19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

ഖുര്‍ആന്‍ പറയുന്ന കുടുംബകിസ്സ – എ ജമീല ടീച്ചര്‍

മനുഷ്യര്‍ക്കിടയിലുള്ള രക്തബന്ധം അതൊരിക്കലും പിച്ചിപ്പറിച്ചെറിഞ്ഞുകൂടാ. ലോകത്തിലുള്ള സകല മതങ്ങളും ശാസിക്കുന്നത് അങ്ങനെയാണ്. മാതാപിതാക്കള്‍, മക്കള്‍, സഹോദരീ സഹോദരങ്ങള്‍, പ്രപിതാക്കള്‍, പുത്ര പൗത്ര കളത്രകള്‍ തുടങ്ങി പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഒന്നാണ് രക്തബന്ധങ്ങള്‍. ഒരുവേള മനസ്സിന്റെ ദുര്‍മേദസ്സുകള്‍ അസൂയ, പക, വിദ്വേഷം മുതലായ കാലുഷ്യങ്ങള്‍ക്ക് കുട പിടിച്ചെന്ന് വരാം. അത്തരം നിര്‍ണായകങ്ങള്‍ക്കിടയിലും രക്തബന്ധങ്ങള്‍ക്ക് പോറലേല്‍പിക്കരുതേ എന്നതാണ് ഇസ്‌ലാമിന്റെ കണിശത. ഇതിന്മേലുള്ള ഉദാത്തമായ മാതൃകകള്‍ വായനക്കാരന് പെറുക്കിയെടുക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ ധാരാളമുണ്ട്. അതിലൊന്നാണ് ഖുര്‍ആനിലെ 12-ാം അധ്യായം സൂറത്ത് യൂസുഫ്. പ്രമുഖ പ്രമേയമായി പ്രവാചകന്‍ യൂസുഫ്(അ), പിതാവ് യഅ്ഖൂബ് കുടുംബം എന്നിവരുടെ ജീവിത ചരിത്രമാണതില്‍. ‘യൂസുഫ്’ എന്ന് ഈ അധ്യായത്തിന് പേര് വന്നത് തന്നെ അതിനാലാവാം. ബി സി 17-18 നൂറ്റാണ്ടുകളിലായിട്ടാണ് ഇവരുടെ ജീവിതചരിത്രം കടന്നുപോകുന്നത്. പ്രവാചകന്‍ ഇബ്‌റാഹീം, പുത്രന്‍ ഇസ്ഹാഖ്, അദ്ദേഹത്തിന്റെ പുത്രന്‍ യഅ്ഖൂബ്, പുത്രന്‍ യൂസുഫ് ഇങ്ങനെയാണ് പ്രസ്തുത കുടുംബ പരമ്പര. ജന്മസ്ഥലം ഫലസ്തീനിലെ ഫിബ്രോണ്‍ അഥവാ ഇന്നത്തെ അല്‍ഖൈല്‍ എന്ന പ്രദേശം. അവിടെ കൃഷിയും കാലിവളര്‍ത്തലും നായാട്ടും ജീവിതോപാധിയാക്കി അവര്‍ കഴിഞ്ഞുകൂടുന്നു. പ്രവാചക കുടുംബമായിരുന്നെങ്കിലും അത്രകണ്ട് സംസ്‌കൃതരായിരുന്നു എന്ന് പറയാനാവില്ല. വിവിധ ഭാര്യമാരിലായി പന്ത്രണ്ട് പുത്രന്മാരായിരുന്നു യഅ്ഖൂബ് നബിക്കുണ്ടായിരുന്നത്. പുത്രന്മാരില്‍ യൂസുഫും അനിയനും ഒരു ഭാര്യയിലും ബാക്കി പത്ത് പേര്‍ മറ്റു ഭാര്യമാരിലും പിറന്നവരായിരുന്നു.
യഅ്ഖൂബ് നബിയുടെ ഈ പുത്രന്മാരാണ് പിന്നീട് പന്ത്രണ്ട് ഇസ്‌റാഈല്‍ ഗോത്രങ്ങളായി മാറിയത്. ‘അഹ്‌സനല്‍ ഖസസി’ അതിസുന്ദരമായ കഥ പറയുന്നു എന്നു ചൊല്ലിക്കൊണ്ടാണ് ഖുര്‍ആന്‍ ഈ കഥാകഥനത്തിന് മുഖവുരയിടുന്നത്. സംഭവ പരിണാമങ്ങള്‍ സരസമായ വാക്കുകളില്‍ വിവരിക്കുന്നേടത്താണല്ലോ കഥയുടെ സൗന്ദര്യം. അതുകൊണ്ടു തന്നെ കേട്ടാലും കേട്ടാലും മതിവരാതെ യൂസുഫ് ചരിതം എന്നും അനുവാചക ഹൃദയത്തില്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു.
ചരിത്ര നിഗമന പ്രകാരം ബി സി 1890-നടുത്തു കാലത്ത് യൂസുഫ് നബിയുടെ കൗമാരത്തില്‍ നിന്നാണ് കഥാരംഭം. മാതാവിന്റെ വിയോഗം യൂസുഫിനെയും അനിയനെയും പിതാവിന്റെ അമിത വാത്സല്യത്തിലെത്തിച്ചെന്ന് ജ്യേഷ്ഠന്മാര്‍ സംശയിക്കുന്നു. എങ്ങനെയെങ്കിലും യൂസുഫിനെ കുടുംബത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയേ മതിയാകൂ എന്നേടത്തെത്തി ജ്യേഷ്ഠന്മാരുടെ ദുഷ്ട മനസ്സ്. അതിനായി അവര്‍ മെനഞ്ഞെടുക്കാത്ത തന്ത്രങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല. അനുനയത്തില്‍ പിതാവിനെ സമ്മതിപ്പിച്ച് യൂസുഫിനെ മേച്ചില്‍ പുറത്തുകൊണ്ടുപോയി അപായപ്പെടുത്തുക എന്നതായിരുന്നു അവരുടെ ദുഷ്ട ലക്ഷ്യം. ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കാം:
”ഈ തീരുമാനപ്രകാരം അവര്‍ ചെന്ന് യഅ്ഖൂബിനോട് അപേക്ഷിച്ചു: പിതാവേ, യൂസൂഫിന്റെ കാര്യത്തില്‍ അങ്ങ് ഞങ്ങളെ വിശ്വസിക്കാത്തതെന്ത്? ഞങ്ങളും അവന്റെ ഗുണകാംക്ഷികള്‍ തന്നെയാണല്ലോ. നാളെ അവനെ ഞങ്ങള്‍ക്കൊപ്പം അയച്ചുതന്നാലും. അവന്‍ തിന്നു കുടിച്ചു കളിച്ചു രസിക്കട്ടെ. ഞങ്ങള്‍ നന്നായി നോക്കിക്കൊള്ളാം.”(യൂസുഫ് 11-12)

 

തങ്ങളുടെ ഗൂഢാലോചന നടപ്പിലാക്കുന്നതിന് യൂസുഫിനെ അവര്‍ക്ക് പുറത്തേക്ക് വിട്ടു കിട്ടണം. മനസ്സിനകത്തെ കാപട്യം മറച്ചുവെച്ചുകൊണ്ട് മധുരമേറിയ വാക്കുകള്‍ കൊണ്ട് പിതാവിനെ പറഞ്ഞ് വശത്താക്കുകയാണവര്‍. പുറം ലോകം കാണാതെ അകത്തളത്തില്‍ മാത്രമുള്ള ജീവിതം യൂസുഫിനെ മടുപ്പിക്കുകയില്ലേ. അതുകൊണ്ട് കാട്ടുകനികള്‍ ഭക്ഷിച്ച് ഇഷ്ടംപോലെ തുള്ളിക്കളിച്ച് നടക്കാന്‍ ഞങ്ങളോടൊപ്പം അവനെയും വിട്ടയച്ചുകൂടേ എന്നൊക്കെയാണ് അവരുടെ പുറംമേനി സംസാരങ്ങള്‍. എന്തുകൊണ്ടോ, പിതാവിന് അവരെ അത്രതന്നെയങ്ങ് വിശ്വസിക്കാനുമാകുമായിരുന്നില്ല. ഒരുപക്ഷേ അവരുടെ മുന്‍ നിലപാട് അത്ര സുഖകരമല്ലായിരിക്കാം. രക്തബന്ധത്തെ മറികടന്നുകൊണ്ട് അസൂയയും കുശുമ്പും അവരില്‍ മുളച്ചുവരുന്നത് പിതാവും ശ്രദ്ധിക്കാതിരിക്കില്ലല്ലോ. അതൊക്കെ കണക്കിലെടുത്തുകൊണ്ടായിരിക്കാം യഅ്ഖൂബ് പ്രവാചകന്റെ മക്കളോടുള്ള മറുപടി വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം കുറിച്ചുവെക്കുന്നത്: ”യഅ്ഖൂബ് പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുന്നത് എനിക്ക് വലിയ മന:ക്ലേശമുണ്ടാക്കും. അവന്റെ കാര്യത്തില്‍ നിങ്ങള്‍ അശ്രദ്ധരാകുമ്പോള്‍ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.” (യൂസുഫ് 13)
ഒരു പിതാവ് എന്ന നിലക്ക് മകന്റെ കാര്യത്തിലുള്ള ആകുലതയാണ് യഅ്ഖൂബ് നബി ഇവിടെ പങ്കുവെക്കുന്നത്. എന്നിട്ടും പൂര്‍ണമായും ഒരു നിഷേധ സ്വരം അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നില്ല. അതിന് ചില കാരണങ്ങളുണ്ടായേക്കാം.
1). അല്ലാഹുവിന്റെ വിധി യൂസുഫ് പ്രവാചകന്റെ മേല്‍ നിര്‍ണിതമായിരിക്കണം. അത് നടപ്പില്‍വരാന്‍ യൂസുഫിനെ പിതാവിന് വിട്ടയച്ചേ മതിയാകൂ. ഇല്ലെങ്കില്‍ കഥ അവിടം കൊണ്ടവസാനിച്ചേക്കും. മാത്രമല്ല സുന്ദരവും അത്ഭുതകരവുമായ അതിലെ സംഭവ വികാസങ്ങള്‍ക്കൊന്നും കഥയില്‍ ഇടമില്ലാതെ വരും.
2). അദൃശ്യമായ ജ്ഞാനങ്ങളുടെ താക്കോല്‍ അല്ലാഹുവിന്റെ പക്കല്‍ മാത്രമാണ്. പ്രവാചകന്മാര്‍ക്ക് വരെ ദൈവികമായ അറിയിപ്പില്ലെങ്കില്‍ അദൃശ്യ വിവരങ്ങള്‍ ശരിക്കും അപ്ര്യാപ്യമായിരിക്കും. അതുകൊണ്ടാണല്ലോ യഅ്ഖൂബ് നബി
(അ)ക്ക് പൂര്‍ണമായി മകനെ വിട്ടുതരില്ലെന്ന് പറയാന്‍ തോന്നാതിരുന്നത്. ഖുര്‍ആന്‍ സൂറത്തുന്നംല് 65-ാം വചനത്തില്‍ സൂചിപ്പിക്കുന്നു: ”പ്രവാചകരേ, ജനത്തോട് പറയുക: അല്ലാഹുവല്ലാതെ വാനലോകത്തും ഭൂലോകത്തും ഉള്ളവരാരും അദൃശ്യങ്ങള്‍ അറിയുകയില്ല. (ജനങ്ങള്‍ ആരാധിക്കുന്ന ബഹുദൈവങ്ങളാകട്ടെ) തങ്ങള്‍ എപ്പോള്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുമെന്ന ബോധം പോലും ഇല്ലാത്തവരാകുന്നു.” അദൃശ്യ വിവരങ്ങളെക്കുറിച്ചുള്ള സൂചനയെങ്കിലും യഅ്ഖൂബ് പ്രവാചകനുണ്ടായിരുന്നുവെങ്കില്‍ സ്വന്തം മകന് നേരിടാനിരിക്കുന്ന അപകടങ്ങളെ മുന്‍കൂട്ടി കാണാനാകുമായിരുന്നേനെ. അതോടെ യൂസുഫ് ചരിതം മറ്റൊരു ദിശയിലൂടെ നീങ്ങുകയും ചെയ്യും.
3). പ്രകോപനങ്ങളും ദൂഷ്യവലയങ്ങളും എന്തൊക്കെയുണ്ടായാലും രക്തബന്ധങ്ങളെ അങ്ങനെയങ്ങ് അറുത്തുമുറിച്ച് കളഞ്ഞുപോകരുത്. അതും കേവലം വെറും സംശയത്തിന്റെ നിഴലില്‍. ഇക്കാര്യം യഅ്ഖൂബ് നബിയുടെ മക്കളോടുള്ള സമീപനത്തില്‍ നിന്ന് മനസ്സിലാക്കാം. എന്തൊക്കെയായാലും മക്കള്‍ക്കിടയില്‍ സ്‌നേഹസൗഹൃദങ്ങള്‍ പൂത്തുലയട്ടെ എന്ന് ആ വന്ദ്യപിതാവ് മനസ്സില്‍ പ്രതീക്ഷിച്ചിരിക്കാം. പക്ഷേ, യൂസുഫ് ചരിത്രം അതിന്റെ വഴിക്കുതന്നെ നീങ്ങിയേ മതിയാവൂ. അതാണല്ലോ ദൈവിക വിധി. പ്രത്യക്ഷത്തില്‍ ദോഷകരമായിരുന്നെങ്കിലും പിന്നീട് യൂസുഫ് പ്രവാചകന്റെ മഹത്വത്തിനും പദവിക്കും കാരണമായതും അതുതന്നെ.
കഥ തുടര്‍ന്നു. സംഭവ ബഹുലമായ വിധത്തില്‍ അതിന്റേതായ വഴിയില്‍ മുന്നോട്ടുപോയി. മക്കളുടെ മധുരമൂറും വാക്കുകള്‍ പിതാവിന്റെ മനം കവര്‍ന്നു. അദ്ദേഹം മകനെ പോകാനനുവദിച്ചു. ജ്യേഷ്ഠന്മാര്‍ക്ക് കൂടെ കൂട്ടാനും. ഇബ്‌ലീസുണ്ടോ വെറുതെയിരിക്കുന്നു. അവന്‍ ജ്യേഷ്ഠന്മാരുടെ മനസ്സില്‍ കാലേക്കൂട്ടിയുണ്ടാക്കി വെച്ച കുതന്ത്രങ്ങള്‍ക്ക് തിരി കൊളുത്തി.
അങ്ങനെ പിതാവിനെ പറഞ്ഞു സമ്മതിപ്പിച്ച് സഹോദരന്മാര്‍ യൂസുഫിനെ കൊണ്ടുപോകുകയും ആഴമുള്ള കിണറ്റില്‍ തള്ളാന്‍ തീരുമാനിക്കുകയും ചെയ്തു. നാം യൂസഫിനെ ‘ഈ ക്രൂര കൃത്യത്തെക്കുറിച്ച് നീ അവരോട് പറയുന്ന ഒരവസരം വരുന്നുണ്ട്. അവരോ അതേക്കുറിച്ച് ബോധമില്ലാത്തവരാകുന്നു’ എന്ന് ബോധനം ചെയ്യുകയും അവര്‍ രാത്രിസമയത്ത് കരഞ്ഞുകൊണ്ട് പിതാവിന്റെ അടുത്തെത്തുകയും ചെയ്തപ്പോള്‍ പറഞ്ഞു. പിതാവേ, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങള്‍ക്കടുത്ത് നിര്‍ത്തി ഞങ്ങള്‍ മത്സരിച്ച് ഓടാന്‍ പോയതായിരുന്നു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ പറയുന്നത് തികഞ്ഞ സത്യം തന്നെയാണെങ്കിലും അങ്ങ് വിശ്വസിക്കില്ലല്ലോ. (യൂസുഫ് 15-17)
കൗമാരക്കാരനായ യൂസുഫ് സഹോദരങ്ങളാല്‍ കിണറ്റിലെറിയപ്പെടുകയാണ്. സ്വാഭാവികമായും അവന്‍ ചകിതനായി എന്ന് വരും. സഹോദരങ്ങളെ വിളിച്ച് ഒരിത്തിരി കനിവിനായി ആര്‍ത്തുവിളിച്ച് കരഞ്ഞു എന്നു വരാം. ബൈബിള്‍ കഥകള്‍ അങ്ങനെയൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് സംസാരിക്കുന്നുമുണ്ട്. പക്ഷേ ഖുര്‍ആന്‍ പറയുന്നത് രക്ഷിതാവായ നാഥന്‍ കുട്ടിയെ സമാധാനിപ്പിച്ചു എന്നുള്ളതാണ്. ‘ഈ ക്രൂരകൃത്യത്തെക്കുറിച്ച് നീ അവരോട് പറയുന്ന അവസരം വരുന്നുണ്ട്’ എന്ന വാക്യം അത്തരം ഒരു സമാശ്വാസ വചനത്തെയാണല്ലോ സൂചിപ്പിക്കുന്നത്. വഹ്‌യ് കൊണ്ടുദ്ദേശ്യം സാങ്കേതികമായ വെളിപാടല്ല. മറിച്ച് ദൈവാനുഗ്രഹത്താല്‍ മനസ്സില്‍ തെളിയുന്ന ഒരു തോന്നല്‍. കുഞ്ഞുന്നാളില്‍ യൂസുഫിനുണ്ടായ ഒരു ബോധോദയം പോലെ തന്നെയാണിതും. ഈ നിലയ്ക്കും പണ്ഡിതാഭിപ്രായങ്ങള്‍ കാണാം. പ്രതിസന്ധികളിലകപ്പെടുമ്പോള്‍ സജ്ജനങ്ങള്‍ക്ക് ഈ വിധം സാന്ത്വന വചനങ്ങളരുളിയെന്ന് വരാം. ഇതുമൂലം ഭയവും വെപ്രാളവുമില്ലാതെ പ്രതിസന്ധികളെ അവര്‍ തരണം ചെയ്യുന്നുണ്ടാകും. ”അത്തരക്കാര്‍ പ്രവാചകസന്ദേശം സ്വീകരിച്ചവരും ദൈവസ്മരണയാല്‍ മന:ശാന്തി നേടുന്നവരുമാകുന്നു. അറിഞ്ഞിരിക്കുവീന്‍, ദൈവസ്മരണയാല്‍ മാത്രമാകുന്നു മനസ്സുകള്‍ ശാന്തമാകുന്നത്.” (അര്‍റഅദ് 28)
ഇത്തരം ഒരു മന:ശാന്തിയാണ് യുസൂഫിനും(അ) പിതാവ് യഅഖൂബിനും(അ) അല്ലാഹു വെച്ചുനീട്ടിക്കൊടുത്തത്. അതുകൊണ്ടാണല്ലോ കള്ളച്ചോര പുരട്ടി യൂസുഫിന്റെ വസ്ത്രവും കൊണ്ടുവന്ന പുത്രന്മാരോട് യഅഖൂബ് പ്രവാചകന് ഇങ്ങനെ പ്രതികരിക്കാനായത്: ”യഅ്ഖൂബ് പറഞ്ഞു: കാര്യം അതൊന്നുമല്ല. നിങ്ങള്‍ എന്തോ കടുംകൈ ചെയ്യാന്‍ പ്രലോഭിതരായതാകുന്നു. ശരി, ഞാന്‍ ഭംഗിയായി ക്ഷമിക്കുന്നു. നിങ്ങള്‍ പറഞ്ഞതിന്റെ സത്യാവസ്ഥ വെളിപ്പെടാന്‍ അല്ലാഹു തന്നെ തുണയ്ക്കട്ടെ.” (യൂസുഫ് 18)
യഅ്ഖൂബ് നബി(അ) തദവസരം മക്കളാല്‍ വഞ്ചിക്കപ്പെടുകയായിരുന്നു. എന്നിട്ടും പ്രവാചകോചിതമായ ക്ഷമയും സമചിത്തതയും കാണിച്ച യഅ്ഖൂബിനെയാണ് ഖുര്‍ആന്‍ ഇവിടെ വരച്ചുകാണിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ ഒട്ടും അസ്ഥാനത്തായിരുന്നില്ല. മീദ്യാനില്‍ നിന്ന് ഈജിപ്തിലേക്ക് പോകുന്ന ഒരു യാത്രാസംഘം മുഖേന അല്ലാഹു യൂസുഫ് എന്ന ആ ബാലനെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തുന്നു. പിന്നീട് നടന്ന സംഭവവികാസങ്ങള്‍ അവരെ മിസ്‌റിലെ പ്രഭുകുടുംബത്തിലാണെത്തിക്കുന്നത്.
”മിസ്‌റില്‍ അവനെ വാങ്ങിയ മനുഷ്യന്‍ തന്റെ ഭാര്യയോട് പറഞ്ഞു: ഇവനെ നന്നായി പരിപാലിക്കണം. ഭാവിയില്‍ നമുക്ക് ഉപകാരപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി ദത്തെടുക്കുകയുമാവാം. ഇപ്രകാരം യൂസുഫിന് നാം ആ നാട്ടില്‍ ജീവിതസൗകര്യമുണ്ടാക്കിക്കൊടുത്തു” (യൂസുഫ് 21)
പ്രഭു കുടുംബത്തിലെ രാജകീയ ജീവിതം. എന്നിട്ടും യൗവനത്തിന്റെ പൂര്‍ണതയിലെത്തിയ യൂസുഫിന് പ്രവാചകത്വത്തിന് പറ്റിയ വിധം വിജ്ഞാനവും പക്വതയും നല്‍കിക്കൊണ്ടുതന്നെയാണ് ദൈവാനുഗ്രഹത്താല്‍ വളര്‍ത്തപ്പെടുന്നത്. ഒരുവേള പ്രഭുപത്‌നി തന്നെ അദ്ദേഹത്തെ വേണ്ടാവൃത്തിക്ക് പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴും സത്യസന്ധതയും സമചിത്തതയും കൈവിടാത്ത യൂസുഫിനെ ഖുര്‍ആന്‍ ഇപ്രകാരം പരിചയപ്പെടുത്തി:
”യൂസുഫ് പാര്‍ത്ത വീടിന്റെ നായിക അദ്ദേഹത്തെ മോഹിച്ച് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ വീടിന്റെ വാതിലുകള്‍ അടച്ചുകൊണ്ട് അവളാവശ്യപ്പെട്ടു. ഇങ്ങുവരൂ ഞാന്‍ നിനക്കായി ഒരുങ്ങിയിരിക്കുന്നു. അദ്ദേഹം വിസമ്മതിച്ചു. അല്ലാഹുവേ ശരണം. അദ്ദേഹം എന്റെ യജമാനനാണ്. എനിക്ക് ഏറ്റവും നല്ല താമസം നല്‍കിയവന്‍. ഞാനദ്ദേഹത്തെ വഞ്ചിക്കില്ല. ഇത്തരം ധര്‍മവിരോധം പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും വിജയിക്കുന്നതല്ല.” (യൂസുഫ് 23)

 

 

 

 

എന്നിട്ടും അവസാനം ആ ധര്‍മനിഷ്ഠന് രണ്ടാലൊന്ന് തീരുമാനിക്കേണ്ടിവന്നു. ഒന്നുകില്‍ പ്രഭുപത്‌നിയുടെ ഇംഗിതത്തിനു വഴങ്ങി തെറ്റിലേക്ക് ചായുക. അതല്ലെങ്കില്‍ തന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ ജയിലിലകപ്പെടുക. അപ്പോഴും ആ സാത്വികന്റെ വാക്കുകള്‍ ഇങ്ങനെ: ”യൂസുഫ് പ്രാര്‍ഥിച്ചു: എന്റെ നാഥാ, ഇക്കൂട്ടര്‍ ആവശ്യപ്പെടുന്ന സംഗതിയേക്കാള്‍ എനിക്കിഷ്ടം കാരാഗൃഹമാകുന്നു. ഇവരുടെ കുതന്ത്രങ്ങള്‍ നീ എന്നില്‍ നിന്ന് തിരിച്ചുവിടുന്നില്ലെങ്കില്‍ ഞാനവരില്‍ ആകൃഷ്ടനാവുകയും അവിവേകിയായിത്തീരുകയും ചെയ്യും.” (യൂസുഫ് 23)
മനുഷ്യസഹജമായ മനസ്സിന്റെ ദൗര്‍ബല്യത്തെയാണ് അദ്ദേഹം ഇവിടെ തുറന്നുകാട്ടുന്നത്. എന്തായാലും ദൈവഹിതം യൂസുഫ് കുറച്ചുകാലം ജയില്‍വാസം അനുഷ്ഠിക്കണമെന്നതായിരുന്നു. അതുതന്നെ സംഭവിച്ചു. യൂസുഫ് ഒരു ജയില്‍ പുള്ളിയായി തെരഞ്ഞെടുക്കപ്പെട്ടു. കാലാവധി തീര്‍ന്നപ്പോള്‍ സ്വപ്‌ന വ്യാഖ്യാനം വഴി യൂസുഫ് പിന്നീട് ജയില്‍ മോചിതനാകുകയാണ്. പിന്നീട് ചെന്നെത്തിയത് രാജ്യത്തിന്റെ ഭക്ഷ്യമന്ത്രി പദവിയിലേക്ക്. കുഞ്ഞുന്നാളില്‍ താന്‍ കണ്ട സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണം അവിടെ വെച്ചാണ് നടക്കേണ്ടിയിരുന്നത്.
നാട്ടിലെങ്ങും പിടിപെട്ട ഭക്ഷ്യക്ഷാമം യൂസുഫ് പ്രവാചകന്റെ ജ്യേഷ്ഠന്മാരെയും ഭക്ഷ്യധാന്യമന്വേഷിച്ച് ഈജിപ്തിലെത്തിച്ചു. പ്രതിഫലമൊന്നും സ്വീകരിക്കാതെ മന്ത്രിയായ യൂസുഫ് സഹോദരര്‍ക്ക് ഭക്ഷ്യധാന്യം നല്‍കുകയും ചെയ്തു. യൂസുഫിന് അവരെ തിരിച്ചറിയാനായി എന്നതിനാലാണിത്. എന്നിട്ടും ജ്യേഷ്ഠമനസ്സുകളിലെ മുന്‍കാല പകയ്ക്ക് ഒട്ടും മാറ്റമുണ്ടായിരുന്നില്ല. ഇളയ മകന്റെ ധാന്യക്കെട്ടില്‍ നിന്നും രാജാവിന്റെ അളവ് പാത്രം പിടിച്ചെടുത്തിരിക്കുകയാണ്. മനസ്സിലെ കുടിപ്പക പുറത്തുകാണിക്കാന്‍ അവരിതും അവസരമാക്കി. ”അവര്‍ ജല്പിച്ചു. ഇവന്‍ മോഷ്ടിച്ചുവെങ്കില്‍ അത്ഭുതമില്ല. ഇവന്റെ ഒരു സഹോദരനും മോഷണം നടത്തിയിട്ടുണ്ട്.” യൂസുഫ് ആ വര്‍ത്തമാനത്തിന്റെ വേദന മനസ്സിലൊളിപ്പിച്ചു. അവര്‍ക്ക് മുമ്പില്‍ പ്രകടിപ്പിച്ചില്ല. അദ്ദേഹം പറഞ്ഞു: ”നിങ്ങള്‍ മഹാ ദുഷ്ടന്മാര്‍ തന്നെ. നിങ്ങളുന്നയിക്കുന്ന ആരോപണത്തിന്റെ യാഥാര്‍ഥ്യം അല്ലാഹുവിന്നറിയാം.” (യൂസുഫ് 77).
ഈ വാക്കുകള്‍ അദ്ദേഹം ആത്മഗതമായി നടത്തിയതാണെന്നാണ് പണ്ഡിതാഭിപ്രായം. അവിടെയും കുടുംബസൗഹൃദം കൈവിടാതെ കാത്തൂസുക്ഷിക്കുകയായിരുന്നു യൂസുഫ് പ്രവാചകന്‍. അവസാനം അല്ലാഹു വാഗ്ദത്തം ചെയ്ത ചോദ്യത്തിനദ്ദേഹത്തിന് അവസരം വന്നിരിക്കുകയാണ്. മാതാവും പിതാവും പതിനൊന്നു മക്കളുമടക്കം പിന്നീട് അദ്ദേഹത്തിന്റെ മുന്നിലെത്തി. പതിനൊന്ന് നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരുമെന്ന തോതില്‍ തന്നെ. ചെറുപ്പത്തില്‍ കണ്ട സ്വപ്‌നം അവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്. അതിനു മുമ്പേ ആ ചോദ്യം അദ്ദേഹമവരോട് ചോദിച്ചു: ”നിങ്ങള്‍ അവിവേകികളായിരുന്നപ്പോള്‍ യൂസുഫിനോടും അവന്റെ സഹോദരനോടും എന്ത് കടുംകൈയാണ് ചെയ്തതെന്നറിഞ്ഞുവോ?” (യൂസുഫ് 89)
പ്രതികാര നടപടികള്‍ക്കൊന്നുമല്ലാത്ത ഒരു വെറുംചോദ്യം. കാര്യം തിരിച്ചറിഞ്ഞപ്പോള്‍ സ്വന്തം തെറ്റ് നിരുപാധികം അംഗീകരിക്കുകയല്ലാതെ മറ്റൊരു ഗത്യന്തരവും അവര്‍ക്കുണ്ടായിരുന്നില്ല. ”അവര്‍ പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹു ഞങ്ങളേക്കാള്‍ ഔന്നത്യമരുളിയത് അങ്ങേക്കാകുന്നു. ഞങ്ങളാകട്ടെ, കൊടിയ പാപികള്‍ തന്നെയാകുന്നു” (യൂസുഫ് 91). യൂസുഫ് നബി(അ) സഹോദരങ്ങള്‍ക്ക് മാപ്പ് കൊടുക്കുക തന്നെയാണ്. മനസ്സിനകത്ത് കാലുഷ്യം ഒട്ടും കുത്തിനിറക്കാതെ. ”യൂസുഫ് പ്രസ്താവിച്ചു: ഇന്ന് നിങ്ങള്‍ക്കെതിരെ യാതൊരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരുമാറാകട്ടെ. അവന്‍ പരമകാരുണികനാണല്ലോ.” (യൂസുഫ് 92)
മാതാപിതാക്കള്‍ ഈജിപ്തില്‍ തന്റെ അടുക്കലെത്തുമ്പോഴും തികഞ്ഞ വിനയത്തിന്റെ ഭാവമാണ് അദ്ദേഹത്തില്‍ പ്രകടമായത്. പരിശുദ്ധ വചനങ്ങള്‍ തന്നെ ആ രംഗം വര്‍ണിക്കുന്നതിങ്ങനെയാണ്: ”യഅ്ഖൂബ് കുടുംബം യൂസുഫിന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം മാതാപിതാക്കളെ ആശ്ലേഷിച്ചു. സ്വാഗതമോതി. മിസ്രായീമില്‍ പ്രവേശിച്ചാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ നിങ്ങള്‍ക്കിവിടെ സമാധാനമായും സുരക്ഷിതമായും വസിക്കാം” (യൂസുഫ് 99). അനുയോജ്യമായ വിധത്തിലുള്ള സ്വീകരണം തന്നെയാണ് യഅ്ഖൂബ് കുടുംബത്തിന് യൂസുഫ് പ്രവാചകന്‍ നല്കിയത്.
”യൂസുഫ് മാതാപിതാക്കളെ ഉയര്‍ത്തി പീഠത്തിലിരുത്തി. അവരൊക്കെയും അദ്ദേഹത്തിന്റെ മുന്നില്‍ വീണു പ്രണമിച്ചു. അപ്പോള്‍ അദ്ദേഹം പ്രസ്താവിച്ചു: പ്രിയ പിതാവേ, പണ്ട് എനിക്കുണ്ടായ സ്വപ്‌നദര്‍ശനത്തിന്റെ വ്യാഖ്യാനമാണിത്. എന്റെ നാഥന്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. എന്നെ ജയിലിലില്‍ നിന്ന് മോചിപ്പിച്ചതും എനിക്കും സഹോദരങ്ങള്‍ക്കുമിടയില്‍ ചെകുത്താന്‍ നുഴഞ്ഞുകയറിയ ശേഷം നിങ്ങളെ മരുഭൂമി താണ്ടി ഇവിടെ എത്തിച്ചതും അവന്‍ എന്നോട് കാണിച്ച ഔദാര്യം തന്നെ.”(യൂസുഫ് 100)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x