14 Friday
June 2024
2024 June 14
1445 Dhoul-Hijja 7

കേരള ക്രൈസ്തവ സഭകള്‍ സംഘികള്‍ക്ക് കുട പിടിക്കരുത് – ഫാ. പോള്‍ തേലക്കാട്ട്

 

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ലൗജിഹാദ് നടക്കുന്നുവെന്ന് സീറോ മലബാര്‍ സഭ ആരോപണമുയര്‍ത്തിയിരിക്കുകയാണല്ലോ. നേരത്തെ ഈ ആരോപണം ഉയര്‍ന്നപ്പോള്‍ സംസ്ഥാന പൊലീസും ഹൈക്കോടതിയും ഇതിനെ തള്ളിക്കളഞ്ഞതാണ്. ഇപ്പോഴത്തെ ആരോപണത്തെ താങ്കള്‍ എങ്ങനെ കാണുന്നു?
ലൗജിഹാദ് എന്ന ഒരു സംഗതി ഇല്ല എന്നാണ് എന്റെ അഭിപ്രായം. സഭയുടെ അറുപതോളം പിതാക്കന്മാര്‍ കൂടിയ സിനഡ് ആണ് കേരളത്തില്‍ ലൗജിഹാദ് നിലനില്‍ക്കുന്നുവെന്ന പ്രസ്താവനയിറക്കിയത്. ഞാനവരെ കുറ്റംപറയാന്‍ മുതിരുന്നില്ല. ലൗജിഹാദ് ഉണ്ടെന്നു വെച്ചാല്‍ തന്നെ ഇത്തരത്തിലൊരു ഗൗരവമുള്ള വിഷയം ആരോപിക്കുമ്പോള്‍ സ്വീകരിക്കേണ്ട ജാഗ്രത ഇവരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് എന്റെ വിമര്‍ശനം. നൂറ്റാണ്ടുകളായി പുലര്‍ത്തിവരുന്ന ക്രൈസ്തവ- മുസ്്‌ലിം- ഹൈന്ദവ പാരസ്പര്യത്തിനും സൗഹാര്‍ദത്തിനും വിഘ്‌നം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കരുത്. സമൂഹത്തിലെ ബഹുസ്വരത കാത്തുസൂക്ഷിക്കാനും ഇതര മതസ്ഥരുമായുള്ള ആദരവ് നിലനിര്‍ത്തുന്നതിനും ഇത്തരം ആരോപണങ്ങള്‍ തടസ്സമാകുന്നുണ്ടോ എന്ന് ഇത് ഉന്നയിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

2009-ല്‍ ഉയര്‍ന്ന ലൗജിഹാദ് ആരോപണം അന്നത്തെ കേരള ഡി ജി പി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് അന്വേഷിച്ചത്. സംസ്ഥാനത്ത് ലൗജിഹാദ് എന്ന ഒരു സംഗതി ഇല്ല എന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. അതിന്റെ അര്‍ഥം മുസ്്‌ലിം യുവാക്കളും ക്രൈസ്തവ പെണ്‍കുട്ടികളും പ്രണയിക്കുന്നില്ല എന്നല്ല. അങ്ങനെയൊരു പരിപാടി നടത്തുന്ന വ്യവസ്ഥാപിതമായ സ്ഥാപനമോ സംഘടനയോ വ്യവസ്ഥിതിയോ നിലനില്‍ക്കുന്നില്ല എന്നാണ് അന്വേഷണ ശേഷം അദ്ദേഹം പറഞ്ഞത്. 2010-ല്‍ കര്‍ണാടകയിലും 2014-ല്‍ യു പിയിലും ലൗജിഹാദ് ആരോപണങ്ങള്‍ ഉയരുകയും ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി അതിനെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.
2017-ല്‍ പ്രമാദമായ അഖില അഥവാ ഹാദിയ കേസിലും ലൗജിഹാദ് ചര്‍ച്ചയായിരുന്നു. ഹാദിയയുടെ മതംമാറ്റവും വിവാഹവും റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ലൗജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ധ്വനിയുണ്ടായി. ഈ കേസ് പിന്നീട് സുപ്രീം കോടതിയിലെത്തി. ഭീകരവിരുദ്ധ അന്വേഷണ സംഘമായ എന്‍ ഐ എയാണ് പിന്നീട് കേസിന്റെ തുടരന്വേഷണം നടത്തിയത്. എന്നാല്‍ അവിടെയും ലൗജിഹാദ് എന്ന ഒരു പരിപാടി നിലനില്‍ക്കുന്നില്ലെന്ന് തന്നെയാണ് കണ്ടെത്തിയത്.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ജാഗ്രത പാലിച്ചുവോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഹെന്റി ലുവാക്ക് എന്ന വൈദ്യശാസ്ത്രജ്ഞന്‍ പറഞ്ഞ ഒരു കാര്യമുണ്ട്: മെത്രാന്‍ സമിതികള്‍ നിര്‍വ്യക്തികമായി ബ്യൂറോക്രസിയാകാന്‍ സാധ്യതയുണ്ടെന്ന്. അതുപോലെ ബ്യൂറോക്രാറ്റിക് തീരുമാനം പോലെയായോ ഇതെന്ന ശങ്ക എനിക്കുണ്ട്. ലൗജിഹാദ് സംബന്ധിച്ചോ മറ്റു വിഷയങ്ങളിലോ ക്രൈസ്തവ സഭക്ക് ആശങ്കയോ പരാതിയോ അരക്ഷിതാവസ്ഥയോ ഉണ്ടെങ്കില്‍ അത് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ അങ്ങനെ പറയുമ്പോള്‍ മറ്റുള്ളവരുടെ സ്വത്വം കൂടി പരിഗണിക്കണം. ഇടത്തും വലത്തും തെക്കും വടക്കുമൊക്കെ താമസിക്കുന്ന അയല്‍ക്കാരനെ വ്രണപ്പെടുത്തുന്ന രീതിയിലാകരുത്.

മുസ്‌ലിംകള്‍ക്കിടയിലും തീവ്രവാദികളുണ്ടാവും. അത് അവരും സമ്മതിക്കുന്നതാണ്. അങ്ങനെയുള്ളവര്‍ വല്ല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുവെങ്കില്‍ സൗഹൃദമായ ഭാഷയിലായിരിക്കണം പറയേണ്ടത്. സമാധാനപരമായി അവരെ ബോധ്യപ്പെടുത്തുന്ന നിലക്കായിരിക്കണം പ്രതികരണം. ക്രൈസ്തവ സഭയും സമൂഹവും ഇതുവരെ പുലര്‍ത്തിപ്പോന്നതും ഭാവിയില്‍ പുലര്‍ത്തേണ്ടതുമായ പരസ്പര ആദരവിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും ഘടന നിലനിര്‍ത്താനുള്ള സമീപനം ഉണ്ടായില്ല എന്നതാണ് എന്റെ വിമര്‍ശനം.

നേരത്തെ ലൗജിഹാദ് ആരോപണമുയര്‍ത്തിയത് സംഘപരിവാര്‍ സംഘടനകളാണ്. യഥാര്‍ഥത്തില്‍ സഭ ഇത് ഏറ്റെടുക്കുകയും ആവര്‍ത്തിക്കുകയുമല്ലേ ചെയ്യുന്നത്.
ഇങ്ങനെയൊരു വ്യാഖ്യാനത്തിന് സാധ്യത നല്‍കുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം. ന്യൂനപക്ഷങ്ങളായ മുസ്്‌ലിംകള്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. പൗരത്വത്തിന്റെ പേരിലുള്ള ഭീതിയിലാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏത് അഭയാര്‍ഥിയെയും സ്വീകരിക്കാം. ആതിഥ്യം കാണിക്കുന്നത് മഹത്തായ കാര്യമാണ്. എന്നാല്‍ ഇതില്‍ മതം അടിസ്ഥാനമാക്കാന്‍ പാടില്ല. മുസ്്‌ലിംകളെ മാത്രം ഒഴിവാക്കാനുള്ള കാരണം മതമാണ്. ഈ രീതി നമ്മുടെ ഭരണഘടനക്കോ സംസ്‌കാരത്തിനോ ചേര്‍ന്നതല്ല.
പൗരത്വം നല്‍കുന്നതിന് മതം അടിസ്ഥാനമാക്കരുതെന്ന് സിനഡ് പോലും പറഞ്ഞിട്ടുള്ളതാണ്. കേരളത്തിലെയും ഇന്ത്യയിലെയും മെത്രാന്മാരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമസാധുതയില്ലാത്ത ഈ നീക്കത്തെ സഭ ശക്തമായി എതിര്‍ത്തിട്ടുണ്ട്. എന്നിട്ടു പോലും സഭ ഹിന്ദുത്വ സംഘടനകളുമായും ആര്‍ എസ് എസ്സുമായും കൂട്ടുകൂടുന്നു എന്നു ആരോപിക്കപ്പെടുന്നത് സങ്കടകരമാണ്. ഇത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ സഭ ആഗ്രഹിക്കുന്നില്ല. സിനഡ് ഇത് കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, ലൗജിഹാദ് വിവാദം അത്തരമൊരു ആരോപണത്തിന് വഴിവെച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണല്ലോ. സമരമുഖത്തുള്ളവരെല്ലാം ജാതിമത ഭേദമന്യെ എല്ലാവരും സമര രംഗത്തിറങ്ങണമെന്നു പറയുന്നു. ഇത്തരമരു രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ലൗ ജിഹാദ് ആരോപണം വരുന്നത്. ഇത് നമ്മുടെ ഒത്തൊരുമയെ ബാധിക്കുന്നതല്ലേ.
തീര്‍ച്ചയായും. ഇപ്പോള്‍ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് രാഷ്ട്രം കടന്നുപോകുന്നത്. ഇപ്പോഴത്തെ കേന്ദ്രഭരണം നടത്തുന്നവര്‍ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണെന്ന ആരോപണം ശക്തമാണ്. രാജ്യത്തിനകത്തു നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഈ ആരോപണമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു മതത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് നിയമനിര്‍മാണം നടത്തുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇത്തരം ഘട്ടത്തില്‍ പ്രതിരോധത്തിലാകുന്ന മതത്തിന്റെ ആളുകള്‍ക്കൊപ്പം നില്‍ക്കുക എന്നത് ഏവരുടെയും ഉത്തരവാദിത്വമാണ്. ജാതിയും മതവും നോക്കിയല്ല, ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്്‌ലിംകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യമുണ്ടാവണം. വേര്‍തിരിവുകള്‍ ഉണ്ടാക്കാതിരിക്കാനും മതിലുകള്‍ ഇല്ലായ്മ ചെയ്യാനും ശ്രമിക്കണം. സഹവര്‍ത്തിത്വത്തിന്റെ വലിയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സഭക്ക് ഇതിനു കഴിയും.

എല്ലാ മതസ്ഥരും ഇതര മതസ്ഥരെ വിവാഹം കഴിക്കുന്നുണ്ട്. ഹിന്ദുക്കൡ നിന്നും മുസ്്‌ലിംകളും മുസ്്‌ലിംകളില്‍ നിന്ന് ക്രിസ്ത്യാനിയുമെല്ലാം. ഇതിനെ വിശാലമായ കാഴ്ചപ്പാടില്‍ കാണുകയല്ലേ വേണ്ടത്?
ക്രിസ്ത്യാനികള്‍ക്കും മുസ്്്‌ലിംകള്‍ക്കും ഹൈന്ദവര്‍ക്കും അവരുടെ വിശ്വാസം ഗൗരവമുള്ളതാണ്. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും തങ്ങളുടെ വിശ്വാസമനുസരിച്ചായിരിക്കണം വിവാഹമെന്നത് അവരുടെ താല്‍പര്യമാണ്. ഇതില്‍ സഭ ശാഠ്യം പിടിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. സഭ അത് പറയേണ്ടതു തന്നെയാണ്. ഇത് പറയുമ്പോള്‍ മറ്റു മതസ്ഥരെ അനാദരിക്കുന്ന സാഹചര്യമുണ്ടാവരുത്. മറ്റു മതസ്ഥര്‍ക്ക് അനിഷ്ടമുണ്ടാക്കുകയുമരുത്. ഇതര വിഭാഗങ്ങളില്‍ നിന്ന് സാമൂഹ്യമായി നമുക്ക് ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അത്് സൗഹൃദമായി പറയാനും സൗമ്യമായി ചര്‍ച്ചനടത്താനും ശ്രമിക്കണം. ആരോടും വൈരമോ എതിര്‍പ്പോ ഇല്ലാതെ സൗഹൃദാന്തരീക്ഷത്തില്‍ ചര്‍ച്ച നടത്താനുള്ള ഒരു സാംസ്‌കാരിക മഹത്വം സഭ എന്നും കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതിനെ കളങ്കപ്പെടുത്തുന്ന നീക്കങ്ങളോടാണ് നമ്മള്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.
ഇപ്പോഴത്തെ ലൗ ജിഹാദ് ആരോപണം മതവിദ്വേഷത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ടോ?
ഇല്ല. അത്തരം ആശങ്കകള്‍ക്കു വകയില്ല. ഇവിടത്തെ ഹൈന്ദവ വിശ്വാസികളുമായും മുസ്്‌ലിംകളുമായുമെല്ലാം നല്ല ബന്ധമാണ് സഭക്കുള്ളത്. അതിനൊരു പ്രതിസന്ധിയുണ്ടാക്കാന്‍ ഇപ്പോഴത്തെ വിവാദം വഴിവെക്കില്ലെന്നാണ് എന്റെ വിശ്വാസം.

ലൗ ജിഹാദ് ആരോപണ പശ്ചാത്തലത്തില്‍ സത്യദീപത്തില്‍ എഡിറ്റോറിയല്‍ എഴുതാനുണ്ടായ സാഹചര്യം?
ആ വരികള്‍ എന്റേതല്ല. മുണ്ടാടന്‍ അച്ചനാണ് അതെഴുതിയത്. വളരെ ഉത്തരവാദിത്വമുള്ള പദവികള്‍ വഹിക്കുന്നയാണ് ഈ അച്ചന്‍. ഈ വിവാദത്തിലെ പുമകറ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു ലേഖനത്തിന്റെ ഉദ്ദേശ്യം. ഇത് വലിയ പ്രതിഷേധമോ എതിര്‍പ്പോ ആയിട്ട് കാണേണ്ടതില്ല. സിനഡ് എടുത്ത തീരുമാനത്തിലെ പുകമറ ചൂണ്ടിക്കാണിച്ചുവെന്നു മാത്രം. മെത്രാനല്ലാത്ത ഒരാള്‍ ചൂണ്ടിക്കാണിച്ചതു കൊണ്ട് അതില്‍ സഭ വിഷമിക്കേണ്ടതുമില്ല. ക്രൈസ്തവര്‍ എല്ലാവരും അങ്ങനെ ചിന്തിക്കുന്നവരല്ല എന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കാന്‍ ഈ എഡിറ്റോറിയലിനു സാധിച്ചു. പൊതുസമൂഹം ക്രൈസ്തവരെ തെറ്റിദ്ധരിക്കാന്‍ ഇടയാവരുത് എന്ന നല്ല ഉദ്ദേശ്യത്തോടെയാണ് ഈ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
ലൗ ജിഹാദ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് താങ്കള്‍ പറഞ്ഞുവല്ലോ. ഈ ആരോപണത്തെ ഇനി എങ്ങനെ തിരുത്താനാവും?
ഇതിന്റെ രണ്ടുവശവും നാം പറഞ്ഞു. ഇത് സമൂഹത്തില്‍ വലിയ സ്വാധീനമോ പ്രതിസന്ധിയോ ഉണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ക്രൈസ്തവര്‍ ഉണ്ടാക്കില്ല. മുസ്്‌ലിംകളും ഉണ്ടാക്കാന്‍ വഴിയില്ല. സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം നമുക്കുണ്ട്. ഈ ചുറ്റുപാട് സര്‍ഗാത്മകമായി തുടരുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
സംഘപരിവാര്‍ നേരത്തെ ഏറ്റെടുത്ത ഒരു ആരോപണം സഭയുടെ വേദിയില്‍ ഉന്നയിക്കപ്പെടുന്നു. സഭയുടെ ഭാഗമായ ഒരു വൈദികന്‍ സംഘപരിവാര്‍ പത്രത്തില്‍ ലേഖനമെഴുതുന്നു. കര്‍ദിനാള്‍ ആലഞ്ചേരി തന്നെ ബി ജെ പി വേദിയില്‍ അവരുടെ ലഘുലേഖ പ്രകാശനം ചെയ്യുന്നു – ഇതൊക്കെ മുന്‍നിര്‍ത്തി സംഘപരിവാറുമായി സഭ അടുക്കുന്നു എന്ന് ചില കോണുകളില്‍ നിന്ന് ആരോപണമുയരുന്നുണ്ട്.
ഒരു പാര്‍ട്ടിയും തൊട്ടുകൂടാത്തതാണ് എന്ന നിലപാട് എനിക്കില്ല. പക്ഷേ, പാര്‍ട്ടികള്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രങ്ങളെ ഗൗരവത്തോടെ വീക്ഷിക്കുകയും അതില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത കാര്യങ്ങളോട് വിയോജിക്കുകയും ചെയ്യും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായും ഹിന്ദുത്വ പ്രത്യയശാസ്ത്രം പുലര്‍ത്തുന്ന പാര്‍ട്ടികളുമായും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ആര്‍ എസ് എസ് ഉയര്‍ത്തുന്ന മൗലികവാദ കഴ്ചപ്പാടുകളോട് ക്രൈസ്തവ സഭക്ക് ഒരുക്കലും പൊരുത്തപ്പെടാനാവില്ല. അതേസമയം ഹൈന്ദവ വിശ്വാസികളുമായും ബി ജെ പി പാര്‍ട്ടിയിലുള്ളവരുമായും നല്ല ബന്ധം പുലര്‍ത്തുക എന്നത് സഭയുടെ ഉത്തരവാദിത്വമാണ്. ആരുമായും എതിര്‍പ്പ് ഉണ്ടാക്കേണ്ട ആവശ്യമില്ല. വൈരാഗ്യമോ വൈരമോ ഉണ്ടാക്കേണ്ടതില്ല. മാര്‍ക്‌സിസ്റ്റ്, ആര്‍ എസ് എസ് പ്രവര്‍ത്തകരുമായി നല്ല ബന്ധം ഉണ്ടാക്കുന്നതിലും സൗഹൃദം പുലര്‍ത്തുന്നതിലും തെറ്റായിട്ടൊന്നും കാണുന്നില്ല.
എന്നാല്‍ കര്‍ദിനാള്‍ ആലഞ്ചേരി പിതാവ് ബി ജെ പി വേദിയില്‍ അവരുടെ ലഘുലേഖ പ്രകാശനം ചെയ്തത് പലരിലും തെറ്റിദ്ധാരണക്ക് ഇടയാക്കിയിട്ടുണ്ട്. സി എ എ ഭേദഗതി സംബന്ധിച്ച് സിനഡില്‍ ചര്‍ച്ച വന്നപ്പോള്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ രീതിയില്‍ സംസാരിച്ചതും ഇതേ ആലഞ്ചേരി പിതാവ് തന്നെയായിരുന്നു.

ഭൂമി വില്‍പന വിവാദമുണ്ടാക്കിയ കേസ്, ആദായനികുതി വകുപ്പിന്റെ നടപടി, വിദേശ പണം സംബന്ധിച്ച അന്വേഷണം തുടങ്ങി വിവാദങ്ങളുണ്ടായ വിഷയങ്ങളെ ചെറുക്കാന്‍ സഭ അധികാരത്തിലിരിക്കുന്ന ബി ജെ പിയുമായി കൂട്ടുകൂടുകയാണെന്ന് വിമര്‍ശനമുണ്ട്.
അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. മേല്‍ വിഷയങ്ങളില്‍ നടക്കുന്ന ഇടപാട് സംബന്ധിച്ചൊന്നും എനിക്ക് അറിവില്ല. എന്തെങ്കിലും പ്രത്യേക താല്‍പര്യങ്ങളുടെ പേരില്‍ സഭ ഇത്തരം കക്ഷികളുമായി കൂട്ടുകൂടുമെന്ന് അഭിപ്രായമില്ല. കൂടുതല്‍ വിവരമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.

പൗരത്വ നിയമഭേദഗതി, എന്‍ ആര്‍ സി വിഷയങ്ങളിലെ നിലപാട്?
ഇതു സംബന്ധിച്ച എന്റെ നിലപാട് വ്യക്തമാക്കുന്ന ഒന്നിലധികം ലേഖനങ്ങള്‍ മംഗളം ദിനപത്രത്തില്‍ ഞാനെഴുതിയിട്ടുണ്ട്. മതത്തിന്റെ പേരില്‍ വിഭാഗീയത ഉണ്ടാക്കരുത്. ആരെയും അകറ്റി നിര്‍ത്തരുത്. അഭയാര്‍ഥികളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാതെ സ്വീകരിക്കാന്‍ മഹത്തായ പൈതൃകവും പാരമ്പര്യവും സംസ്‌കാരവുമുള്ള നമ്മുടെ രാജ്യത്തിന് കഴിയും. കഴിയണം. അതിഥി ദേവോ പ്രഭ എന്നു പറയുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. മതമോ ജാതിയോ ഗോത്രമോ നിറമോ നോക്കിയല്ല അതിഥികളെ സ്വീകരിക്കേണ്ടത്. ഒന്നാംതരം പൗരന്മാരെയും രണ്ടാം തരം പൗരന്മാരെയും സൃഷ്ടിക്കുന്നത് ഒരു രാഷ്ട്രത്തിന് അപമാനമാണ്.

പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ സഭ എന്ത് നിലപാട് സ്വീകരിക്കും?
ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളില്‍ സഭയുടെ പ്രതിനിധികളും അച്ഛന്മാരും പങ്കെടുക്കുന്നുണ്ട്. ഞാന്‍ തന്നെ പങ്കെടുത്തിട്ടുണ്ട്. അതിനു സഭ പ്രത്യേകമായി ആഹ്വാനം ചെയ്യേണ്ട കാര്യമില്ല. സി എ എ ഭേദഗതിക്കെതിരെ ഇന്ത്യയിലെ പ്രമുഖരായ എല്ലാ മെത്രാന്മാരും നിലപാടെടുത്തിട്ടുണ്ട്. അതിനെക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട.

എന്‍ ആര്‍ സി ഓരോ ഇന്ത്യന്‍ പൗരനെയും ബാധിക്കുന്നതാണ്. പൗരത്വം തെളിയിക്കല്‍ ഓരോരുത്തരുടെയും ബാധ്യതയായി മാറും. ഇത്തരത്തില്‍ ഭരണകൂടം നടപടി സ്്വീകരിക്കുമ്പോള്‍ നാം ഏതു രീതിയില്‍ ചെറുക്കണം.
ജനാധിപത്യമാണ് ഈ രാജ്യത്തെ നയിക്കുന്നത്. ജനങ്ങളാണ് ഭരണകൂടത്തെ നിശ്ചയിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഭരണകൂടം ബാധ്യസ്ഥരാണ്. പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണം. അതിനായി ജനങ്ങള്‍ മുറവിളി കൂട്ടുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ ഭരണകൂടത്തിനാവില്ല.
ഭാരതത്തിലെ വലിയ രണ്ടു മഹത്തുക്കളാണ് കാളിദാസനും രാമായണമെഴുതിയ വാല്‍മീകിയും. വാല്‍മീകിയെ കുറിച്ച് കാളിദാസന്‍ പറഞ്ഞത് കരച്ചിലിന്റെ പിന്നാലെ പോകുന്നവനാണ് കവി എന്നാണ്. കരച്ചിലാണ് ഇപ്പോള്‍ നാട്ടിലെങ്ങും കേള്‍ക്കുന്നത്. മുസ്്്‌ലിംകളുടെ വിലാപം അവരുടേത് മാത്രമല്ല, മാനവരുടേത് മുഴുവനുമാണ്. അവര്‍ക്കു വേണ്ടി വിലപിക്കാന്‍ കടപ്പെട്ടവരാണ് നാം. ഇന്ന് ഞാന്‍ നാളെ നീ എന്നാണ് തത്വം. ഇന്ന് മുസ്്്‌ലിംകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുമ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x