുണ്ട്. തഫ്‌സീറുകളായ കശ്ശാഫ്, ഖുര്‍ത്വുബി, സ്വഫ്‌വത്, ബഹ്‌റുല്‍ മുഹീത്വ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
പ്രാഗ്ഇസ്‌ലാമിക (ജാഹിലീ) അറേബ്യയില്‍ മക്കക്കും ത്വാഇഫിനുമിടയ്ക്കുള്ള ഉക്കാദിലെ ഉത്സവച്ചന്തയില്‍ അറബികള്‍ ശവ്വാല്‍ മാസങ്ങളില്‍ വമ്പന്‍ കലാസാഹിത്യ പരിപാടികളും കവിയരങ്ങുകളും നടത്തിയിരുന്നു. എ ഡി 540 മുതല്‍ എ ഡി 746 വരെ ഇത് അരങ്ങേറിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. അറബിഗോത്രങ്ങള്‍ ഈ മേളയില്‍ പങ്കെടുക്കുമായിരുന്നു. അറബികളിലെ ധിഷണാശാലികളായ കവികളും പ്രഗത്ഭരായ പ്രാസംഗികരും അവരുടെ സാഹിത്യശേഷികള്‍ നിരൂപണത്തിനായി അവതരിപ്പിക്കുകയും മത്സരിക്കുകയും ചെയ്യുമായിരുന്നു.
ഉക്കാദില്‍ അവതരിപ്പിക്കുന്ന കവിതകളില്‍നിന്നും ലക്ഷണമൊത്തവ തെരഞ്ഞെടുക്കപ്പെടുന്നു. ഇവ ഈജിപ്ഷ്യന്‍ പട്ടില്‍ സ്വര്‍ണമഷികൊണ്ട് എഴുതി കഅ്ബയുടെ ചുമരില്‍ തൂക്കിയിടുന്നു. അതുകൊണ്ട് ഇവയ്ക്ക് മുദ്ദഹ്ഹബാത് (സ്വര്‍ണത്തില്‍ ഉല്ലേഖനം ചെയ്തവ) എന്നും മുഅല്ലഖാത് (കെട്ടിത്തൂക്കപ്പെട്ടവ) എന്നും പേര് പറയപ്പെടുന്നു. ഉത്തരവാദപ്പെട്ടവരുടെ അനുവാദം കിട്ടിയാല്‍ മാത്രമേ ഇങ്ങനെ ചെയ്യാന്‍ പറ്റുകയുള്ളൂ. ഈ അനുവാദം ഇന്നത്തെ ഉന്നത ബഹുമതികള്‍ക്ക് തുല്യമാണ്. ഇങ്ങനെ പ്രദര്‍ശിപ്പിക്കപ്പെട്ട ഖണ്ഡകാവ്യങ്ങള്‍ക്ക് ഡോ. ത്വാഹാ ഹുസൈന്‍ ഹൃദയഭൂഷ (സഹൃദയരുടെ ഹൃദയങ്ങളില്‍ അണിയിക്കപ്പെട്ട ആഭരണങ്ങള്‍) എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. അറബി സാഹിത്യമേഖലയിലെ അത്യുജ്വല സൃഷ്ടികളാണ് മുഅല്ലഖാ കവിതകള്‍. പതിനാല് നൂറ്റാണ്ടുകളുടെ പ്രവാഹത്തെ അതിജീവിച്ച് കരുത്തുകാട്ടിയ ഖണ്ഡകാവ്യങ്ങള്‍.
ഉക്കാദില്‍ ജാഹിലീ കവികള്‍ ഉപയോഗിച്ച പദങ്ങള്‍ അറേബ്യയില്‍ വ്യാപകമായി പ്രചരിച്ചു. ഇത് അറബിഭാഷയെ സംശുദ്ധീകരിച്ചു. ഖുറൈശികളുടെ ഭാഷ ഏറെ മെച്ചപ്പെട്ടതാക്കാന്‍ ഇത് നിമിത്തമായി. അതിനാലാണ് ഖുര്‍ആന്‍ ഖുറൈശീ ഭാഷാ ശൈലിയില്‍ അവതരിച്ചത്.
ഒരിക്കല്‍ ഉമര്‍(റ) സുറത്തുന്നഹ്ല്‍ 47-ാം വചനം ഉദ്ധരിച്ചപ്പോള്‍ ഹുദയ്ല്‍ ഗോത്രത്തിലെ ഒരു വ്യക്തി പറഞ്ഞു: ”തഖവ്‌വുഫ് – ഞങ്ങളുടെ ഭാഷയാണ്”. ഉമര്‍(റ) ചോദിച്ചു: ‘അറബികളുടെ കവിതകളില്‍ അത് നീ കണ്ടിട്ടുണ്ടോ?” അദ്ദേഹം അതെ എന്ന് പറഞ്ഞു. എന്നിട്ടദ്ദേഹം തഖവ്വുഫുര്‍റജൂലി മിന്‍നാ…. എന്ന വരി പാടിക്കൊടുത്തു.
മറ്റൊരിക്കല്‍ ഉമര്‍(റ) പറഞ്ഞു: ‘ജനങ്ങളേ, നിങ്ങളുടെ ദീവാനിനെ നിങ്ങള്‍ പരിഗണിക്കുക. തെറ്റുകയില്ല.” അവര്‍ ചോദിച്ചു: ‘ഞങ്ങളുടെ ദീവാന്‍ ഏതാണ്?” അദ്ദേഹം മറുപടി പറഞ്ഞു: ‘ജാഹിലീ കവിതകളാണ്. ദീവാന്‍ (പുരാവസ്തു ശേഖരം). അതില്‍ നിങ്ങളുടെ ഗ്രന്ഥത്തിന്റെ വ്യാഖ്യാനമുണ്ട്” (കശ്ശാഫ് 2:411)
ഒരിക്കല്‍ അബ്ബാസ്(റ) പറഞ്ഞു: ‘നിങ്ങളെന്നോട് ഖുര്‍ആനിലെ അപരിചിത പദത്തെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങളത് അറവിക്കവിതകളില്‍ അന്വേഷിക്കുക. നിശ്ചയം, കവിത അറബികളുടെ പുരാവസ്തു ശേഖരമാണ് (ദീവാന്‍). അറബികളുടെ ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിലെ ഏതെങ്കിലും വാക്കിനെക്കുറിച്ച് നമുക്ക് അസ്പൃഷ്ടത ഉണ്ടായാല്‍ നാം അറബികളുടെ ദീവാനി(പുരാവസ്തുശേഖരം)ലേക്ക് മടങ്ങുകയും അതില്‍ അതിനെപ്പറ്റി അറിവ് നേടുകയും ചെയ്യും”
ഒരിക്കല്‍ പ്രമുഖ ഖവാരിജ് നേതാവ് നാഫിഅ് ബിന്‍ അസ്‌റഖ്, ഇബ്‌നുഅബ്ബാസിനെ(റ) സമീപിച്ച് ഇരുന്നൂറോളം ഖുര്‍ആനിക പദങ്ങളുടെ അര്‍ഥം ചോദിക്കുകയും ഓരോന്നിനും അദ്ദേഹം അവയുടെ കൃത്യമായ അര്‍ഥമുള്‍ക്കൊള്ളുന്ന അറബിക്കവിതകള്‍ കേള്‍പ്പിച്ച് മറുപടി കൊടുക്കുകയും ചെയ്തു. ജാഹിലീ കവിതകള്‍ അദ്ദേഹത്തിന് മനപ്പാഠമായിരുന്നു.
നാഫിഅ്: ”ഇസീന്‍ (70:37) എന്നതിനെക്കുറിച്ച് പറയൂ!”
ഇബ്‌നുഅബ്ബാസ്: ”കൂട്ടങ്ങളായി ചിതറിപ്പോവുക”
നാഫിഅ്: ”അറബികള്‍ക്ക് അതറിയുമോ?”
ഇബ്‌നു അബ്ബാസ്: അബീദ് ബിനുല്‍ അബ് റസ്വല്‍ അസദി (മരണം എ ഡി 605) പാടുന്നു: ”ഫ ജാഅയുഹറഊന…. മിന്‍ബറൂഹു ഇസീനാ”
നാഫിഅ്: അല്‍വസീല (5:35) പറ്റി പറയാമോ?
ഇബ്‌നുഅബ്ബാസ്: ആവശ്യം
നാഫിഅ്: അതും അറബികള്‍ക്കറിയുമോ?
ഇബ്‌നു അബ്ബാസ്: അന്‍തറത് ബിന്‍ശദാദിന്‍ അബ്‌സീ (മരണം എ ഡി 600) പാടുന്നത് നീ കേട്ടിട്ടുണ്ടോ? ‘ഇന്‍തര്‍രിജാല ലഹും ഇലയ്ക വസീലാ….)
ഇങ്ങനെ ഇബ്‌നു അബ്ബാസ്(റ) സനീം (68:14), അക്ദാ (53:34), മഖ്മസാ (9:120), ബനാന്‍ (8:12, 75:4) എന്നീ പദങ്ങള്‍ക്കും ജാഹിലീ കവിതകളില്‍ നിന്ന് തെളിവുദ്ധരിച്ച് വിശദീകരിച്ചിട്ടുണ്ട്.
ഖുര്‍ആനിക പദങ്ങളുടെ വിശദീകരണത്തിന് ജാഹിലീ കവിതകളില്‍ നിന്നും മുഫസ്സിറുകള്‍ തഫ് സീറുകളില്‍ എടുത്തുദ്ധരിച്ച ഏതാനും ഭാഗങ്ങള്‍ ഇനി പരിചയപ്പെടാം.

ഇംറുഉല്‍ ഖൈസ്
മുദസ്സിര്‍ അധ്യായത്തിലെ വ സിയാബക ഫ ത്വഹ്്ഹിര്‍ (74:4) എന്ന വാക്യത്തിലെ സിയാബക എന്ന പദത്തിന്റെ ശരിയായ അര്‍ഥം ‘നിന്റെ വസ്ത്രം’ ആണെങ്കിലും വ്യംഗ്യാര്‍ഥം നല്‍കി ഇങ്ങനെയാണ് പറയേണ്ടത്. ‘നിന്റെ മനസ്സിനെ നീ പരിശുദ്ധമാക്കുക.’ ഇതിന് തെളിവായുള്ളത് ഇംറുഉല്‍ ഖൈസ് ബിന്‍ ഹുജ്‌രില്‍ കിന്‍ദിയുടെ (മരണം എ ഡി 565) മുഅല്ലഖിലെ കവിതാ വരിയാണ്.
വളന്‍ തകു ഖജ്
സാഅത് മിന്‍നീ ഖലീഫാ
ഫ സുല്ലീ സിയാബീ
മിന്‍ സിയാബികി, തന്‍സുലി
”എന്റെ സ്വഭാവം മോശമാണെങ്കില്‍ നിന്റെ മനസ്സിനെ എന്റെ മനസ്സില്‍ നിന്നും ഊരിയെടുത്തേക്കുക!”
സൂറതുത്വാരിഖിലെ യഖ്‌റുജുമിന്‍ ബൈനിസ്‌സുല്‍ബി വത്തറാ ഇബ് (86:7) എന്നതിലെ തറാഇബ് ഉംറുല്‍ ഖൈസിന്റെ കവിതയിലെ ഒരു വരിയിലെ രണ്ടാം പകുതി ആരംഭിക്കുന്നിടത്തുള്ള തറാഇബുഹാ (അവളുടെ പതിനഞ്ച്) എന്നതില്‍ നിന്ന് അര്‍ഥം ലഭിക്കുന്നു. ഇംറുഉല്‍ ഖൈസ് കവിതയിലെ ‘വ ജീദിന്‍ ക ജീദിര്‍രീമി…
(വെളുത്ത മാനിന്റെ പോലുള്ള കഴുത്ത്…) എന്ന വരിയില്‍ രണ്ടു പ്രാവശ്യം വന്ന ജീദ് (കഴുത്ത്) എന്ന പദം തന്നെയാണ് സൂറത്തുല്‍ മസദിലെ ഫീ ജീദിഹാഹബുലുന്‍ മിന്‍മസദ് (111:5)
അദ്ദേഹത്തിന്റെ തന്നെ കവിതയിലെ റാഹിബ് മുതബത്തില്‍ (ഏകാഗ്രചിത്തനായി ഒഴിഞ്ഞിരിക്കുന്ന പാതിരി) എന്ന പദമാണ് സൂറത്തുല്‍ മുസ്സമ്മിലില്‍ വന്നിട്ടുള്ള വതബത്തല്‍ ഇലയ്ഹി തബ്തിലാ (73:8) (അര്‍ഥം: അവങ്കലേക്ക് ഏകാഗ്രചിത്തനായി ഒരു മുറിഞ്ഞടുക്കല്‍ അടുക്കുകയും ചെയ്യുക.)

ത്വറഫാ
ത്വറഫത്ബിനുല്‍ അബ്ദിൽ ബകരീയുടെ (മരണം എ ഡി 552) മുഅല്ല വരിയിലെ ഗുമ്മാ (അവ്യക്തം, അസ്പൃഷ്ടം) എന്ന വാക്കാണ് യൂനുസിലെ 71-ാം വാക്യത്തിലും, അതേ വരിയുടെ അവസാനഭാഗത്ത് വന്നിട്ടുള്ള സര്‍മദ് (നിത്യം, ശാശ്വതം) എന്ന വാക്ക് ഖസസിലെ 71-ാം വചനത്തിലും ഈ അര്‍ഥത്തിലാണ് ഖുര്‍ആനില്‍ വന്നിട്ടുള്ളത്.

സുഹൈര്‍
സുഹൈര്‍ ബിന്‍ അബീസുല്‍മാന്‍ മുസ്‌നി (മരണം എ ഡി 608) യുടെ കവിതയിലെ യാ യദുദ് എന്ന പദമാണ് സൂറത്തുല്‍ ഖസസിലെ 23-ാം വചനത്തില്‍ വന്ന ‘ഇംറ അതയ്നി തദൂദാനി..യുടെ.’ (രണ്ട് സ്ത്രീകള്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുന്നു.) എന്നതിലെ തദൂദാനി!

ലബീദ്
ലബീദ് ബിന്‍ റബീഅതുല്‍ അമിരീയുടെ (മരണം എ ഡി 660) മുഅല്ലഖ കവിതയിലെ സായലഹാ (വേര്‍പെടുത്തി) എന്ന പദത്തിന്റെ മറ്റൊരു രൂപമാണ് സൂറത്തുല്‍ ഫത്ഹ്ല്‍ വന്നിട്ടുള്ള ലൗ തസയ്യലൂ (അവര്‍ വേറിട്ടു നീങ്ങി നിന്നിരുന്നുവെങ്കില്‍ (48:25) എന്നതിലെ തസയ്യലൂ എന്ന വാക്ക്.
ലബീദ് കവിതയിലെ മറ്റൊരു വരിയില്‍ വന്ന ദീമിര്‍റത് ശക്തവാന്‍ എന്ന പദം തന്നയാണ് നജ്‌മ് സൂറത്തിലെ ദൂമിര്‍ത് (53:6) എന്നത്. ‘നാര് പിരിച്ച് ബലപ്പെടുത്തി കയറുണ്ടാക്കുക’ എന്ന പ്രയോഗത്തില്‍ നിന്നാണ് ഈ പദത്തിന് ബലമുള്ളവന്‍ എന്ന് വന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ കവിതയിലെ ഹത്താ ഇദാ യഇസര്‍റുമാതു’ (അമ്പെയ്ത്തുകാര്‍ അറിഞ്ഞപ്പോള്‍/ അമ്പെയ്ത്തുകാര്‍ നിരാശപ്പെട്ടപ്പോള്‍) എന്നതിലെ യഇസയുടെ മറ്റൊരു രൂപമാണ് റഅ്ദ് അധ്യായത്തിലെ അവലം യയ്അസ് (13:31) എന്നത്. വ്യക്തമായി അറിഞ്ഞുകൂടേ/ നിരാശപ്പെട്ടില്ലേ! എന്നീ രണ്ടര്‍ഥവും ഇതിന് പറഞ്ഞുവരുന്നുണ്ട്. ഒരു കാര്യത്തെപ്പറ്റി ശരിക്കും വ്യക്തമായി അറിയുമ്പോഴാണ് അതിന്റെ മറുവശത്തെപ്പറ്റി നിരാശപ്പെടുന്നത്. അതാണ് ഈ പ്രയോഗത്തിടങ്ങിയ സൂചന.
അംര്‍
അര്‍ബിന്‍ കുല്‍സൂമിത്തദഗ്‌ലബിയുടെ (മരണം എ ഡി 570) കവിതയിലെ മുഖര്‍റനീനാ എന്ന പദമാണ്. സൂറത്തുല്‍ ഫുര്‍ഖാനില്‍ വന്നിട്ടുള്ള മുഖര്‍റനീന്‍ (25:13) എന്ന വാക്ക് ഇതിന്റെ അര്‍ഥം ബന്ധിപ്പിക്കപ്പെട്ടവരായി, കൂട്ടിക്കെട്ടപ്പെട്ടവരായി എന്നൊക്കെയാണ്. അദ്ദേഹത്തിന്റെ തന്ന കവിതയിലെ വഅയ്യാമിന്‍ എന്ന പദപ്രയോഗം തന്നെയാണ് ഇബ്‌റാഹീം അധ്യാത്തിലെ അഞ്ചാം വാക്യത്തിലെ അയ്യാമുല്ലാഹ് എന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ദിനങ്ങള്‍, എന്നും ശിക്ഷയുടെ ദിവസങ്ങള്‍ എന്നും ആശയമുണ്ട്.

അന്‍തറാ
അന്‍തറത്ബിന്‍ ശദാദില്‍ അബ്‌നി (മരണം എ ഡി 600) കവിതയും ഖുര്‍ആനിക പദപ്രയോഗം വിശദീകരണത്തിന് സഹായകമാണ്. സൂറത്തുത്വാനായിലെ ഫീജുദൂഇന്‍ നഹ്ല്‍ (20:71) എന്നതിന് ഈത്തപ്പനത്തടികള്‍ക്കുള്ളില്‍ എന്നര്‍ഥം പറയുന്നതിന് പകരം ഈത്തപ്പന തടികളിന്മേല്‍ എന്നാണ് പറയേണ്ടത്. ഫീ എന്നത് അലാ എന്ന അര്‍ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്നതിന് തെളിവായി അന്‍തറുടെ കവിതയിലെ ഫീസര്‍ഹതി (നീണ്ട വൃക്ഷത്തിന്മേല്‍) എന്നത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അന്‍തറയുടെ ഒരു പദ്യ വരിയില്‍ തന്നെ നിസാഇലെ 86-ാം വാക്യത്തിലെ ഹുയ്യിയ്തും (നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടു) എന്നതും വാഖിആയിലെ 73-ാം വചനത്തിലെ മുഖ്‌വീന്‍ (വിജന പ്രദേശത്തെ സഞ്ചാരികള്‍) എന്ന വാക്കും വന്നിട്ടുണ്ട്. കവിതയില്‍ ഹുയ്യിയ്ത, അഖ്‌വാ എന്ന രൂപത്തിലാണുള്ളത്.
സൂറത്തുന്നഹ്ലിലെ ദുലൂല്‍ (16:69) (സുഗമമായവ) എന്നത് അന്‍തറ കവിയിലുണ്ട്. കവി തന്റെ കുതിരയെ വര്‍ണിക്കുമ്പോള്‍ ഉപയോഗിച്ച മുഹാവറാ എന്ന പദത്തില്‍ നിന്നും നിഷ്പന്നമായ മറ്റൊരു രൂപമാണ് സൂറതു മുജാദിലായിലെ തഹാവുകുമാ (നിങ്ങള്‍ ഇരുവരുടെയും സംഭാഷണം) (58:1) എന്ന വാക്ക്.

അല്‍അഅ്ശാ
അറബികളുടെ ഇലത്താളം എന്നറിയപ്പെടുന്ന അല്‍അഅ്ശാ മയ്മൂന്‍ ബിന്‍ ഖൈസിന്റെ (മരണം എ ഡി 629) കവിതകളില്‍ ഇസ്‌ലാമിക പദങ്ങള്‍ സുലഭമായുണ്ട്.
അല്‍വസ്വാസ് (114:4) മൗഇലാ (18:58) ജാവാബീ (34:13), നുശൂര്‍ (35:9), ശവാ (70:16), ഹഫിയ്യ് (7:187), തജ് അറൂൻ (15:53), മൗദൂനാ (56:187), തയ്യമ്മമൂ (2:267), മഖ്മസാ (5:3), കലാലാ (4:12), അര്‍ഹാം (4:22), നുസുബ് (5:3) എന്നീ പദങ്ങള്‍ അഅ്ശാ കവിതകളിലുള്ളതാണ്.

അന്നാബിഗാ
അന്‍തറ കവിതയിലും അന്നാബിഗതുദുബ്‌യാനീ (മരണം എ ഡി 604) കവിതയിലും കാണുന്ന ബനാന്‍ (വിരല്‍ തലപ്പ്) എന്ന പദം ഖുര്‍ആനില്‍ ഖിയാമ 4-ലും അന്‍ഫാല്‍ 12-ലും കാണാന്‍ കഴിയും.കൂടാതെ സൂറത് (24:1) യൂസഊന്‍ (27:17) മുഅ്തബീന്‍ (41:24) മുറാഗിം (4:100) എന്നീ പദങ്ങള്‍ നാബിഗ കവിതയില്‍ കാണാം.
ഇതുപോലുള്ള ഖുര്‍ആനിക പദങ്ങള്‍ ഹാരിഥ് ബിന്‍ ഹിലിസത്തുല്‍ യശ് കരീ (മരണം എ ഡി 570), അബീദ് ബിനുല്‍ അബ്‌റസ്വില്‍ അസദി (മരണം എ ഡി 605), അല്‍ഖമതുല്‍ഫഹ്ല്‍ തമീമീ എന്നീ ജാഹിലീ കവികളുടെ കവിതകളിലും കാണാവുന്നതാണ്.
മുഅല്ലഖാ കവിതകളുടെ വ്യാഖ്യാതാക്കളില്‍ പ്രമുഖര്‍: അബൂഅബ്ദില്ല. ഹില്‍ ഹുസൈനിബിന്‍ അഹ്മദ് സൗസാനീ, അഹ്മദ് ബിനുല്‍ അമീനിശ്ശന്‍ ഖീത്വീ, അബൂസകരിയ്യാത്തിബ്‌രീസീ, റബീഉ് അബ്ദുര്‍റഊഫുസ്‌സവാവീ, ബത്വല്‍ യൂസി, നഹ്‌ഹാസ് എന്നിവരാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x