കേരളത്തെ മാറോടു ചേര്‍ത്ത ശൈഖ് അന്‍സാരി- സി ടി അബ്ദുര്‍റഹീം
കോഴിക്കോട് ദയാപുരം വിദ്യാഭ്യാസ സമുച്ചയത്തിന്റെ മുഖ്യശില്‍പിയായ ലേഖകന്‍ ഖത്തറിലെ മുന്‍ മതകാര്യവകുപ്പ് മേധാവിയും പണ്ഡിതനുമായ ശൈഖ് അബ്ദുല്ലാ ഇബ്‌റാഹീം അല്‍ അന്‍സാരിയെ അനുസ്മരിക്കുന്നു
ദോഹ റിലീജിയസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ മുന്‍ അധ്യാപകനായിരുന്നു ശൈഖ് അന്‍സാരി. അതിനാല്‍ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ ഇരുന്നു പഠിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്തുനിന്നുള്ള പണ്ഡിതന്മാര്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ ദോഹയിലെ പണ്ഡിതന്മാര്‍ പലരും വിമാനത്താവളത്തില്‍ ചെല്ലുന്ന ഒരു രീതി അന്നുണ്ടായിരുന്നു. അതുകൊണ്ട് അത്തരം സമയങ്ങളില്‍ അദ്ദേഹത്തെ കണ്ടിരുന്നു.
ഞാന്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍വഹിക്കാനായി പോയപ്പോള്‍ പലപ്പോഴും ശൈഖ് അന്‍സാരിയുടെ ഖുതുബ കേട്ടിട്ടുമുണ്ട്. തലയില്‍ അറബികളുടെ കെട്ട്, തേജസ്സുള്ള മുഖം, ആത്മാര്‍ഥതയുള്ള വാക്കുകള്‍. ആ രൂപവും ഭാവവും ആളുകളെ അടുപ്പിക്കാന്‍ പോന്നതായിരുന്നു. ദൂരത്തുനിന്നുള്ള കാഴ്ചയായിരുന്നു ഇത് രണ്ടും. എങ്കിലും ഖത്തറിലെ മതകാര്യവകുപ്പ് മേധാവി, മഹാപണ്ഡിതനായ വാഗ്മി, ഭരണതലത്തിലും സമൂഹത്തിലും അംഗീകരിക്കപ്പെട്ട മുതിര്‍ന്ന തലമുറയിലെ വ്യക്തിത്വം, അറിയപ്പെടുന്ന പരോപകാരി എന്നൊക്കെ ശൈഖിനെപ്പറ്റി കേട്ടിരുന്നു.
1974-ല്‍ ദോഹയിലെ റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം കഴിഞ്ഞ് ഖത്തര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ സാര്‍ജന്റായി ജോലി ചെയ്യുന്ന കാലം. ഒരുവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അപ്പോഴാണ് ശൈഖ് അന്‍സാരി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സക്ക് പോവുന്നുണ്ടെന്നും അദ്ദേഹത്തോടൊപ്പം പരിഭാഷകനെന്ന നിലക്ക് ഞാന്‍ പോവണമെന്നുമുള്ള നിര്‍ദ്ദേശം ഉണ്ടാവുന്നത്. നാട്ടിലെത്തിയിട്ടും വീട്ടില്‍ പോവാന്‍ കഴിയാതെ വരുന്ന അവസ്ഥ, ശൈഖിന്റെ എന്നോടുള്ള പെരുമാറ്റം എങ്ങനെയാവും എന്ന ആശങ്ക, ഇതൊക്കെ കൊണ്ട് വളരെ ശങ്കിച്ചാണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്.
യാത്രയ്ക്ക് മുമ്പ് ശൈഖിനെ കാണാനായി സന്ധ്യാ സമയത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. വളരെ ലളിതമായ പഴയ വീട്. അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്‍ അസീസ് റിലീജിയസ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ എന്റെ ജൂനിയര്‍ ആയിരുന്നു. അസീസും മജ്‌ലിസിലേക്ക് കൂടെ വന്നു. ആരോടോ സംസാരിച്ചിരിക്കുകയായിരുന്നു ശൈഖ്. തികച്ചും അപരിചിതരും യുവാക്കളുമായ ഞങ്ങള്‍ അടുത്തേക്ക് ചെന്നപ്പോള്‍ അദ്ദേഹം ഇരിക്കുന്നിടത്തു നിന്നെണീറ്റു, കൈ തന്നു.

ആ വിനയം എന്നെ വല്ലാതെ ആകര്‍ഷിച്ചു. കേരളത്തിലേക്ക് കൂടെ വരുന്ന ആളാണെന്നു പറഞ്ഞു അസീസ് എന്നെ പരിചയപ്പെടുത്തി. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന് പറയുക മാത്രമല്ല, ഒന്നിച്ചിരുത്തി ആഹാരം കഴിപ്പിക്കുകയും ചെയ്തു അദ്ദേഹം. അതോടെത്തന്നെ എന്റെ ആശങ്കകള്‍ അകന്ന് തുടങ്ങി.
1975 ഫെബ്രുവരി 6 നാണ് മൂത്ത മകന്‍ മുഹമ്മദ് അന്‍സാരിയും കൊച്ചുമകള്‍ മുനീറയും ഞാനും ശൈഖുമൊന്നിച്ചു കോട്ടക്കലേക്ക് പുറപ്പെട്ടതു. കൊച്ചിക്ക് മുകളില്‍ വിമാനം വട്ടമിട്ടു താഴ്ന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പടര്‍ന്നൊഴുകുന്ന പച്ചപ്പ് നോക്കി ശൈഖ് പറഞ്ഞു: ‘ആദം നബി സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ഒരു പിടി മണ്ണുവാരി കയ്യില്‍ പിടിച്ചിരുന്നു. ആ മണ്ണ് വീണ സ്ഥലമാണ് കേരളം’. പിന്നീട് പലപ്പോഴും ‘കേരള’ എന്നല്ല, ‘ഖൈറുള്ളാ’ (ദൈവാനുഗ്രഹം കിട്ടിയ നാട്) എന്നതാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്.
ഓടിട്ട പഴയ രണ്ടു കെട്ടിടങ്ങള്‍ മാത്രമായിരുന്നു അന്ന് ആര്യവൈദ്യശാല. പരിമിതമായ സൗകര്യം. പുതുമയുടെ ലക്ഷണമൊന്നുമില്ല. പഴമയുടെ മണമുള്ള നാട്ടുവൈദ്യശാല. ഒട്ടകപ്പുറത്തും മണലാരണ്യത്തിലും വളര്‍ന്ന തനിക്കു ഏതു സൗകര്യവും മതിയെങ്കിലും സൗകര്യങ്ങളുടെ നടുവിലേക്ക് ജനിച്ചു വീണ മകനും കൊച്ചുമകള്‍ക്കും ഈ ലളിതവും അടിസ്ഥാനപരവുമായ സൗകര്യം മതിയാവില്ലെന്നു മനസ്സിലാക്കിയ ശൈഖ് അവരെ നല്ല ഹോട്ടലില്‍ കൊണ്ടാക്കാന്‍ ഏല്പിച്ചു. അതനുസരിച്ചു അവരെ ഞാന്‍ കോഴിക്കോട്ടു മഹാറാണിയില്‍ കൊണ്ടാക്കി. പിന്നെ ശൈഖിനൊപ്പം ഞാന്‍ മാത്രമായി. (മുഹമ്മദും മുനീറയും ഏറെ വൈകാതെ മടങ്ങി).
പി കെ വാര്യരുടെയും പ്രധാന ഡോക്ടര്‍ എസ് വാര്യരുടെയും നേതൃത്വത്തിലുള്ള കൂട്ടായ്മ ശൈഖിനെ അതിഥിയെ പോലെ ആദരപൂര്‍വം സ്വീകരിച്ചു. അവിടെ ആദ്യമായി എത്തിയ വിദേശി തന്നെ അദ്ദേഹമാണെന്നു തോന്നുന്നു. മന്ത്രവിദ്യ കൊണ്ടെന്ന പോലെ മണിക്കൂറുകള്‍ക്കകം എല്ലാവരെയും അദ്ദേഹം തന്നിലേക്ക് ആകര്‍ഷിച്ചു.
ജ്വലിക്കുന്ന മുഖപ്രസാദം, സ്‌നേഹ വാത്സല്യവും നര്‍മവും തുളുമ്പുന്ന സംസാരമാധുരി, നിഷ്‌കളങ്കമായ നിറപുഞ്ചിരി, പാകത്തില്‍ വെട്ടിനിര്‍ത്തിയ നര കയറിത്തുടങ്ങിയ താടി, തിളങ്ങുന്ന കണ്ണുകള്‍, ഈ ആകാര ഭംഗിക്കൊത്ത സൗമ്യവും കരുണാര്‍ദ്രവുമായ പെരുമാറ്റം; അതായിരുന്നു ശൈഖ് അന്‍സാരി. വിശുദ്ധ ഖുര്‍ആന്റെ സംഗീതാത്മക സൗന്ദര്യത്തിലും ഭക്തിയുടെ നിര്‍മലവിശുദ്ധിയിലും പാണ്ഡിത്യത്തിന്റെ പ്രൗഢഭാവത്തിലും ബാലസഹജമായ നിഷ്‌കളങ്കതയിലും വാര്‍ന്നുവീണ വ്യക്തിത്വം.
ചികിത്സാസമയം കഴിഞ്ഞാല്‍ ആശുപത്രി വരാന്തയിലെ ചാരുകസേരയില്‍കിടന്ന് നിരന്തരം ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിയും ഓര്‍മ്മയില്‍ സൂക്ഷിച്ച നൂറുകണക്കില്‍ കവിതകള്‍ ഓര്‍ത്തുചൊല്ലിയും ദൈവകീര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ടും കൊച്ചു കളികളിലേര്‍പ്പെട്ടും അദ്ദേഹം സമയം പോക്കി. ചികിത്സയുടെ ഭാഗമായി പകലുറക്കം നിരോധിക്കപ്പെട്ടിരുന്നു. രാത്രിയുടെ നല്ലൊരുഭാഗം പ്രാര്‍ത്ഥനയില്‍ മുഴുകി. ആശുപത്രി ജീവിതത്തിന്റെ പരിമിതികളുമായി പരാതിയൊന്നുമില്ലാതെ അദ്ദേഹം ഇണങ്ങാന്‍ ശ്രമിച്ചു.

പി കെ. വാര്യരും എസ് വാര്യരും ശൈഖിന്റെ മുറിയില്‍ വന്ന് ദീര്‍ഘമായി സംസാരിക്കുകയും പലവിഷയങ്ങളും ചര്‍ച്ച ചെയ്യുകയും പതിവായി. മൂവരും ഒരുമിച്ചിരിക്കുന്നതും മന്ദസ്മിതം തൂകിക്കൊണ്ട് ശബ്ദം താഴ്ത്തി സംസാരിക്കുന്നതും ഞാന്‍ നോക്കി നിന്നു. രണ്ടു പ്രദേശങ്ങളെയും രണ്ടു സംസ്‌കൃതികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭക്തിയുടെ അന്തര്‍ധാര ആ സംസാരത്തെ ധന്യമാക്കുന്നതായി എനിക്കു തോന്നിയിരുന്നു.
എന്നോടുള്ള പെരുമാറ്റത്തിലൂടെ ശൈഖില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ഗുണം, സാധാരണ മതപണ്ഡിതന്മാരെപ്പോലെ ഒരിക്കലും ആളുകളെ ഉപദേശിക്കില്ല എന്നതാണ്. ആകെ ചെയ്യുന്നത് സുബ്ഹി (പുലര്‍ച്ചെയുള്ള നമസ്‌കാരം)ക്കു മാത്രം വിളിക്കും. അതല്ലാതെ, അത് ചെയ്യരുത്, ഇത് ചെയ്യാം എന്ന് പറഞ്ഞു പിന്നാലെക്കൂടുന്ന രീതി ഒട്ടും ഉണ്ടായിരുന്നില്ല. ആരെയും ഒരിക്കലും കുറ്റം പറയില്ല. ദ്രോഹിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നവരെപ്പറ്റിയും ഏറ്റവും കൂടിയാല്‍ പറയുക ‘ദൈവം അവനെ നേര്‍വഴിയിലാക്കട്ടെ’ എന്ന് മാത്രമാണ്.
വിയോജിപ്പുള്ള ആരോടും, വ്യക്തികളോടും സംഘടനകളോടും ഇതു തന്നെയായിരുന്നു നിലപാട്. തന്റെ കീഴിലുള്ള സ്റ്റാഫിനെ സഹപ്രവര്‍ത്തകരായി മാത്രം അദ്ദേഹം കണ്ടു. അവരോടൊക്കെ എനിക്ക് നല്ല പരിചയമുണ്ടായിരുന്നു. ആരെയും കൊള്ളരുതാത്തവരായി അദ്ദേഹം കണ്ടിരുന്നില്ല. അവര്‍ക്ക് ആദരണീയനായ പിതാവായിരുന്നു അദ്ദേഹം. ആരെപ്പറ്റിയും ദുഷിച്ച ഒരു വാക്കു പോലും പറയുന്നത് എന്റെ പതിനഞ്ചു വര്‍ഷത്തെ നിരന്തര സമ്പര്‍ക്കത്തില്‍ ഒരിക്കലും കേട്ടിട്ടില്ല. അത്തരം സൗമ്യതയും ഉദാരതയും അദ്ദേഹത്തിന്റെ വലിയ ഗുണങ്ങളായിരുന്നു.
ആശുപത്രിയിലെ താമസത്തിനിടയില്‍ എന്നും ഓര്‍ക്കാവുന്ന പല അനുഭവങ്ങളും ഉണ്ടായി. ഒരു ദിവസം പ്രഭാത നമസ്‌കാരം കഴിഞ്ഞയുടനെ വാതില്‍ക്കല്‍ മദ്ധ്യവയസ്‌കയായ ഒരു ക്രൈസ്തവ സ്ത്രീ നില്‍ക്കുന്നു. ഞാന്‍ കാര്യം തിരക്കി. അവര്‍ പറഞ്ഞു: ‘ഇന്നലെരാത്രി ഞാന്‍ അങ്ങേരെ സ്വപ്‌നം കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കൈ മുത്തണമെന്നുണ്ട്’. ഞാനൊന്നു പകച്ചു. സംസാരം കേട്ട് ശൈഖ് തിരിഞ്ഞിരുന്നു. എന്റെ പരിഭ്രമം കണ്ട് കാര്യമെന്താണെന്ന് അദ്ദേഹം തിരക്കി. ചെറുചിരിയോടെ ആ സ്ത്രീയുടെ ആഗ്രഹം ഞാന്‍ കേള്‍പ്പിച്ചു. ഒരന്യസ്ത്രീ തന്റെ കൈ ചുംബിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു! അതും മതപണ്ഡിതനായ ശൈഖിനോട്. എന്തായിരിക്കും അദ്ദേഹം പറയുക? സമ്മതിക്കുമോ? സമ്മതിക്കാനിടയില്ല. ഞാന്‍ ഊഹിച്ചു. എന്നാല്‍ ഒട്ടും താമസിക്കാതെ അദ്ദേഹം പറഞ്ഞു: അതിനെന്താണ്? വൈമനസ്യം ഒട്ടുമില്ലാതെ നേരിയ ശിരോവസ്ത്രം കൈപ്പടത്തില്‍ ചുറ്റി ആ സഹോദരിയുടെ നേരെ നീട്ടി. അവര്‍ ആ കൈ ചുംബിച്ചു! സന്തോഷത്തോടെ തന്റെ മുറിയിലേക്ക് നടന്നു പോയി. ആരെയും വേദനിപ്പിക്കാതെ പ്രായോഗികമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ശൈഖിന്റെ രീതിയാണ് അവിടെ കണ്ടത്.
ഒരു ദിവസം അദ്ദേഹമെന്നോട് പറഞ്ഞു: ‘മുമ്പ് ഒരു ക്ഷാമകാലത്തു നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ ഖത്തറിന് ഭക്ഷണ സാധനങ്ങള്‍ അയച്ചു തന്നിട്ടുണ്ട്. ഇപ്പോള്‍ പണമുണ്ടാകുമ്പോള്‍ അതോര്‍ക്കേണ്ടതും കഴിയാവുന്ന രീതിയില്‍ ഇന്ത്യക്കാരെ സഹായിക്കേണ്ടതും ഞങ്ങളുടെ കടമയാണ്’. ബോംബെയിലേക്ക് ലോഞ്ചില്‍ വന്നതും കടലില്‍ മുങ്ങി മുത്ത് എടുത്തതുമെല്ലാം അദ്ദേഹം പറഞ്ഞു തന്നു. എത്ര പേരിലുണ്ടാവും ഈ ആലോചന? ആര് ഇതൊക്കെ ഓര്‍ക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യും?
യഥാര്‍ത്ഥ സത്യവിശ്വാസിയുടെ മാതൃക എന്തെന്ന് ശൈഖ് അന്‍സാരി സ്വന്തം ജീവിതത്തിലൂടെ വരച്ചു കാട്ടി; മരുഭൂമിയുടെ കനിവാണ് മതമെന്നും. നിരാലംബരായ പീഡിതരുടെ പക്ഷത്ത് അദ്ദേഹം നിലകൊണ്ടു. ഓഫീസിന്റെയും വീടിന്റെയും കവാടം അവര്‍ക്കു മുമ്പില്‍ തുറന്നിട്ടു. അവരുടെ നിരയില്‍ ഇന്ത്യക്കാര്‍ക്ക് എന്നും വലിയ പരിഗണനയുണ്ടായിരുന്നു. മുമ്പ് ഫറസ് ദഖ് എന്ന അറബികവി, സൈനുല്‍ ആബിദീന്‍ എന്ന മഹാനെക്കുറിച്ച് പാടിയ സ്തുതിഗീതം ശൈഖിനും നന്നായി ചേരുന്നുണ്ട്: ഒരിക്കലും അദ്ദേഹം ഇല്ല എന്ന് പറഞ്ഞില്ല; അല്ലാഹു ഒഴികെ മറ്റാരാധ്യനില്ല എന്ന സത്യ സാക്ഷ്യവചനത്തിലൊഴികെ. ആ വചനമില്ലായിരുന്നെങ്കില്‍ ആ ‘ഇല്ല’യും അതെ എന്നായേനെ.
മതവിശ്വാസം പലര്‍ക്കും ജഡരൂപമാണ്. മനുഷ്യത്വത്തിന്റെ സ്പര്‍ശം ചോര്‍ന്നു പോയ ശുഷ്‌കമായ ആചാരാനുഷ്ഠാനങ്ങളുടെ പുറന്തോട്. പച്ചമനുഷ്യന്റെ മനസ്സിനോടോ ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളോടോ ആര്‍ദ്ര സമീപനം ദൃശ്യമാവാത്ത ഒരുതരം കാര്‍ക്കശ്യം. അത്തരം അനുഷ്ഠാനങ്ങള്‍പുലരുന്ന വ്യക്തിയിലും സമൂഹത്തിലും വിശ്വാസം സ്‌നേഹശൂന്യമായിത്തീരുന്നു. മതം മനുഷ്യനു വേണ്ടി എന്നതിനു പകരം മനുഷ്യന്‍ മതത്തിനു വേണ്ടിയായി രൂപാന്തരപ്പെടുന്നു. വിശ്വാസപരമായ ദുഷിപ്പാണിതെങ്കിലും വിശ്വാസത്തിന്റെയും ഭക്തിയുടെയും സത്യസ്വരൂപമായി അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ആ ജടിലത ഒട്ടും ബാധിക്കാത്ത മനുഷ്യസ്‌നേഹിയായ പണ്ഡിതനായിരുന്നു ശൈഖ് അന്‍സാരി.
80 ദിവസം ശൈഖ് അന്‍സാരി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ താമസിച്ചു. കോഴിക്കോട്ടും മലപ്പുറത്തുമുള്ള പല നേതാക്കളും സംഘടനക്കാരും അദ്ദേഹത്തെ കാണാന്‍ വന്നു. വിശ്രമത്തിന് അവസരം നല്‍കാതെയുള്ള നിരന്തര സന്ദര്‍ശനങ്ങള്‍. പലഭാഗത്തു നിന്നും പലവിധ അപേക്ഷകള്‍; നിവേദനങ്ങള്‍. ഒപ്പം പാവപ്പെട്ടവരുടെ സഹായാവശ്യങ്ങളും. എല്ലാവരോടും ഹൃദയപൂര്‍വ്വം അദ്ദേഹം പെരുമാറി. നിലക്കാത്ത സന്ദര്‍ശക വ്യൂഹം ആശുപത്രി അധികൃതര്‍ക്ക് പ്രശ്‌നമായി. പക്ഷെ നിയന്ത്രിക്കാനായില്ല. അറബികളില്‍ നിന്നുള്ള പ്രമുഖനും ഉദാരമനസ്സുമായ പണ്ഡിതവര്യന്റെ വരവ് ആ കാലത്ത് അവിടെ ആദ്യത്തെ അനുഭവമായിരുന്നു.
സന്ദര്‍ശകരില്‍ അന്യോന്യം ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു ഇ കെ മുഹമ്മദ് സാഹിബ് (എം ഇ എസ്സിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി). വര്‍ഷം തോറും ആര്യവൈദ്യശാലയില്‍ ചികിത്സ തന്റെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ ധനികനായ സാമൂഹ്യ പ്രവര്‍ത്തകന്‍. തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ശൈഖിനെ കാര്യങ്ങള്‍ നന്നായി ധരിപ്പിച്ചു. വീട്ടില്‍ വന്ന വിശിഷ്ടനായ അതിഥിയോട് ആതിഥേയനെന്നപോലെ പെരുമാറി. ശൈഖ് തിരിച്ചു പോയ ശേഷവും അദ്ദേഹം വിവരം അറിയാന്‍ എന്നെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. മറ്റൊരു ഇഷ്ട സന്ദര്‍ശകന്‍ വി അബ്ദുല്ലാ ഉമരിയായിരുന്നു. മരണംവരെ അവര്‍ തമ്മിലുള്ള ബന്ധം ശക്തമായി നില നിന്നു.
കോട്ടക്കലില്‍ ചികിത്സ കഴിഞ്ഞു ശൈഖ് മടങ്ങുന്നതിന്റെ തലേന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഒരു കഥകളി ആര്യവൈദ്യശാല സംഘടിപ്പിച്ചിരുന്നു. കൊച്ചിയില്‍ എയര്‍പോര്‍ട്ടിലേക്ക് ഞങ്ങള്‍ പോയത് ആശുപത്രിയുടെ കാറിലാണ്. അത്രയും സ്‌നേഹബഹുമാനങ്ങളോടെയാണ് കോട്ടക്കല്‍ അദ്ദേഹത്തെ യാത്രയാക്കിയത്. മരണം വരെ കേരളത്തെയും കേരളീയരെയും അദ്ദേഹം അതിയായി സ്‌നേഹിച്ചു. പലപ്രമുഖരെയും ചികിത്സയ്ക്കായി ആര്യവൈദ്യശാലയിലേക്ക് പ്രോത്സാഹിപ്പിച്ചു.
ആര്യവൈദ്യശാല നല്‍കിയ സ്വീകരണം, ചികിത്സയുടെ രീതി, ഹൃദ്യമായ യാത്രയയപ്പ്, ആദരസൂചകമായി ഏര്‍പ്പെടുത്തിയ കഥകളി പ്രദര്‍ശനം എന്നിങ്ങനെ തന്റെ അനുഭവങ്ങള്‍ സന്ദര്‍ശകരോട് അദ്ദേഹം സന്തോഷത്തോടെ അനുസ്മരിച്ചു കൊണ്ടിരുന്നതു ഞാന്‍ പലപാട് കേട്ടിട്ടുണ്ട്. 2016 ലെ ദയാപുരത്തിന്റെ ‘ശൈഖ് അന്‍സാരി അവാര്‍ഡ്’ കോട്ടക്കല്‍ ആര്യവൈദ്യശാലക്കു നല്‍കാനുള്ള തീരുമാനം ദയാപുരത്തിനുവേണ്ടി ശ്രീ. പി കെ വാര്യരെ സദയം അറിയിച്ച് സമ്മതം വാങ്ങിയത് പ്രിയപ്പെട്ട എം ടി വാസുദേവന്‍ നായരാണ്.
ആയിരക്കണക്കിന് രോഗികളെ ശുശ്രൂഷിച്ചിട്ടുള്ള പി കെ വാര്യര്‍ ശൈഖിനെ ഇന്നും ഓര്‍മ്മിക്കുന്നുവെന്ന് എം ടി യോട് പറഞ്ഞുവെന്ന് കേട്ടപ്പോള്‍ ഓര്‍മകളിലെ പാരസ്പര്യത്തെക്കുറിച്ചു ഞാന്‍ ഏറെ സന്തോഷിച്ചു. കോട്ടക്കല്‍ ഒരിക്കല്‍കൂടി ആയുര്‍വേദാശുപത്രിയെന്ന മഹാസ്ഥാപനത്തില്‍ ആ പുരസ്‌കാര നിര്‍വഹണത്തിനായി എനിക്ക് എത്താന്‍ പറ്റിയതും കാലം ഒരുക്കിവെച്ച മഹാസൗഭാഗ്യം!
പിന്നീട് ദയാപുരത്തിന്റെ സ്ഥാപനത്തിലൂടെ കേരളവുമായുള്ള ബന്ധം ശൈഖ് മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. മുഖദ്ദിമ: എന്ന, സോഷ്യോളജിയിലെത്തന്നെ പ്രമുഖ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ചപ്പോള്‍ മുദ്രണോദ്ഘാടനം നിര്‍വഹിച്ചത് ശൈഖ് അന്‍സാരിയാണ്. (എം എന്‍ കാരശ്ശേരിയുടെ താല്പര്യത്തിലാണ് ആ പരിപാടി നടന്നത്). അന്ന് പരിചയപ്പെട്ട മാതൃഭൂമി മാനേജിങ് എഡിറ്റര്‍ എം പി വീരേന്ദ്രകുമാറുമായുള്ള ബന്ധം ശൈഖ് ഊഷ്മളമായി തുടര്‍ന്നു. അദ്ദേഹം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ ശൈഖ് അദ്ദേഹത്തിന് ആതിഥ്യമൊരുക്കി ആ ബന്ധം കൂടുതല്‍ ശക്തമാക്കി.
മുന്‍ എം എല്‍ എ പി ടി മോഹനകൃഷ്ണന്‍ ലണ്ടനില്‍ ഹൃദയ ചികിത്സക്ക് പോയപ്പോള്‍ ഖത്തറില്‍ ശൈഖിനെ ചെന്നു കണ്ടതിനെക്കുറിച്ചും ശൈഖ് നല്‍കിയ സമാശ്വാസത്തെപ്പറ്റിയും മറ്റും അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാവാം ശൈഖിന്റെ മരണം കേരളത്തിലെ എല്ലാ പത്രങ്ങളും കാര്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലണ്ടനിലെ ആശുപത്രിയില്‍ വെച്ച് ‘ഞാന്‍ എന്റെ നാഥന്റെ അടുക്കലേക്കു മടങ്ങുകയാണ്, നിങ്ങള്‍ ആരും വിഷമിക്കരുത്’ എന്ന് കുടുംബങ്ങളെയും ഡോക്ടറെയും ആശ്വസിപ്പിച്ചുകൊണ്ടാണ് ശൈഖ് അന്‍സാരി മരണത്തെ സ്വീകരിച്ചത്. ആ മരണം ഭരണാധികാരികളുടെ മരണം പോലെ ദോഹയെ ആഴത്തില്‍ ബാധിച്ചുവെന്നതിന് ഞാനും സുഹൃത്ത് പി പി ഹൈദര്‍ ഹാജിയും ദൃക്‌സാക്ഷികളാണ്.
കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയാക്കി പുറത്തിറങ്ങവെ നിര്‍ബന്ധമായി പാലിക്കേണ്ട പഥ്യങ്ങളെക്കുറിച്ച് എസ് വാര്യര്‍ താക്കീത് ചെയ്തു: ‘ഉഴിച്ചിലില്‍ പിഴച്ചാല്‍ കുഴി എന്നാണ് പ്രമാണം. സൂക്ഷിക്കണം’. പക്ഷെ, ആശുപത്രിയില്‍ നിന്ന് നേരെ അദ്ദേഹം പോയത് വളരെ ദൂരെ ഒരു മഹാസമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു. അതുകഴിഞ്ഞു കൊച്ചിയിലേക്കുള്ള യാത്രാവഴിയില്‍ പലസമ്മേളനങ്ങളിലും പങ്കെടുത്ത് പ്രസംഗിച്ചു; പല സ്ഥാപനങ്ങള്‍ക്കും തറക്കല്ലിട്ടു. രാത്രി പതിനൊന്നു മണിക്കാണ് ഒരു ശിലാസ്ഥാപനം നടന്നത്! ദല്‍ഹിയില്‍ അന്നത്തെ ഖത്തര്‍ അംബാസിഡറായിരുന്ന ശരീദഅല്‍കഅ്ബിയുമായി കണ്ടശേഷം കാശ്മീര്‍ സന്ദര്‍ശിച്ചു മടങ്ങാനായിരുന്നു ഉദ്ദേശ്യം.
പക്ഷെ, ദല്‍ഹിയില്‍ എത്തിയ ദിവസം രാത്രി കഠിനമായ പനി ബാധിച്ച് അദ്ദേഹം അവശനായി. എസ് വാര്യരുടെ താക്കീതോര്‍ത്ത് ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. രാത്രിതന്നെ അംബാസിഡറെ വിളിച്ചു കാര്യംപറഞ്ഞു. അദ്ദേഹം ഡോക്ടറുമായെത്തി. കശ്മീര്‍ സന്ദര്‍ശനം ഒഴിവാക്കി നാട്ടിലേക്കു മടങ്ങാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. പിറ്റേ ദിവസം തന്നെ ഞങ്ങള്‍ ബോംബെയിലേക്ക് തിരിച്ചു. ബോംബെയില്‍ നിന്ന് ദോഹയിലേക്കും. അപ്പോഴേക്കും ഒരു പിതൃപുത്രതലം ഞങ്ങളുടെ ബന്ധത്തിന് വന്നു കഴിഞ്ഞിരുന്നു.
ഖത്തറില്‍ തിരിച്ചെത്തിയ ശേഷമാണ് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാനുള്ള കെട്ടിടത്തിന്റെ ലഭ്യതയെപ്പറ്റി അന്ന് ജര്‍മ്മന്‍ എംബസിയില്‍ ഡ്രൈവര്‍ ആയിരുന്ന പനങ്ങായി അബൂബക്കര്‍ സുഹൃത്തായ ഹൈദര്‍ ഹാജിയോട് പറയുന്നത്. ഹൈദര്‍ക്ക പറഞ്ഞതനുസരിച്ചു സ്‌പോണ്‍സറോ പാര്‍ട്ണറോ ആയി ശൈഖിന്റെ മക്കളെ ചേര്‍ത്തുകൂടേ എന്ന് ശൈഖിനോട് ഞാന്‍ ചെന്നു ചോദിച്ചു. സമ്പത്തില്‍ ശ്രദ്ധയുള്ള ആളല്ല ശൈഖ്; അന്ന് പണക്കാരനുമല്ല. പാണ്ഡിത്യവും കാരുണ്യപ്രവര്‍ത്തനങ്ങളും കാരണം എല്ലാവരുടെയും ബഹുമാനവും സ്‌നേഹവും അദ്ദേഹത്തിന് കിട്ടിയിരുന്നു. ‘ഇനിയും മക്കളുടെ കല്യാണം നടക്കാനുണ്ടല്ലോ, അതിന് വലിയ പണച്ചെലവ് വരുമല്ലോ. ആണ്മക്കള്‍ക്കു ഹൈദര്‍ക്കയുമായി ചേര്‍ന്ന് നടത്താവുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റിനെക്കുറിച്ച് ചിന്തിച്ചുകൂടേ?’ ഒരവസരം സിദ്ധിച്ചപ്പോള്‍ഞാന്‍ ചോദിച്ചു. പ്രേരണയോടെയുള്ള എന്റെ നിര്‍ദ്ദേശം ശൈഖ് സദയം സ്വീകരിച്ചു. പ്രസ്തുത കെട്ടിടം ഹൈദര്‍ക്കക്ക് കച്ചവടം നടത്താന്‍ നല്‍കി. അങ്ങിനെ ശൈഖിന്റെ കുടുംബവും ഹൈദര്‍ക്കയുമായുള്ള പങ്കാളിത്തത്തില്‍ തുടങ്ങിയതാണ് ഇന്ന് ഖത്തറിലെ പ്രസിദ്ധമായ ഫാമിലി ഫുഡ് സെന്റര്‍. അങ്ങിനെയും ചില നിമിത്തങ്ങള്‍!
ശൈഖിന്റെ മാത്രം സഹായത്താലാണ് എനിക്ക് പൊലീസ് വിഭാഗത്തില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റം കിട്ടിയതും നാട്ടിലേക്ക് മടങ്ങാന്‍ പറ്റിയതും. ജീവിതത്തിലുണ്ടായ വലിയ ഒരുപാട് മാറ്റങ്ങള്‍ക്കു നിദാനം പിതൃതുല്യനായ ഈ മനുഷ്യസ്‌നേഹിയാണ്; അദ്ദേഹം ജീവിതം കൊണ്ട് കാണിച്ചുതന്ന വഴിയാണ്. ആ ജീവിതത്തിന്റെ പ്രാര്‍ത്ഥനാ നിര്‍ഭരത എനിക്കറിയാം. പരമസാത്വികനായ ഷെയ്ഖിനെയും വേദനിപ്പിക്കാന്‍ ഖത്തറിലും ചിലരുണ്ടായിരുന്നു. ശൈഖിനോട് സ്‌നേഹവും ബഹുമാനവുമുള്ള ആളുകളെയെല്ലാം അത് വല്ലാതെ സങ്കടപ്പെടുത്തി. നാട്ടിലേക്ക് തിരിക്കും മുമ്പ് ശൈഖിന്റെ മകനും എന്റെ ജൂനിയറും സുഹൃത്തുമായിരുന്ന അബ്ദുല്‍ അസീസിനോട് ഞാന്‍ ഒരു വാചകം പറഞ്ഞുവെച്ചു: ‘ഇപ്പോഴത്തെ ഈ പ്രചാരവേലകളെയും അത് നടത്തുന്നവരെയും എല്ലാവരും മറക്കും. പക്ഷെ, ശൈഖിന്റെ ഓര്‍മ്മ എന്നും നിലനില്‍ക്കുന്ന ഒരു ചെറിയ കേന്ദ്രം ഞാന്‍ നാട്ടില്‍ ഉണ്ടാക്കും. അതെന്റെ വാക്ക്. അസീസിന്റെ പിന്തുണ ഉണ്ടാവണം’.
‘തീര്‍ച്ചയായും’ അബ്ദുല്‍ അസീസ് കൈ നീട്ടി.
ദയാപുരത്തെക്കുറിച്ചുള്ള ആലോചനയില്‍ അടങ്ങിയ സ്വകാര്യം അന്നു അസീസിന് കൊടുത്ത വാക്കു പാലിക്കല്‍ കൂടിയായിരുന്നു!