3 Tuesday
December 2024
2024 December 3
1446 Joumada II 1

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രവും സ്വഹാബികളുടെ സംഭാവനകളും

പ്രഫ. ജി എ മുഹമ്മദ് കുഞ്ഞ്‌


വിശുദ്ധ ഖുര്‍ആന്‍ പല ഘട്ടങ്ങളിലായി അല്ലാഹുവിന്റെ റസൂലിന് അദ്ദേഹത്തിന്റെ പ്രവാചക ജീവിതത്തിനിടയില്‍ എപ്പോഴൊക്കെ ആവശ്യം വന്നുവോ അപ്പോള്‍ വെളിപ്പെട്ടിരുന്നു. അതുകൊണ്ട് ഖുര്‍ആന്റെ അതിജീവനം സ്വഹാബിമാരുടെ പൊതു അഭിപ്രായത്തിനനുസരിച്ചായിരുന്നു. ഇത് അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള തെളിഞ്ഞതും വ്യക്തവുമായ കാരുണ്യമാണ്. സത്യമായി നിലനില്‍ക്കുന്നതാണെന്നുള്ള അവന്റെ വാഗ്ദത്തം അവന്റെ വാക്കുകളില്‍ കാണാം: ”ഇന്നാ നഹ്‌നു നസ്സല്‍നദ്ദിക്‌റ വഇന്നാ ലഹൂ ലഹാഫിളൂന്‍” (അല്‍ഹിജ്ര്‍ 15:9). (തീര്‍ച്ചയായും നാമാണ് ദിക്‌റിനെ (ഖുര്‍ആനെ) അയച്ചത്. നാം അതിനെ കൈകടത്തലില്‍ നിന്നു കാത്തുകൊള്ളും). അങ്ങനെ അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിക്കുകയും ഐക്യം നേടുകയും ചെയ്തു.
അബൂഅബ്ദുര്‍റഹ്മാന്‍ അനസ് സുലമി പറഞ്ഞു: അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), സൈദുബ്‌നു സാബിത്(റ), മുഹാജിറുകള്‍, അന്‍സാരികള്‍ എന്നിവരുടെ പാരായണം ഒന്നായിരുന്നു. നബി(സ) വഫാത്തായ വര്‍ഷം മലക്ക് ജിബ്‌രീലിന് രണ്ടു പ്രാവശ്യം നബി(സ) ഓതിക്കേള്‍പ്പിച്ചതുപോലെ അവരെല്ലാം പാരായണം ചെയ്തു.
അവസാനത്തെ ഖുര്‍ആന്‍ പാരായണത്തിന് സൈദുബ്‌നു സാബിത് സാക്ഷിയാണ്. അദ്ദേഹം നബി(സ) വഫാത്താകുന്നതുവരെ അത് ജനങ്ങള്‍ക്ക് പാരായണം ചെയ്തുകൊടുത്തു. അതുകൊണ്ടാണ് ഈ പാരായണം അബൂബക്കര്‍ സിദ്ദീഖ്(റ) അംഗീകരിച്ചത്. ഖുര്‍ആന്‍ ക്രോഡീകരിച്ച അവസരത്തില്‍ ഖുര്‍ആനിന്റെ കോപ്പികള്‍ ഉണ്ടാക്കിയപ്പോള്‍ ഉസ്മാനും(റ) അത് അംഗീകരിച്ചു.
സൈദുബ്‌നു
സാബിതി(റ)ന്റെ
ഖുര്‍ആന്‍
ക്രോഡീകരണം

അബൂബക്കര്‍ സിദ്ദീഖ്(റ) സൈദിനെ(റ) ജനങ്ങളുടെ വായയില്‍ നിന്നും ജന്തുക്കളുടെ തോളെല്ലുകളില്‍ നിന്നും വസ്ത്രങ്ങളുടെ കഷ്ണങ്ങളില്‍ നിന്നും ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ ആശ്രയിച്ചു എന്നതുതന്നെ അദ്ദേഹത്തിന്റെ മഹത്വത്തിന് തെളിവാണ്. ക്രോഡീകരണ ശേഷം കൈയെഴുത്തുപ്രതികള്‍ അബൂബക്കറിന്റെ(റ) കൈവശമായിരുന്നു. പിന്നീട് അദ്ദേഹം അത് ഉമറിന്റെ(റ) പക്കല്‍ ഏല്‍പിച്ചു. ഉസ്മാന്‍(റ) സൈദുബ്‌നു സാബിതി(റ)നോടും ചില ഖുറൈശികളോടും ഖുര്‍ആനിന്റെ കോപ്പികള്‍ എടുക്കാന്‍ ആവശ്യപ്പെടുന്നതുവരെ ഖുര്‍ആനിന്റെ കൈയെഴുത്തുപ്രതികള്‍ ഹഫ്‌സ ബിന്‍ത് ഉമര്‍(റ) വശം എത്തിച്ചേര്‍ന്നു. ഇന്ന് എല്ലാ മുസ്‌ലിംകളുടെയും കൈവശമുള്ള ഖുര്‍ആന്‍ അതേ ഖുര്‍ആന്‍ തന്നെയാണ്.
സൈദുബ്‌നു സാബിത്(റ) പറഞ്ഞു: ദിവ്യബോധനങ്ങള്‍ നബി(സ)ക്കു വേണ്ടി എഴുതും. എപ്പോഴൊക്കെ അവതരണം അദ്ദേഹത്തിന് വെളിപ്പെട്ടുവോ അപ്പോഴൊക്കെ അദ്ദേഹത്തിനു തീവ്രമായ വേദന അനുഭവപ്പെടുകയും വലിയ തോതിലുള്ള വിയര്‍പ്പുണ്ടാവുകയും മുത്തുകള്‍ പോലെ അത് കാണപ്പെടുകയും ചെയ്തു. സൈദ്(റ) പറഞ്ഞു: അബൂബക്കര്‍ സിദ്ദീഖ്(റ) എന്നോട് പറഞ്ഞു: താങ്കളാണ് അവതരണം (ദിവ്യബോധനം) രേഖപ്പെടുത്തിയ എഴുത്തുകാരന്‍. നബി(സ)യുടെ വിധിത്തീര്‍പ്പില്‍ താങ്കള്‍ വിശ്വസ്തനായിരുന്നു. അതുകൊണ്ട് ഞങ്ങളെല്ലാവരുടെയും വിധിത്തീര്‍പ്പില്‍ താങ്കള്‍ വിശ്വസ്തനാണ്.
സൈദുബ്‌നു സാബിത് രേഖപ്പെടുത്തുന്നു: അബൂബക്കര്‍(റ) എന്നോട് പറഞ്ഞു: താങ്കള്‍ ഒരു ബുദ്ധിമാനായ മനുഷ്യനാണ്. താങ്കള്‍ക്കെതിരില്‍ ഞങ്ങള്‍ക്ക് യാതൊന്നുമില്ല. താങ്കള്‍ ദിവ്യബോധനങ്ങള്‍ നബി(സ)ക്കു വേണ്ടി എഴുതുന്നത് പതിവാക്കിയിരുന്നു. അതുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പോയി ക്രോഡീകരിക്കുക. അപ്പോള്‍ സൈദ്(റ) അബൂബക്കര്‍ സിദ്ദീഖി(റ)നോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂല്‍ (സ) ചെയ്യാത്ത ചിലത് ചെയ്യാന്‍ താങ്കള്‍ക്കെങ്ങനെ കഴിയും? അബൂബക്കര്‍(റ) പറഞ്ഞു: അല്ലാഹുവാണെ, അത് ഒരു നല്ല കാര്യമാണ്. അബൂബക്കര്‍(റ) സമ്മര്‍ദം ചെലുത്തുന്നത് തുടര്‍ന്നു. അവസാനം അല്ലാഹു എന്റെ ഹൃദയം അതിനുവേണ്ടി തുറന്നു. അബൂബക്കറിന്റെയും(റ) ഉമറിന്റെയും(റ) ഹൃദയം അതിനുവേണ്ടി തുറന്നതുപോലെ. അങ്ങനെ ഞാന്‍ തുണിക്കഷണങ്ങളില്‍ നിന്നും തോളെല്ലുകളില്‍ നിന്നും ഈന്തപ്പന ശിഖരങ്ങളില്‍ നിന്നും ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ തുടങ്ങി.
അനസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലി(സ)ന്റെ കാലത്തു തന്നെ ഖുര്‍ആന്‍ ക്രോഡീകരണം നടന്നിരുന്നു. നാല് ആളുകളാല്‍, എല്ലാവരും അന്‍സാരികള്‍. ഉബയ്യുബ്‌നു കഅ്ബ്, മുആദ്, സൈദുബ്‌നു സാബിത്, അബൂസൈദ് ഖാരിജാ ഇബ്‌നു സൈദിബ്നു സാബിത്. അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു: നബി(സ)യുടെ ധാരാളം സ്വഹാബാക്കള്‍ യമാമ യുദ്ധത്തില്‍ ശഹീദായപ്പോള്‍ ഉമര്‍(റ) അബൂബക്കര്‍ സിദ്ദീഖിനോട്(റ) പറഞ്ഞു: നബി(സ)യുടെ സ്വഹാബാക്കള്‍ ചിത്രശലഭങ്ങള്‍ തീയില്‍ മരിക്കുന്നതുപോലെ യുദ്ധത്തില്‍ മരിക്കുകയാണ്. ഓരോ യുദ്ധത്തിലും അവര്‍ മുഴുവനായും ഇല്ലാതാകുന്നതുവരെ പങ്കെടുക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവര്‍ ഖുര്‍ആന്റെ വാഹകരാണെന്നതിനാല്‍ വലിയ തോതിലുള്ള അവരുടെ മരണം നമുക്ക് നഷ്ടകരവും ഖുര്‍ആനിനെ മറക്കുന്നവരുമാക്കും. അതുകൊണ്ട് അത് ക്രോഡീകരിക്കുന്നതും എഴുതപ്പെടുന്നതും നന്നായിരിക്കും.
അബൂബക്കര്‍(റ) ഈ ആശയത്തിനെതിരായിരുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ) ചെയ്യാത്തൊരു കാര്യം എനിക്കു ചെയ്യാന്‍ കഴിയുകയില്ല. രണ്ടു പേരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. അപ്പോള്‍ അബൂബക്കര്‍(റ) സൈദുബ്‌നു സാബിതിന്(റ) ആളയച്ചു. സൈദ്(റ) തുടര്‍ന്നു: ഞാന്‍ അബൂബക്കറി(റ)നടുത്തേക്ക് വന്നു. ഉമര്‍(റ) നീരസത്തോടെ അദ്ദേഹത്തോടൊപ്പം കണ്ടു. അബൂബക്കര്‍(റ) എന്നോടു പറഞ്ഞു: ഈ മനുഷ്യന്‍ (ഉമര്‍) എന്നെ ചിലതു ചെയ്യാന്‍ ക്ഷണിച്ചു. എന്നാല്‍ ഞാന്‍ അത് നിരസിച്ചു. താങ്കള്‍ അല്ലാഹുവിന്റെ റസൂലിന്റെ ദിവ്യബോധനങ്ങള്‍ എഴുതിക്കൊടുത്ത ആളായിരുന്നു. നിങ്ങള്‍ ഇയാളോട് യോജിക്കുന്നുവെങ്കില്‍ ഞാന്‍ ഈ നിര്‍ദേശം അംഗീകരിക്കും. താങ്കള്‍ എന്നോടാണ് യോജിക്കുന്നത് എങ്കില്‍ ഇയാളുടെ നിര്‍ദേശം ഞാന്‍ നിരസിക്കും.
ഉമര്‍(റ) എന്താണ് നിര്‍ദേശിച്ചത് എന്ന് എന്നോടു പറഞ്ഞു. അപ്പോള്‍ ഉമര്‍ നിശ്ശബ്ദത പാലിച്ചു. ആദ്യം ഞാനും ഈ നിര്‍ദേശത്തിനെതിരായിരുന്നു. ഞാന്‍ പറഞ്ഞു: നാം നബി(സ) ചെയ്യാത്ത ഒരു കാര്യം ചെയ്യണോ? ഉമര്‍ പറഞ്ഞു: അങ്ങനെ ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഒരു നിമിഷം ഞങ്ങള്‍ ചിന്തിച്ചു. എന്നിട്ടു പറഞ്ഞു: അല്ലാഹുവാണെ, അങ്ങനെ ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല.
അങ്ങനെ അബൂബക്കര്‍(റ) എനിക്കു കല്‍പന തന്നു. ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ മൃഗത്തോലുകളുടെ കഷണങ്ങള്‍, തോളെല്ലുകള്‍, ഈത്തപ്പനത്തണ്ടുകള്‍ എന്നിവയില്‍ എഴുതി. അബൂബക്കര്‍ സിദ്ദീഖ്(റ) മരണമടഞ്ഞപ്പോള്‍ ഉമര്‍(റ) ഖലീഫയാവുകയും എല്ലാം ഒരു ഒറ്റ ഗ്രന്ഥത്തില്‍ എഴുതാന്‍ കല്‍പിക്കുകയും ചെയ്തു. അത് ഉമര്‍(റ) കൈവശം സൂക്ഷിച്ചു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ ഗ്രന്ഥം അദ്ദേഹത്തിന്റെ മകളും നബിപത്‌നിയുമായ ഹഫ്‌സ(റ)യുടെ പക്കല്‍ സൂക്ഷിച്ചു. പിന്നീട് ഉസ്മാന്‍(റ) ഖലീഫയായി.
ഹുദൈഫതുബ്‌നുല്‍ യമാനി അര്‍മീനിയയുടെ യുദ്ധമുന്നണിയില്‍ നിന്നു വന്നു. അദ്ദേഹം സ്വവസതിയില്‍ പ്രവേശിക്കുന്നതിനു മുമ്പേ ഉസ്മാന്റെ(റ) അടുത്തു പോയി പറഞ്ഞു: വിശ്വാസികളുടെ കമാണ്ടര്‍, ജനങ്ങളെ സംരക്ഷിക്കൂ. ഉസ്മാന്‍(റ) ചോദിച്ചു: എന്തു സംഭവിച്ചു? ഹുദൈഫ പറഞ്ഞു: ഞാന്‍ അര്‍മീനിയയുടെ യുദ്ധത്തില്‍ പങ്കെടുത്തു. ഇറാഖിലെയും ശാമിലെയും(സിറിയ) ജനങ്ങള്‍ വന്നു. സിറിയയിലെ ജനങ്ങള്‍ ഉബയ്യുബ്‌നു കഅ്ബിന്റെ പാരായണം സ്വീകരിച്ചു. അവര്‍ വായിച്ചത് ഇറാഖിലെ ജനങ്ങള്‍ മുമ്പ് കേട്ടിട്ടില്ലായിരുന്നു. അങ്ങനെ സിറിയക്കാര്‍ അവിശ്വാസികളായി പരിഗണിക്കപ്പെട്ടു. മറിച്ച് ഇറാഖിലെ ജനങ്ങള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ പാരായണം പിന്തുടര്‍ന്നു. സിറിയയിലെ ജനങ്ങള്‍ ഇത് മുമ്പ് കേട്ടിട്ടില്ലായിരുന്നു. അങ്ങനെ അവര്‍ ഇറാഖുകാരെ അവിശ്വാസികളായി കരുതി.
അങ്ങനെ ഉസ്മാന്‍(റ) വിശുദ്ധ ഖുര്‍ആന്റെ ഒരു കോപ്പി അദ്ദേഹത്തിനു വേണ്ടി എഴുതാന്‍ എന്നോട് കല്‍പിച്ചു. അദ്ദേഹം പറഞ്ഞു: ബുദ്ധിമാനും കൃത്യമായും വേഗത്തിലും എഴുതാനും സംസാരിക്കാനും അറിയുന്ന മറ്റൊരാളെ നിങ്ങളോടൊപ്പം നിയമിക്കാന്‍ പോവുകയാണ്. സുസമ്മതമായത് എഴുതുക. അഭിപ്രായ വ്യത്യാസമുള്ളത് എന്നോടു ചര്‍ച്ച ചെയ്യുകയും ചെയ്യുക. അങ്ങനെ അബ്ബാന്‍ ഇബ്‌നു സഈദ് ഇബ്‌നുല്‍ ആസിനെ നിയമിച്ചു.

ഞങ്ങള്‍ രണ്ടു പേരും സൂറ അല്‍ബഖറയിലെ 248ാമത്തെ ആയത്തിലെത്തിയപ്പോള്‍, അതായത് അല്ലാഹു പറയുന്നു: ‘ഇന്ന ആയത്ത മുല്‍കിഹീ, അന്‍ യഅ്തിയകുമുത്താബൂത്ത്’ ഞാന്‍ അതാബൂഹ് എന്ന് എഴുതി. എന്നാല്‍ അബ്ബാന്‍ അത്താബൂത് എഴുതാനും നിര്‍ബന്ധം പിടിച്ചു. ഞങ്ങള്‍ അഭിപ്രായ വ്യത്യാസം ഉസ്മാന്റെ(റ) ശ്രദ്ധയില്‍ കൊണ്ടുവന്നു. അദ്ദേഹം അത്താബൂത് എന്ന് എഴുതാന്‍ കല്‍പിക്കുകയും ചെയ്തു. ഞാന്‍ ക്രോഡീകരണം പൂര്‍ത്തിയാക്കി നിരൂപണം ചെയ്തപ്പോള്‍ അല്‍അഹ്‌സാബിലെ 23ാം ആയത്ത് കണ്ടില്ല. ഞാന്‍ മുഹാജിറുകളോട് ചോദിച്ചപ്പോള്‍ അവരിലാര്‍ക്കും അതുള്ളതായി കണ്ടില്ല. പിന്നീട് ഞാന്‍ അന്‍സാരികളുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഖുസയ്മുബ്‌നു സാബിതില്‍ കണ്ടു. ഞാന്‍ എഴുതുകയും ചെയ്തു. പിന്നീട് അത് പുനഃപരിശോധിച്ചപ്പോള്‍ തുടര്‍ന്നു വരുന്ന രണ്ട് ആയത്തുകള്‍ കണ്ടില്ല. ‘ലകദ് ജാഅകും റസൂലുന്‍ മിന്‍ അന്‍ഫുസികും. അസീസുന്‍ അലൈഹി മാ അനിതും ഹരീളുന്‍ അലൈകും ബില്‍ മുഅ്മിനീന റഊഫുല്‍ റഹീം. ഫഇന്‍തവല്ലൗ ഫഖുല്‍…’
സൂറഃ അത്തൗബ 128: ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു റസൂല്‍ വന്നിട്ടുണ്ട്. നിങ്ങള്‍ കഷ്ടപ്പെടുന്നത് അദ്ദേഹത്തിന് ദുസ്സഹമാകുന്നു. നിങ്ങളെപ്പറ്റി അതീവ താല്‍പര്യമുള്ളവനാകുന്നു. സത്യവിശ്വാസികളോട് വളരെ ദയാലുവും കരുണയുള്ളവനുമാകുന്നു.
അത്തൗബ 129: എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്നപക്ഷം നബിയേ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധ്യനേയില്ല. അവന്റെ മേല്‍ തന്നെ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവന്‍ മഹത്തായ ‘അര്‍ശി’ന്റെ (സിംഹാസനത്തിന്റെ) നാഥനുമാകുന്നു.
ഞാന്‍ മുഹാജിറുകളോടു ചര്‍ച്ച ചെയ്യുകയും ഈ സൂക്തത്തെപ്പറ്റി ചോദിക്കുകയും ചെയ്തു. അവരിലാരും ഇത് ഉള്ളതായി കണ്ടില്ല. പിന്നീട് ഞാന്‍ അന്‍സാരികളുമായി ചര്‍ച്ച ചെയ്യുകയും അബൂഖുസയ്മ എന്ന ഒരേ ഒരാളില്‍ കണ്ടെത്തുകയും ചെയ്തു. ഞാന്‍ അത് സൂറഃ അത്തൗബയുടെ അവസാനം എഴുതുകയും ചെയ്തു. പിന്നീട് ഉസ്മാന്‍(റ) ഹഫ്‌സ(റ)യുടെ കൈവശമുള്ള ഗ്രന്ഥങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആളയച്ചു. അവ തിരിച്ചുകൊടുക്കാമെന്ന് അദ്ദേഹം ഉറപ്പു കൊടുക്കുകയും അവ അവര്‍ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
അദ്ദേഹം ഹഫ്‌സ(റ)യുടെ ഗ്രന്ഥവുമായി ഞങ്ങളുടെ ക്രോഡീകരണത്തെ പരിശോധിക്കുകയും യാതൊരു വ്യത്യാസവുമില്ല എന്ന് കാണുകയും ചെയ്തു. അദ്ദേഹം സന്തുഷ്ടനാവുകയും ഹഫ്‌സ(റ)യുടെ ഗ്രന്ഥം തിരികെ ഏല്‍പിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ജനങ്ങളോട് അതിന്റെ പകര്‍പ്പുകളെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഹഫ്‌സ(റ) മരണമടഞ്ഞപ്പോള്‍ ഉസ്മാന്‍(റ) ഗ്രന്ഥങ്ങള്‍ കൈമാറാന്‍ അവരുടെ സഹോദരനായ അബ്ദുല്ലാഹിബ്‌നു ഉമറി(റ)നോട് ദൃഢമായി ആവശ്യപ്പെട്ടു.
വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം ഉമ്മത്തിനെ തെറ്റുകളില്‍ നിന്ന് സംരക്ഷിച്ചു. അബൂഖ്വലാബ രേഖപ്പെടുത്തി: ഉസ്മാന്റെ(റ) ഖിലാഫത്തില്‍ കുട്ടികളെ പാരായണം ചെയ്യിക്കുന്നതിന് അധ്യാപകര്‍ ഭിന്നരീതികളില്‍ പഠിപ്പിച്ചു. കുട്ടികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ ഖുര്‍ആന്‍ വ്യത്യസ്ത രീതിയില്‍ പാരായണം ചെയ്തു. അധ്യാപകര്‍ ഇത് അറിഞ്ഞപ്പോള്‍ അവര്‍ പരസ്പരം അവിശ്വാസികളായി പ്രഖ്യാപിച്ചു. ഇത് അപ്പോള്‍ ഖലീഫയായിരുന്ന ഉസ്മാന്റെ(റ) ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം എഴുന്നേറ്റു നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു: നിങ്ങള്‍ ഇവിടെ എന്റെ കൂടെയാണ്. നിങ്ങള്‍ ഭിന്നാഭിപ്രായത്തിലും പാരായണത്തില്‍ തെറ്റുകള്‍ വരുത്തുകയും ചെയ്യുന്നു. ദൂരദേശങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകള്‍ കൂടുതല്‍ അഭിപ്രായ ഭിന്നതയിലും തെറ്റുകളിലും ആയിരിക്കും. മുഹമ്മദ് നബി(സ)യുടെ അനുചരന്മാരേ, ഒരുമിക്കൂ. നമുക്കു വേണ്ടി ഒരു ഒറ്റ കോപ്പി ക്രോഡീകരിക്കൂ, നമുക്കു പിന്‍തുടരാന്‍.
അനസ് ഇബ്‌നു മാലിക് അറിയിച്ചു: അദ്ദേഹം ക്രോഡീകരിച്ചവര്‍ക്കു വേണ്ടി എന്താണോ അവര്‍ ഓര്‍മിച്ചത് അത് പാരായണം ചെയ്തു. ക്രോഡീകരിച്ചവര്‍ ഒരു ആയത്തിനെ സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായക്കാരായാല്‍ അവര്‍ ഒരാളെക്കുറിച്ച് ഓര്‍മിക്കും. അദ്ദേഹം അല്ലാഹുവിന്റെ ദൂതനില്‍ നിന്നാണ് ആയത്ത് നേരിട്ടു കേട്ടത്. ഇനി അദ്ദേഹം അകലെയാണെങ്കില്‍ അവര്‍ ആയത്തിനു തൊട്ടുമുമ്പും തൊട്ടുപിറകിലുമുള്ളത് എഴുതുകയും അദ്ദേഹം വരുന്നതുവരെ ആ സ്ഥലം ശൂന്യമായി വിടുകയും ചെയ്യും.
ക്രോഡീകരണം പൂര്‍ത്തിയായപ്പോള്‍ ഉസ്മാന്‍(റ) പറയുന്ന സന്ദേശം വിവിധ ദേശങ്ങളിലെ ജനങ്ങള്‍ക്ക് അയച്ചു: ‘ഞാന്‍ അതെല്ലാം ചെയ്യുകയും മറ്റുള്ള ഗ്രന്ഥങ്ങള്‍ തുടച്ചുകളയുകയും ചെയ്തു. നിങ്ങള്‍ നിങ്ങളോടൊപ്പമുള്ള ഗ്രന്ഥഭാഗങ്ങള്‍ നശിപ്പിച്ചുകളയണം.’
ആയത്തുകളുടെ
ക്രമീകരണം

അല്ലാഹുവിന്റെ റസൂല്‍(സ) ആണ് ദിവ്യബോധനത്തിന്റെ ക്രമമനുസരിച്ച് ആയത്തുകളെ ക്രമീകരിച്ചത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് ക്രമേണയാണ്. ചിലപ്പോള്‍ കുറേ ആയത്തുകള്‍ തുടര്‍ച്ചയായിട്ടോ അല്ലെങ്കില്‍ സൂറ മുഴുവനുമായിട്ടോ ഉടനെ അവതരിപ്പിക്കപ്പെടുകയോ ചെയ്യാം. ഈ ക്രമീകരണം വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയ്ക്കും അതിശയകരമായ അതിന്റെ ശൈലിക്കുമുള്ള തെളിവാണ്. ഇത് കാരണമാണ് നിങ്ങള്‍ ഒരു സൂറയുടെ ആയത്തുകളുടെ ക്രമീകരണം വളരെ വേറിട്ടതും ഒറ്റപ്പെട്ടതുമായി കാണുന്നത്. ദിവ്യബോധനം അനുസരിച്ച് നബി(സ) ആയത്തുകള്‍ക്ക് നല്‍കിയ ക്രമീകരണം തന്നെയാണ് ഇന്നും നമ്മുടെ മുമ്പിലുള്ളത്.

Back to Top