15 Wednesday
January 2025
2025 January 15
1446 Rajab 15

കേരളത്തിന്റെ സര്‍സയ്യിദ്‌

ഹാറൂന്‍ കക്കാട്‌


കേരളം ദര്‍ശിച്ച ഉജ്ജ്വലനായ വിദ്യാഭ്യാസ വിചക്ഷണനും ധിഷണാശാലിയുമായിരുന്നു അബുസ്സബാഹ് അഹ്‌മദ് മൗലവി. 1906ല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത വമ്പേനാടാണ് മൗലവിയുടെ ജനനം. സ്‌കൂള്‍ പഠനത്തിനു ശേഷം കോക്കൂര്‍, മാഹി എന്നിവിടങ്ങളിലെ പള്ളി ദര്‍സുകളില്‍ പഠനം നടത്തി. 18-ാം വയസ്സില്‍ മദ്രാസ് ജമാലിയ കോളജില്‍ പ്രവേശനം നേടി. ഒരു വര്‍ഷത്തെ പഠനശേഷം അദ്ദേഹം കൊളംബോയിലേക്ക് പോയി.
1942-ല്‍ അല്‍അസ്ഹറില്‍ ഉപരിപഠനത്തിനായി ഈജിപ്തിലെത്തി. 19 വയസ്സ് മാത്രമുള്ള ഒരു ഇന്ത്യക്കാരനു കോളജില്‍ പഠിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൗലവിയുടെ കഠിനമായ പ്രയത്‌നം വഴി ആറു മാസത്തിനു ശേഷം അദ്ദേഹത്തിന് അല്‍അസ്ഹറില്‍ പ്രവേശനം ലഭിച്ചു. പഠനകാലത്ത് സാമ്പത്തികമായി വലിയ പ്രയാസം അനുഭവിച്ച മൗലവി ചന്ദനത്തിരി നിര്‍മിച്ച് വില്‍പന നടത്തിയാണ് ആവശ്യങ്ങള്‍ നിറവേറ്റിയത്.
അല്‍അസ്ഹറിലെ പല സാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ മൗലവിക്ക് സാധിച്ചില്ല. വിദേശ വിദ്യാര്‍ഥികളോടുള്ള സര്‍വകലാശാലയുടെ അവഗണനയും അശാസ്ത്രീയമായ പഠനരീതികളും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇതേ തുടര്‍ന്ന് അദ്ദേഹം അല്‍റാബിത്വത്തുശ്ശര്‍ഖിയ്യ എന്ന പേരില്‍ ഒരു വിദ്യാര്‍ഥി കൂട്ടായ്മ കോളജില്‍ രൂപീകരിച്ചു. ഇതിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപനത്തിലെ ക്രമരഹിതമായ പഠനരീതികളെ പരിവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വിശദമായൊരു മെമ്മോറാണ്ടം അന്നത്തെ ശൈഖുല്‍ അസ്ഹര്‍ ആയിരുന്ന മുസ്തഫ മറാഗിക്ക് സമര്‍പ്പിച്ചു. കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കിയ ഈ മികച്ച നിര്‍ദേശങ്ങളെല്ലാം വൈകാതെ കോളജ് കമ്മിറ്റി അംഗീകരിച്ചു. ഇത് അല്‍അസ്ഹറിന്റെ ശോഭനമായ ഭാവിയില്‍ വലിയ പങ്കുവഹിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ നേതാവായ മൗലാനാ മുഹമ്മദലിയുമായി അല്‍അസ്ഹറില്‍ വെച്ച് അബുസ്സബാഹ് മൗലവി ഉറ്റ ചങ്ങാത്തം സ്ഥാപിച്ചു. മൗലവിയുടെ ദേശീയബോധത്തിന് കരുത്തുപകരാന്‍ മൗലാനാ മുഹമ്മദലിയുമായുള്ള ബന്ധം നിമിത്തമായി. മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലുമായും അടുത്ത ബന്ധം പുലര്‍ത്തി. പഠനശേഷം ഈജിപ്തില്‍ തന്നെ ജോലി ചെയ്യാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍ ഇന്ത്യയില്‍ വന്ന് സേവനമനുഷ്ഠിക്കാന്‍ മൗലവിയോട് മൗലാനാ മുഹമ്മദലി ഉപദേശിച്ചതിനെ തുടര്‍ന്ന് ആ ആഗ്രഹത്തില്‍ നിന്ന് അദ്ദേഹം പിന്മാറി.
1935ല്‍ മൗലവി അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് മടങ്ങി. ഫലസ്തീന്‍, ഇറാഖ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലാഹോറില്‍ എത്തി. അവിടെയും തുടര്‍ന്ന് ബിഹാറിലും അറബിക് കോളജുകളില്‍ കുറഞ്ഞ കാലം അധ്യാപകനായി മൗലവി സേവനമനുഷ്ഠിച്ചു. പിന്നീട് കൊല്‍ക്കത്തയില്‍ എത്തിയ അദ്ദേഹം ഏതാനും കാലം കച്ചവടരംഗത്ത് പ്രവര്‍ത്തിച്ചു. ചായപ്പൊടി, കറുകപ്പട്ട, പുളി തുടങ്ങിയവയുടെ കച്ചവടമായിരുന്നു നടത്തിയത്. പിന്നീട്, നേരത്തേ ഉപരിപഠനം നടത്തിയിരുന്ന മദ്രാസ് ജമാലിയ കോളജില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ കൊല്‍ക്കത്തയിലേക്കു തന്നെ മടങ്ങി. അവിടെ ഒരു ബനിയന്‍ കമ്പനിയില്‍ നൂല്‍ മുറിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. ഒഴിവുവേളകളില്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ഖുര്‍ആന്‍ പഠനക്ലാസുകള്‍ നടത്തി ഈ കാലം ഫലപ്രദമായി അദ്ദേഹം ഉപയോഗപ്പെടുത്തി.
ബിഹാറിലെ ബനിയന്‍ കമ്പനിയില്‍ നിന്ന് പിരിഞ്ഞ ശേഷം മൗലവിയുടെ ജീവിതം മറ്റൊരു മേഖലയിലേക്ക് വഴിമാറിയതിന് കാലം സാക്ഷിയായി. സമൂഹത്തില്‍ നിന്നു പൂര്‍ണമായും അകന്ന് അദ്ദേഹം ഒരു മലയില്‍ ഏകാന്തജീവിതം നയിച്ചു. നിരവധി കഷ്ടപ്പാടുകള്‍ സഹിച്ചായിരുന്നു ഈ ഏകാന്തവാസം കടന്നുപോയത്. മലനിരകളിലെ ജീവിതത്തിനിടയില്‍ ഒരിക്കല്‍ കടുത്ത പനി ബാധിച്ച് അദ്ദേഹം ബോധരഹിതനായി. അബോധാവസ്ഥയില്‍ മൗലവിയെ കാണാനിടയായ മലവാസികളാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പിന്നീട് ഗുണ്ടല്‍പേട്ടയിലും അതിനു ശേഷം കറാച്ചിയിലും മൗലവി പോയി. അവിടന്ന് ബോംബെയിലും പിന്നീട് കേരളത്തിലും എത്തി.
കേരള മുസ്‌ലിംകളുടെ അടിയന്തര ആവശ്യം ഉന്നത മതപഠനമാണെന്ന് മനസ്സിലാക്കിയ മൗലവി പില്‍ക്കാലത്ത് സജീവമായ വൈജ്ഞാനിക വിപ്ലവത്തിലേക്ക് ഇറങ്ങിത്തിരിച്ചു. സമാനമനസ്‌കരുടെ സഹായത്തോടെ 1942 ജനുവരി അഞ്ചിന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്ക് അടുത്ത ആനക്കയത്ത് കുഞ്ഞാലിക്കുട്ടി ഹാജിയുടെ വസതിയില്‍ ദര്‍സ് ആരംഭിച്ചു. വീടും അനുബന്ധ സൗകര്യങ്ങളും വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ചെലവുകളും എല്ലാം ഹാജി സ്വന്തമായാണ് വഹിച്ചത്. 1944ല്‍ അഫ്ദലുല്‍ ഉലമ പരീക്ഷയ്ക്കിരുന്ന എ അലവി മൗലവി, സി പി അബൂബക്കര്‍ മൗലവി, അബ്ദുല്‍ഹമീദ് മൗലവി, ടി പി ആലി മൗലവി, മുഹമ്മദ് അബ്ദു തുടങ്ങി ആദ്യ ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച വിജയം നേടിയതോടെ അബുസ്സബാഹ് മൗലവിയുടെ ചരിത്രം കേരളീയ വിദ്യാഭ്യാസ നവോത്ഥാന ചരിത്രത്തില്‍ പുതിയ അധ്യായമായി മാറുകയായിരുന്നു.
പിന്നീട് താന്‍ വിഭാവനം ചെയ്ത വിദ്യാഭ്യാസ കാഴ്ചപ്പാടുകളുടെയും നിരീക്ഷണങ്ങളുടെയും സജീവമായ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ റൗദത്തുല്‍ ഉലൂം അസോസിയേഷന്‍ എന്ന കൂട്ടായ്മക്ക് മൗലവി രൂപം നല്‍കി. കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ഫാറൂഖാബാദിലെ വിദ്യാഭ്യാസ ഗോപുരങ്ങള്‍ സാക്ഷാത്കൃതമായത് ഇങ്ങനെയാണ്. ഒരു വിദ്യാര്‍ഥിക്ക് ജോലിക്ക് ആവശ്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പാഠങ്ങള്‍ മാത്രമായിരുന്നില്ല അബുസ്സബാഹ് മൗലവി ശിഷ്യന്മാര്‍ക്ക് ക്ലാസുകളില്‍ നിന്ന് നല്‍കിയിരുന്നത്. എല്ലാ അര്‍ഥത്തിലും ജീവിത പുരോഗതിക്ക് ഉപയുക്തമായ മഹിത സംസ്‌കാരവും സ്വഭാവവിശുദ്ധിയും ആയിരുന്നു അദ്ദേഹം ശിഷ്യന്മാര്‍ക്ക് പകര്‍ന്നിരുന്നത്. കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ നിരവധി വിദ്യാഭ്യാസ വിചക്ഷണന്മാരെയും മികച്ച പണ്ഡിതന്മാരെയും വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് ഇതുവഴി സാധിച്ചു.
അബുസ്സബാഹ് മൗലവി അനന്യസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അലിഗഡ് സര്‍വകലാശാലയുടെ തിളക്കമാര്‍ന്ന ചരിത്രത്തില്‍ സര്‍ സയ്യിദ് അഹ്‌മദ് ഖാനെ അനുസ്മരിക്കുന്നതുപോലെ കേരളത്തിലെ അലിഗഡ് എന്ന വിശേഷണത്തിന് അര്‍ഹമായ ഫാറൂഖ് കോളജിന്റെ അസൂയാര്‍ഹമായ ചരിത്രനിര്‍മിതിയില്‍ അബുസ്സബാഹിന്റെ നാമവും എക്കാലത്തും വൈജ്ഞാനിക ലോകം സ്മരിക്കും.
അനീതികളോടും ക്രമക്കേടുകളോടും യാതൊരു നിലയ്ക്കും രാജിയാവാന്‍ കൂട്ടാക്കാത്ത മനസ്സായിരുന്നു അബുസ്സബാഹ് മൗലവിയുടേത്. അതുകൊണ്ടുതന്നെ താന്‍ പ്രവര്‍ത്തിച്ച മേഖലകളിലും വിവിധ സ്ഥാപനങ്ങളിലും അനീതിയില്‍ അധിഷ്ഠിതമായ എന്ത് കാര്യങ്ങള്‍ കണ്ടാലും അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. അവ പൂര്‍ണമായും നടപ്പാക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് പിരിഞ്ഞുപോവുകയാണ് അദ്ദേഹം ചെയ്തിരുന്നത്. ജീവിതത്തിലെ അവസാനകാലത്ത് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കഠിനമായി അദ്ദേഹത്തെ അലട്ടിയപ്പോഴും വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കഴിയുംവിധം അദ്ദേഹം ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്തു. അക്ഷരങ്ങളുടെയും അറിവിന്റെയും അര്‍ഥപൂര്‍ണമായ വ്യാപനത്തിനു വേണ്ടി നിരവധി മാതൃകകള്‍ തീര്‍ത്ത അബുസ്സബാഹ് മൗലവി 1971 സപ്തംബര്‍ 10ന് നിര്യാതനായി. ഫാറൂഖ് കോളജിലെ അല്‍അസ്ഹര്‍ മസ്ജിദ് കോമ്പൗണ്ടില്‍ ഖബറടക്കി.

Back to Top