കോവിഡ്19: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദിയില്‍ നേരിട്ട് പരിശോധന
കെറോണ വൈറസിെനതിരായ (കോവിഡ്19) പ്രതിരോധ നടപടികളുടെ ഭാഗമായി ചൈന, ഹോങ്‌കോങ്, സിംഗപ്പൂര്‍, തെക്കന്‍ കൊറിയ, ഇറ്റലി, ജപ്പാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സഊദി അറേബ്യയുടെ കര, നാവിക, വ്യോമ കവാടങ്ങളില്‍ നേരിട്ട് പരിശോധനക്ക് വിധേയമാക്കുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണം കാണുന്നവരെ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കും. അതിനുവേണ്ടി അടിയന്തര ചികിത്സാ സേവന വിഭാഗത്തെ സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക രാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളും തീരുമാനങ്ങളും പാലിക്കാന്‍ സഊദി അറേബ്യ അതീവ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമാണിതെന്നും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, കെറോണ വൈറസ് തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സഊദിയില്‍ കൂടുതല്‍ ശക്തമാക്കി. പ്രവേശന കവാടങ്ങളിലെത്തുന്ന യാത്രക്കാരെ മുഴുവന്‍ നിരീക്ഷിക്കാന്‍ 24 മണിക്കൂര്‍ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. പതിവിലും കൂടുതല്‍ ആളുകളെ നിരീക്ഷണ സംവിധാനങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.
