23 Monday
December 2024
2024 December 23
1446 Joumada II 21

ഖുര്‍ആന്‍  ഭാഷയും ആസ്വാദന തലങ്ങളും – ഡോ. പി എം മുസ്തഫ കൊച്ചിന്‍

മനുഷ്യന്റെ ആത്യന്തികമായ പരിവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങള്‍ക്കാണ് ഖുര്‍ആനിന്റെ സൗന്ദര്യശാസ്ത്രത്തില്‍ (Aesthetics) മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്. പരിജ്ഞാനത്തിലൂടെ പരിശീലനത്തിലേക്കും അതുവഴി പരിവര്‍ത്തനത്തിലേക്കും എന്നതാണ് ഖുര്‍ആനിന്റെ രീതിശാസ്ത്രം. അതാണ് ഖുര്‍ആനിന്റെ അത്ഭുതവും. അത്ഭുതകരമായ ഖുര്‍ആന്‍ എന്ന് ജിന്നുകളുടെ സാക്ഷ്യപത്രം(72:1) ഖുര്‍ആനിലുണ്ട്. അതിന്റെ കാരണവും ജിന്നുകള്‍ വ്യക്തമാക്കുന്നുണ്ട്. സന്മാര്‍ഗത്തിലേക്ക് അതു വഴിനടത്തുന്നു(72:2) എന്നതാണത്. ആയതുകൊണ്ട് പരിവര്‍ത്തനത്തിന് അത്യാവശ്യമായ കാര്യങ്ങള്‍ മാത്രമേ അത് അവതരിപ്പിക്കുകയുള്ളൂ.
ഉദാഹരണത്തിന് സൂറതുല്ലഹബില്‍ അബൂലഹബിന്റെയും ഇംറഅതു അബീലഹബിന്റെയും യഥാര്‍ഥ നാമങ്ങള്‍, ജീവചരിത്രം എന്നിവ പരാമര്‍ശിച്ചിട്ടില്ല. അബ്ദുല്‍ ഉസ്സാ, ഉമ്മു ജമീല്‍ എന്നീ പേരുകള്‍ തേടി പഠിക്കുന്നതിന് പകരം അവര്‍ ഇസ്‌ലാമിനേല്‍പിച്ച ആഘാതം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോ? എന്നതാണ് നമ്മുടെ മുമ്പിലുയരുന്ന ചോദ്യം.
കവിതയോടുള്ള നിലപാട്
ഖുര്‍ആന്‍ ഗദ്യവും പദ്യവുമല്ല, കവിതയും കഥയുമല്ല. കാവ്യഗദ്യം എന്നു പറയാവുന്നതാണ്. മദീനയില്‍ അവതീര്‍ണമായ സൂറതുകള്‍ ഗദ്യസമാനമാണെങ്കില്‍ മക്കയില്‍ അവതരിച്ച അധ്യായങ്ങള്‍ പദ്യസദൃശ്യമാണ്. പദ്യത്തെയും കവിയെയും ഖുര്‍ആന്‍ വിമര്‍ശിക്കുന്നില്ല. മുഹമ്മദ് നബി(സ)യെ കവിയായും (21:5, 52:30, 37:36) ഖുര്‍ആനിനെ കേവല കവിതയായും (69:41) സത്യനിഷേധികള്‍ പരാമര്‍ശിച്ചതിനെയാണ് നിരൂപണം നടത്തുന്നത്. കേവലം കവികളുടെ (26:224) കവിത (36:69) നബി(സ)യെ പഠിപ്പിച്ചിട്ടുമില്ല.
കഥാകഥന ലക്ഷ്യം
ഖുര്‍ആനില്‍ നീണ്ട കഥകള്‍ (രിവായാ) കാണാനാവില്ല. എന്നാലതില്‍ ചെറുകഥ (ഖിസ്‌സാ ഖസ്വീറാ), മിനിക്കഥ (ഖുസ്വയ്‌സ്വാ), നൊവെല്ലെ (ഉഖ്‌സ്വൂസാ), നാടക സദൃശമായ സംഭാഷണങ്ങള്‍ (നംഥീലിയാ), ഉപമാലങ്കാര കഥ (മഥല്‍) എന്നിവ കാണാവുന്നതാണ്. ഖുര്‍ആനിക കഥകളുടെ ദൗത്യം മനുഷ്യ മനസ്സിനെ സംസ്‌കരിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നതാണ്. വെറും സാഹിത്യ സംവേദനത്തിന് വേണ്ടിയല്ല. കാലത്തിനനുസരിച്ച് മാറ്റമില്ലാത്ത കഥകളാണ് അത് മനുഷ്യന് മുമ്പില്‍ സമര്‍പ്പിക്കുന്നത്.
ഭാവനാ മുക്തമായ
കഥകള്‍
യഥാര്‍ഥ കഥകളാണ് ഖുര്‍ആനില്‍ വിവരിക്കുന്നത് (18:13), ഭാവനകളില്‍ നിന്ന് അവ മുക്തമാണ്. കാരണം ഖുര്‍ആന്‍ (22:24), യാഥാര്‍ഥ്യം (ഹഖ്ഖ്) ആണെന്ന് ഖുര്‍ആന്‍ അസന്നിഗ്ധമായി പറയുന്നുണ്ട്.
ഖുര്‍ആനില്‍ ഏറ്റവും ഉത്തമ കഥയായി (അഹ്‌സനുല്‍ ഖസ്വസ്വ്) വിശേഷിപ്പിക്കുന്നത് യൂസുഫ് (അ)യുടെ സംഭവ കഥയാണ്. കഥ പുരോഗമിക്കുന്നത് ഈജിപ്തിലാണ്. പ്രധാന കഥാപാത്രങ്ങളായി കടന്നുവരുന്നത് യൂസുഫ്(അ), തന്റെ പിതാവ് യഅ്ഖൂബ്(അ), തന്റെ പതിനൊന്നു സഹോദരര്‍, ജയിലിലെ രണ്ട് സഹവാസികള്‍, രാജാവ്, രാജാവിന്റെ പത്‌നി തുടങ്ങിയവരാണ്. തടവറയും കൊട്ടാരവും പശ്ചാത്തലവുമായുണ്ട്. നാടകീയ സംഭാഷണങ്ങളും കാണാം. നായകന്റെ ബാല്യകാല സ്വപ്‌നത്തില്‍ ജിജ്ഞാസയുണര്‍ത്തിക്കൊണ്ട് കഥയാരംഭിക്കുന്നു. ദുരന്തവുമുണ്ട്. നായകന്റെ സൗന്ദര്യം വര്‍ണിക്കുന്ന രംഗമുണ്ട്. സ്ത്രീകഥാപാത്രങ്ങളും, പ്രണയ വും സഭ്യമായ രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഉദ്വേഗം ജനിപ്പിക്കുന്ന സുന്ദര നിമിഷങ്ങളുമുണ്ട്.
സൂറതുല്‍ കഹ്ഫില്‍ ആദ്യഭാഗത്ത് ഗുഹാനിവാസികളുടെ ചരിത്രകഥ വിവരിക്കുന്നുണ്ട്. കഥയുടെ പശ്ചാത്തലം ഒരു ഗുഹയാണ്. കഥാപാത്രങ്ങളുടെ എണ്ണവും നായയുടെ പേരും സംഭവം പുരോഗമിക്കുന്ന കാലക്രമവും കൃത്യമായി പറയുന്നില്ല. അത് അല്ലാഹുവിനറിയാം (18: 21,22,26) എന്ന് പറയുന്നതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് കഥയുടെ പൊതു വിഞ്ജാനത്തേക്കാള്‍ ഇതിവൃത്തത്തിനാണ് പ്രാധാന്യം എന്നതാണ്. ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളെ എങ്ങനെ സമര്‍ഥമായി നേരിടണം എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. തുടര്‍ന്ന് തോട്ടം മുതലാളിമാരുടെ കഥയാണ് അതില്‍ പറയുന്നത്. ഉദ്വേഗം നിലനിര്‍ത്തുന്ന കഥയില്‍ മുന്തിരിവിളയുടെ സമൃദ്ധി കണ്ട് ആത്മനിയന്ത്രണം വിട്ട യുവാവാണുള്ളത്. അധികാരം മനുഷ്യനെ മത്തു പിടിപ്പിക്കുന്ന കാലത്തിന് പറ്റിയ കഥയില്‍ ദുല്‍ഖര്‍നയ്‌നിയും യഉ്ജൂജ് മഉ്ജൂജ് എന്നിവരാണുള്ളത്. ജിജ്ഞാസയുണ്ടാക്കുന്ന ഈ കഥയില്‍ കാലത്തെ സംബന്ധിച്ചു പറയാതെ മൗനം ദീക്ഷിക്കുകയാണുള്ളത്.
മൂസാ(അ), ഫതാ, അബ്ദ് എന്നിവരുടെ ചരിത്ര കഥയാണ് പിന്നീട് സൂറതുല്‍ കഹ്ഫിലുള്ള മതാധ്യാപകര്‍ക്ക് ഗുണപാഠം നല്‍കുന്ന ഒരു പ്രമേയമാണുള്ളത്. ജിജ്ഞാസ നിലനിര്‍ത്തുന്ന കഥ പുരോഗമിക്കുന്നത് മജ്മഉല്‍ ബഹ്‌റയ്‌നിലാണ്. ഒരു ഗുരുവിന്റെ കീഴിലുള്ള അനുഭവാധിഷ്ഠിത പഠനം ആണ് ഇതിന്റെ ഇതിവൃത്തം.
അശ്ലീലച്ചുവയില്ല, സഭ്യമായത്
അശ്ലീല ചുവയുള്ളവ ഒഴിവാക്കിയുള്ള ആഖ്യാന രീതിയാണ് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. അതിന് പറ്റിയ പദപ്രയോഗങ്ങളാണ് ഖുര്‍ആനിലുള്ളത്. സ്ത്രീ-പുരുഷ ലൈംഗിക വേഴ്ചയ്ക്ക് ജിമാഉ്, മുജാമആ, സിഫാദ്, തസാഫുദ്  തുടങ്ങിയ പദങ്ങള്‍ അറബി ഭാഷയിലുണ്ട്. ഇവ അശ്ലീല ചുവയുള്ള പദപ്രയോഗങ്ങളായതിനാല്‍ ഖുര്‍ആനില്‍ അവ കാണാനാവില്ല. സ്ത്രീപുരുഷ സാമീപ്യം, സ്ത്രീ പുരുഷ സഹവാസം, സ്ത്രീപുരുഷ സ്പര്‍ശനം, സ്ത്രീപുരുഷ സംസര്‍ഗം എന്നീ അര്‍ഥങ്ങളുള്ള സഭ്യമായ പദപ്രയോഗം (തഹ്ദീബ്) നടത്തിയിരിക്കുന്നു. മസ്‌സുല്‍ നിസാഉ് (33:49, 2:236), മുലാമസതുന്‍ നിസാഉ് (5:6, 4:43), മുബാശറതുല്‍ നിസാഉ് (2:187), ഖുര്‍ബതുന്‍ നിസാഉ് (2:222), റഫഥ് ഇലന്‍സിസാഉ് (2:187), മസ്‌സുല്‍ ബശര്‍ (3:47, 19:20) ത്വമസ്സ്് (58:3) എന്നിങ്ങനെയുള്ള മാന്യപ്രയോഗങ്ങളാണുള്ളത്. ലിബാസ്, ഹര്‍ഥ് എന്നീ ഭാഷാപ്രയോഗങ്ങള്‍ ദാമ്പത്യബന്ധത്തിന്റെ ഊഷ്മളത നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ ശൈലിയാണ്. (2:187, 2:223)
ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍
അശ്ലീലത നിറഞ്ഞ ദ്വയാര്‍ഥ പ്രയോഗം ഖുര്‍ആനിലില്ല. അതല്ലാത്ത ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കാണാന്‍ കഴിയും. നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബ ബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്‌തേക്കുമോ? (47:22) എന്ന ചോദ്യത്തിലെ ഇന്‍തവല്ലയ്തും എന്നത് ദ്വയാര്‍ഥം ജനിപ്പിക്കുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുകയാണെങ്കിലും, നിങ്ങള്‍ കൈകാര്യ കര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കിലും എന്ന് അര്‍ഥം നല്‍കാവുന്നതാണ്. ഫലഖ് എന്നതിന് പുലരി, മുളപ്പിക്കല്‍ എന്നിവയും, ഇന്‍ഹര്‍ എന്നതിന് ബലിയര്‍പ്പിക്കുകയെന്നും നെഞ്ചില്‍ കൈകെട്ടുകയെന്നും അര്‍ഥം നല്‍കാം. ദീന്‍ എന്നതിന് മതം, പ്രതിഫല നടപടി, കീഴ്‌വണക്കം എന്നീ അര്‍ഥങ്ങളുണ്ട്. അംര്‍, ഉമൂര്‍ എന്നാല്‍ കാര്യവും അംര്‍, അവാമിര്‍ എന്നാല്‍ കല്പനയുമാണ്. ഐന്‍, ഉയൂന്‍ എന്നാല്‍ ഉറവയെന്നും, ഐന്‍ അഉ്‌യൂന്‍ എന്നാല്‍ നേത്രം എന്നുമാണര്‍ഥം.
ആക്ഷേപ ഹാസ്യം
ആക്ഷേപ ഹാസ്യത്തില്‍ അറബിയില്‍ തഹകും എന്നാണ് പറയുക. ഖുര്‍ആനിലെ ആക്ഷേപ ഹാസ്യത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് സൂറതുദ്ദുഖാനിലേത്. നരകത്തില്‍ പ്രവേശനത്തിനര്‍ഹരായവരെക്കുറിച്ച് അല്ലാഹു പറയുന്നു: ഇത് ആസ്വദിച്ചാലും! നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും (44:49)
ആക്ഷേപ ഹാസ്യത്തിന് പല ഉദാഹരണങ്ങളും ഖുര്‍ആനിലുണ്ട്. ‘ജ്വലിക്കുന്ന നരകത്തിലേക്ക് അവനെ ‘ആനയിക്കുന്ന’താണ്. (22:4) സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷ ‘സന്തോഷവാര്‍ത്ത’യായി അറിയിക്കും(9:3), നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നെങ്കില്‍ ആ ‘വിജയമിതാ’ നിങ്ങള്‍ക്ക് വന്നുകഴിഞ്ഞു(8:19). എന്റെ ‘പങ്കുകാര്‍’ എന്ന് നിങ്ങള്‍ ജല്പിച്ചിരുന്നവര്‍ എവിടെ? (28:62) മൂന്ന് ശാഖകളുള്ള ‘തണലി’ലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക (77:29). എന്നിങ്ങനെ വചനങ്ങള്‍ നരകത്തിനര്‍ഹരായവരെ ഹാസ്യരൂപേണ ആക്ഷേപിക്കുന്നതാണ്.
പുകഴ്ത്തുന്ന പോലെ തോന്നിക്കുന്ന ആക്ഷേപ പ്രയോഗവും ഖുര്‍ആനിലുണ്ട്. അവര്‍ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു (27:56) എന്നത് ഇതിന് ഉദാഹരണമാണ്.
ഖുര്‍ആനില്‍ നിരവധി ഉപമകള്‍ ഉണ്ട്. വേദഗ്രന്ഥവാഹകരെന്ന് വാദിക്കുകയും അതിന്റെ ഉള്ളടക്കം ജീവിതത്തില്‍ പകര്‍ത്താതിരിക്കുകയും ചെയ്യുന്നവരുടെ ഉപമ (തശ്ബീഹ്) ഗ്രന്ഥം ചുമക്കുന്ന കഴുതയുടേതിന് തുല്യം (62:5), വേദഗ്രന്ഥത്തില്‍ അവഗാഹം നേടിയിട്ടും ഭൗതിക നേട്ടങ്ങളില്‍ ആകൃഷ്ടനായി അധാര്‍മികതയിലേക്കും അവിശ്വാസത്തിലേക്കും വഴുതിപ്പോകുന്നവരെ, നാവ് തൂക്കിയിട്ട് കിതച്ചോടുന്ന നായയോടാണ് (7:175) ഉപമിച്ചിരിക്കുന്നത്.
അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരുടെ ഉപമ ദുര്‍ബല വീടുണ്ടാക്കിയ എട്ടുകാലിയെപ്പോലെയാണ് (29:41). ഉപമയുടെ ലക്ഷ്യമായി ഖുര്‍ആന്‍ പറയുന്നത്. എല്ലാവിധ ഉപമകളും ജനങ്ങള്‍ക്കായി ഈ ഖുര്‍ആനില്‍ നാം വിവരിച്ചിട്ടുണ്ട്. അവര്‍ ആലോചിച്ച് മനസ്സിലാക്കാനാണ് (39:27)
ഖുര്‍ആനിക ചൊല്ലുകള്‍
ഖുര്‍ആനില്‍ ഒരുപാട് ചൊല്ലുകളുണ്ട്. കുഴികുഴിച്ചവന്‍ കുഴിയില്‍ തന്നെ (35:43), മുത്ത് വിറ്റ് മുത്താറി വാങ്ങിയവര്‍ (3:177), ഉര്‍വശീ ശാപം ഉപകാരം (2:216), കടം കൊടുത്താല്‍ ഇടം കൊടുക്കണം (2:216), ചക്കിക്കൊത്ത ചങ്കരന്‍ (24:26), ശീലിച്ചതേ പാലിക്കൂ (30:32), ഒരാള്‍ക്ക് ഒരു മാളത്തില്‍ രണ്ട് പ്രാവശ്യം തേള്‍ കുത്തരുത് (12:64) നാരാണത്തു ഭ്രാന്തനെപ്പോലെ (16:92).
ശബ്ദമാധുര്യം
ഖുര്‍ആനിന്റെ ശബ്ദ സൗകുമാര്യത്തിന്റെ ഉദാഹരണങ്ങളാണ് പ്രാസവും അന്ത്യാക്ഷര പ്രാസവും സജ്ഉ് (അീൈിമിരല), ഖാഫിയാ (ഞവ്യാല) എന്നാണ് അറബിയിലുള്ള പദങ്ങള്‍, ഏകാക്ഷര ബഹുശബ്ദ അന്ത്യാക്ഷര പ്രാസവും അതിലുണ്ട്. സൂറത്തുല്‍ ഖിയാമ(75)യിലെ ലവ്വാമാ, ഇളാമാ, ഖനാനാ, അല്ലാമാ എന്നിവയും ബസ്വര്‍, ഖമര്‍, മഫര്‍, മസര്‍, മുസ്തഖര്‍, അഖ്ഖര്‍ എന്നിവയും സ്വല്ലാ, തവല്ലാ, യതമത്വാ, ഔലാ, സുദാ, യുംനാ, സവ്വാഇന്‍ഥാ, മൗതാ എന്നിവയും പ്രാസമുള്ള പദപ്രയോഗങ്ങളാണ്.
സൂറതുല്‍ മാഊനി (107) ലെ ദീന്‍, യതീം, മിസ്‌കീന്‍, മുസ്വല്ലീന്‍, സാഹൂന്‍, യുറാഊന്‍ എന്നിവയും സൂറതുല്‍ ഹുമസാ (104) യിലെ ലുമസാ, അദ്ദദാ, അഖ്‌ലദാ, ഹുത്വമാ, മൂഖദാ, അഫ്ഇദാ, മുഉ്‌സ്വദാ, മുമദ്ദദാ യും സൂറതുല്‍ ആദിയാതി(100)ലെ ഖുബൂര്‍, സ്വദൂര്‍, ഖബീര്‍ എന്നിവയും പ്രാസങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. സൂറതു മര്‍യം, കഹ്ഫ്, നജ്മ്, ഖമര്‍, റഹ്മാന്‍ എന്നീ അധ്യായങ്ങളില്‍ സുന്ദരമായ പ്രാസങ്ങള്‍ ശബ്ദമാധുര്യത്തിന്റെ മാറ്റു കൂട്ടുന്നു.
സ്വരവിന്യാസത്തിന്റെ
മാസ്മരികത
സ്വരവിന്യാസം സൃഷ്ടിക്കുന്ന മാസ്മരികത ഖുര്‍ആനില്‍ കാണാം. സൂറതുല്‍ ആദിയാതി (100) ലെ ആദ്യ അഞ്ച് ആയത്തുകള്‍ നല്ല സ്വര ഗാംഭീര്യത്തോടെ പാരായണം ചെയ്താല്‍ കുതിരകളുടെ സാന്നിധ്യം ആസ്വദിക്കാനാവും. ദബ്ഹാ, ഖദ്ഹാ, സുബ്ഹാ, തഖ്ആ, ജംആ എന്നീ പദങ്ങളുടെ ശബ്ദങ്ങള്‍ കുതിരയുടെ കിതപ്പും കുളമ്പുകള്‍ കൂട്ടിയുരസുന്ന ശബ്ദ പ്രതീതി ഉളവാക്കുന്നു. സൂറതുല്‍ ഖിയാമാ(75) യിലെ തറാഖിന്‍, റാഖിന്‍, ഫിറാഖുന്‍, സാഖുന്‍, മസാഖുന്‍ എന്നീ പദങ്ങളുടെ ശബ്ദങ്ങളില്‍ കഫകെട്ടു മൂലം ശ്വാസോച്ഛാസത്തിന് പ്രയാസപ്പെടുന്ന അസ്ത്മാ രോഗിയുടെ തൊണ്ടയിലെ കറകറാ ശബ്ദമാണുള്ളത്.
ശക്തിയായി പിടിച്ച് തള്ളപ്പെടുന്നു എന്നതിന് ഖുര്‍ആനില്‍ ഉപോഗിച്ച ‘യദഉ്ഊന ദഅ്ആ’ (52:13) എന്നതില്‍ തള്ളുമ്പോള്‍ മുന്നോട്ട് നീങ്ങാതെ പിന്നോട്ട് മാറിനില്‍ക്കുന്ന ശബ്ദമാണ് പ്രകടമാകുന്നത്. അവര്‍ മുറവിളി കൂട്ടും എന്നതിന് ഹും യസ്വ്ത്വരിഖുനാ (35:37) എന്ന് കാണാം. ഈ പദത്തില്‍ തന്നെ ഒരു ആര്‍പ്പുവിളിയുടെ സ്വരസാന്നിധ്യമുണ്ട്. മടിച്ച് പിന്നോക്കം നില്‍ക്കുന്നവന്‍ എന്നതിന് ഖുര്‍ആനില്‍ ലമന്‍ ലയുബത്വി അല്‍നാ (4:72) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ പദത്തിന്റെ സ്വരവിന്യാസത്തില്‍ തന്നെ മുന്നോട്ട് ഗമിക്കാനുള്ള ഒരു വിസമ്മതം അനുഭവപ്പെടുന്നുണ്ട്.
ഭാഷാപരമായി സമീപിച്ചവര്‍
ഭാഷാപരവും സാഹിത്യപരവും കലാപരവുമായി ഖുര്‍ആനിക ഭാഷയെ സമീപിച്ച നിരവധി പേരുണ്ട്. ജാഹിള് (മരണം ഹി. 225), ഇബ്‌നു ഖുതയ്്ബാ (ഹി. 276), മുബര്‍രിദ് (ഹി. 284), അല്‍ഫുറൂഖു ഫില്ലുഗായുടെ കര്‍ത്താവായ അബൂഹിലാലില്‍ അസ്‌കരീ (ഹി. 395), മുഫ്‌റദാതു അല്‍ഫാളില്‍ ഖുര്‍ആനിന്റെ രചയിതാവായ അര്‍റാഗിബുല്‍ ഇസ്വിഫഹാനീ (ഹി. 420), ഫിഖ്ഹുല്ലുഗായുടെ കര്‍ത്താവ് അഥഥആലബീ (ഹി. 428) തുടങ്ങിയവര്‍ അവരില്‍ പൂര്‍വികരാണ്.
Back to Top