8 Friday
December 2023
2023 December 8
1445 Joumada I 25

ഖബര്‍ സിയാറത്തും ഖബ്‌റാരാധനയും- പി കെ മൊയ്തീന്‍ സുല്ലമി

മുസ്‌ലിംകള്‍ക്ക് ഖബ്ര്‍ സിയാറത്ത് സുന്നത്തും ഖബ്‌റാരാധന നിഷിദ്ധവും ശിര്‍ക്കുമാണ്. ഖബ്ര്‍പൂജയെ എതിര്‍ക്കുന്നതിന്റെ വിരോധം തീര്‍ക്കാന്‍ വേണ്ടി സമസ്തയിലെ മിക്കവാറും പ്രാസംഗികന്മാരും വളരെ മുമ്പുതന്നെ മുജാഹിദുകള്‍ ഖബ്ര്‍ സിയാറത്തിന്ന് എതിരാണ് എന്ന വ്യാജ ആരോപണം നടത്താറുണ്ട്. ഖബ്‌റുകള്‍ സന്ദര്‍ശിക്കാന്‍ ഇസ്‌ലാം അനുവദിക്കാന്‍ കാരണം, മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ചിന്തിക്കാനും, മരണപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനുമാണ്. എന്നാല്‍ സത്യവിശ്വാസികളുടെ മനസ്സില്‍ തൗഹീദും സുന്നത്തും വേരുറയ്ക്കുന്നതിന് മുമ്പ് അനാചാരങ്ങളെയും മറ്റും ഭയപ്പെട്ടതിനാല്‍ ആദ്യകാലത്ത് ഖബ്ര്‍ സിയാറത്ത് നിരോധിക്കപ്പെട്ടിരുന്നു.
നബി(സ) പറയുന്നു: ”ഞാന്‍ നിങ്ങളോട് ഖബ്ര്‍ സന്ദര്‍ശനം നിരോധിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ ഇനി അത് സന്ദര്‍ശിച്ചുകൊള്ളുക. തീര്‍ച്ചയായും അത് ഹൃദയത്തെ ലോലമാക്കുന്നതും കണ്ണുകളില്‍ ഈറന്‍ പടര്‍ത്തുന്നതും പരലോകചിന്ത വരുത്തുന്നതുമാണ്. അത് വെടിയേണ്ട കാര്യമാണെന്ന് നിങ്ങള്‍ പറഞ്ഞുപോകരുത്.” (ഹാകിം)
ഈമാനും തഖ്‌വയുമുള്ള സ്ത്രീകള്‍ക്കും ഖബ്‌റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. ആഇശ(റ) തന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാന്റെ(റ) ഖബ്ര്‍ സന്ദര്‍ശിച്ചിരുന്നതായി സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഖബ്‌റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ എന്താണ് പ്രാര്‍ഥിക്കേണ്ടതെന്ന് ആയിശ(റ)യുടെ ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക: ആഇശ(റ) പറയുന്നു: ”ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് അവര്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കേണ്ടത്? നബി(സ) പറഞ്ഞു: മുഅ്മിനുകളും മുസ്‌ലിംകളുമായ ഖബ്‌റാളികള്‍ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ, നമ്മില്‍ മുമ്പ് മരണപ്പെട്ടവര്‍ക്കും മരിക്കാനിരിക്കുന്നവര്‍ക്കും അല്ലാഹു കരുണ ചൊരിയട്ടെ, അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്.” (മുസ്‌ലിം 4:48) എന്നു പ്രാര്‍ഥിക്കുക.
ഈ വിഷയത്തില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ട്: ആഇശ(റ) പറയുന്നു: ഒരു ദിവസം ആഇശ(റ) ഖബ്ര്‍സ്ഥാനില്‍ നിന്നും വരുന്നതായി ഞാന്‍ (അബൂമുലൈക) കാണാനിടയായി. അപ്പോള്‍ ഞാന്‍ ആരാഞ്ഞു: സത്യവിശ്വാസികളുടെ മാതാവേ, അങ്ങ് എവിടെ നിന്നാണ് വരുന്നത്? അവര്‍ പറഞ്ഞു: എന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാന്റെ ഖബ്‌റിടത്തില്‍ നിന്നാണ് വരുന്നത്. ഞാന്‍ ചോദിച്ചു: ഖബ്ര്‍ സന്ദര്‍ശിക്കുന്നത് നബി(സ) വിലക്കിയിരുന്നില്ലേ? അവര്‍ പറഞ്ഞു: അതെ, നബി(സ) ഖബ്ര്‍ സന്ദര്‍ശനം വിലക്കിയിരുന്നു. പിന്നീടത് പ്രേരിപ്പിക്കുകയാണുണ്ടായത്.” (അഹ്മദ്)
സയ്യിദ് സാബിഖിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ‘ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ അല്ലാഹുവിന്റേ ദൂതരേ, ഞാനെന്താണ് പറയുക’ എന്ന് ആഇശ(റ)യുടെ ചോദ്യത്തില്‍ നിന്ന് ഇമാം മാലിക്കും ഹനഫികളില്‍ ചിലരും ഇമാം അഹ്മദുബ്‌നു ഹന്‍ബലും ബഹുഭൂരിപക്ഷം പണ്ഡിതന്മാരും നിരീക്ഷിക്കുന്നത്, സ്ത്രീകള്‍ക്ക് ഖബര്‍ സന്ദര്‍ശനം അനുവദിക്കപ്പെട്ടിരിക്കുന്നു എന്നാണ്. അബ്ദുല്ലാഹിബ്‌നു അബീമുലൈക്ക(റ)യില്‍ നിന്ന് ഇപ്രകാരം വന്നിട്ടുമുണ്ട്: ആഇശ(റ) ഒരു ദിവസം ഖബ്ര്‍സ്ഥാനില്‍ നിന്ന് വരികയുണ്ടായി. അപ്പോള്‍ ഞാന്‍ (അബൂമുലൈക്ക) ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ, അങ്ങ് എവിടെ നിന്നാണ് വരുന്നത്? അവര്‍ പറഞ്ഞു: എന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാന്റെ ഖബ്‌റിടത്തില്‍ നിന്ന്. ഞാന്‍ ചോദിച്ചു: നബി(സ) ഖബ്ര്‍ സന്ദര്‍ശനം വിലക്കിയിരുന്നില്ലേ? അവര്‍ പറഞ്ഞു: അതെ, വിലക്കിയിരുന്നു, പിന്നീട് കല്പിക്കുകയാണുണ്ടായത്” (ഹാകിം, ബൈഹഖി, ഫിഖ്ഹുസുന്ന 1:566).
ഒരിക്കല്‍ നബി(സ) ഒരു സ്ത്രീ ഖബ്‌റിന്നരികില്‍ വേണ്ടാത്തത് പറഞ്ഞ് കരയുന്നതായി കണ്ടപ്പോള്‍ അനാവശ്യ സംസാരവും കരച്ചിലും നിരോധിക്കുന്ന വിധത്തിലാണ് സംസാരിച്ചത്. പ്രസ്തുത സംഭവം ശ്രദ്ധിക്കുക: ”അബൂഹുറയ്‌റ(റ) പ്രസ്താവിച്ചു: ഖബ്‌റിനു സമീപം ഇരുന്നു കരയുന്ന ഒരു സ്ത്രീയുടെ അരികിലൂടെ നബി(സ) നടന്നുപോവുകയുണ്ടായി. നബി(സ) അവരോട് പറഞ്ഞു: നീ അല്ലാഹുവെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടതുണ്ട്.” (ബുഖാരി)
ഈ ഹദീസില്‍ ഖബ്ര്‍ സിയാറത്തിനെ നബി(സ) നിരോധിക്കുന്നില്ല. മേല്‍ പറഞ്ഞ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നുഹജര്‍(റ) പറയുന്നു: ”ഈ അധ്യായത്തില്‍ വന്ന ഹദീസ് സ്ത്രീകള്‍ക്ക് ഖബ്‌റുകള്‍ സന്ദര്‍ശിക്കല്‍ അനുവദനീയമാകുന്നു എന്നതിനെ ബലപ്പെടുത്തുന്നു. (ഫത്ഹുല്‍ബാരി 4:244).
എന്നാല്‍ ഖബര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ ശപിക്കപ്പെട്ടിരിക്കുന്നു’ എന്ന നിലയില്‍ അഹ്മദും ഇബ്‌നുമാജയും തിര്‍മിദിയും ഉദ്ധരിച്ച ഹദീസിനെ ഇബ്‌നുല്‍ഖയ്യിം(റ) സാദുല്‍മആദില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ ഹദീസ് സ്വഹീഹാണെങ്കില്‍ തന്നെ അത് ഖബ്ര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തില്‍ നിന്ന് തെറ്റി അനാവശ്യമായി ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെക്കുറിച്ചാണെന്നു പ്രസ്താവിച്ചിട്ടുമുണ്ട്. അക്കാര്യം ഇബ്‌നുഹജറുല്‍ അസ്ഖലാനിയും (റ) ശരിവെച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ”ഹദീസില്‍ പറയപ്പെട്ട ഈ ശാപം ഖബ്ര്‍സന്ദര്‍ശനം അമിതമാക്കുന്ന സ്ത്രീകളെ സംബന്ധിച്ചാണെന്ന് ഇമാം ഖുര്‍തുബി പ്രസ്താവിച്ചിട്ടുണ്ട്.” (ഫത്ഹുല്‍ബാരി 4:245)
ഇസ്‌ലാം ഖബ്ര്‍ സിയാറത്ത് ചര്യയാക്കിയത് പരലോക ചിന്ത വളര്‍ത്താനും പ്രാര്‍ഥിക്കാനുമാണ്. എന്നാല്‍ മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും തങ്ങളാണ് മതപരമായ നേതൃത്വം നല്കുന്നത് എന്ന് അവകാശപ്പെടുന്ന സമസ്തയിലെ പണ്ഡിതന്മാര്‍, ഖബ്‌റിടങ്ങളില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കണ്ടാല്‍ ബഹുദൈവ വിശ്വാസികള്‍ പോലും നാണിച്ചു തലതാഴ്ത്തും. ഖബ്‌റാളിയോട് സഹായംതേടുക, ഖബ്ര്‍ ത്വവാഫ് ചെയ്യുക, ഖബ്‌റിനു മുന്നില്‍ സുജൂദുകളര്‍പ്പിക്കുക തുടങ്ങിയ സകലമാന ശിര്‍ക്കന്‍ ആചാരങ്ങളും നടമാടുന്ന കേന്ദ്രങ്ങളായി ഖബ്‌റിടങ്ങള്‍ മാറിയിട്ടുണ്ട്. ഇബ്‌നുല്‍ഖയ്യിം(റ) പറയുന്നു: ”നബി(സ) ഖബ്‌റുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നത് ഖബ്‌റാളിയോടുള്ള കാരുണ്യം കാരണത്താല്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും പാപമോചനം തേടാനുമായിരുന്നു. എന്നാല്‍ ശിര്‍ക്കുവെക്കുന്നവര്‍ (അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍) ഈ യാഥാര്‍ഥ്യത്തെ നിഷേധിക്കുകയും മയ്യിത്തിനോട് തേടുകയും മയ്യിത്തിനെ കൊണ്ട് അല്ലാഹുവോട് ചോദിക്കുകയും, തന്റെ ആവശ്യങ്ങള്‍ മയ്യിത്തില്‍ സമര്‍പ്പിക്കുകയും, മയ്യിത്തിലേക്ക് മുന്നിട്ടുകൊണ്ട് നബി(സ)യുടെ ചര്യക്ക് വിരുദ്ധമായി ചോദിക്കുകയും ചെയ്യുന്ന അവസ്ഥകളിലാണ് നിലകൊള്ളുന്നത്. നബി(സ)യുടെ ഈ വിഷയത്തിലുള്ള ചര്യ അല്ലാഹുവിന്റെ ഏകത്വം നിലനിര്‍ത്തുകയും മയ്യിത്തിന് നന്മ ചെയ്യുന്ന വിധത്തിലുള്ളതുമാണ്. അതിന് വിരുദ്ധം പ്രവര്‍ത്തിക്കുന്നത് ബഹുദൈവാരാധനയുടെ ഭാഗമാണ്. ഖബ്‌റിടങ്ങളില്‍ വെച്ചു പ്രാര്‍ഥന നടത്തുന്നവര്‍ മൂന്നു വിഭാഗക്കാരാണ്. ഒന്നുകില്‍ അവര്‍ മയ്യിത്തിന്നുവേണ്ടി പ്രാര്‍ഥിക്കും. അല്ലെങ്കില്‍ അവര്‍ അവര്‍ക്കുവേണ്ടി മയ്യിത്തിനോട് പ്രാര്‍ഥിക്കും. അല്ലെങ്കില്‍ മയ്യിത്തിന്റെ അടുക്കല്‍ വെച്ച് (മുന്‍നിര്‍ത്തി) അവര്‍ തങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കും. മയ്യിത്തിന്റെ അടുക്കല്‍ വെച്ച് മയ്യിത്തിനെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നവര്‍ പള്ളികളില്‍ വെച്ചു പ്രാര്‍ഥന നടത്തുന്നതിനേക്കാള്‍ പുണ്യം ഖബ്‌റാളിയുടെ അടുക്കല്‍ വെച്ചു പ്രാര്‍ഥിക്കുന്നതിനുണ്ട് എന്ന മനോഗതിയിലാണ്. നബി(സ)യുടെയും സ്വഹാബത്തിന്റെയും ചര്യയും ഈ വിഷയത്തില്‍ ഇന്ന് അനാചാരങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും” (ഫിഖ്ഹുസ്സുന്ന 1:566).
ഫിഖ്ഹുസ്സുന്നയില്‍ സയ്യിദ് സാബിഖ്(റ) ഇബ്‌നുല്‍ ഖയ്യിമിന്റെ അഭിപ്രായം രേഖപ്പെടുത്തിയതിനു ശേഷം അദ്ദേഹം തന്നെ പ്രസ്താവിക്കുന്നു: ”എന്നാല്‍ ചില വിവരം കെട്ട ആളുകള്‍ ജാറങ്ങളെയും ദര്‍ഗ്ഗകളെയും ചുംബിക്കുകയും തൊട്ടുവണങ്ങുകയും വലയം വെക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വിലക്കപ്പെട്ടതും വര്‍ജിക്കേണ്ടതുമാണ്. ആദരവിന്റെ അത്തരം പ്രകടനങ്ങള്‍ കഅ്ബാലയത്തിനു മാത്രം ബാധകമായതാണ്. ഒരു പ്രവാചകന്റെ ഖബ്‌റോ വലിയ്യിന്റെ ശവകുടീരമോ കഅ്ബാലയത്തോട് തുലനം ചെയ്യാവതല്ല.” (ഫിഖ്ഹുസ്സുന്ന 1:566)

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x