ഖസ്‌വാ ഹിജ്‌റയിലെ ദിവ്യസമ്മാനം – വി എസ് എം
സായംസന്ധ്യയില്‍ ഗുഹാമുഖം വരെയെത്തി ഒന്ന് കുനിഞ്ഞു നോക്കാന്‍ പോലും നില്‍ക്കാതെ അവസാന സംഘവും നിരാശ നിഴലിച്ച മുഖങ്ങളുമായി സൗര്‍ ഗിരിനിരകളില്‍ നിന്നിറങ്ങി.
സമ്മാനമോഹങ്ങള്‍ അസ്തമിച്ചു. മനംമടുത്ത ഖുറൈശികള്‍ അന്വേഷണങ്ങള്‍ക്ക് വിരാമമിട്ടു.ബഹളങ്ങള്‍ കെട്ടടങ്ങി. മുഹമ്മദ് തങ്ങളുടെ കൈപ്പിടിയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു എന്ന സത്യം അവര്‍ക്കംഗീകരിക്കേണ്ടി വന്നു. മക്ക വീണ്ടും ശാന്തമായി.
ഗുഹാ വാസത്തിന്റെ മൂന്നാം നാളിലെ സന്ധ്യയും മയങ്ങി. ഇരുട്ട് പരന്നതോടെ തിരുനബി(സ) യും സഹചാരി അബൂബക്‌റും (റ) നിരങ്ങി നീങ്ങി ഗുഹയുടെ പുറത്തേക്കെത്തി. ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. പരിപൂര്‍ണ നിശ്ശബ്ദത. അതിനിടെ കേട്ട അടക്കിപ്പിടിച്ച സംസാരം അവര്‍ ശ്രദ്ധിച്ചു.അതിലവര്‍ക്ക് ആശങ്കപ്പെടേണ്ടതില്ലായിരുന്നു. രാത്രിയില്‍ അവരെ കാണാനെത്താറുള്ള അബ്ദുല്ലാഹി ബിന്‍ അബീബക്‌റും സഹോദരി അസ്മാഉമായിരുന്നു അത്. ഇത്തവണ അവരോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. അബ്ദുല്ലാഹി ബിന്‍ ഉറൈഖിദ്. വീട്ടില്‍ നിന്ന് തിരുനബിയോടൊപ്പം മദീന പലായന വഴിയിലിറങ്ങും മുമ്പ് തന്നെ അബൂബക്ര്‍ (റ) പറഞ്ഞുറപ്പിച്ച് നിര്‍ത്തിയ വിശ്വസ്തനും സമര്‍ഥനുമായ വഴികാട്ടിയാണദ്ദേഹം.
രണ്ട് ഒട്ടകങ്ങളെ ഏല്പിച്ച് അബൂബക്ര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു, ഇന്നേക്ക് മൂന്നാം നാള്‍ ഇവയെയും കൂട്ടി താങ്കള്‍ സൗര്‍ മലയിലെ ഗുഹക്ക് മുന്നിലെത്തണമെന്ന്. മുസ്‌ലിമായിട്ടില്ലാത്ത അദ്ദേഹം അതപ്പടി അനുസരിക്കുകയായിരുന്നു. ഖുറൈശി നേതൃത്വം ദൂതരുടെ തലക്കിട്ട സുമോഹന സമ്മാനം ഇബ്‌നു ഉറൈഖിദിനെ ഒരു നിമിഷം പോലും മോഹിപ്പിച്ചു കാണില്ല.
യാത്രാ വസ്തുക്കളെല്ലാം അബ്ദുല്ലയും ഭൃത്യന്‍ ആമിറും ചേര്‍ന്ന് ഒട്ടകങ്ങളുടെ പുറത്തേറ്റി. മക്കയുടെ മണ്ണില്‍ നിന്ന് കാല്‍ പറിച്ചെടുത്ത് വാഹനപ്പുറമേറാന്‍ ഒരുങ്ങവെ, ഇബ്‌നു ഉറൈഖിദ് കൊണ്ടുവന്ന രണ്ട് ഒട്ടകങ്ങളെയും അബൂബക്ര്‍ മാറിമാറി ഒന്ന് നോക്കി. ഏറ്റവും നല്ലതെന്ന് തോന്നിയ ഒട്ടകത്തിന് നേരെ മുഖംകൊണ്ട് ആംഗ്യം കാട്ടി അബൂബക്ര്‍ പറഞ്ഞു: ”നബിയേ അങ്ങ് ഇവളെ വാഹനമാക്കിയാലും.”
എന്നാല്‍ നിഷേധ ഭാവത്തില്‍ തലയാട്ടിയുള്ള ദൂതരുടെ പ്രതികരണം സിദ്ദീഖിനെ അമ്പരപ്പിച്ചു: ‘ഈ യാത്രയില്‍ എന്റേതല്ലാത്ത ഒട്ടകത്തെ ഞാന്‍ വാഹനമാക്കില്ല.”
”അങ്ങനെയെങ്കില്‍ ഞാനിവളെ താങ്കള്‍ക്ക് സമ്മാനമായി നല്‍കുന്നു” -തിരുനബിക്ക് അതും സമ്മതമായിരുന്നില്ല.
”ഇവളെ ഞാന്‍ താങ്കളില്‍ നിന്ന് വിലയ്ക്കു വാങ്ങുകയാണ്. അതുകൊണ്ട് വില നിശ്ചയിക്കുക.”
ആത്മമിത്രത്തെ സ്വന്തത്തെക്കാളധികമറിയുന്ന സിദ്ദീഖ് മറ്റൊന്നും മൊഴിയാതെ വില പറഞ്ഞു. ആ വിലയുറപ്പിച്ച് തിരുനബി ഒട്ടകത്തെ തന്റേതു മാത്രമാക്കി. സ്വന്തം ശരീരമല്ലാത്തതെല്ലാം ത്യജിച്ച് ദൈവവഴിയില്‍ പലായനത്തിനിറങ്ങുമ്പോള്‍ ആത്മ മിത്രം വെച്ചുനീട്ടുന്ന സമ്മാനം പോലും തന്റെ കൈവശമുണ്ടാവരുതെന്ന് നബി(സ)ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
തന്റെ ഹിജ്‌റ തീര്‍ത്തും തന്റേത് മാത്രമായിരിക്കണമെന്ന നിര്‍ബന്ധം. അങ്ങനെയുള്ള ഹിജ്‌റയില്‍ ദൂതരുടെ കൈവശമുണ്ടായിരുന്ന ഏക ഭൗതിക വിഭവമായിരുന്നു ഈ സാധു ജീവി.
മരുഭൂമിയുടെ വന്യതയെയും തീവ്രഭാവങ്ങളെയും വകവെക്കാതെ യസ്‌രിബിന്റെ പച്ചപ്പിലേക്ക് പുണ്യദൂതരെയും വഹിച്ച് ശാന്തമായി മുന്നേറിയ ഇവളെയാണ് തിരുനബി ഖസ്‌വാ എന്ന് വിളിച്ചത്. അതേ, ജീവിതാവസാനം വരെ തിരുനബിയെ നയിക്കാന്‍ ഭാഗ്യം സിദ്ധിച്ച അവിടുത്തെ പ്രിയപ്പെട്ട യാത്രാ വാഹനം. പലായന വഴിയിലും ഭൂമിയിലും സഞ്ചാരം നടത്താനായി തന്റെ ദൂതന് അല്ലാഹു നിശ്ചയിച്ചു നല്‍കിയ മരുക്കപ്പല്‍.
ചെങ്കടലിന്റെ തീരത്തുകൂടി പരശ്ശതം കാതങ്ങള്‍ താണ്ടി അന്‍സാരികളുടെ ആമോദാരവങ്ങളിലേക്ക് ദൂതരെക്കൊണ്ടെത്തിച്ചത് ഖസ്‌റാഅ് എന്ന ഒട്ടകമാണ്.
മാമലകള്‍ക്കപ്പുറത്തേക്ക് മനവും മിഴികളുമെറിഞ്ഞ് ആകാംക്ഷയോടെ ദൈവദൂതരെക്കാത്തിരുന്ന അന്‍സാരികള്‍ അദ്ദേഹത്തെയൊന്ന് വിരുന്നുകാരനായിക്കിട്ടാന്‍ മത്‌സരിച്ചു. അവരോരോരുത്തരും ഖസ്‌വായെ പ്രതീക്ഷയോടെ നോക്കി. അവള്‍ തന്റെ കുടിലിന്റെ മുറ്റത്ത് മുട്ടുകുത്തിയെങ്കില്‍ എന്ന് അവരാശിച്ചു.
എന്നാല്‍ തങ്ങളെയും വിട്ട് ശാന്തമായി കടന്നുപോകുന്ന ഖസ്‌വായുടെ കടിഞ്ഞാണ്‍ അക്ഷമയോടെ പിടിച്ചു വലിച്ചുകൊണ്ടിരുന്ന അന്‍സാരികളെ നോക്കി പുഞ്ചിരിയോടെ ദൂതര്‍ പറഞ്ഞു: ”ഖസ്‌വായെ പാട്ടിന് വിട്ടേക്കൂ, അല്ലാഹുവിന്റെ കല്പന പ്രകാരമാണ് അവള്‍ സഞ്ചാരം തുടരുന്നത്.”
ഒടുവില്‍ ആ സ്ഥലമെത്തിയപ്പോള്‍ അവള്‍ മുട്ടുകുത്തി. പള്ളഭാഗം മണ്ണോട് ചേര്‍ത്ത് അവള്‍ കിടക്കുകയും ചെയ്തു; ദൈവനിശ്ചയം പോലെ.
ഹിജ്‌റയുടെ വഴി അവസാനിച്ച ആ മുറ്റമാണ് തിരുനബി തന്റെ പാര്‍പ്പിടമാക്കിയത്. അവള്‍ മുട്ടുകുത്തിയ ഇതേ വിശുദ്ധ മണ്ണില്‍ തന്നെയാണ് പ്രിയനബി തന്റെ നാമധേയത്തിലുള്ള മസ്ജിന് അടിക്കല്ലിട്ടതും. വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആത്മീയാവേശം നിറച്ച് അതിന്റെ മിനാരങ്ങള്‍ ഇന്നും വിണ്ണിലുയര്‍ന്നു നില്‍ക്കുന്നു.