കോടതി വിധിയെ സമീപിക്കേണ്ടതെങ്ങനെ? – ജൗഹര്‍ കെ അരൂര്‍
സ്വവര്‍ഗരതി, വിവാഹേതര ലൈംഗികത, ശബരിമല, മുത്വലാഖ് തുടങ്ങി സുപ്രധാനമെന്ന് മാധ്യമ ഭീകരരും ബുദ്ധിജീവികളുമെല്ലാം വിശേഷിപ്പിച്ച ചില വിധികളിലേക്കാണ് ഇന്ത്യന്‍ ജനത മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചു വെച്ചിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുമെല്ലാം പലവിധ വാദങ്ങളും വിമര്‍ശനങ്ങളും വന്നു നിറയുന്നു. ഇന്ത്യ മഹാരാജ്യം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സ്വവര്‍ഗരതിയോ വിവാഹേതര ലൈംഗികതയോ ആണോ? ഇന്ത്യാ മഹാരാജ്യം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണോ മുത്വലാഖ്? ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശബരിമലയില്‍ പ്രവേശിക്കുക എന്നതാണോ?
അല്ല, ഇതൊന്നും ഇന്ത്യാ മഹാരാജ്യത്ത് മറ്റു പ്രശ്‌നങ്ങളെ വെച്ച് നോക്കുമ്പോള്‍ ഒരു പ്രശ്‌നമേ അല്ല. എന്നിട്ടും ചാനലുകളിലും വാട്‌സാപ്പുകളിലും ഫേസ്ബുക്കിലുമെല്ലാം ഈ ചര്‍ച്ചകള്‍ വലിയ തോതില്‍ ഉയര്‍ന്നു വരുന്നത് എന്തുകൊണ്ടാണ്? ഈ ചര്‍ച്ചകള്‍ക്ക് മുന്‍പ് നാം ചര്‍ച്ച ചെയ്തിരുന്ന കാര്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് പരിശോധിക്കുക. അനിയന്ത്രിതമായ എണ്ണ വിലവര്‍ധനയും റാഫേല്‍ അഴിമതിയും. സുപ്രിം കോടതി വിധിയോട് കൂടെ നാം ആ രണ്ടു കാര്യങ്ങളും മറന്നു പോയി. എണ്ണ വില നോക്കാന്‍ പോലും സമയമില്ലാതെ കോടതി വിധിയുടെ ശരി തെറ്റുകള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുകയാണ് നാമിപ്പോള്‍.
അത് ഇങ്ങനെയേ വരൂ എന്ന് നല്ല ബോധ്യമുള്ള ഒരുപറ്റം ആളുകളാണ് ഇവയെല്ലാം നിയന്ത്രിക്കുന്നത്. അഹമ്മദ് നജീബിനെ ഓര്‍ക്കാന്‍ നമുക്ക് സഞ്ജീവ് ഭട്ട് വേണ്ടി വന്നു, സൗമ്യയെ ഓര്‍ക്കാന്‍ ജിഷയും ആസിഫയും വേണ്ടി വന്നു. എന്നിട്ടും അവരെയെല്ലാം നാം ഒരുമിച്ചു മറന്നു. അതുപോലെ തന്നെ ഈ വിധികളിലെ മതമാനങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും തിരയുന്നതിനിടയില്‍ നാം ഓര്‍ക്കേണ്ട പലതും മറന്നു പോകും എന്ന അവരുടെ ധാരണ ശരിയായി പുലര്‍ന്നിരിക്കുന്നു.
ശബരിമല ഒഴികെയുള്ള വിഷയങ്ങള്‍ മുസ്‌ലിം സമൂഹത്തിനെ സാരമായി ബാധിക്കും, അല്ലെങ്കില്‍ ഇസ്‌ലാമിക നിയമങ്ങളോടുള്ള വെല്ലുവിളിയാണോ തുടങ്ങി പല ചര്‍ച്ചകളും ഉയര്‍ന്നു വരുമ്പോള്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ നാം അതിനെ എങ്ങനെ സമീപിക്കണം എന്ന് മനസിലാക്കി കഴിഞ്ഞാല്‍ ആ ചര്‍ച്ചകളില്‍ ഒരു മുസല്‍മാന്‍ ഉണ്ടാവുകയില്ല. സ്വവര്‍ഗരതി ഇസ്‌ലാം വിരോധിച്ചതാണ് എന്നും അതിന്റെ പേരില്‍ ഒരു സമൂഹത്തെ തന്നെ അല്ലാഹു പരീക്ഷിച്ചിട്ടുണ്ട് എന്നും വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. അവരെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി അനുവദനീയമാക്കിയ ഈ വിധി ഒരു നിലക്കും ബാധിക്കേണ്ടതില്ല. മഹാപാപങ്ങളില്‍ ഒന്നായി എണ്ണിയ വ്യഭിചാരത്തിലേക്ക് അടുക്കാന്‍ പോലും പാടില്ല എന്ന ദൈവകല്‍പന ശിരസാവഹിക്കുന്നവര്‍ക്ക് ഒരു നിയമംകൊണ്ട് എന്താണ് നഷ്ടപ്പെടാനുള്ളത്. ഒരാഴ്ചയ് ക്കിടെവന്ന കോടതിവിധികളില്‍ നാം ആശങ്ക പുലര്‍ത്തേണ്ടതില്ല. പക്ഷേ മുസ്‌ലിംകള്‍ക്ക് പള്ളികള്‍ വേണോ എന്ന കോടതിയുടെ നിരീക്ഷണം ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും അതൊട്ടും ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയും ചെയ്തു. ശബരിമല വിഷയത്തില്‍ മുസ്‌ലിം സമൂഹത്തിന് വലിയ റോള്‍ ഒന്നുമില്ല എങ്കിലും മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി അതിനെ കാണേണ്ടിയിരിക്കുന്നു. അതിലുപരി അവയില്‍ ഒളിഞ്ഞു കിടക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഓരോ മതേതര ബോധമുള്ള ഇന്ത്യന്‍ പൗരനും തിരിച്ചറിയണം.