4 Saturday
January 2025
2025 January 4
1446 Rajab 4

ഖത്തര്‍ വേള്‍ഡ് കപ്പിന്  യു എ ഇ പിന്തുണ

കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് അയവ് വന്നേക്കുമെന്ന സൂചനകള്‍ നല്‍കുന്ന ഒരു നീക്കം യു എ ഇ നടത്തിയതായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ശ്രദ്ധേയമായ ഒരു വാര്‍ത്ത. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് ഏതു തരത്തിലുള്ള സഹായം ചെയ്യാനും തങ്ങള്‍ സന്നദ്ധമാണെന്ന യു എ ഇയുടെ അഭിപ്രായത്തെ രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധാപൂര്‍വമാണ് വിലയിരുത്തിയത്. ഒരു വേള ആശ്ചര്യകരമായ ഒരു രാഷ്ട്രീയ നീക്കമെന്നാണ് ചിലരൊക്കെ യു എ ഇയുടെ ഈ അഭിപ്രായത്തോട് പ്രതികരിച്ചത്.അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആരിഫ് അല്‍ ആവാനിയാണ് ഈ അഭിപ്രായം അറിയിച്ചത്. ഖത്തറിന് എല്ലാ തരത്തിലുള്ള സഹായവും തങ്ങള്‍ നല്‍കുമെന്നാന് അദ്ദേഹം പറഞ്ഞത്. സൗദി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ നേത്യത്വത്തിലാണ് ഖത്തറിനെതിരില്‍ ഉപരോധം  ആരംഭിച്ചത്. മറ്റ് രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ധപ്പെടുത്തി അവരെക്കൊണ്ടും ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജി സി സി ഉച്ചകോടിയില്‍ ഖത്തര്‍ പ്രശ്‌നത്തിന് ഒരു പരിഹാരമായേക്കുമെന്ന് പൊതുവില്‍ നിരീക്ഷിക്കപ്പെട്ടിരുന്നെങ്കിലും വിഷയത്തിന്മേല്‍ ഒരു ചര്‍ച്ച പോലുമില്ലാതെ ഉച്ചകോടി അവസാനിക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് ഖത്തര്‍ കൂടുതല്‍ സമ്മര്‍ദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന് നിരീക്ഷിക്കപ്പെട്ട ഒരു പശ്ചാത്തലത്തിലാണ് ഖത്തറിന് സഹായ വാഗ്ദാനവുമായി യു എ ഇ മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയില്‍ ഫിഫ പ്രസിഡന്റ് ജിയനി ഇന്‍ഫാന്റിനോ ലോകകപ്പ് സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ലോക കപ്പ് നടത്തിപ്പിന്റെ സഹായത്തിനായി അയല്‍ രാജ്യങ്ങള്‍ ഖത്തറിനെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം മുഴക്കിയിരുന്നു.
Back to Top