3 Saturday
December 2022
2022 December 3
1444 Joumada I 9

ക്രിസ്തുമസ്  കടംകൊണ്ട ആഘോഷം – സയ്യിദ് അബ്ദുര്‍റഹ്മാന്‍

ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കുകയാണ്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്നു നല്കാനുള്ള ഒരു വാര്‍ഷിക വേദിയായിട്ടാണ് പ്രസ്തുത ആഘോഷദിനങ്ങളെ പരിഗണിക്കുന്നത്. മതവിഭാഗക്കാര്‍ ആഘോഷിക്കുന്ന ജന്മ ദിനാഘോഷങ്ങള്‍ ‘ജന്മദിനത്തി’ന്റെ ആഘോഷം എന്നതിലപ്പുറം ‘ജന്മമാസത്തിന്റെ’ ആഘോഷമായി പരിണമിക്കുന്നുവെന്നതാണ് വസ്തുത.
2018 വര്‍ഷങ്ങള്‍ക്ക് മുമ്പ് യെരൂശലേമിലെ ബത്‌ലഹേമില്‍ കന്യാമര്‍യമിലൂടെ ഭൂജാതനായ യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷത്തിന് കേവലം ജന്മദിനാഘോഷത്തിനപ്പുറം ആത്മീയവും ആധ്യാത്മികവുമായ ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. മനുഷ്യപുത്രനായും എന്നാല്‍ ദൈവപുത്രനായും ഒരു വേള ദൈവമായുമൊക്കെ അവതരിപ്പിക്കപ്പെടുന്ന ക്രിസ്തുവിന്റെ ജന്മദിനാഘോഷം ക്രിസ്തുദേവനോടുള്ള ആദരവുകള്‍ക്കപ്പുറം ആരാധനയായിട്ട് കൂടിയാണ് ക്രൈസ്തവര്‍ പരിഗണിക്കുന്നത്.
എ ഡി 4ാം നൂറ്റാണ്ട് മുതല്‍ 21ാം നൂറ്റാണ്ടുവരെ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തുമസ് ആഘോഷത്തിന് വിശ്വാസികളുടെ മനം കുളിര്‍പ്പിക്കുന്ന ആത്മീയമായ നിറക്കൂട്ടുകളാലും ഭൗതികമായ സൗകര്യ സംവിധാനങ്ങളാലും ആകര്‍ഷണീയങ്ങളായ വൈവിധ്യങ്ങള്‍ നല്‍കപ്പെടുമ്പോഴും ക്രിസ്താബ്ദം 4ാം നൂറ്റാണ്ടില്‍ ക്രിസ്തുമസിന്റെ ആരംഭം മുതല്‍ ക്രൈസ്തവരിലും ക്രൈസ്തവേതരര്‍ക്കിടയിലും പ്രസ്തുത ആഘോഷത്തിന്റെ ആധികാരികതയും പ്രാമാണികതയുമെല്ലാം ചര്‍ച്ചക്ക് വിഷയീഭവിച്ചിട്ടുണ്ട്. മതസന്ദേശങ്ങളുടെ ആധികാരിക സ്രോതസ്സ് അതത് മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അപൗരുഷേയങ്ങളെന്നവകാശപ്പെടുന്ന വേദഗ്രന്ഥങ്ങളാണ്. ഒരു ആചാരവും ആരാധനയും ദിവ്യപ്രോക്തമാകണമെങ്കില്‍ അത് സംബന്ധിച്ച് വേദങ്ങളോ പ്രവാചകരോ പ്രതിപാദിച്ചിരിക്കണം. അല്ലാത്ത പക്ഷം അത് പില്‍ക്കാലത്ത് കടന്നുവന്ന അനാചാരങ്ങളാണെന്ന് മനസ്സിലാക്കാം. പ്രവാചകന്മാരുടെ ജന്മദിനാഘോഷങ്ങള്‍ അവരുടെ ജീവിതകാലത്തോ സച്ചരിതരായ അനുയായികളുടെ കാലത്തോ ആഘോഷിക്കപ്പെട്ടതായി ചരിത്രങ്ങളിലെവിടെയും കാണുന്നില്ലെന്നതാണ് സത്യം. പൗരോഹിത്യത്തിന്റെ അതിരുകടന്ന ഇടപെടല്‍ നിമിത്തമാണ് കൃഷ്ണജയന്തിയും ക്രിസ്തുമസും നബിദിനവും അങ്ങനെ പലരുടെയും ജയന്തിയും സമാധിയും ആഘോഷ ആനന്ദ സന്താപ ദിനങ്ങളായി കടന്നുവന്നത്.
എന്താണ് ക്രിസ്തുമസ്?
ക്രിസ്തുവിന്റെ ജനനത്തെ ഓര്‍ക്കുക എന്നര്‍ഥം വരുന്ന പൗരാണിക ഇംഗ്ലീഷ് പദങ്ങളായ Christes Maesse (ക്രിസ്റ്റ്‌സ്മെസ്സെ) എന്നിവയില്‍ നിന്നാണ് ക്രിസ്തുമസ് എന്ന പദം ഉണ്ടായത്. (ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ, വാള്യം 3, പേ. 23). ഇന്ന് ലോക ക്രൈസ്തവരില്‍ വലിയൊരു വിഭാഗം (കത്തോലിക്കാ വിഭാഗം) വളരെ പ്രാധാന്യത്തോടു കൂടി വര്‍ഷംതോറും കൊണ്ടാടുന്ന ആഘോഷമാണ് ക്രിസ്തുമസ്. അലങ്കാര വിളക്കുകള്‍, തോരണങ്ങള്‍, രസക്കൂട്ടുകള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവ കൊണ്ട് വീടുകള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ അലങ്കരിക്കുകയും വീട്ടുമുറ്റത്ത് ക്രിസ്തുമസ് ട്രീ നടുകയും ചെയ്യുന്നു. ആകര്‍ഷകമായ പുല്‍ക്കൂടുണ്ടാക്കി ഉണ്ണിയേശുവിന്റെ രൂപം അതില്‍ കിടത്തുകയും മര്‍യം, യോസേഫ്, മാലാഖമാര്‍, ഇടയന്മാര്‍, കന്നുകാലികള്‍ എന്നിവയുടെ രൂപങ്ങള്‍ ഉണ്ണിയേശുവിന് ചുറ്റുമുണ്ടാക്കി വെക്കുകയും ചെയ്യുന്നു. ഇതിനെ ക്രിബ് എന്ന് വിളിക്കുന്നു.
ക്രിസ്തുമസ്  ആഘോഷമായതെങ്ങനെ?
ചരിത്രത്തിലവതരിപ്പിക്കപ്പെട്ട മഹാ പ്രവാചകന്മാരുടെയും പുണ്യപുരുഷന്മാരുടെയും ജയന്തിസമാധികള്‍ അവരുടെ ജീവിതകാലഘട്ടത്തിന് ശേഷം കാലങ്ങള്‍ കഴിഞ്ഞാണ് ആഘോഷങ്ങളായി രംഗപ്രവേശം ചെയ്തിട്ടുള്ളത്. കൃഷ്ണ, ക്രിസ്തു, നബി ജന്മദിനാഘോഷങ്ങളെല്ലാം അവരുടെ കാലം കഴിഞ്ഞ് മുന്നൂറും നാനൂറും കൊല്ലങ്ങള്‍ കഴിഞ്ഞാണ് കടന്നുവന്നിട്ടുള്ളത്. എത്ര വ്യാഖ്യാനങ്ങള്‍ നല്‍കിയാലും ഈ പരമസത്യം നിഷേധിക്കുക സാധ്യമല്ല.
യേശുവിന്റെ കാലശേഷം മുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജയന്തി ആഘോഷം തുടങ്ങിയത്. എ ഡി 313-ലെ മിലാന്‍ വിളംബരത്തോടെ ക്രിസ്തുമതം റോമിന്റെ ഔദ്യോഗിക മതമായി അന്നത്തെ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. എ ഡി 325-ലെ നിഖിയാ കൗണ്‍സിലില്‍ ചക്രവര്‍ത്തി ദൈവത്തിന്റെ ദിത്വം അംഗീകരിച്ചപ്പോള്‍ ഏകദൈവവാദികളായ അരിയൂസിനെയും കൂട്ടരെയും എതിര്‍ക്കുന്ന ത്രിത്വവാദികളായ അതനാസിയസും കൂട്ടരും ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ അന്നത്തെ പല നിയമങ്ങളും അംഗീകരിച്ചിരുന്നു. അതിലൊന്നാണ് ഡിസംബര്‍ 25 ക്രിസ്തു ജന്മദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.
ഡിസംബര്‍ 25ന്റെ പിന്നിലെ റോം സങ്കല്പം ഇങ്ങനെയാണ്: എ ഡി 5-ാം നൂറ്റാണ്ടു വരെ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന മതമാണ് മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടാണ് മിത്ര ദേവന്‍ അറിയപ്പെട്ടിരുന്നത്. ഡിസംബര്‍ 25-ാം തിയ്യതി റോമിലെ മിത്രമതക്കാര്‍ മിത്രദേവന്റെ ജന്മദിനമായിട്ടാണ് ആഘോഷിച്ചുവന്നിരുന്നത്. മിത്ര മതവിശ്വാസികളുമായി സഹവസിച്ചിരുന്ന ക്രൈസ്തവര്‍ തങ്ങളുടെ രക്ഷകന്റെ ജന്മദിന വിഷയത്തിലും അവരോടൊത്ത് സഹകരിച്ചു. അങ്ങനെ എ ഡി 336-ല്‍ ക്രൈസ്തവര്‍ ഒരു മഹാപ്രവാചകന്റെ ജന്മദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് എ ഡി 1100 ആയപ്പോഴേക്കും ക്രിസ്തുമസ് യൂറോപ്പിലെ ഏറ്റവും വലിയ മതാഘോഷമായി മാറി. എന്നാല്‍ ക്രൈസ്തവരിലെ പരിഷ്‌കരണ പ്രസ്ഥാനമായി കടന്നുവന്ന പ്രൊട്ടസ്റ്റന്റ് വിഭാഗം ഇത്തരം പുത്തന്‍ പ്രവണതകളെ ശക്തമായി ചോദ്യംചെയ്തു. തല്‍ഫലമായി 1600-ല്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും ബ്രിട്ടീഷ് കോളനി ഭാഗങ്ങളിലും പ്രസ്തുത ആഘോഷത്തിന്ന് ക്രൈസ്തവര്‍ തന്നെ വിലക്ക് നല്കി.
ക്രിസ്തുമസ് വസ്തുതയെന്ത്?
മോക്ഷത്തിന് നിദാനമാകുന്ന ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം സ്ഥാപിതമാകേണ്ടതിന് പ്രാമാണിക പിന്‍ബലം വളരെ പ്രധാനം തന്നെ. മിത്തുകളിലും സങ്കല്പങ്ങളിലും അധിഷ്ഠിതമാകേണ്ടതല്ല ഇത്തരം മേഖലകള്‍. എന്നാല്‍ വിപര്യയമെന്ന് പറയട്ടെ, മുഴുവന്‍ ജന്മദിനാഘോഷങ്ങളുടെയും തെളിവുകള്‍ തേടിയുള്ള യാത്രകള്‍ ചെന്നെത്തുന്നത് ഇത്തരം മിത്തുകളിലോ ദുര്‍ബലവാദങ്ങളിലോ ആകുന്നു. ക്രിസ്തുമസ് ക്രൈസ്തവതക്ക് അന്യമാണെന്ന പ്രൊട്ടസ്റ്റന്റ് വാദം വാസ്തവം തന്നെയാണ്. റോമില്‍ നിന്ന് ക്രൈസ്തവര്‍ കടമെടുത്ത അന്യ ആചാരമാണ് ഡിസംബര്‍ 25-ലെ ക്രിസ്തുജന്മദിനാഘോഷം.
ഭൂരിപക്ഷം വരുന്ന കത്തോലിക്കാ വിഭാഗവും കൂടി അംഗീകരിക്കുന്ന ബൈബിള്‍ നിഘണ്ടു സത്യം എഴുതുന്നു: ”സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 25 ജനന ദിവസമായി ആഘോഷിക്കുന്നു. വിജാതീയരായ സൂര്യദേവന്റെ, മിത്രദേവന്റെ ജനന തിരുനാള്‍ ആഘോഷിച്ചിരുന്നത് ഈ ദിവസമായിരുന്നു. ഈ ആഘോഷമായി ബന്ധപ്പെട്ടതായിരിക്കാം നീതിസൂര്യനായ ഈശോയുടെ ജനനതിരുനാള്‍ ആദിമ ക്രൈസ്തവര്‍ ഡിസംബര്‍ 25-ന് ആഘോഷിക്കുന്നത്.” (ദൈവശാസ്ത്ര നിഘണ്ടു, ചീ.എഡിറ്റര്‍, ജോസഫ് കല്ലറങ്ങാട്ട്, പേജ് 14)
വേള്‍ഡ് ബുക്ക് വിവരണം ഇങ്ങനെ: ”എ ഡി 336-ലാണ് ആദ്യമായി ക്രിസ്തുജയന്തി ആഘോഷിച്ചതായി കാണപ്പെടുന്നത്. (അക്രൈസ്തവരായ) റോമക്കാരായ പാഗന്‍ മതവിശ്വാസികളുടെ ആഘോഷത്തിന്റെ സ്വാധീനം തന്നെയാണിതെന്ന് വിലയിരുത്തപ്പെടുന്നു. റോമക്കാര്‍ അവരുടെ സൂര്യദേവനായ മിത്രദേവന്റെ അനുസ്മരണയായി ശൈത്യകാലത്ത് ആഘോഷിച്ച് വന്നിരുന്നു.” (The World Book Vol3, P487 Published by Encyclopedia International USA 1994)
മിത്രദേവന്റെ ജന്മദിനത്തെ തങ്ങളുടെ രക്ഷകന്റെ ജന്മദിനമായി ആഘോഷിക്കാന്‍ റോമിലെ മാര്‍പ്പാപ്പയും അനുയായികളും ക്രിസ്ത്യാനികള്‍ക്ക് അനുവാദം നല്കി. അന്ന് റോമില്‍ വളരെ ന്യൂനപക്ഷമായിരുന്ന ക്രൈസ്തവര്‍ അക്രൈസ്തവരായ റോമക്കാരുമൊത്ത് ക്രൈസ്തവോചിതമായി ആനന്ദിക്കാന്‍ വേണ്ടി അവരുടെ കൂടി ആഘോഷദിനമായ ഡിസംബര്‍ 25 (സൂര്യോല്‍സവ ദിനം) ആചരിക്കാന്‍ പാശ്ചാത്യ ക്രൈസ്തവസഭ നിശ്ചയിക്കുകയും പൗരസ്ത്യ ക്രൈസ്തവ സഭകളും ഇതിനെ സ്വാഗതംചെയ്യുകയും ചെയ്തു.
ബ്രിട്ടാണിക്കയില്‍ എഴുതുന്നു: ”ക്രൈസ്തവര്‍ എന്തുകൊണ്ടാണ് ഡിസംബര്‍ 25 ആഘോഷിക്കുന്നതെന്നുള്ളത് അനിശ്ചിതത്വത്തില്‍ നിലനില്ക്കുന്ന കാര്യമാണ്. എന്നാല്‍ മുന്‍കാല ക്രിസ്ത്യാനികള്‍ റോമിലെ മിത്ര മതക്കാരോടൊത്ത് യോജിച്ചതിന്റെ ഫലമാണിത്. സൂര്യദേവന്റെ ഉത്സവം ഈ ദിവസങ്ങളിലായിരുന്നു കൊണ്ടാടിയിരുന്നത്.” (Encyclopedia Brittanica Vol3, page 283, Edition 15, 1992)
ക്രിസ്തുവിന്റെ ജനന വര്‍ഷവും ജയന്തിയും
ജനനം കൊണ്ടും ജീവിതം കൊണ്ടും ജീവിതാവസാനം കൊണ്ടും അത്ഭുതങ്ങള്‍ നിറഞ്ഞ മഹാനായ യേശുക്രിസ്തുവിന്റെ ജന്മദിനം ഡിസംബര്‍ 25 ആണ് എന്ന് പറയാനുള്ള ഒരു പ്രാമാണിക തെളിവും ചരിത്രത്തില്‍ നിന്നും വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും തെളിയിക്കപ്പെട്ടിട്ടില്ല. ബൈബിള്‍ നിഘണ്ടു പറയുന്നു: ”ഈശോയുടെ ജന്മദിനം ഏതെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി സൂചന ഇല്ലാത്തതു കൊണ്ട് ആദ്യനൂറ്റാണ്ടുകളില്‍ മിശിഹയുടെ ജനനം പൗരസ്ത്യസഭകളില്‍ ജനുവരി 6-ന് ആഘോഷിക്കുന്നതായും കാണുന്നു. അലക്‌സാണ്ട്രിയയിലെ വി ക്ലമന്റ്, വി അപ്രേം തുടങ്ങിയവര്‍ ഈശോയുടെ തിരുപ്പിറവി ജനുവരി 6-നാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.” (ദൈവശാസ്ത്ര നിഘണ്ടു, ചീ.എഡിറ്റര്‍ ജോസഫ് കല്ലറങ്ങോട്ട്)
”നാലാം നൂറ്റാണ്ടുവരെ യേശുവിന്റെ ജന്മദിവസമായി അംഗീകരിക്കപ്പെട്ടിരുന്നത് മാര്‍ച്ച് 28, ഏപ്രില്‍ 19, മെയ് 29 തിയ്യതികളായിരുന്നു.” (Will Durant, Seaser & Christ Simon & Schusfer, p. 558)
ബൈബിള്‍ പുതിയ നിയമത്തില്‍ ക്രിസ്തുവിന്റെ ജനനം മത്തായിയും ലൂക്കോസും രേഖപ്പെടുത്തുന്നുണ്ട്. ലൂക്കോസിന്റെ സുവിശേഷത്തില്‍ ജനനം വിവരിക്കുമ്പോള്‍ അന്ന് രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാത്ത് കാവല്‍ നില്ക്കുന്ന ആട്ടിടയന്മാരെ പറ്റി പരാമര്‍ശിക്കുന്നുണ്ട് (ലൂക്കോ 2:816 നോക്കുക). ആട്ടിടയന്മാര്‍ ഡിസംബറിലെ കൊടുംതണുപ്പില്‍ കാവല്‍ കിടക്കാറില്ല. സുവിശേഷത്തില്‍ സൂചിപ്പിച്ചത് രാത്രിയിലെ ആട്ടിടയന്‍മാരെ പറ്റിയാണ് (ലൂക്കോ 2:8). രാത്രി പ്രത്യേകിച്ചും തണുപ്പ് കഠിനമാവുന്നതിനാല്‍ കാവല്‍ നില്ക്കുന്ന അവസ്ഥയുണ്ടാകാറില്ല.
ഉപര്യുക്ത ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാകുന്നത് ജനനം നടന്നത് ഡിസംബര്‍ അല്ലാത്ത മറ്റ് ഉഷ്ണകാലത്താണെന്നാണ്. യഹോവ സാക്ഷികളുടെ വീക്ഷണത്തില്‍ ഒക്‌ടോബര്‍ മാസത്തിലാണത്. ആഗസ്ത്, സപ്തംബര്‍ തുടങ്ങിയ മാസങ്ങളിലും ആകാമെന്ന വാദങ്ങളും നിലനില്‍ക്കുന്നുണ്ട്. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും വ്യക്തമാകുന്ന സത്യം യേശു ജനിച്ചത് ശൈത്യകാലത്തല്ല എന്ന് തന്നെയാണ്. (വി.ഖു 19:25)
യേശുവിന്റെ ജനനകാലത്ത് പഴുത്ത ഈത്തപ്പഴം നിലനില്ക്കുന്ന കാലമായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈത്തപ്പഴം പാകമാകുന്നതും പഴുക്കുന്നതും അത്യുഷ്ണ കാലത്താണ്. ഡിസംബറിന്റെ തണുപ്പില്‍ എവിടെയും ഈത്തപ്പഴം പഴുക്കാറില്ല. ഇസ്‌റായേലില്‍ ഈത്തപ്പഴം പഴുക്കുന്ന യഹൂദരുടെ ഏലൂല്‍ (അറബിയില്‍ അയ്‌ലൂല്‍ അഥവാ സപ്തംബര്‍) മാസത്തിലാണ്. ഈ അര്‍ഥത്തിലും ഒരിക്കലും ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25-ന് ആകാന്‍ വിദൂരസാധ്യതകള്‍ പോലും ഇല്ലെന്നുള്ളതാണ് സത്യം.
അവസാനമായി
തന്റെ അനുയായികള്‍ക്കിടയില്‍ യേശുവിന്റെ മുപ്പത്തി മൂന്നു വര്‍ഷത്തെ ജീവിതകാലത്തെപ്പോഴെങ്കിലും (ബൈബിള്‍ പ്രകാരം യേശു മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചു) തന്റെ ജന്മനദിനമാഘോഷിക്കാന്‍ കല്പിക്കുകയോ വിശ്വസ്തരായ തന്റെ അപ്പോസ്തലന്മാര്‍ മുഖേന യിസ്‌റായേല്യരെ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ദൈവകൃപ ലഭ്യമാകേണ്ട കാര്യമെങ്കില്‍ സ്വര്‍ഗരാജ്യം ലഭിപ്പാന്‍ ഇത്തരം ആഘോഷം കാരണമാവുമെങ്കില്‍ യേശു ജീവിതത്തിലെപ്പോഴെങ്കിലും കല്പിക്കുമായിരുന്നില്ലേ? ബൈബിള്‍ പഴയ പുതിയ നിയമങ്ങളില്‍ എവിടെയെങ്കിലും ക്രിസ്തുമസ് ആഘോഷത്തെ നിയമമാക്കിയുള്ള വ്യക്തമായ തെളിവുകളുണ്ടോ? ഇല്ല എന്നുള്ളതുകൊണ്ട് തന്നെ ഇന്ന് ലോകത്ത് വിവിധ മതവിഭാഗങ്ങളിലായി ആഘോഷിക്കപ്പെടുന്ന സര്‍വ ജയന്തിസമാധി ആഘോഷങ്ങളുടെയും നിരര്‍ഥകത പോലെ തന്നെ ക്രിസ്തുമസും ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ മിത്തുകളില്‍ അധിഷ്ഠിതമായ മാത്രം സ്ഥാപിതമായി ഒരനാചാരം മാത്രം.
അനാചാരങ്ങളെ ആചാരങ്ങളാക്കി മാറ്റി സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുന്ന വിപര്യയങ്ങളുടെ ചരിത്രം മതവിശ്വാസികളുടെ ലോകത്ത് വിപുലമാണ്. അനുസ്യൂതമായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതക്കെതിരെ അന്തിമവേദം ഖുര്‍ആന്‍ നല്കുന്ന താക്കീത് ഇവിടെ ശ്രദ്ധേയമാണ്: ”പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്, മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും ചെയ്ത ഒരു ജനതയുടെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്.” (വി.ഖു 5:77)
പ്രമാണങ്ങളെ വിസ്മരിച്ച് ഏത് നീചമായ ആചാരങ്ങളെയും അനുകരിക്കുന്നതാണ് ഇത്തരം വ്യതിയാനങ്ങളുടെ കാരണമെന്ന് ഖുര്‍ആന്‍ വിലയിരുത്തുന്നു: ”അത് അവരുടെ വായ കൊണ്ടുള്ള വര്‍ത്തമാനം മാത്രം. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു.” (വി.ഖു 9:30)
ക്രിസ്തുവര്‍ഷവും
പിഴച്ചുപോകുന്ന കണക്കും
ഈ ലേഖനമെഴുതാനിരിക്കുമ്പോള്‍ ഡിസംബര്‍ 22 ശനിയാഴ്ച 2018 എന്നതാണ് നിലവിലുള്ള തിയ്യതി. പ്രസ്തുത തിയ്യതി നിശ്ചയം അഥവാ കാലഗണന നിലവില്‍ വന്നതും പ്രയോഗിക്കപ്പെട്ടതും യേശുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യന്റെ മുമ്പിലുള്ള കാലഗണനയെ എ ഡി എന്നും ബി സി എന്നും സൂചിപ്പിച്ചുവരുന്നു. എ ഡി എന്നാല്‍ (Anno Domini) ദൈവത്തിന്റെ വര്‍ഷത്തില്‍ എന്നാണ് അര്‍ഥം. ബി സി എന്നാല്‍ (Before Christ) ക്രിസ്തുവിന് മുമ്പ് എന്നും പറയപ്പെടുന്നു.
ദൈവത്തിന്റെ വര്‍ഷം എന്നാല്‍ യേശുവായ കര്‍ത്താവിന്റെ വര്‍ഷം എന്നാണ്. അതായത് യേശു ജനിച്ച വര്‍ഷമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ഇതിനെ ക്രിസ്തുവര്‍ഷം അഥവാ ക്രിസ്താബ്ദം എന്ന് പറയുന്നു. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡയനീഷ്യസ് മൈനര്‍ എന്ന പാതിരിയാണ് ക്രിസ്താബ്ദത്തിന്റെ സൂത്രധാരനെന്ന് പറയപ്പെടുന്നു. ഡയനീഷ്യസിന്റെ കാലഗണന പ്രകാരം ജനുവരി ഒന്നിനാണ് യേശു ജനിച്ചത്. മാത്രമല്ല, നിലവിലുള്ള ക്രിസ്താബ്ദ വര്‍ഷം ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തുന്നതിലുള്ള കൃത്യത തെളിയിക്കാന്‍ ക്രൈസ്തവ പുരോഹിതരുടെ പക്കല്‍ കാര്യമായ തെളിവുകളൊന്നുമില്ല.
യേശുവിന്റെ ജനനം വിശദീകരിക്കുന്ന സുവിശേഷങ്ങളില്‍ (മത്തായി, ലൂക്കോസ്) അക്കാലത്തുണ്ടായിരുന്ന ഹെരോദാ രാജാവിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്: ”അങ്ങനെ ഹെരോദാ (ഹെറോ ദോസ് എന്നും ചില ബൈബിളുകളില്‍ കാണുന്നു) രാജാവിന്റെ കാലത്തെ യൂദായിലെ ബെത്‌ലഹേമില്‍ യേശു ജനിച്ചപ്പോള്‍ കിഴക്കു നിന്ന് ജ്ഞാനികള്‍ എത്തി, ‘യഹൂദരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കണ്ട് അവനെ നമസ്‌കരിപ്പാന്‍ വന്നിരിക്കുന്നു’ എന്ന് പറഞ്ഞു. ഹെരോദാ രാജാവ് അത് കേട്ടിട്ട് അവനും യരൂശലേം ഒക്കെയും പരിഭ്രമിച്ചു.” (മത്തായി 2:14)
ഇവിടെ സൂചിപ്പിച്ച ഹെരോദാ രാജാവ് മരിച്ചത് എ ഡിയുടെ നാല് വര്‍ഷം മുമ്പാണ്. അപ്പോള്‍ ക്രിസ്തുവിന്റെ ജനനസമയത്ത് രാജാവ് ജീവിച്ചിരിക്കുന്നുവെങ്കില്‍ യേശുവിന്റെ ജനനം നിലവിലുള്ള എ ഡിയുടെ നാല് വര്‍ഷങ്ങള്‍ക്കപ്പുറമായിരിക്കണം.
നിലവിലുള്ള കലണ്ടര്‍ വര്‍ഷം (ഗ്രിഗേറിയന്‍ കലണ്ടര്‍) കണക്കുകൂട്ടുന്നത് യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെടുത്തിയാണ്. അതാകുന്നു എ ഡി, യേശുവിന്റെ ജന്മദിനവുമായി ബന്ധപ്പെടുത്തിയുള്ള പ്രസ്തുത കാലഗണനയില്‍ അബദ്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത്, 2018 ഡിസംബര്‍ എന്നത് 2024 ഡിസംബര്‍ എന്നാണ് ഉണ്ടായിരിക്കേണ്ടത്. ‘6’ വര്‍ഷത്തിന്റെ കുറവ് കാണപ്പെടുന്നു. ‘യേശു ജനിച്ചത് 2024 വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കണം എന്നാണ്. 2018 വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്ല എന്നു കൂടി മനസ്സിലാക്കാവുന്നതാണ്. A D standing for Anno Domini, in the year of Lord However the original calculation was later found to be wrong by a few years, So infact the birth of Jesus took place about
six years before Christ. (Good News Bible, Today English version p358 (Bible socitey of India)
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x