23 Monday
December 2024
2024 December 23
1446 Joumada II 21

ഖത്തര്‍ സ്വദേശി വത്ക്കരണ പ്രക്രിയ വ്യാപകമാക്കുന്നു

രാജ്യത്തെ വിവിധ മേഖലകളിലെ ജോലികള്‍ ഖത്തരികള്‍ക്കു മാത്രമാക്കുന്ന ഖത്തര്‍വത്കരണപ്രക്രിയ വ്യാപകമാക്കുന്നു. ഇതിനായി പുതിയ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഭരണതൊഴില്‍സാമൂഹികകാര്യ വകുപ്പ് മന്ത്രി യൂനുസ് ബിന്‍ മുഹമ്മദ് അല്‍ ഉഥ്മാന്‍ ഫക്‌റു പറഞ്ഞു. ജോലികള്‍ കൂടുതല്‍ പ്രാദേശികവത്കരിക്കുകയും വിവിധ മേഖലകളിലെ ഖത്തര്‍വത്കരണത്തിന്റെ അളവ് കൂട്ടുകയും ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തികമേഖലക്ക് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ നാഷനല്‍ ബാങ്ക് (ക്യു എന്‍ ബി) ഗ്രൂപ് നടത്തിയ തൊഴില്‍മേളയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ വിവിധ സെക്ടറുകളിലും പുതിയ മേഖലകളിലും കൂടുതല്‍ ഖത്തരികളെ നിയമിക്കാനുള്ള പുതിയ പദ്ധതി തയാറായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പുതിയ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും. വിവിധ മേഖലകളിലെ സ്ഥാപനങ്ങളും കമ്പനികളുമായി മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ പ്രത്യേക ബന്ധമുണ്ട്. ജോലി ഒഴിവുകളും മറ്റും മന്ത്രാലയത്തെ അറിയിക്കുന്നതിനാണിത്. ഒഴിവുവരുന്ന തസ്തികകളില്‍ ഖത്തരികളെ നിയമിക്കാന്‍ ഇത് സഹായകരമാകുന്നുണ്ട്.
ഖത്തര്‍വത്കരണം കൂട്ടുകയും ഖത്തരികള്‍ക്കായി പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍വത്കരണത്തിന് ക്യു എന്‍ ബി വഹിക്കുന്ന പങ്ക് വലുതാണ്. വിവിധ മേഖലകളിലെ ഖത്തരിവത്കരണത്തിന് മുതല്‍കൂട്ടാകുന്ന വലിയ സംരംഭമാണ് ക്യു എന്‍ ബിയുടെ തൊഴില്‍മേളകളെന്നും മന്ത്രി പറഞ്ഞു. ഖത്തരികള്‍ക്കു തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ പങ്കുവഹിക്കുന്ന മറ്റു സ്ഥാപനങ്ങളെയും മന്ത്രി പ്രശംസിച്ചു. ആരോഗ്യമേഖലയില്‍ ഖത്തര്‍വത്കരണത്തിന് മുന്‍ഗണന നല്‍കണമെന്നും വിവിധ വകുപ്പുകളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് അത് വഴിവെക്കുമെന്നും ശൂറാ കൗണ്‍സില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എച്ച് എം സിയിലും അതിന്റെ അംഗീകൃത സ്ഥാപനങ്ങളിലും ആശുപത്രികളിലും ഖത്തര്‍വത്കരണത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നുമാണ് ശൂറാ കൗണ്‍സില്‍ ഈയടുത്ത് നിര്‍ദേശിച്ചത്.

Back to Top