15 Wednesday
January 2025
2025 January 15
1446 Rajab 15

ഖിയാസ്: പ്രാമാണിക ഗവേഷണത്തിന്റെ രീതികള്‍

അനസ് എടവനക്കാട്‌


ഖുര്‍ആനും സുന്നത്തുമാകുന്ന മൗലിക പ്രമാണങ്ങള്‍ കഴിഞ്ഞാല്‍, പൊതുവില്‍ മുസ്‌ലിം ലോകം അംഗീകരിച്ചിട്ടുള്ള ദ്വിതീയ പ്രമാണങ്ങളാണ് ഇജ്മാഉം ഖിയാസും. പ്രമാണങ്ങളുടെ കാര്യത്തില്‍ ബുദ്ധിയും യുക്തിയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളവയില്‍ പ്രഥമഗണനീയമാണ് ഖിയാസ് അഥവാ സാദൃശ്യ നിഗമനം. അളക്കുക അല്ലെങ്കില്‍ കണക്കാക്കുക എന്നര്‍ഥം വരുന്ന തഖ്ദീര്‍ എന്നതാണ് ഖിയാസിന്റെ ഭാഷാപരമായ അര്‍ഥം. രണ്ടു വസ്തുക്കളെ തുല്യമാക്കുന്നതിനും നിരപ്പാക്കുന്നതിനും പറയുന്ന തസ്‌വിയ്യ എന്ന അര്‍ഥവും ഖിയാസിന് ഉപയോഗിക്കും. ഖുര്‍ആനിലോ സുന്നത്തിലോ അല്ലെങ്കില്‍ ഇജ്മാഇലോ വന്നിട്ടുള്ള ഒരു വിഷയത്തിന്റെ വിധി, പ്രമാണങ്ങളില്‍ വിധി പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്തതും പൊതു അടിസ്ഥാന സ്വഭാവമുള്ളതുമായ മറ്റൊരു വിഷയവുമായി തുലനം ചെയ്യുന്നതിനാണ് ഖിയാസ് എന്ന് കര്‍മശാസ്ത്രത്തില്‍ പറയുക. അടിസ്ഥാന പ്രമാണങ്ങളില്‍ വന്നിട്ടുള്ള വിധികള്‍ നിര്‍ണിതമാണ്. എന്നാല്‍ മനുഷ്യരാശി കാലാകാലങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളാകട്ടെ നിര്‍ണയിക്കാവുന്നതിലും അപ്പുറവും. ഈ സാഹചര്യത്തില്‍ പുതിയ വെല്ലുവിളികള്‍ക്കൊപ്പം ദീനിന്റെ പ്രമാണങ്ങളെ സജീവമായി നിലനിര്‍ത്തുക എന്ന ദൗത്യമാണ് ഖിയാസ് നിര്‍വഹിക്കുന്നത്.
അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ”അതല്ല, വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുമോ? അതല്ല, ധര്‍മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്മാരെപ്പോലെ നാം ആക്കുമോ?” (സ്വാദ് 28). ഇവിടെ വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരും തുല്യമല്ലാത്തതിനാല്‍ അവര്‍ക്കു ലഭിക്കുന്ന വിധികളും തുല്യമാകാന്‍ പാടുള്ളതല്ല എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അഥവാ തുല്യമായവര്‍ക്കാണെങ്കില്‍ വിധിയും തുല്യമായിരിക്കും എന്നൊരു നിഗമനം ഈ ആയത്തില്‍ നിന്നു നമുക്ക് ഗണിച്ചെടുക്കാം. ഖിയാസിന്റെ അടിസ്ഥാനം ഈ തുലനപ്പെടുത്തലാണ്.
ഇമാം ശാഫിഈയുടെ സഹചാരിയായ മുസ്‌നി ഒരിക്കല്‍ പറഞ്ഞു: ”പ്രവാചകന്റെ കാലം മുതല്‍ ഇക്കാലം വരെയുള്ള കര്‍മശാസ്ത്ര വിശാരദന്മാര്‍ അവരുടെ ദീനിന്റെ കാര്യത്തിലുള്ള എല്ലാ വിധികളുടെയും മൂല്യനിര്‍ണയം നടത്തുകയും സത്യത്തിന്റേത് സത്യവുമായും വ്യാജത്തിന്റേത് വ്യാജവുമായും മാത്രമേ യോജിക്കുകയുള്ളൂ എന്നതില്‍ ഏകോപിച്ചിരിക്കുകയും ചെയ്തതിനാല്‍ ആര്‍ക്കും തന്നെ ഖിയാസിനെ നിഷേധിക്കാന്‍ അവകാശമില്ല.” വിശുദ്ധ ഖുര്‍ആനുമായും സുന്നത്തുമായും ഇജ്മാഉമായും ഖിയാസിന് അഭേദ്യമായ ബന്ധമാണുള്ളത്. ഈ പ്രമാണങ്ങളില്‍ നിന്ന് ശരീഅത്തിന്റെ വിധി നിര്‍ണയിച്ചെടുക്കലും അതിന്റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കിയെടുക്കലും ഖിയാസിന്റെ ഭാഗമാണ്.
ഖിയാസിന്റെ ചില ഉദാഹരണങ്ങള്‍:
1. ”സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക” (ജുമുഅ 9) എന്ന ആയത്തില്‍ നിന്ന്, വെള്ളിയാഴ്ച ദിവസം ബാങ്ക് വിളിച്ചുകഴിഞ്ഞാല്‍ കച്ചവടം ചെയ്യാന്‍ പാടുള്ളതല്ല എന്നാണ് നേര്‍ക്കുനേരെ മനസ്സിലാകുന്ന വിധി. എന്നാല്‍ മുജ്തഹിദുകളായ പണ്ഡിതന്മാര്‍ കച്ചവടം ഉപേക്ഷിക്കുക എന്ന ഈ വിധിയെ, ആ സമയത്ത് നടത്തുന്ന മറ്റ് എല്ലാ തരം ഇടപാടുകളോടും ഖിയാസ് ചെയ്തുകൊണ്ട് അഥവാ സാദൃശ്യവത്കരിച്ചുകൊണ്ട് ഹറാമായി പ്രഖ്യാപിക്കുന്നു. തദനുസാരം അധ്യാപനം നടത്തുന്നതോ ഓഫീസ് ജോലി ചെയ്യുന്നതോ കായിക പരിശീലനം നടത്തുന്നതോ എല്ലാം കച്ചവടം പോലെത്തന്നെ കണക്കാക്കപ്പെടുകയും അവ പ്രസ്തുത സമയത്ത് നിഷിദ്ധമാക്കപ്പെടുകയും ചെയ്യും. കാരണം രണ്ടിന്റെയും പിന്നിലെ ഉദ്ദേശ്യം ഒന്നുതന്നെയാണ്.
2. നബി(സ) പറഞ്ഞു: ”ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ സഹോദരനാകുന്നു. തന്റെ സഹോദരന്‍ കച്ചവടം ചെയ്തതിന്മേല്‍ കച്ചവടം ചെയ്യല്‍ അവന് അനുവദനീയമല്ല. തന്റെ ഒരു സഹോദരന്‍ വിവാഹാലോചന നടത്തുന്ന സ്ത്രീയെ, അവന്‍ ഒഴിയുന്നതുവരെ വിവാഹാന്വേഷണം നടത്തുകയും ചെയ്യരുത്” (മുസ്ലിം 1414). ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഇടപാട് നടന്നുകൊണ്ടിരിക്കുന്നതിനിടയിലുള്ള കച്ചവടത്തിനും വിവാഹാന്വേഷണത്തിനും വിലക്കുണ്ട്. എന്നാല്‍ വസ്തുക്കളോ സേവനങ്ങളോ വാടകയ്‌ക്കെടുക്കുന്ന കാര്യത്തില്‍ ഈ ഹദീസില്‍ നേര്‍ക്കുനേരെ വിരോധം കാണുന്നില്ല. എന്നാല്‍ ഇവയ്ക്ക് രണ്ടും പൊതു അടിസ്ഥാനം ഉള്ളതിനാല്‍ ആദ്യത്തേതിന്റെ വിധി വാടകയുടെ കാര്യത്തിലേക്കുകൂടി ഖിയാസിലൂടെ ചേര്‍ക്കുന്നതാണ്.
നാല് ഘടകങ്ങള്‍
ഖിയാസിന് നാല് അടിസ്ഥാന ഘടകങ്ങളുണ്ട്: 1. അസ്‌ല് അഥവാ അടിസ്ഥാന നിയമം. അടിസ്ഥാന പ്രമാണങ്ങളില്‍ വിധിയോടുകൂടി പ്രസ്താവിക്കപ്പെട്ട സംഗതിയാണത്. 2. ഹുകുമ് അഥവാ മൂലപ്രമാണങ്ങളില്‍ പ്രസ്താവിക്കപ്പെട്ട വിധി. 3. ഫര്‍അ് അഥവാ മൂലപ്രമാണങ്ങളില്‍ ഹുക്മ് വന്നിട്ടില്ലാത്ത പുതിയ സംഭവം. 4. ഇല്ലത്ത് അഥവാ വിധിക്ക് കാരണമായ പൊതു അടിസ്ഥാന തത്വങ്ങളും ന്യായങ്ങളും.
ഒരു വിഷയത്തില്‍ മുജ്തഹിദുകള്‍ ഖിയാസ് കൊണ്ടുവരുമ്പോള്‍ മേല്‍ പറയപ്പെട്ട നാലു ഘടകങ്ങളെയും പരിഗണിച്ചിട്ടുണ്ടായിരിക്കും. സൂറഃ ജുമുഅഃയിലെ 9ാം ആയത്തിനെ പരിശോധിച്ചാല്‍ കച്ചവടമാണ് അതില്‍ അസ്‌ല് ആയി വരുന്നത് എന്നു കാണാം. ഓഫീസ് ജോലി, കായിക പരിശീലനം മുതലായവ ഫര്‍ഉം ജുമുഅഃയുടെ ബാങ്ക് വിളിക്കപ്പെടുന്ന സന്ദര്‍ഭത്തിലും അതിനു ശേഷവും നടത്തപ്പെടുന്ന കച്ചവടത്തിനുള്ള നിരോധനം ഹുകുമും ജുമുഅഃ നമസ്‌കാരത്തെ പറ്റിയുള്ള ശ്രദ്ധ തിരിയല്‍ ഇല്ലത്തുമാണെന്ന് കാണാം.
ഇജ്തിഹാദും ഖിയാസും
ഇമാം ശാഫിഈയുടെ അടുക്കല്‍ ഖിയാസും ഇജ്തിഹാദും ഒന്നുതന്നെയാണ്. ഇമാം ശാഫിഈയോട് ‘എന്താണ് ഖിയാസ്? അത് ഇജ്തിഹാദാണോ? അല്ലെങ്കില്‍ രണ്ടും തമ്മില്‍ വ്യത്യാസമുണ്ടോ?’ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അവ രണ്ടും ഒരേ അര്‍ഥമുള്ള രണ്ടു പദങ്ങളാണ്.’ എന്നിട്ട് അദ്ദേഹം തുടര്‍ന്നു: ‘ഒരു മുസ്‌ലിമിന്റെ (ജീവിതത്തെ) സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളിലും അതുമായി ബന്ധിക്കപ്പെട്ട ഒരു നിയമമോ അതല്ലെങ്കില്‍ ശരിയായ ഉത്തരത്തിലേക്ക് നയിക്കുന്ന ഒരു സൂചനയോ ഉണ്ടായിരിക്കും. അതില്‍ നിയമമാണ് ഉള്ളതെങ്കില്‍ അത് പിന്തുടരപ്പെടേണ്ടതുതന്നെ. ഇനി ശരിയായ ഉത്തരത്തിലേക്ക് നയിക്കുന്ന ഒരു സൂചന ലഭ്യമായില്ലെങ്കില്‍ അത് ഇജ്തിഹാദിലൂടെ കണ്ടെത്തേണ്ടതാണ്. ഇജ്തിഹാദ് തന്നെയാണ് ഖിയാസ്’ (രിസാല, അധ്യായം 12).
എന്നാല്‍ ഖിയാസും ഇജ്തിഹാദും തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ട് എന്നതാണ് വസ്തുത. ഖിയാസോടുകൂടിയും അല്ലാതെയും ഇജ്തിഹാദ് നിര്‍വഹിക്കാന്‍ സാധിക്കും. അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് ശരീഅത്ത് നിയമങ്ങള്‍ നിര്‍ണയിച്ചെടുക്കുന്നതിനുള്ള ഒരു രീതി മാത്രമാണ് ഇജ്തിഹാദ്. ഖിയാസ് പോലെ അത് ഇസ്‌ലാമിലെ പ്രമാണങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നല്ല.
ഖിയാസ് നിര്‍വഹിക്കുമ്പോള്‍ അവലംബിക്കുന്ന നാല് അടിസ്ഥാന ഘടകങ്ങളും അതിലെ തത്വങ്ങളും ന്യായങ്ങളുമെല്ലാം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അതില്‍ വരുന്ന പിഴവുകള്‍ തെറ്റായ വിധികളിലേക്ക് ഒരുപക്ഷേ കൊണ്ടുചെന്ന് എത്തിച്ചേക്കാം. ബുഖാരിയില്‍ ഉദ്ധരിച്ച ഒരു സംഭവം ഇപ്രകാരമാണ്: ”ജുഹൈന ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ പ്രവാചകന്റെ അരികില്‍ വന്നിട്ട് പറഞ്ഞു: ‘എന്റെ മാതാവ് ഹജ്ജ് ചെയ്യാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. എന്നാല്‍ അത് നിര്‍വഹിക്കുന്നതിനു മുമ്പേ അവര്‍ മരണപ്പെട്ടു. എന്റെ മാതാവിനു വേണ്ടി എനിക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയുമോ?’ പ്രവാചകന്‍(സ) മറുപടി പറഞ്ഞു: ‘അവര്‍ക്കു വേണ്ടി ഹജ്ജ് നിര്‍വഹിക്കൂ. നിന്റെ മാതാവിന് ഒരു കടം ഉണ്ടായിരുന്നുവെങ്കില്‍ നീ അത് വീട്ടുകയില്ലായിരുന്നോ? അതിനാല്‍ അല്ലാഹുവിനോടുള്ള കടമാണ് വീട്ടാന്‍ കൂടുതല്‍ കടപ്പെട്ടത്” (ബുഖാരി 1852).
ഇവിടെ മനുഷ്യര്‍ പരസ്പരം ഉണ്ടാക്കുന്ന കടമായാലും അല്ലാഹുവിനോടുള്ള കടമായാലും വീട്ടേണ്ടതുണ്ട്. ആയതിനാല്‍ കടമാക്കപ്പെട്ട ഹജ്ജ് സന്താനങ്ങള്‍ക്ക് വീട്ടാം എന്ന് നബി(സ) ഖിയാസിലൂടെ പഠിപ്പിച്ചുതരികയാണ്. എന്നാല്‍, ഇതേ വാദങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടുതന്നെ ഒട്ടും തന്നെ നമസ്‌കരിക്കാതെ മരിച്ചുപോയ പിതാവിനു വേണ്ടി സന്താനങ്ങള്‍ അവ നിര്‍വഹിച്ചാല്‍ മതിയാകും എന്ന് വിധിക്കുന്നത് അബദ്ധമാണ്.
ഒന്നാമതായി അതിനുള്ള കാരണം, നമസ്‌കാരം നിശ്ചിത സമയത്തിനുള്ളില്‍ നിര്‍വഹിക്കേണ്ട നിര്‍ബന്ധ കര്‍മത്തില്‍ (വാജിബ് മുഖയ്യദ്) ഉള്‍പ്പെടുന്ന കര്‍മമാണ്. ഹജ്ജാകട്ടെ സമയബന്ധിതമല്ലാത്ത കര്‍മങ്ങളിലാണ് (വാജിബ് മുതലഖ്) ഉള്‍പ്പെടുക എന്നതാണ്. രണ്ടാമതായി, ഹദീസില്‍ പ്രസ്താവിക്കപ്പെട്ടവര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിച്ചിരുന്നിട്ടും അത് നിര്‍വഹിക്കാന്‍ കഴിയാതെപോയവരാണ്. എന്നാല്‍ അതുപോലെയല്ല നമസ്‌കാരം ഒഴിവാക്കുന്ന ഒരുവന്റെ സ്ഥിതി.
വിശ്വാസ-ആരാധനാകാര്യങ്ങളിലും ഖിയാസ് അനുവദനീയമല്ല. ഖിയാസ് കൊണ്ട് ഒരു പുതിയ വിശ്വാസമോ ഒരു ആരാധനാകര്‍മമോ ഉണ്ടാക്കാവതല്ല. കാരണം ഇവയെല്ലാം അല്ലാഹുവില്‍ നിന്ന് നിര്‍ണിത രൂപമായി മനുഷ്യന് ലഭിച്ചതാണ്. അതുപോലെ തന്നെ ഖുര്‍ആനിലോ സഹീഹായ ഹദീസുകളിലോ ഇജ്മാഇലോ സ്ഥിരപ്പെട്ടു വന്ന ഒരു കാര്യത്തെ ഖിയാസ് കൊണ്ട് മറികടക്കാവതുമല്ല. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാവിധികളില്‍ ദൈവനിര്‍ണിതമായവ (ഹദ്ദ്) ഖിയാസുകൊണ്ട് നിര്‍ണയിക്കാനാവില്ല. എന്നാല്‍ മോഷണശ്രമം, കള്ളസാക്ഷ്യം എന്നിവ പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വരുന്ന തഅ്‌സീറില്‍ ഉള്‍പ്പെടുന്ന ശിക്ഷകള്‍ ഖിയാസിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാമെന്നതില്‍ പണ്ഡിതന്മാര്‍ യോജിക്കുന്നുണ്ട്.

Back to Top