22 Sunday
December 2024
2024 December 22
1446 Joumada II 20

ക്ഷേമപ്രവര്‍ത്തനങ്ങളുടെ  ഫലപ്രാപ്തിയും  സമുദായ നേതൃത്വവും – എന്‍ പി ഹാഫിസ് മുഹമ്മദ്

ആധുനിക വിദ്യാഭ്യാസം, സ്ത്രീ പള്ളിപ്രവേശം, ഖുര്‍ആന്‍ വിവര്‍ത്തനം, ജുമുഅയിലെ മലയാള ഖുത്തുബ, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇസ്‌ലാഹീ പ്രസ്ഥാനമാണ്. പ്രവര്‍ത്തന നിരതമായ ആറു പതിറ്റാണ്ടുകള്‍ ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായകമായിട്ടുണ്ട്. എങ്കിലും ഇടക്കാലത്ത് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളോട് പുറം തിരിഞ്ഞു നിന്നത് പ്രസ്ഥാനത്തിന്റെ പ്രയാണത്തില്‍ ഇന്നും കറുത്ത പാടായി ബാക്കി നില്‍ക്കുന്നു. അതേപ്പറ്റിയുള്ള വാഗ്വാദമായിരുന്നല്ലോ ഇടക്കാലത്തുണ്ടായ പിളര്‍പ്പിന് കാരണം. മുസ്‌ലിം നവോത്ഥാന മുന്നേറ്റത്തിന്റെ അരികു പിടിച്ച പ്രസ്ഥാനം ക്ഷേമ പ്രവര്‍ത്തനത്തിന്റെ പേരിലാണ് രണ്ടായത് എന്നത് കൗതുകകരമായ വിരോധാഭാസമാണ്. പ്രസ്ഥാനം തുടങ്ങിവെച്ച നവോത്ഥാന സംരംഭങ്ങള്‍ ശക്തിപ്പെടുത്താനും വ്യാപ്തി വര്‍ധിപ്പിക്കുവാനും കൂടുതല്‍ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായമുന്നേറ്റം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമാണ്.
എന്നാല്‍ യാഥാസ്ഥിതിക വിഭാഗമടക്കം കേരളത്തിലെ മുസ്‌ലിംകള്‍, സംഘടനയേതായാലും, സേവന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമാണെന്നതാണ് സത്യം. കേരളത്തിലെ മറ്റു സമുദായങ്ങളേക്കാളേറെ മുസ്‌ലിംകള്‍ ഉദാര മനസ്‌കത കൊണ്ടും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മായാമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ സാമൂഹികമായ ഇടപെടല്‍ മലയാളി മുസ്‌ലിംകളുടെ സവിശേഷ ഭാവങ്ങളിലൊന്നാണ്. ഇടതു കൈയറിയാതെ വലതുകൈ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനം പൊതുവെ തന്നെ ഈ സമുദായത്തിന്റെ നന്മയുടെ പ്രകാശനം കൂടിയാണ്.
സേവനം സാമൂഹിക ജീവിതത്തിന്റെ ഭാഗം
ദുരിത കാലത്തോ പ്രളയകാലത്തോ ഞെട്ടിയുണരുന്ന മനുഷ്യ സ്‌നേഹമല്ല മുസ്‌ലിംകളുടെ ക്ഷേമ പ്രവര്‍ത്തനം. സഹജീവികളോടുള്ള കാരുണ്യം മുസ്‌ലിം പൊതു മണ്ഡലത്തിന്റെ മുഖമുദ്രയാണ്. മുസ്‌ലിംകളില്‍ ഭൂരിപക്ഷം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏതെങ്കിലും ഒരു മുസ്‌ലിം സംഘടനയോട് ബന്ധപ്പെട്ടവരായിരിക്കും. സംഘടന ഏതായാലും പ്രവര്‍ത്തകര്‍ സംഘടിത ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരുമായിരിക്കും. പ്രാദേശിക തലങ്ങളില്‍ പോലും അത് സജീവമാണ്.
ഗള്‍ഫ് സമ്പന്നത, കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് വന്ന സൗഭാഗ്യം മറ്റുള്ളവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം കൂടിയാണ്. പിന്നാക്കം നില്‍ക്കുന്നവര്‍ പോലും ഗള്‍ഫ് വരുമാനത്തില്‍ നിന്ന് ന്യായമായ ഒരു ഭാഗം സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഗള്‍ഫിലെ ക്യാമ്പ് തൊഴിലാളിയായ മലയാളികള്‍ പോലും ആ ഉത്തരവാദിത്തം ബാഹ്യ സമ്മര്‍ദമേതുമില്ലാതെ നടത്തുന്നവരാണ്. അവര്‍ ബന്ധുജനങ്ങളെ സഹായിക്കുന്നത് കേരളത്തിലെ മറ്റൊരു സമുദായവും ചെയ്യാന്‍ തുനിയാത്ത വിധമാണ്. സമ്പന്നത കേരളീയ മുസ്‌ലിംകളുടെ സേവന തല്പരതയെ വ്യാപകമായ തോതില്‍ വളര്‍ത്തിയെടുക്കാന്‍ കാരണമായി മാറിയിരിക്കുന്നു. സമ്പന്നരും ദൈനംദിന ആവശ്യങ്ങള്‍ക്ക് വിഷമിക്കുന്നവരും  ഒരേപോലെ സേവനതല്പരരാണെന്ന് കേരളത്തിലെ മുസ്‌ലിംകള്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
എന്തുകൊണ്ട് പൊതു മുസ്‌ലിം മണ്ഡലം കേരളത്തില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നുവെന്നതിന് പലവിധ കാരണങ്ങള്‍ കണ്ടെത്താനാവും. വിശ്വാസ പ്രമാണങ്ങളിലെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്ത്, വരുമാനത്തില്‍ രണ്ടര ശതമാനം നിര്‍ബന്ധമായും തങ്ങളേക്കാള്‍ വിഷമമനുഭവിക്കുന്നവര്‍ക്ക് ദാനം ചെയ്യണമെന്ന കല്പന, പൊതുവെ ഉള്ളവരും അധികമൊന്നും ഇല്ലാത്തവരും, നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നു. സകാത്ത് വിഹിതം കൈമാറുകയെന്നത് പരലോക ജീവിതത്തിലെ സ്വസ്ഥതയ്ക്കും വിജയങ്ങള്‍ക്കും നിര്‍ബന്ധമാണെന്ന് ഒരു മുസ്‌ലിം വിശ്വസിക്കുന്നു. പലരും അത് കൃത്യമായും നിര്‍വഹിക്കുന്നു. സകാത്ത് വിതരണം ചെയ്യാന്‍ റമദാന്‍ വ്രതകാലം ആന്തരിക പ്രേരണ നല്കുകയും ചെയ്യുന്നു. പുണ്യകര്‍മങ്ങള്‍ക്ക് പലമടങ്ങ് ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന മുസ്‌ലിമിന് റമദാന്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സുവര്‍ണാവസരമാണ്. സകാത്ത് ജാതിമത ഭേദമെന്യേ വിതരണം നടത്തുന്നവര്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്. ക്ഷേമ പ്രവര്‍ത്തനം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇഹലോകത്തേക്കല്ല, പരലോകത്തേക്കുള്ള ഒരു നിക്ഷേപമാണ് എന്നത് അവരുടെ പ്രവര്‍ത്തിയെ ഭൗതികമായി നിഷ്‌കളങ്കമാക്കുന്നു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസാധിഷ്ഠിതമായ അടിത്തറയുള്ളതിനാല്‍, കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ അത് സാമൂഹ്യജീവിതത്തിന്റെ ഭാഗമായി മാറുന്നുണ്ട്. കേരളത്തിലെ പ്രാദേശികതല ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അത് പ്രകടമാണ്. മറ്റൊരു കാരണം, മുസ്‌ലിംകളില്‍ ഏറെപ്പേരും വെച്ചുപുലര്‍ത്തുന്ന സമുദായ സംഘടനാ ബന്ധമാണ്. ഒരാള്‍, പ്രത്യേകിച്ച് പുരുഷന്‍, പരോക്ഷമായോ പ്രകടമായോ ഏതെങ്കിലും ഒരു സംഘടനയോട് ബന്ധം വെച്ചു പുലര്‍ത്തുന്നു. മുസ്‌ലിം സമുദായ സംഘടനകളാവട്ടെ പ്രാദേശികതലത്തിലും സംസ്ഥാന തലത്തിലും അതിനപ്പുറവും കര്‍മനിരതരാണ്. അവര്‍ക്ക് സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. പൊതുവെ മുസ്‌ലിംകള്‍ സമുദായത്തിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കോ പൊതു സേവന പ്രവര്‍ത്തനങ്ങള്‍ക്കോ ഇതര സമുദായക്കാരുടെ സംഭാവന തേടാറില്ല; സര്‍ക്കാര്‍ സഹായം പോലും വളരെ പരിമിതമായി ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തുന്നവരാണ് ഇക്കൂട്ടര്‍. വേറൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഓട്ടോറിക്ഷ ഡ്രൈവറും തെരുവോര കച്ചവടക്കാരനും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും സര്‍ക്കാര്‍ ജീവനക്കാരും ഒരൊറ്റ മുറിക്കച്ചടവക്കാരനും ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ അധിപനും സാമൂഹ്യസേവനം മുസ്‌ലിമെന്ന നിലയില്‍ ഒരു ജീവിത ശൈലിയായി പരിണമിച്ചിരിക്കുന്നു. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഗതിവിഗതികളിലെല്ലാം ഈ ഭാവം ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നു.
സേനവ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി
പ്രശ്‌നം മറ്റൊന്നാണ്. മുസ്‌ലിംകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയമായ കാഴ്ചപ്പാടും അവ്യവസ്ഥയും അതുകൊണ്ട് ഉണ്ടാക്കാവുന്ന ഫലപ്രാപ്തി നല്‍കാതെ പോകുന്നുവെന്ന് നിരീക്ഷിക്കാനാവും. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണത്തില്‍ പ്രശ്‌നമില്ല, മാനസികമായ ഊര്‍ജം സജീവമായുമുണ്ട്. പൊതുവെ പല സമുദായങ്ങളിലും യുവാക്കള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാറില്ല. അവരുടെ താല്പര്യങ്ങളും ഉത്തരവാദിത്വങ്ങളും മറ്റ് പലതുമാണ്. മുസ്‌ലിം സമുദായത്തില്‍ യുവജനത ഇക്കാര്യത്തില്‍ കൂടുതല്‍ പങ്കാളികളാണ്. എന്നാല്‍ ഈ അനുകൂല സാഹചര്യങ്ങളൊക്കെ ഉണ്ടെങ്കിലും, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രാപ്തിയുണ്ടാക്കാനുള്ള രീതിശാസ്ത്രം സമുദായത്തിലെ വ്യക്തികളോ സംഘടനകളോ പ്രയോഗിക്കുന്നില്ല, രൂപപ്പെടുത്തിയെടുത്തിട്ടുമില്ല. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്ന വിഭവം, ഊര്‍ജം, സമയം, പങ്കാളിത്തം എന്നിവയുടെ തോതിനും തീവ്രതയ്ക്കും ചേര്‍ന്ന വിധം പ്രയോജനം ഉണ്ടാകുന്നുണ്ടോ എന്ന് പൊതുവെ മുസ്‌ലിംകള്‍ വിലയിരുത്താറില്ല. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ പഠനവും പരിശീലനവുമുണ്ടെന്നിരിക്കെ അവയെ പരമാവധി പ്രയോജനപ്പെടുത്താന്‍, അവ ലഭ്യമാണെന്നിട്ടും സ്വീകരിക്കാന്‍ മുസ്‌ലിം സമുദായം പൊതുവെ ശ്രമിക്കാറില്ല. വ്യക്തികളും, സംഘടനകളും ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനവും വിലയിരുത്തലും നടത്തേണ്ടതുണ്ട്.
ഒരു സാധാരണ സേവന പ്രവര്‍ത്തിയെടുത്ത് പരിശോധിക്കുക, നഷ്ടപ്പെടുന്ന ഘടകങ്ങള്‍, വിഫലമാകുന്ന ഊര്‍ജം, കിട്ടാതെ പോകുന്ന ഫലം (Entrophy) മനസ്സിലാക്കാനാവും. പാവപ്പെട്ട ഒരാള്‍ക്ക് വീടുവെച്ചുകൊടുക്കുന്നു. അത് ഭൗതിക തലത്തില്‍ ഒരു സഹായമായി മാറുന്നു. എന്നാല്‍ വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളില്‍ അത് മേന്മയുറ്റ ഒരു ജീവിതം നല്‍കാന്‍ കാരണമാക്കുന്നോ എന്ന് സേവനം നടത്തുന്നവര്‍ ആലോചിക്കാറില്ല. പലപ്പോഴും പാവപ്പെട്ടവരുടെ സാമൂഹ്യ പദവിയിലോ ജീവിത നിലവാരത്തിലോ മാറ്റങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് സേവന ദാതാവ് ആലോചിക്കുന്നില്ല. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം ചെയ്യുന്നത് പുസ്തകം, സഞ്ചി, കുട, വസ്ത്രം എന്നിവ ദാനം ചെയ്താണ്. അത്യാവശ്യങ്ങളല്ല എന്ന് പറഞ്ഞുകൂടാ. പക്ഷെ, പഠിക്കാനും വളരാനുമുള്ള ഒരു താല്പര്യവും കാഴ്ചപ്പാടും പ്രദാനം ചെയ്യാത്തിടത്തോളം കാലം ആഗ്രഹിക്കുന്ന ലക്ഷ്യസഫലീകരണം നടക്കുന്നില്ല എന്ന് ക്ഷേമ പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നില്ല. ഒരു സേവന പരിപാടി നടത്താന്‍ തീരുമാനിച്ചാല്‍, എന്ത് ചെയ്യണമെന്നത് തീരുമാനിക്കുന്നത് സേവകരാണ്, സ്വീകര്‍ത്താവിന്റെ യഥാര്‍ഥ ആവശ്യങ്ങള്‍ മനസ്സിലാക്കിയിട്ടല്ല പലപ്പോഴും ഇത് തീരുമാനിക്കപ്പെടുന്നത്. തീരുമാനമായാല്‍ ഉടനെ വിഭവ സമാഹരണമാണ്.  അലാവുദ്ദീന്റെ അത്ഭുത വിളക്കാലെന്നപോലെ മുസ്‌ലിംകള്‍ക്കത് സ്വരൂപിക്കാനാവും. 1918 ല്‍ ഒരു വിദ്യാഭ്യാസ്ഥാപനം, സ്‌കൂള്‍ തുടങ്ങാന്‍ ഒത്തുചേര്‍ന്ന കോഴിക്കോട്ടെ വര്‍ത്തക പ്രമാണികള്‍ ഒരൊറ്റ യോഗത്തില്‍ സ്വരൂപിച്ചത് അമ്പതിനായിരത്തോളം രൂപയാണ്. മറ്റുള്ള സ്ഥലങ്ങളിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങളുടെ ആരംഭം ഗംഭീരമായിരിക്കും. പരിപാടി കഴിഞ്ഞാല്‍ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി ആസ്വദിക്കുകയും ചെയ്യും. പല മുസ്‌ലിം ക്ഷേമ പ്രവര്‍ത്തനങ്ങളും ബിരിയാണിയില്‍ തുടങ്ങി ബിരിയാണിയലവസാനിക്കുന്നു. ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശകലനമോ, തിരുത്തലുകളോ ഇല്ല. കാലം ആവശ്യപ്പെടുന്നത് മറ്റൊന്നാണ്. ആവശ്യാധിഷ്ഠിതവും  ഫലപ്രദവുമായ സാമൂഹിക ഇടപെടലുകളാണ് ഇന്ന് മുസ്‌ലിം സമുദായത്തിനാവശ്യം.

നിഷ്ഫലമാകുന്ന വ്യവഹാര വ്യായാമം
ഒരുദാഹരണമെടുക്കാം. ഇസ്‌ലാം മദ്യവും മയക്കുമരുന്നും പൂര്‍ണമായും നിരോധിച്ച മതമാണ്. ലഹരി പദാര്‍ഥങ്ങളോട് ഇസ്‌ലാം വിട്ടുവീഴ്ചയില്ലാത്ത സമീപനം വെച്ചുപുലര്‍ത്തുന്നു. മുസ്‌ലിം നേതാക്കളും മതപ്രഭാഷകരും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കടുത്ത നിലപാടാണെടുക്കുന്നത്. എന്നാല്‍ ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ വേദഗ്രന്ഥത്തിലും പ്രഭാഷണ പരമ്പരകളിലും മാത്രം ഒതുങ്ങിക്കിടക്കുന്ന സദാചാരമായി ലഹരി പദാര്‍ഥ തിരസ്‌കാരം മാറിക്കഴിഞ്ഞിരിക്കുന്നു. കേരളം എത്രത്തോളം മദ്യത്തില്‍ മുങ്ങുന്നുവോ, അത്രത്തോളം മുസ്‌ലിം സമുദായാംഗങ്ങളും മദ്യപാനത്തിന് കീഴടങ്ങുന്നവരോ മദ്യപാനികളോ ആയിത്തീരുന്നുണ്ട്. പല മേഖലകളിലും കേരളീയ മുസ്‌ലിംകള്‍ പിന്നാക്കാവസ്ഥയിലാണെങ്കിലും മദ്യം – മയക്കുമരുന്ന് ദുരുപയോഗത്തിലും മയക്കുമരുന്ന് വ്യാപാര – വിപണനങ്ങളിലും അവര്‍ പിന്നിലല്ലെന്ന് വാര്‍ത്തകള്‍ നമ്മെ അറിയിക്കുന്നു. ലഹരി പദാര്‍ഥ ദുരുപയോഗം ഒരു സ്വാഭാവിക ദൂഷ്യമായോ സദാചാര ലംഘനമായോ കരുതുന്ന നേതാക്കള്‍ക്ക് ഈ സാമൂഹിക ദുരന്തത്തെക്കുറിച്ച് അറിയില്ലെന്നതാണ് വസ്തുത. ഉപദേശം കൊണ്ടോ പ്രസംഗം കൊണ്ടോ സമുദായത്തിന്റെ സാമൂഹികാരോഗ്യം ഉണ്ടാക്കിയെടുക്കാനും നിലനിര്‍ത്താനും കഴിയുമെന്നാണ് മതപ്രഭാഷകരുടെ വ്യാമോഹം. ലഹരി പദാര്‍ഥങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധിക്കുന്ന വിധം ഇസ്‌ലാമിക മൂല്യം ആന്തരികവല്‍ക്കരിക്കുവാന്‍ ഉതകുന്ന പ്രായോഗിക-പരിശീലന പരിപാടികളെക്കുറിച്ച് മതനേതാക്കള്‍ പലര്‍ക്കും അറിയില്ല. മദ്യപിക്കുന്നവരെയും മദ്യത്തിന് കീഴ്‌പ്പെട്ടവരെയും തിരിച്ചറിയാനാവാത്തവരും, മദ്യത്തിന് കീഴ്‌പ്പെട്ടവര്‍ രോഗികളാണെന്ന് അംഗീകരിക്കാത്തവരുമാണ് പല സമുദായനേതാക്കളും. ഖുര്‍ആന്‍ പഠനക്ലാസ്സുകള്‍ക്ക് കുറേക്കാലമായി നേതൃത്വം കൊടുക്കുന്ന ഒരു മൗലവി, മദ്യപാനികളെ നടു റോഡിലിട്ട് ചവിട്ടണമെന്ന് ഒരു ജുമുഅ ഖുതുബയില്‍ പറഞ്ഞത് കേള്‍ക്കാനിട വന്നിട്ടുണ്ട്. ഏതൊരു രോഗത്തിനും ചികിത്സയാണ് അനിവാര്യം. രോഗം പിടി പെടാതിരിക്കാന്‍ ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ സഹായിക്കുന്നു. അമിത മദ്യാസക്തി ഒരു ആജീവനാന്ത രോഗമാണെന്നറിയാത്ത ഒരു പ്രഭാഷകനും ഇക്കാര്യത്തില്‍ ഫലവത്തായ സാമൂഹ്യസേവനം നടത്താനാവില്ല. മദ്യത്തിന് കീഴ്‌പ്പെട്ടവര്‍ക്ക് പ്രഭാഷണമല്ല, വൈദ്യശാസ്ത്ര – മന:ശാസ്ത്ര സംയുക്ത ചികിത്സയാണ് വേണ്ടത് എന്ന അറിവുള്ള സമുദായ നേതാക്കള്‍ക്കേ ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനാവൂ. ഫലവത്തായ ബോധവല്‍ക്കരണ – പരിശീലന പരിപാടികള്‍ നടത്താനുള്ള നൈപുണ്യവും ലഹരി പദാര്‍ഥ വിധേയത്വത്തിന് എതുവിധ ചികിത്സ ആവശ്യമാണെന്ന അറിവും സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. സമുദായ നേതാക്കള്‍ക്കും, വെള്ളിയാഴ്ച ജുമുഅയ്ക്ക് നേതൃത്വം കൊടുത്ത് പ്രഭാഷണം നടത്തുന്ന ഖത്തീബുമാര്‍ക്കും, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയമായ അവബോധവും കാലോചിതമായ പരിജ്ഞാനവും ലഭിക്കേണ്ടതുണ്ട്.
ശാസ്ത്രത്തെയും ശാസ്ത്രീയമായ അറിവുകളെയും പല സമുദായ നേതാക്കളും മതത്തിനെതിര്‍പക്ഷത്താണ് സ്ഥാപിക്കുന്നതും ചിന്തിക്കുന്നതും. കാര്യങ്ങളെ അപഗ്രഥിക്കാനും മനസ്സിലാക്കാനും വസ്തുനിഷ്ഠാപരമായി തെളിയിക്കാനും ശ്രമിക്കുന്ന അന്വേഷണ രീതിയാണ് ശാസ്ത്രം. അതുകൊണ്ടുതന്നെ അതാത് കാലത്തുണ്ടാകുന്ന ശാസ്ത്രീയാന്വേഷണങ്ങളെ സമുദായത്തിലെ പണ്ഡിതന്മാരും നേതാക്കളും മനസ്സിലാക്കേണ്ടതുണ്ട്. ശാസ്ത്രീയമായ കണ്ടെത്തലുകളെ സമൂഹം വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുമ്പോള്‍, പലപ്പോഴും സമുദായ നേതൃത്വം അവയെ സ്വീകരിക്കാതെ പോകുന്നു. ഭൗതിക ശാസ്ത്ര തത്വങ്ങളും കണ്ടെത്തലുകളും തിരസ്‌ക്കരിച്ച് ജീവിക്കുന്നത് അസാധ്യമാണെന്നതിനാല്‍ വൈകിയാണെങ്കിലും സ്വീകരിക്കാതിരിക്കാനവര്‍ക്കാവില്ല. ദൃശ്യമാധ്യമങ്ങളും മൊബൈലും സമീപകാല ഉദാഹരണങ്ങളാണ്. എന്നാല്‍ മാനവിക ശാസ്ത്രം (Humanities), സാമൂഹ്യ പ്രവര്‍ത്തനം (Social Work),, വ്യവഹാര ശാസ്ത്രം (Behavioual Sciences), പ്രായോഗിക സാമൂഹിക ശാസ്ത്രം(Applied Social Science) തുടങ്ങിയ പഠനമേഖലകളിലുണ്ടാകുന്ന വികാസങ്ങളെ അത്രയൊന്നും എളുപ്പത്തില്‍ മതപണ്ഡിതന്മാരോ സമുദായ നേതാക്കളോ സ്വീകരിക്കാറില്ല., പ്രബോധനവും ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുന്ന മുസ്‌ലിം സമുദായത്തിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സാമൂഹിക പരിസരത്തെ (Social Environment) വസ്തുനിഷ്ഠമായി മനസ്സിലാക്കാനുള്ള പരിജ്ഞാനം അനിവാര്യമാണ്. സാമൂഹികാവസ്ഥയും മാനസികാവസ്ഥയും യാഥാര്‍ഥ്യബോധത്തോടെയും യുക്തിയോടെയും തിരിച്ചറിയാനുള്ള പ്രാഥമിക പാഠങ്ങള്‍ പോലും മതപഠനം നടത്തുന്നവര്‍ക്കോ സമുദായ നേതൃത്വത്തിലെത്തുന്നവര്‍ക്കോ ലഭിക്കുന്നില്ല. സമൂഹ ശാസ്ത്രവും (Sociolgy) മന:ശാസ്ത്രവും (Phsycology), അടിസ്ഥാന പരമായ തത്വങ്ങളോടെ പ്രബോധകരും പ്രവര്‍ത്തകരും പഠിക്കേണ്ടതുണ്ട്. ആശയവിനിമയ ശാസ്ത്രം (Communicology), പ്രചാരണം, പൊതു ജന സമ്പര്‍ക്കം, പൊതുജനാഭിപ്രായം, ജീവിത നൈപുണ്യം തുടങ്ങിയ വിഷയങ്ങളിലെ ആദ്യ പാഠങ്ങളെങ്കിലും മനസ്സിലാക്കാത്ത ഒരാള്‍ക്ക് ആധുനിക കാലത്ത് ഫലവത്തായ  സാമൂഹ്യക്ഷേമ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയില്ല എന്നതാണ് വസ്തുത. നിലനില്‍ക്കുന്ന പല പരിമിതികളെയും അറിവില്ലായ്മകളെയും അതേപോലെ നിലനിര്‍ത്തിയാണ് മുസ്‌ലിംകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നതാണ് ഖേദകരം.
ഉദാര മനസ്‌കതയും സഹജീവികളോടുള്ള സ്‌നേഹവും വിഭവ സമാഹരണ സാധ്യതയും ക്ഷേമ പ്രവര്‍ത്തന താല്പര്യവും മറ്റാരേക്കാളുമേറെയുള്ള കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹ്യസേവന – ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ദിശാബോധവും പ്രവര്‍ത്തനപഥവും നിര്‍വഹണ രീതിയും മാറ്റുക എന്നതാണ് പ്രധാനം. അതു ചെയ്യാതെ പോകുന്നതിനാല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ല എന്ന് മാത്രമല്ല പ്രബോധന പ്രവര്‍ത്തനങ്ങളും നിഷ്ഫലമായാണ് പോകുന്നത്. വൈകിയെത്തുന്ന വിവേകം സമുദായത്തിന് പലവിധ നഷ്ടങ്ങളുമുണ്ടാക്കുമ്പോള്‍, നാളെ കാലത്തിന് മുന്നില്‍ പലരും തലകുനിക്കേണ്ടിവരും.
ക്ഷേമപ്രവര്‍ത്തനങ്ങളെന്തുകൊണ്ട്  ഫലപ്രദമല്ലാതാകുന്നു
ആവശ്യാധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ മുസ്‌ലിം സമുദായ സംഘടനകള്‍ക്ക് പദ്ധതികളുണ്ടാവേണ്ടതുണ്ട്. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഗുണഭോക്താവിന്റെ ആവശ്യം തീരുമാനിക്കുന്നത് പ്രായോജകരായിക്കൂടാ. സാമൂഹ്യ സേവനത്തിന്റെ ദിശ തീരുമാനിക്കേണ്ടത് ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞാവണം. അതറിയാന്‍ മാനവിക ശാസ്ത്രവും വ്യവഹാര ശാസ്ത്രങ്ങളും ഗവേഷണ രീതികള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സോഷ്യല്‍ സര്‍വേ, ഇന്റര്‍വ്യൂ, ഫോകസ്ഡ് ഗ്രൂപ്പ് സിഡ്കഷന്‍, പാര്‍ട്ടിസിപ്പന്റ് ഒബ്‌സര്‍വേഷന്‍ തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ദേശത്തിന്റെയോ  സമുദായത്തിന്റെയോ സംഘത്തിന്റെയോ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. സമൂഹശാസ്ത്രം, മന:ശാസ്ത്രം, സോഷ്യല്‍വര്‍ക്ക് തുടങ്ങിയ പഠന ശാഖകളുടെ സഹായം ഇക്കാര്യത്തില്‍ മുസ്‌ലിം സമുദായം ഉപയോഗപ്പെടുത്താറില്ല. ഓരോ മഹല്ലുകളും അവര്‍ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആശയ രൂപീകരണത്തിനും കാര്യനിര്‍വഹണ മേല്‍നോട്ടത്തിനും വിദഗ്ധരുടെ ഒരു സമിതിയുണ്ടാക്കേണ്ടതുണ്ട്. പ്രവര്‍ത്തനങ്ങളുടെ മേന്മ കൂട്ടുവാനും തുടര്‍ പഠനങ്ങള്‍ നടത്തുവാനും ഇത് മുഖേന സാധിക്കും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്വയം പര്യാപ്തമാക്കാനും ഇത്തരമൊരു വിദഗ്ധ സമിതിക്ക് കഴിയുന്നതാണ്.
വിദഗ്ധരുടെയോ പരിശീലനം സിദ്ധിച്ചവരുടെയോ സേവനം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കാന്‍ മുസ്‌ലീം സമുദായ സംഘടനകള്‍ക്ക് താല്പര്യമുണ്ടാവാറില്ല. ഇതു തന്നെയാണ് മാറുന്ന കാലത്ത് സമുദായസംഘടനകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനോ നടപ്പില്‍ വരുത്താനോ സാധിക്കാതെ വരുന്നതിന്റെ പ്രധാന കാരണമാകുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പെന്‍ഷന്‍ പറ്റിയ ഉദ്യോഗസ്ഥന്മാരെയാണ് നിയമിക്കാറുള്ളത്. വിദ്യാഭ്യാസവും ഭാവനയും ഊര്‍ജസ്വലതയുമുള്ള ആളുകള്‍ക്കാണ് പുത്തന്‍ ആശയങ്ങള്‍ക്ക് രൂപ കല്പന നടത്താനും അവ ശാസ്ത്രീയമായി നടപ്പില്‍ വരുത്താനും സാധിക്കുക. വിദഗ്ധരുടെ സേവനം അനിവാര്യമായി വരുന്നത്, സമുദായ നേതൃത്വത്തിലുള്ളവര്‍ക്ക് പുതിയ വിജ്ഞാന ശാഖകളെക്കുറിച്ച് കാര്യമായൊരു അറിവും ലഭിക്കുന്നില്ല എന്നതിനാലാണ്. എന്നാല്‍ മാനവിക – വ്യവഹാര വിഷയങ്ങളിലെ അടിസ്ഥാന പഠനങ്ങള്‍ പോലും മനസ്സിലാക്കിയവരല്ല ഭൂരിപക്ഷം മതപണ്ഡിതന്മാരും. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഘടനയും സ്വഭാവ വിശേഷങ്ങളും സൂക്ഷ്മമായറിയുന്ന മതനേതൃത്വത്തിനേ ഫലവത്തായ പ്രബോധനവും സേവനവും നടത്താന്‍ പറ്റൂ.
മഹല്ല് നേതൃത്വത്തിലുള്ളവര്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശാസ്ത്രീയമായ കാഴ്ചപ്പാടും, കാര്യനിര്‍വഹണ പരിശീലനവും വേണം. മുസ്‌ലിം സമുദായത്തിലുണ്ടാകുന്ന സാമൂഹികമാറ്റം ഏറെക്കുറെ സമുദായ നേതാക്കളോട് ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടുതന്നെ സമുദായ നേതൃത്വത്തിന്റെ കാഴ്ചപ്പാടും രീതിശാസ്ത്രവും കാലോചിതമായി മാറുമ്പോഴാണ് ഫലവത്തായ സാമൂഹ്യസേവനം സാധ്യമാകുന്നത്.
Back to Top