5 Tuesday
March 2024
2024 March 5
1445 Chabân 24

ഖുര്‍ആന്‍ നിര്‍മിക്കുന്ന മനസ്സ്’ വിശ്വാസികളുടെ സന്ദേഹങ്ങളെ  അഭിമുഖീകരിക്കുന്ന മൗലികചിന്തകള്‍ – ഡോ. ഇ കെ അഹ്മദ്കുട്ടി

മനസ്സിലെ ഗ്രന്ഥപ്പുരകളില്‍ തിളക്കം കെടാതെ പ്രകാശിക്കുന്ന ചില പുസ്തകങ്ങളുണ്ടാകും ഓരോരുത്തര്‍ക്കും. ആ പുസ്തകങ്ങളുടെ പ്രകാശം ചിന്തകളെയും ജീവിതത്തെ തന്നെയും മാറ്റിമറിച്ചെന്നിരിക്കും. അങ്ങനെ  പ്രിയപ്പെട്ട പുസ്തകങ്ങളെ പ്രമുഖരായ വ്യക്തികള്‍ അവതരിപ്പിക്കുന്ന പംക്തി ആരംഭിക്കുന്നു.
സയ്യിദ് അബ്ദുല്ലത്തീഫ് ഇംഗ്ലീഷില്‍ എഴുതിയ The mind – Al Qur’an Builds  ‘ഖുര്‍ആന്‍ നിര്‍മിക്കുന്ന മനസ്സ്’ എന്ന ഗ്രന്ഥം ഇസ്‌ലാമിക പഠനഗ്രന്ഥങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതാണ്. ഇത് വളരെ പുതിയ ഒരു ഗ്രന്ഥമല്ല. 1952-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിന്റെ പുതിയ പതിപ്പ് 2002-ല്‍ മുഹമ്മദ് അല്‍ത്വാഹിര്‍ അല്‍മസാവി പരിഷ്‌ക്കരിച്ച് എഡിറ്റ് ചെയ്തത് മലേഷ്യയിലെ ക്വാലലമ്പൂരിലെ ഇസ്‌ലാമിക് ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രശസ്ത പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ സയ്യിദ് അബ്ദുല്ലത്തീഫ് (1891-1971) ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ ജനിച്ചു. പണ്ഡിതനായ തന്റെ പിതാവ് സയ്യിദ് ഷാ ഹുസൈനില്‍ നിന്ന് പേര്‍ഷ്യന്‍ അറബി ഭാഷയും പഠിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിച്ച് ബിരുദമെടുത്തു. 1924-ല്‍ ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി ബിരുദവും നേടി. ഹൈദരാബാദിലെ ഉസ്മാനിയ്യാ യൂനിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിച്ചു. മഹാത്മാ ഗാന്ധി, മൗലാനാ അബുല്‍ കലാം ആസാദ്, മുഹമ്മദലി ജിന്ന എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചലം New Era (1937). ഇഹമൃശീി (1947) എന്നീ  വാരികകളില്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. സ്വന്തം തന്നെ വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതിന് പുറമെ, മൗലാനാ ആസാദിന്റെ പ്രശസ്തമായ ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ (3 വാള്യങ്ങള്‍) ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അതിന്റെ ഒന്നാം വാള്യമായThe opening chapter of the Qur’an’ സൂറത്തുല്‍ ഫാത്തിഹായുടെ വിസ്തൃതമായ തഫ്‌സീര്‍ ആണ്. അദ്ദേഹത്തിന്റെ മറ്റു  ഗ്രന്ഥങ്ങള്‍ Basic concepts of the Qur’an (ഖുര്‍ആനിന്റെ അടിസ്ഥാന സങ്കല്പങ്ങള്‍), Bases of
Islamic Culture (ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അടിസ്ഥാനങ്ങള്‍),Islamic Cultural Studies(ഇസ്്‌ലാമിക സാംസ്‌കാരിക പഠനങ്ങള്‍),The mind Al-Qur’anBuilds (ഖുര്‍ആന്‍ നിര്‍മിക്കുന്ന മനസ്സ്) എന്നിവയാണ്. 1970-ല്‍ സയ്യിദ് അബ്ദുല്ലത്തീഫിനെ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു
പാരമ്പര്യ മതപണ്ഡിതന്മാ രുടെ (ഉലമാ)  ഗ്രന്ഥങ്ങളിലെ ആശയങ്ങളും അഭിപ്രായങ്ങളും അപ്പടി പകര്‍ത്തി വായനക്കാര്‍ക്ക് കൈമാറുന്നതിന് പകരം, ഇസ്‌ലാമിനെക്കുറിച്ചും അതിന്റെ വേദഗ്രന്ഥമായ ഖുര്‍ആനിനെക്കുറിച്ചുമുള്ള മൗലികചിന്തകളും ആശയങ്ങളും ആധുനിക മനുഷ്യന്റെ അഭിരുചിക്ക് അനുയോജ്യമായ രീതിയിലും ഭാഷയിലും ശൈലിയിലും യുക്തിഭദ്രമായി അവതരിപ്പിക്കുന്നു എന്നതാണ് ‘ഖുര്‍ആന്‍ നിര്‍മിക്കുന്ന മനസ്സ്’ എന്ന കൃതിയെ വ്യതിരിക്തമാക്കുന്നത്. അതാണ് എന്റെ ഇഷ്ട പുസ്തകമായി പ്രസ്തുത ഗ്രന്ഥത്തെ തെരഞ്ഞെടുക്കാനുള്ള പ്രേരകം.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെയും വികാര വിചാരങ്ങളുടെയും മറ്റെല്ലാ ജീവിത വ്യവഹാരങ്ങളുടെയും പ്രഭവ കേന്ദ്രം ‘മനസ്സ്’ ആണല്ലോ. ഏതു തരം മനസ്സിനെയാണ് ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ രൂപപ്പെടുത്തുന്നതെന്നും ആ രൂപീകരണത്തെ സഹായിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യ വിഷയങ്ങള്‍. ഒമ്പത് അധ്യായങ്ങളിലായി ഗ്രന്ഥകര്‍ത്താവ് ആ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
ഖുര്‍ആന്‍ വളര്‍ത്തിയെടുക്കാനുദ്ദേശിക്കുന്ന ‘മനസ്സും’ ഇന്നത്തെ മുസ്‌ലിംകളുടെ ‘മനസ്സും’ തമ്മില്‍ വളരെയേറെ അന്തരമുണ്ട്. ഇതിന് കാരണം ഖുര്‍ആനിന്റെ യഥാര്‍ഥ മുഖം മറച്ചുവെക്കുന്ന ചില ആവരണങ്ങളാണ്. ആ മറകള്‍ നീക്കി ഖുര്‍ആനിന്റെ യഥാര്‍ഥ രൂപവും ചൈതന്യവും അനാവരണം ചെയ്യുകയാണ് തന്റെ രചനാ ലക്ഷ്യമെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ വ്യക്തമാക്കുന്നു. ദൈവിക ഗ്രന്ഥത്തിന്മേല്‍ ‘മറ’കളിട്ടത്, മുഖ്യമായും ‘മധ്യകാലഘട്ട’ ത്തില്‍ ഇസ്‌ലാമിനെയും ഖുര്‍ആനിനെയും കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്. ആ രചനകളിലെ പഴഞ്ചന്‍ ആശയങ്ങളും വീക്ഷണങ്ങളുമാണ് ഇപ്പോഴും മുസ്‌ലിംകള്‍ പിന്തുടരുന്നത്.
അക്കൂട്ടത്തില്‍ ‘പ്രവാചക വചന’ (ഹദീസ്) ങ്ങളെയും ഉള്‍പ്പെടുത്താന്‍ ഗ്രന്ഥകര്‍ത്താവ് ധൈര്യം കാണിക്കുന്നു. കാരണം അതിബൃഹത്തായ ആ ഹദീസ് സാഹിത്യത്തില്‍ രേഖപ്പെടുത്തിക്കാണുന്ന ‘പ്രവാചക വചന’ങ്ങളില്‍ പലതിന്റെയും ആധികാരികതയും വിശ്വാസ്യതയും സംശയാസ്പദമാണ്. ഏറ്റവുമധികം ആധികാരികമെന്ന് പരിഗണിക്കപ്പെടുന്ന ഇമാം ബുഖാരിയുടെ ഹദീസ് സമാഹാരത്തില്‍ പോലും അത്തരം ഹദീസുകളുടെ സാന്നിധ്യം തള്ളിക്കളയാന്‍ സാധ്യമല്ല (ഇതിനര്‍ഥം സയ്യിദ് അബ്ദുല്ലത്തീഫ് ഒരു പൂര്‍ണ ഹദീസ് നിഷേധിയാണ് എന്നല്ല. കാരണം, ഈ ഗ്രന്ഥത്തില്‍ തന്നെ അദ്ദേഹം നിരവധി ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഹദീസുകള്‍ വിമര്‍ശനാത്മകമായ പഠനത്തിന് വിധേയമാക്കണം എന്ന വീക്ഷണമുള്ളവരുടെ കൂട്ടത്തില്‍ ഒരാളാണ് അദ്ദേഹം എന്നാണ് മനസ്സിലാകുന്നത്).
അതുപോലെ തന്നെയാണ്, മധ്യകാലഘട്ടത്തില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളുടെയും അവസ്ഥ. ആ കാലഘട്ടത്തിന്റെയും സാഹചര്യങ്ങളുടെയും പരിമിതികളാല്‍ ദൂഷിതവും ദിവ്യഗ്രന്ഥത്തിന്റെ ചൈതന്യത്തിന് നിരക്കാത്തതും യുക്തിരഹിതവുമായ ആശയങ്ങളാണ് അവയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ പലതും. ഇത്തരത്തിലുള്ള ഹദീസ് സമാഹാരങ്ങളില്‍ നിന്നും ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിന്നും മറ്റു ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ നിന്നും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വികലവും യുക്തിരഹിതവുമായ ആശയങ്ങളാണ് ഖുര്‍ആനിനെക്കുറിച്ചുള്ള ഇന്നത്തെ മുസ്‌ലിംകളുടെ ധാരണകളെ രൂപപ്പെടുത്തിയത്. അങ്ങനെ, ഇന്ന് നമ്മെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍ ‘മധ്യകാലഘട്ടത്തിന്റെ തടങ്കലിലാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.(The Qur’an in Medieval Bondage) ഖുര്‍ആന്‍ മധ്യകാല തടങ്കലില്‍) എന്ന ഒന്നാം അധ്യായത്തിലാണ് അദ്ദേഹം അത് വിശദീകരിക്കുന്നത്.
ഖുര്‍ആന്‍ രൂപപ്പെടുത്തുന്ന മനസ്സിന്റെ മൗലിക ഭാവം ദൈവത്തെക്കുറിച്ചുള്ള നിരന്തരമായ ബോധമാണ്. ഇസ്‌ലാമിന്റെ ആരംഭകാലത്ത് ഈ ‘ദൈവബോധം’ നിരക്ഷരരായ ഗ്രാമീണ ബാലന്മാരില്‍ പോലും പ്രകടമായിരുന്നു എന്ന് ചില ചരിത്രകഥകള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. എന്നാല്‍ ഈ ‘ബോധം’ ഇന്ന് മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു. അതാണ് എല്ലാ ദുരന്തങ്ങള്‍ക്കും കാരണം.
ഖുര്‍ആന്‍ നിര്‍മിക്കുന്ന മനസ്സിന്റെ പരിധി ഹ്രസ്വമായ ഈ ലോക ജീവിതത്തെ മാത്രം ഉള്‍ക്കൊള്ളുന്നതല്ല. അതിന്റെ തുടര്‍ച്ചയായി മരണാനന്തരം വരാനിരിക്കുന്ന ജീവിതത്തെയും അത് ഉള്‍ക്കൊള്ളുന്നു. മരണത്തോടെ അവസാനിക്കാത്ത അനുസ്യൂതമായ ഈ ജീവിത പ്രയാണത്തെക്കുറിച്ചുള്ള ബോധമായിരിക്കണം മനുഷ്യന്റെ ഈ ലോകത്തെ കര്‍മങ്ങളെയും വികാര വിചാരങ്ങളെയും നിയന്ത്രിക്കേണ്ടത്.
ഖുര്‍ആനിക മനസ്സ് വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ ഏതാണ്?  വളരെ സംക്ഷിപ്തവും സമഗ്രവുമായി ഖുര്‍ആന്‍ നമുക്കത് പറഞ്ഞുതരുന്നു. ‘വിശ്വസിക്കുക, ശരിയായത് പ്രവര്‍ത്തിക്കുക’ അഥവാ ഈമാനും അമലുസ്സാലിഹും അവ രണ്ടും പരസ്പര പൂരകങ്ങളാണ്. ശരിയായ വിശ്വാസം ശരിയായ കര്‍മങ്ങള്‍ക്ക് പ്രചോദനമായിരിക്കും. ഈ രണ്ട് മാര്‍ഗങ്ങളിലൂടെ രൂപപ്പെടുന്ന മനുഷ്യ മനസ്സ് നന്മയുടെയും ശാന്തിയുടെയും മറ്റു ഉല്‍കൃഷ്ട ഗുണങ്ങളുടെയും വിളനിലമായിരിക്കും. ഈ കാര്യങ്ങളാണ് The Moorings(നങ്കൂരങ്ങള്‍ അഥവാ ആലംബങ്ങള്‍) എന്ന രണ്ടാം അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. ഖുര്‍ആന്‍ ലക്ഷ്യമാക്കുന്ന മനസ്സിന്റെ രൂപീകരണത്തെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിശ്വാസ സിദ്ധാന്തങ്ങളുണ്ട്. ഒന്ന് ‘ദൈവത്തിന്റെ ഏകത്വം’ , രണ്ട്, അതില്‍ നിന്നും ഉത്ഭൂതമാകുന്ന മനുഷ്യവര്‍ഗത്തിന്റെ ഏകത്വം. ‘ഏകദൈവ വിശ്വാസം മനുഷ്യനെ സ്വതന്ത്രനും നിര്‍ഭയനും ധീരനുമാക്കിത്തീര്‍ക്കുമ്പോള്‍, ‘മനുഷ്യരുടെ ഏകത്വ’ത്തിലുള്ള വിശ്വാസം അവനെ സഹജീവി സ്‌നേഹിയും പരോപകാരിയുമാക്കിത്തീര്‍ക്കുന്നു. ഈ രണ്ട് വിശ്വാസ മൂല്യങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ‘ഭൂമിയിലെ പ്രതിനിധി’ എന്ന തന്റെ ‘റോള്‍’ വിജയകരമായി നിര്‍വഹിക്കാന്‍ അവനെ പ്രാപ്തനാക്കുന്നത്.
ഈ ധര്‍മ നിര്‍വഹണത്തിന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന മാര്‍ഗമാണ് ‘ഇസ്‌ലാം’ – അതായത്, ‘സുന്നത്തുല്ലാഹ്’ അഥവാ ‘അല്ലാഹുവിന്റെ വഴികളോ’ടുള്ള പ്രതിബദ്ധത – ലളിതമായി പറഞ്ഞാല്‍ ‘മനുഷ്യന്റെ ഇച്ഛകളെ അല്ലാഹുവിന്റെ ഇച്ഛകളുമായി താദാത്മ്യപ്പെടുത്തുക.’ നേരത്തെ പറഞ്ഞ ‘വിശ്വസിക്കുക, നല്ലത് പ്രവര്‍ത്തിക്കുക’ എന്ന തത്വത്തിന്റെ പ്രയോഗവല്‍ക്കരണമാണ് അത്. അതിന് കഴിയണമെങ്കില്‍, ‘ദൈവത്തിന്റെ ഗുണങ്ങള്‍’ അഥവാ ‘സ്വിഫത്തുകള്‍’ ശരിയായ രീതിയില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പരമാവധി ജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കാനും മനുഷ്യന് സാധിക്കണം, ‘ദൈവിക ഗുണങ്ങള്‍’ മനസ്സിലാക്കാനുള്ള ഫലപ്രദമായ മാര്‍ഗം ദൈവത്തിന്റെ സൃഷ്ടികളായ പ്രപഞ്ചത്തെയും പ്രകൃതിയെയും മനുഷ്യനടക്കമുള്ള അതിലെ ജീവജാലങ്ങളെയും മറ്റു പ്രതിഭാസങ്ങളെയും കുറിച്ചുള്ള വിചിന്തനവും പഠനവുമാണ്. വിജ്ഞാന സമ്പാദനത്തെ വളറെയേറെ, പ്രാധാന്യപൂര്‍വം, പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ഈദൃശ വിഷയങ്ങളാണ് The Equipment(സജ്ജീകരണങ്ങള്‍) എന്ന മൂന്നാം അധ്യായത്തില്‍ വിശദീകരിക്കുന്നത്.
ഖുര്‍ആനിക സന്ദേശങ്ങളുടെ ആകത്തുക ‘വിശ്വസിക്കുക, ശരിയായത് പ്രവര്‍ത്തിക്കുക’ എന്നതാണെന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാല്‍ സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയര്‍ന്നുവന്നേക്കാം: മനുഷ്യന് സ്വയം ഇച്ഛിക്കാനും പ്രവര്‍ത്തിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടോ? പണ്ട് മുതല്‍ ഇപ്പോഴും മുസ്‌ലിം മനസ്സുകളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ പ്രശ്‌നമാണ് The will of God (ദൈവത്തിന്റെ ഇച്ഛ) എന്ന നാലാം അധ്യായത്തിലെ ചര്‍ച്ചാവിഷയം.
എല്ലാം ദൈവം നേരത്തെ തന്നെ തീരുമാനിച്ചു വെച്ചിരിക്കുന്നു, അതുകൊണ്ട് മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമോ പ്രവര്‍ത്തന സ്വാതന്ത്ര്യമോ ഇല്ല എന്ന ‘മധ്യകാല ഉലമാക്കളുടെ വീക്ഷണം പൊതുവെ മുസ്‌ലിം മനസ്സുകളില്‍ രൂഢമൂലമായിപ്പോയതാണ്, ഇസ്‌ലാമിനും ഖുര്‍ആനിനുമെതിരെ അതിന്റെ ശത്രുക്കള്‍ ഈ വിഷയത്തില്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളുടെ കാരണം. ഇസ്‌ലാമില്‍ മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമില്ല; ഇസ്‌ലാമിലെ ദൈവം തന്റെ മുന്‍ തീരുമാനങ്ങള്‍ മനുഷ്യരില്‍ അടിച്ചേല്പിക്കുന്ന ക്രൂരനും ഭീകരനുമായ ഒരു സ്വേച്ഛാധിപതിയാണ് എന്നൊക്കെയാണ് അവര്‍ ആക്ഷേപിക്കുന്നത്. അന്ധമായ ‘വിധി വിശ്വാസ’ സിദ്ധാന്തം പ്രചരിപ്പിച്ച ഉലമാക്കള്‍ക്കും, അതിന്റെ പേരില്‍ ഇസ്‌ലാമിനെ ഭത്സിക്കുന്ന ഓറിയന്റലിസ്റ്റുകളടക്കമുള്ള വിമര്‍ശകര്‍ക്കും, ‘ദൈവ വിധി’യെക്കുറിച്ച് ഖുര്‍ആനില്‍ വന്ന ആയത്തുകളെ അവയുടെ യഥാര്‍ഥ അര്‍ഥത്തിലും വിവക്ഷയിലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് സയ്യിദ് അബ്ദുല്ലത്തീഫ് വ്യക്തമാക്കുന്നു. ഈ വിഷയത്തിലുള്ള യഥാര്‍ഥ നിലപാട് അദ്ദേഹം വിശദീകരിക്കുന്നതിന്റെ ചുരുക്കം ഇങ്ങനെ:
”പ്രപഞ്ചത്തിലും പ്രകൃതിയിലും മനുഷ്യരടക്കമുള്ള ദൈവ സൃഷ്ടികളിലും പ്രവര്‍ത്തിക്കുന്ന ചില ‘ദൈവിക നിയമങ്ങളു’ണ്ട്. ഖുര്‍ആന്‍ നിയമ വ്യവസ്ഥിതിയെ സുന്നത്തുല്ലാഹ്, ഫിത്വ്‌റത്തുല്ലാഹ്, ഖല്‍ഖുല്ലാഹ് എന്നൊക്കെ നാമകരണം ചെയ്തിരിക്കുന്നു. ദൈവം നിശ്ചയിച്ച് നടപ്പാക്കുന്ന ഈ പ്രപഞ്ച നിയമങ്ങളും പ്രകൃതി നിയമങ്ങളുമാണ്, യഥാര്‍ഥത്തില്‍, ‘തഖ്ദീര്‍’, അഥവാ ‘ദൈവ വിധി’. ഈ ദൈവ വിധിയെ മാറ്റാനോ ഇല്ലാതാക്കാനോ മനുഷ്യന് സാധ്യമല്ല. എന്നാല്‍ അതിനോടുള്ള പ്രതികരണത്തില്‍ മനുഷ്യന്, ഒരു വലിയ അളവോളം ഇച്ഛാസ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുണ്ട്. ദൈവ നിശ്ചിതമായ പ്രകൃതി നിയമങ്ങള്‍ മനസ്സിലാക്കുകയും അതിന് അനുസൃതമായി സ്വജീവിതം രൂപപ്പെടുത്തുകയും ചെയ്താല്‍ മനുഷ്യന് വിജയവും സൗഭാഗ്യവും പ്രാപിക്കാന്‍ കഴിയും. മറിച്ച്, ആ നിയമങ്ങള്‍ ബോധപൂര്‍വം ലംഘിച്ചുകൊണ്ട് അതിന് അനുയോജ്യമല്ലാത്ത കര്‍മങ്ങള്‍ ചെയ്യുന്ന മനുഷ്യന്‍ പരാജിതനും നിര്‍ഭാഗ്യവാനുമായിത്തീരും. ഇത് തഖ്ദീറിന്റെ ഭാഗം തന്നെയാണ്.
ഭൗതിക ജീവിത മണ്ഡലങ്ങളില്‍ മാത്രമല്ല, ആത്മീയ – ധാര്‍മിക മണ്ഡലത്തിലും ദൈവം നിശ്ചയിച്ച നിയമങ്ങളുണ്ടല്ലോ. അവ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് മരണാനന്തര ജീവിതത്തില്‍ വിജയവും അവ ലംഘിച്ചുകൊണ്ട് ജീവിക്കുന്നവര്‍ക്ക് പരാജയവുമുണ്ടാകും. ഒന്നാമത്തെ അവസ്ഥ ‘സ്വര്‍ഗ’വും രണ്ടാമത്തതേ് ‘നരക’വുമാണ്. അതുകൊണ്ട് മനുഷ്യന്‍ തന്നെയാണ് തന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് എന്ന് വ്യക്തമാകുന്നു. അങ്ങനെ ചെയ്യാനുള്ള ഇച്ഛാശക്തിയും സ്വാതന്ത്ര്യവും അവന് ദൈവം പ്രദാനം ചെയ്തിട്ടുണ്ട്. അതും ‘തഖ്്ദീര്‍’ തന്നെയാണ്.
എന്നാല്‍ മനുഷ്യന് നിയന്ത്രണമില്ലാത്ത മറ്റൊരു മണ്ഡലവുമുണ്ട്. ജീവിതത്തില്‍ പെട്ടെന്ന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളുമാണ് അത്. എന്നാല്‍, ആ വിപത്തുകളോടുള്ള പ്രതികരണത്തില്‍ അവന് ഒരു പരിധി വരെ, ഇച്ഛാസ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുണ്ട്. തന്റെ സ്വന്തം പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും കാരണമായാണ് അത്തരം ആപത്തുകള്‍ സംഭവിക്കുന്നതെങ്കില്‍, അത് മനസ്സിലാക്കി സ്വയം തിരുത്തിയാല്‍, അതിന്റെ ഭവിഷ്യത്തുകള്‍ കുറേയൊക്കെ ഇല്ലാതാക്കാന്‍ അവന് കഴിയും. ഇനി, മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ദുരിതങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ ആ തിന്മകള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ അവന്‍ ശ്രമിക്കണം. അങ്ങനെ ചെയ്താല്‍ കുറെയൊക്കെ താനകപ്പെട്ട ദുരിതങ്ങളില്‍ നിന്ന് മോചിതനാകാന്‍ അവന് കഴിയും. ആ പ്രതിരോധത്തിനാണ് ഖുര്‍ആനിന്റെ ഭാഷയില്‍ ‘ജിഹാദ്’ എന്ന് പറയുന്നത്.
ദൈവകല്പിതമായ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ജീവിതം നയിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ ഉത്തരവാദിത്തം എന്ന് മേലെ വിവരിച്ചതില്‍ നിന്ന് വ്യക്തമാകുന്നു. ഇത് നമ്മെ സല്‍ക്കര്‍മങ്ങളു (അല്‍ അമലുസ്സാലിഹ്) ടെ നിര്‍വഹണത്തെക്കുറിച്ചുള്ള ചിന്തയിലേക്ക് നയിക്കുന്നു. അതാണ്, Al Amal Al Salih എന്ന അഞാമത്തെ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ ചര്‍ച്ച ചെയ്യുന്നത്.
ഖുര്‍ആനിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍ ഈ ലോക ജീവിതത്തില്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം ദ്വിമുഖമാണ്. ഒന്ന് തന്നോടു തന്നെ;  രണ്ടാമത്തേത്, ബാഹ്യലോകത്തോട്, അഥവാ മനുഷ്യരും മറ്റു ജന്തുജാലങ്ങളുമുള്‍പ്പെടുന്ന സഹജീവികളോട്. ഇസ്‌ലാമിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു വശത്ത്, ‘ദൈവത്തിന്റെ അവകാശങ്ങ (ഹുഖൂഖുല്ലാഹ്)’ളും, മറ്റൊരു വശത്ത്, ‘ദൈവ ദാസന്മാരുടെ, അഥവാ ജനങ്ങളുടെ അവകാശങ്ങളും’ (ഹുഖൂഖുല്‍ ഇബാദ്, അല്ലെങ്കില്‍, ഹുഖൂഖുന്നാസ്) നിറവേറ്റിക്കൊടുക്കുക എന്നത്. അതായത് മനുഷ്യന്‍ തന്റെ ഭൗതികവും ബൗദ്ധികവും ആത്മീയവും ധാര്‍മികവുമായ സ്വയം വികാസത്തിന് ശ്രമിക്കുമ്പോള്‍ തന്നെ, സാമൂഹ്യ ബോധം വളര്‍ത്തുകയും, തന്റെ സഹജീവികളെ ശ്രദ്ധിക്കുകയും അവരുടെ നന്മക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഒരു വിശ്വാസിയുടെ ഉത്തരവാദിത്തമാണ്. ഇതാണ്, ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ‘അമലുസ്സാലിഹിന്റെ വിവക്ഷ. മറ്റു വാക്കുകളില്‍ ‘ദൈവബോധത്തിന്റെയും സമസൃഷ്ടി സ്‌നേഹ വികാരത്തിന്റെയും സമഞ്ജസമായ സമ്മേളനം.
ഇഹലോകത്തെ തന്റെ പ്രവര്‍ത്തനങ്ങളുടെ കണക്ക് മരണാനന്തര ജീവിതത്തില്‍ തന്റെ സ്രഷ്ടാവായ ദൈവത്തിന്റെ മുമ്പില്‍ ബോധിപ്പിക്കേണ്ടി വരുമെന്ന ദൃഢവിശ്വാസം സല്‍ക്കര്‍മ നിരതമായ ഒരു ജീവിതം നയിക്കാന്‍ വിശ്വാസിക്ക് പ്രേരകമാകും എന്നത് ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഊന്നിപ്പറയുന്ന ഒരു തത്വമാണ്. ഇതാണ് Life Hereafter (പരലോക ജീവിതം) എന്ന ആറാം അധ്യായത്തിലെ ചര്‍ച്ചാവിഷയം. ഏറെ ശ്രദ്ധേയവും ധീരവും മൗലികവുമായ ചില നിരീക്ഷണങ്ങള്‍ ഗ്രന്ഥകാരന്‍ ഇവിടെ നടത്തുന്നുണ്ട്. ചില സൂചനകള്‍ മാത്രം ഇവിടെ നല്‍കുന്നു.
മരണത്തിനപ്പുറത്തുള്ള ജീവിതം ഇഹലോക ജീവിതത്തിലെ സാഹചര്യങ്ങളില്‍ മനുഷ്യര്‍ക്ക് തങ്ങളുടെ ബുദ്ധികൊണ്ട് ഗ്രഹിക്കാനോ വിഭാവന ചെയ്യാനോ കഴിയാത്ത വ്യത്യസ്തമായ ഒരു തലത്തിലും മാനത്തിലും അവസ്ഥയിലുമുള്ളതാണ്. അതുകൊണ്ട് അല്ലാഹു ഖുര്‍ആനിലൂടെ ആ ജീവിതത്തെ നമ്മുടെ ഭൗതിക ജീവിതത്തില്‍ പരിചിതമായ വസ്തുക്കളും പ്രതിഭാസങ്ങളും അനുഭവങ്ങളുമായി ബന്ധപ്പെടുത്തി ഉപമകളി (അംസാല്‍) ലൂടെയെയും രൂപകങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും നമുക്ക് വിവരിച്ചു തരുന്നു. സുഖാനുഭൂതികള്‍ നിറഞ്ഞ ‘സ്വര്‍ഗ’ വും യാതനകളും വേദനകളും നിറഞ്ഞ ‘നരക’വും ആ പരലോക ജീവിതത്തില്‍ മനുഷ്യാത്മാവിനുണ്ടാകുന്ന അവസ്ഥകളാണ്.
”തീര്‍ച്ചയായും നിങ്ങള്‍ ഘട്ടം ഘട്ടമായി ആരോഹണം ചെയ്തുകൊണ്ടിരിക്കും”(84:19). എന്ന ഖുര്‍ആന്‍ വചനം ഗ്രന്ഥകാരന്‍ പല തവണ ഉദ്ധരിക്കുന്നുണ്ട്. ഈ ലോക ജീവിതത്തിലൂടെയും മരണാനന്തര ജീവിതത്തിലൂടെയും മനുഷ്യന്റെ ഈ മുന്നോട്ടേക്കുള്ള പ്രയാണം, അവന്റെ ആത്മാവ് പൂര്‍ണത പ്രാപിക്കുന്നത് വരെ തുടര്‍ന്നുകൊണ്ടിരിക്കും. അങ്ങനെ സുകൃതവാനായ വിശ്വാസി പൂര്‍ണതയിലേക്കുള്ള തന്റെ പ്രയാണം തുടര്‍ന്ന് തന്റെ കര്‍മഫലമായ ‘സ്വര്‍ഗ’ത്തില്‍ പ്രവേശിക്കുകയും, അവിടെയും അവന്റെ പ്രയാണം അവസാനം ദൈവത്തിന്റെ ‘തിരുമുഖ’ ത്തിന്റെ ദര്‍ശനം എന്ന പരമാനന്ദ നിര്‍വൃതി പ്രാപിക്കുകയും ചെയ്യും. എന്നാല്‍ നിരന്തരം പാപങ്ങള്‍ പ്രവര്‍ത്തിച്ച് അതില്‍ മുഴുകി ജീവിച്ച അധര്‍മകാരിയുടെ മുന്നോട്ടേക്കുള്ള പ്രയാണം അത്ര സുഗമമാകുകയില്ല. പൂര്‍ണതയിലെത്തുന്നതിന് മുമ്പ് തന്റെ പാപങ്ങളുടെയും തിന്മകളുടെയും മാലിന്യങ്ങളില്‍ നിന്ന് അവന്റെ ആത്മാവ് കഠിനമായ കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും അതിന്റെ വേദനകളുടെയും ‘അഗ്നിയില്‍ കത്തിയെരിഞ്ഞു’ ശുദ്ധീകരിക്കപ്പെടണം. അതാണ് ‘നരകം’ എന്നാല്‍, അവന്‍ അനന്തമായി ആ ‘നരകാഗ്നി’ യില്‍ വെന്തെരിയേണ്ടതില്ല. സ്വയം ശുദ്ധീകരണത്തിനു ശേഷം അവന്‍ സുകൃതവാന്മാര്‍ നേരത്തെ തന്നെ പ്രവേശിച്ച സ്വര്‍ഗത്തിലേക്ക് മാറ്റപ്പെടുന്നു.
ദൈവഭക്തരും സച്ചരിതരുമായ മനുഷ്യരും പാപങ്ങള്‍ ചെയ്തു പോയിട്ടുണ്ടാകാം. പക്ഷേ അവരുടെ ആത്മാവിന്റെ ശുദ്ധീകരണം, കുറ്റബോധത്തിലൂടെയും പശ്ചാത്താപത്തിലൂടെയും ഈ ലോക ജീവിതത്തില്‍ തന്നെ ശുദ്ധീകരിക്കപ്പെടുന്നു. അതിനാല്‍ അവരുടെ ‘നരകവാസം’ ഇഹലോകത്ത് വെച്ചു തന്നെ കഴിഞ്ഞുപോകുന്നു. ഖുര്‍ആനില്‍ ഇതിനെക്കുറിച്ചുള്ള സൂചനയുണ്ട്. (19:71)
ഇതോടനുബന്ധിച്ച് പാരമ്പര്യ ധാരണക്ക് വിരുദ്ധവും വിപ്ലവകരവുമായ ഒരു വീക്ഷണം സയ്യിദ് അബ്ദുല്ലത്തീഫ് അവതരിപ്പിക്കുന്നു. ‘സ്വര്‍ഗ’വും ‘നരക’വും ശാശ്വതമാണെന്നാണല്ലോ മുസ്‌ലിംകളുടെ വിശ്വാസം. ഇത് ശരിയല്ല, സ്വര്‍ഗ നരകങ്ങള്‍ നശ്വരമാണെന്നാണ് അദ്ദേഹം പറയുന്നത്. അനന്തവും അനശ്വരവുമായ ഉണ്മ ദൈവം മാത്രമാണ്. അവന്റെ സൃഷ്ടികളായ സ്വര്‍ഗവും നരകവും അനശ്വരമാണെന്ന്  വിശ്വസിക്കുകയാണെങ്കില്‍ അതിന്നര്‍ഥം അനശ്വരനായ ദൈവത്തോടൊപ്പം അതുപോലെ തന്നെ അനശ്വരമായ മറ്റു ഉണ്മകളെ സങ്കല്പിക്കലായിരിക്കും. ഇത് ഖുര്‍ആനിന്റെ അടിസ്ഥാനസിദ്ധാന്തമായ തൗഹീദിനു വിരുദ്ധമായിത്തീരും. മറ്റൊരു കാരണം കൂടിയുണ്ട്. പാപിയായ മനുഷ്യാത്മാവിന്റെ ശുദ്ധീകരണത്തിന് ആവശ്യവും ആനുപാതികവുമായ കാലയളവ് മാത്രമേ അത് നരകാഗ്നിയില്‍ കത്തിയെരിയേണ്ടതുള്ളൂ. അതാണ് നീതിബോധവും യുക്തിയും ആവശ്യപ്പടുന്നത്. മറിച്ച്, അനന്തമായി, ശാശ്വതമായി, അത് നീണ്ടുപോയാല്‍ ദൈവത്തിന്റെ നീതിയെന്ന ഗുണവിശേഷത്തിന് എതിരായിപ്പോകും അത്.
തന്റെ വാദത്തിന് ഉപോദ്ബലകമായി, നരകത്തിലെയും സ്വര്‍ഗത്തിലെയും ശാശ്വത വാസത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ‘ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം’ എന്നും ‘തന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ’ എന്നും അല്ലാഹു പറയുന്ന(11:107,108)തും. അതിക്രമകാരികള്‍ നരകത്തില്‍ നീണ്ട വര്‍ഷങ്ങള്‍(അഹ്ഖാബ്) താമസിക്കുമെന്ന് പറയുന്ന(78:23)തുമായ ആയത്തുകളടക്കമുള്ള ഖുര്‍ആന്‍ വചനങ്ങളും ചില ഹദീസുകളും ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു.
ഖുര്‍ആന്‍ അതിന്റെ അനുയായികളില്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന മനസ്സിന്റെ സ്വഭാവമാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. നിരന്തരമായ ‘ദൈവബോധ(Sense of God))ത്താല്‍ പ്രചോദിതരായി സല്‍ക്കര്‍മ നിരതരായി ജീവിക്കുന്നവരാണ് ആ  മനസ്സിന്റെ ഉടമകള്‍. അത്തരം വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തെ ഖുര്‍ആന്‍ ‘ഉമ്മതുന്‍ വസത്വ്’ (മധ്യമ സമുദായം)എന്ന് വിശേഷിപ്പിക്കുന്നു. ഇതിന്റെ വിശദീകരണമാണ് ഉമ്മതന്‍ വസത്വന്‍ എന്ന ഏഴാം അധ്യായം.
ഖുര്‍ആന്‍ രൂപപ്പെടുത്തുന്ന മനസ്സിന്റെ സാമൂഹികവും രാഷ്ട്രീയവുമായ തലമാണ് ഉമ്മത്തുന്‍ വസത്ത്. അതിന്റെ അര്‍ഥം ആത്യന്തികതകളിലേക്കും തീവ്രതകളിലേക്കും പോകാതെ സന്തുലിതമായ മധ്യമനിലപാട് സ്വീകരിക്കുന്നവരുടെ സമൂഹം എന്നാണ്. അതിന്റെ ഏറ്റവും ഉത്തമമായ മാതൃകയാണ് പ്രവാചകനും(സ) അദ്ദേഹത്തിന്റെ അനുചരന്മാരും അവരുടെ കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് ജീവിച്ചിരുന്നവരുമുള്‍ക്കൊള്ളുന്ന സച്ചരിതരായ ആദ്യകാല മുസ്‌ലിംകള്‍. അവരെ പ്രവാചകന്‍(സ) ഒരു രാഷ്ട്രമായി സംഘടിപ്പിച്ചു. ഇസ്‌ലാമിലെ ആദ്യത്തെ സ്റ്റൈറ്റ്. ഖുര്‍ആന്റെ അനുശാസനങ്ങളും അതിന്റെ പ്രായോഗിക രൂപമായ പ്രവാചകചര്യയും (സുന്നത്ത്) ശൂറായുമായിരുന്നു ആ ഭരണത്തിന്റെ മാര്‍ഗദര്‍ശകതത്വങ്ങള്‍.
എന്നാല്‍, പ്രവാചകന്‍(സ) പൂര്‍ണമായ ഒരു ഇസ്‌ലാമികരാഷ്ട്രം സ്ഥാപിച്ചു എന്ന് പറഞ്ഞുകൂടാ. അദ്ദേഹം അതിന്റെ അടിത്തറയിടുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിനുശേഷം വന്ന ഖുലഫാര്‍ഉറാശിദൂന്‍ ആണ് അതിനെ ഒരു മാതൃകാ സ്റ്റെയ്റ്റായി വികസിപ്പിച്ചത്. അതിനെ ഒരു മതാധിപത്യ ഭരണ(Theocracy)മെന്നോ ഒരു ജനാധിപത്യ ഭരണ(Democracy)മെന്നോ ഒരു രാജാധിപത്യ ഭരണ(Kingship)മെന്നോ വിശേഷിപ്പിക്കാനാവുകയില്ല. ദൈവത്തിന്റെ റിപ്പബ്ലിക്എ(Republic of God)ന്ന് വിശേഷിപ്പിക്കുകയായിരിക്കും കൂടുതല്‍ അനുയോജ്യം. റാശിദീന്‍ ഭരണം നടത്തിയിരുന്നത് ഖുര്‍ആനിലെയും സുന്നത്തിലെ അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ശൂറായും ഇജ്തിഹാദും ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. എന്നാല്‍ അതിലുപരി, അവരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് നേരത്തെ പറഞ്ഞ ദൈവബോധ(sense of God)വും മാനവികബോധവു(Sense
of Humanity)മായിരുന്നു. അങ്ങനെ, നീതിയിലും നന്മയിലുമധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ രാഷ്ട്രം അധികകാലം നീണ്ടുനിന്നില്ല. മുപ്പതില്‍താഴെ വര്‍ഷങ്ങള്‍ മാത്രമേ അത് നിലനിന്നുള്ളൂ. പിന്നീട്, വിവിധ രൂപങ്ങളിലുള്ള സ്വേച്ഛാധിപത്യ ഭരണങ്ങളാണ് നിലവില്‍വന്നത്. യഥാര്‍ഥ ഇസ്‌ലാമിനെയല്ല ആ ഭരണകര്‍ത്താക്കള്‍ പ്രതിനിധീകരിച്ചത്. അന്യോന്യം പോരടിക്കുന്ന, പരസ്പര വിരുദ്ധങ്ങളായ മദ്ഹബുകളും അതില്‍ നിന്ന് രൂപപ്പെട്ട ശരീഅത്ത് എന്ന നിയമസംഹിതയുമായിരുന്നു ഗ്രന്ഥകാരന്റെ വീക്ഷണത്തില്‍ ആ ഭരണാധികാരികളുടെ അവലംബം. ഇന്നും മുസ്‌ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളെ നയിക്കുന്നത് ഈ ഫിഖ്ഹും ശരീഅത്തുമാണ്. ഖുലഫാഉര്‍റാശിദുകള്‍ വികസിപ്പിച്ച ആ മാതൃകാരാഷ്ട്രം പുനസ്ഥാപിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. ഇന്നത്തെ ശരീഅത്ത് എന്ന് പറയപ്പെടുന്ന നിയമസംഹിത ഖുര്‍ആനിലെയും സുന്നത്തിലെയും തത്വങ്ങളുടെയും ഉമ്മതുന്‍ വസത്വിന്റെ അടിസ്ഥാനമൂല്യങ്ങളായ ദൈവബോധത്തിന്റെയും സമസൃഷ്ടിസ്‌നേഹത്തിന്റെയും നീതിബോധത്തിന്റെയും സന്തുലിതത്വത്തിന്റെയും അടിസ്ഥാനത്തില്‍ പൊളിച്ചെഴുതുക. എന്നാല്‍ അത് അത്ര എളുപ്പമല്ല എന്നും ഗ്രന്ഥകാരന്‍ ഉണര്‍ത്തുന്നു.
The Cultural Basis of civilization(നാഗരികതയുടെ സാംസ്‌കാരിക അടിത്തറ) എന്ന എട്ടാമത്തെ അധ്യായം ഗ്രന്ഥകാരന്റെ തന്നെ Islamic Cultural Studies(ഇസ്‌ലാമിക സാംസ്‌കാരിക പഠനങ്ങള്‍) എന്ന ഗ്രന്ഥത്തില്‍നിന്ന് എടുത്തുചേര്‍ത്തതാണ്. ആദ്യം, നാഗരികത(Civilization), സംസ്‌കാരം(Culture) എന്നീ സംജ്ഞകളുടെ അര്‍ഥവും ഉദ്ദേശ്യവും അവ രണ്ടും തമ്മിലുള്ള വ്യത്യാസവും വിശദീകരിച്ചതിനുശേഷം ഗ്രന്ഥകാരന്‍, ആധുനിക നാഗരികതയുടെ മുഖ്യസ്രോതസ്സായ പാശ്ചാത്യ നാഗരികതയുടെ സവിശേഷതകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ഗ്രീക്-റോമന്‍ നാഗരികതയുടെ സാംസ്‌കാരിക പാരമ്പര്യമാണ് ആധുനിക പാശ്ചാത്യ നാഗരികത രൂപപ്പെടുത്തിയത്.
ഭൗതിക പ്രധാനമായ ആ നാഗരികതയില്‍ ആത്മാവിന്റെ വികാസത്തിന് സ്ഥാനമില്ല. പാശ്ചാത്യരുടെ മതമായ ക്രിസ്തുമത ധര്‍മങ്ങളും യേശുക്രിസ്തു പറഞ്ഞ ദൈവത്തിന്റെ രാജ്യം (Kingdom of God) എന്ന ആശയവുമല്ല, മറിച്ച് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന വീക്ഷണമാണ് പാശ്ചാത്യ ജീവിതത്തെ സ്വാധീനിക്കുന്നത്. ഈ അവസ്ഥ മാറിയാലേ ലോകത്തിന്റെ മോചനം സാധ്യമാവുകയുള്ളൂ. ആ മാറ്റത്തിന്റെ അന്തസ്സത്ത ആത്മീയതയായിരിക്കണം. അതിനു ഈ ഭൂമിയുടെയും അതിലെ എല്ലാറ്റിന്റെയും പരമാധികാരം ദൈവത്തിന് മാത്രമാണ് എന്ന ഖുര്‍ആനിന്റെ സന്ദേശത്തിലേക്ക് ലോകജനത തിരിച്ചുവരണം. എന്നാല്‍ മാത്രമേ, ദൈവത്തിന്റെ മക്കള്‍ (Children of God)എന്ന് യേശുക്രിസ്തുവും ദൈവത്തിന്റെ കുടുംബം (Family of God)എന്ന് പ്രവാചകന്‍ മുഹമ്മദും(സ) വിശേഷിപ്പിച്ച, സാര്‍വലൗകിക സൗഹാര്‍ദത്തിലും ഐക്യത്തിലും സമാധാനപരമായ സഹവര്‍ത്തിത്വത്തിലുമധിഷ്ഠിതമായ ഒരു ആഗോള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ Prayers in Islam എന്ന അവസാനത്തേതും ഒമ്പതാമത്തേതുമായ അധ്യായം ഇസ്‌ലാമിലെ പ്രാര്‍ഥനകളെക്കുറിച്ചുള്ള ഒരു ഹൃസ്വ പഠനമാണ്. ഇത് ഗ്രന്ഥകാരന്റെ നേരത്തെ പരാമര്‍ശിച്ച Islamic Cultural studiesഎന്ന ഗ്രന്ഥത്തില്‍നിന്നുതന്നെ എടുത്തുചേര്‍ത്തതാണ്.
ഏതൊരു മതത്തിന്റെയും മൗലികചൈതന്യവും അത് അനുശാസിക്കുന്ന ജീവിതമൂല്യങ്ങളുടെ സ്വഭാവവും ആ മതാനുയായികള്‍ ചൊല്ലുന്ന ദൈവപ്രാര്‍ഥനകളില്‍ നിന്ന് വ്യക്തമായി ഗ്രഹിക്കാവുന്നതാണ്. പ്രാര്‍ഥന തന്റെനാഥനായ ദൈവവുമായുള്ള ഒരു വിശ്വാസിയുടെ സ്വകാര്യഭാഷണമാണ്. അതുകൊണ്ടുതന്നെ അതില്‍ കൃത്രിമത്വത്തിന്റെയോ കാപട്യത്തിന്റെയോ പ്രകടനപരതയുടെയോ ഒരംശവും ഉണ്ടാവുകയില്ല. പൂര്‍ണമായ ആത്മാര്‍ഥതയും സുതാര്യതയും ലാളിത്യവും മാത്രമേ ഉണ്ടാകൂ. വിശ്വാസിയുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും, ദു:ഖങ്ങളുടെയും ആകുലതകളുടെയും ആഗ്രഹങ്ങളുടെയും പ്രീതക്ഷകളുടെയും ആത്മാര്‍ഥവും ഊഷ്മളവുമായ പ്രകാശനമായിരിക്കും ആ പ്രാര്‍ഥനകള്‍. അവയിലൂടെ അവന്‍ പ്രകടിപ്പിക്കുന്നത് തന്റെ സ്രഷ്ടാവിനോടുള്ള വിധേയത്വവും തന്റെ മതത്തിന്റെ മൂല്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള പ്രതിബദ്ധതയുമാണ്.
അക്കാരണത്താല്‍, ഔപചാരികമായ ആരാധനാകര്‍മങ്ങളിലാകട്ടെ, ഏകാന്തതയിലോ ആള്‍ക്കൂട്ടത്തിലോ ആകട്ടെ ഏതുവിധത്തിലും സന്ദര്‍ഭങ്ങളിലുമാകട്ടെ ഒരു മുസ്‌ലിമിന്റെ പ്രാര്‍ഥനകള്‍(ദുആകള്‍, ദിക്‌റുകള്‍) എല്ലാം, പൊതുവെ ഖുര്‍ആനിലോ ഹദീസുകളിലോ വന്ന പ്രാര്‍ഥനാ വാചകങ്ങള്‍ തന്നെയായിരിക്കും. അല്ലെങ്കില്‍ അവ ഉള്‍ക്കൊള്ളുന്നതായിരിക്കും. അങ്ങനെയല്ലെങ്കില്‍തന്നെ അവയുടെ ചൈതന്യവും ആശയങ്ങളും അന്തര്‍ലീനമായിട്ടുള്ളതായിരിക്കും. ഖുര്‍ആനിലും ഹദീസുകളിലും വന്ന ഉദാത്ത സുന്ദരവും ആശയ സമ്പുഷ്ടവും നിര്‍വൃതിദായകവുമായ അത്തരം പ്രാര്‍ഥനകളില്‍ കുറേയെണ്ണം മാതൃകകളായി ഉദ്ദരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ തന്റെ കൃതിക്ക് സമാപനം കുറിക്കുന്നു.
സയ്യിദ് അബ്ദുല്ലത്തീഫിന്റെ The mind AlQuran buildsഎന്ന വിശിഷ്ട ഗ്രന്ഥത്തിന്റെ വളരെ സംക്ഷിപ്തവും ദിങ് മാത്രവുമായ ഈ അവലോകനത്തില്‍ നിന്ന് അതിലെ ആശയങ്ങളുടെ ഒരു ഏകദേശ ചിത്രം വായനക്കാര്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖുര്‍ആന്‍ അതിന്റെ അനുയായികളില്‍ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമാക്കുന്ന മനസ്സിന്റെ രൂപവും ഭാവവും തികച്ചും മൗലികവും ചിലപ്പോള്‍ പ്രകോപനപരവുമായ ചിന്തകളിലൂടെയും പ്രൗഢസുന്ദരമായ ഇംഗ്ലീഷ് ഭാഷയിലൂടെയും ആകര്‍ഷകമായ ശൈലിയിലൂടെയും അദ്ദേഹം അനാവരണം ചെയ്യുമ്പോള്‍ ചിന്താശീലരായ ആളുകള്‍ അതില്‍ ആകൃഷ്ടരാകാതിരിക്കില്ല. ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മൂല്യങ്ങളെ സമഞ്ജസമായി സമ്മേളിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ മഹിതസന്ദേശങ്ങള്‍ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളാനും ആഗ്രഹിക്കുന്ന മുസ്‌ലിംകളും അനുസ്‌ലിംകളുമായ എല്ലാവര്‍ക്കും ഏറെ പ്രയോജനപ്രദവും മാര്‍ഗദര്‍ശകവുമാണ് സയ്യിദ് അബ്ദുല്ലത്തീഫിന്റെ The Mind Al-Quran Buildsഎന്ന ഗ്രന്ഥമെന്ന് നിസ്സംശയം പറയാം.
5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x