ഖത്തര്‍ 2022 തൊഴിലാളി സൗഹൃദ ലോകകപ്പ്
ബെര്‍ലിനില്‍ നടന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സമ്മേളനത്തില്‍ 2022 ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന തൊഴിലാളി ക്ഷേമ നടപടികള്‍ക്ക് പ്രശംസ. ഗ്ലോബല്‍ ട്രേഡ് യൂനിയന്‍ ബില്‍ഡിങ് ആന്‍ഡ് വുഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷനല്‍ (ബി.ഡബ്ല്യു.ഐ) ആണ് സമ്മേളനം സംഘടിപ്പിച്ചത്. ‘2020കളിലെ കായികമേഖലയും അതുമായി ബന്ധപ്പെട്ട അവസരങ്ങളും’ വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ 2022 ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അധികൃതരാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.
സുപ്രീം കമ്മിറ്റി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മഹ്മൂദ് ഖുതുബ് ഖത്തറില്‍ ലോകകപ്പുമായി ബന്ധപ്പെട്ട് സ്‌റ്റേഡിയങ്ങളുടെയും മറ്റും നിര്‍മാണപ്രവര്‍ത്തനത്തില്‍ പങ്കാളികളായ 27,000 തൊഴിലാളികള്‍ക്കായി ഖത്തര്‍ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. തൊഴിലാളികളുടെ എല്ലാ മനുഷ്യാവകാശങ്ങളെയും ബഹുമാനിച്ചുകൊണ്ടാണ് ഖത്തര്‍ നടപടി സ്വീകരിക്കുന്നത്. ഫിഫയുടെ ഉന്നത അധികൃതരും സമ്മേളനത്തില്‍ പങ്കെടുത്തു. തൊഴിലാളികള്‍ക്ക് എല്ലാ നിയമപരിരക്ഷയും രാജ്യം നല്‍കുന്നുണ്ട്.
അവരില്‍നിന്ന് വിവിധ കമ്പനികള്‍ ഈടാക്കിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരിച്ചുനല്‍കും. തൊഴില്‍ ഇടങ്ങളില്‍ സകല സുരക്ഷയും നല്‍കുന്നു. ഇക്കാര്യങ്ങള്‍ വിലയിരുത്താനായി തൊഴിലിടങ്ങളില്‍ തുടര്‍ പരിശോധനകളും അധികൃതര്‍ നടത്തുന്നുണ്ട്. 2022 ഫിഫ ലോകകപ്പ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍ വിജയകരമായ 20 കോടി തൊഴില്‍ മണിക്കൂറുകള്‍ ഇതിനകം പിന്നിട്ടു. നേട്ടത്തിലേക്ക് നയിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച ജീവനക്കാരുമായി ചേര്‍ന്നാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ആഘോഷപരിപാടി നടത്തിയത്. 200 മില്യണ്‍ (20 കോടി) തൊഴില്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെന്റിന്റെ 75 ശതമാനം തയാറെടുപ്പുകളാണ് പൂര്‍ത്തിയായത്.