21 Sunday
July 2024
2024 July 21
1446 Mouharrem 14

കൂടോത്രവും മായാജാലവും ഒന്നാണോ? പി കെ മൊയ്തീന്‍ സുല്ലമി കുഴിപ്പുറം

സിഹ്‌റുകള്‍ എട്ട് വിധമുണ്ടെന്നാണ് ഇമാം ഇബ്‌നുകസീര്‍(റ) ഇമാം റാസിയില്‍(റ) നിന്നും തന്റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്നത്. (മുഖ്തസ്വര്‍ ഇബ്‌നുകസീര്‍ 1:99). ഒന്ന്, ജിന്ന് പിശാചിന്റെ സഹായത്തോടെ നടത്തുന്ന സിഹ്‌റാണ്. അതിനാണ് മാരണം, ആഭിചാരം എന്നൊക്കെ പറയുന്നത്. ഇത് ഏഴ് മഹാപാപങ്ങളില്‍ പെട്ടതാണ്. നബി(സ)ക്ക് ബാധിച്ചു എന്ന് പറയപ്പെടുന്ന സിഹ്ര്‍ ഈ വിഭാഗത്തില്‍ പെട്ടതാണ്. രണ്ട്, ഊഹങ്ങളുണ്ടാക്കുന്ന വിധത്തിലുള്ള കണ്‍കെട്ടും ഇന്ദ്രജാലവും. ഇവ രണ്ടും ഒന്നാണെന്ന് ചിലര്‍ ഈ അടുത്ത കാലത്ത് പ്രചാരണം നടത്തുന്നുണ്ട്. ഇത് ശരിയല്ല.
മേല്‍ പറഞ്ഞ രണ്ട് സിഹ്‌റുകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഒന്ന്: കൂടോത്രക്കാരന്റെ അവകാശവാദം നബി(സ)ക്ക് നാല്‍പതു ദിവസം സിഹ്ര്‍ ബാധിച്ചു എന്നാണ് (ബുഖാരി, ഫത്ഹുല്‍ബാരി 13:150). മറ്റൊരു വാദം: നബി(സ)ക്ക് ആറ് മാസം സിഹ്‌റു ബാധിച്ചു എന്നാണ് (അഹ്മദ്, ഫത്ഹുല്‍ബാരി 13:150). എന്നാല്‍ മായാജാലത്തിന്റെ അനുഭവം മറിച്ചാണ്. അത് മായാജാലം നടത്തുമ്പോള്‍ മാത്രമുണ്ടാക്കുന്ന തോന്നലുകളാണ്. അതാണ് മൂസാനബി(അ)ക്ക് സംഭവിച്ചത്. അല്ലാഹു പറയുന്നു: അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു”(ത്വാഹാ 66). ഇവിടെ മൂസാനബി(അ)ക്ക് ഭയപ്പാട് തോന്നാന്‍ പല കാരണങ്ങളുണ്ട്.
ഒന്ന്: ഇവിടെ മത്സരം നടക്കുന്നത് വ്യക്തിപരമായിട്ടല്ല. മറിച്ച്, ഫറോവയുടെ സാഹിറുകളുടെ മായാജാലവും മുഅ്ജിസത്തും തമ്മിലുള്ള മത്സരമാണ്. അതില്‍ പരാജയപ്പെട്ടാല്‍ മൂസാ നബിയല്ല പരാജയപ്പെടുന്നത് മറിച്ച് മുഅ്ജിസത്തായിരിക്കും. പ്രവാചകന്മാരെ അല്ലാഹു സംരക്ഷിക്കും എന്ന പൂര്‍ണ ബോധ്യം അവര്‍ക്കുണ്ടെങ്കിലും മുഅ്ജിസത്തുകള്‍ അവരുദ്ദേശിക്കുമ്പോള്‍ പ്രകടിപ്പിക്കാന്‍ സാധ്യമല്ലായെന്ന പൂര്‍ണ ബോധ്യവും അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അല്ലാഹുവിന്റെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആന്‍ കൈവശമുണ്ടായിട്ടും നബി(സ) ബദ്ര്‍ രണാങ്കണത്തില്‍ വെച്ച് ഭയപ്പെട്ടുകൊണ്ട് അല്ലാഹുവോട് സഹായത്തിനുവേണ്ടി പ്രാര്‍ഥിച്ചത്. അല്ലാതെ അല്ലാഹുവിന്റെ സഹായത്തില്‍ നിരാശ ബാധിച്ചതുകൊണ്ടല്ല. അല്ലാഹു പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക).” (അന്‍ഫാല്‍ 9)
ഇമാം മുസ്‌ലിമിന്റെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”നബി(സ) രണ്ടു കരങ്ങളും ആകാശത്തേക്കുയര്‍ത്തി ഭയപ്പെട്ടുകൊണ്ട് അല്ലാഹുവോട് കരഞ്ഞു പറയാന്‍ തുടങ്ങി” (മുസ്‌ലിം). പ്രവാചകന്മാര്‍ വിചാരിക്കുമ്പോള്‍ അല്ലാഹുവിന്റെ സഹായം ലഭിച്ചുകൊള്ളണമെന്നില്ല. അവര്‍ക്ക് മുഅ്ജിസത്ത് ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ശരി. ”അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും ലഭിക്കുകയെന്ന് പ്രവാചകനും കൂടെയുണ്ടായിരുന്ന വിശ്വാസികളും പറഞ്ഞുപോയി. ” (അല്‍ബഖറ 214)
മൂസാനബി(അ) പെട്ടെന്ന് ഭയപ്പെടാനുണ്ടായ മറ്റൊരു കാരണം: അതില്‍ താന്‍ പരാജയപ്പെടുന്നപക്ഷം താനും സഹോദരന്‍ ഹാറൂനും(അ) കൊലചെയ്യപ്പെടും എന്നതായിരുന്നു. മൂന്നാമതായി അദ്ദേഹം ഭയപ്പെട്ടത് എഴുപതിനായിരത്തോളം കയറുകളും അത്രത്തോളം വടികളും ചലിക്കുന്നത് കണ്ടിട്ടായിരുന്നു. അല്ലാതെ തന്നില്‍ വിശ്വസിച്ചവര്‍ അവിശ്വാസികളായിത്തീരും എന്നതുകൊണ്ടായിരുന്നില്ല. കാരണം അവിടെ വിശ്വാസികളായി മൂസായും(അ) ഹാറൂനും(അ) അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
രണ്ട്: ജാലവിദ്യ ജനമധ്യത്തില്‍ പരസ്യമായി നടത്തപ്പെടുന്ന കലാപരിപാടിയാണ്. അല്ലാഹു അതിനെ ശക്തമായി എതിര്‍ത്തത് അത് മുഅ്ജിസത്തിനെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ചതുകൊണ്ടാണ്. എന്നാല്‍ കൂടോത്രം നടത്തുന്നത് രഹസ്യമായും നിഗൂഢവുമായിട്ടാണ്.
മൂന്ന്: ജാലവിദ്യയില്‍ ശിര്‍ക്കോ കുഫ്‌റോ ഇല്ല. എന്നാല്‍ കൂടോത്രത്തില്‍ അത് രണ്ടും പ്രകടമാണ്. കൂടോത്രം കുഫ്‌റാണ്. അല്ലാഹു പറയുന്നു: ”ജനങ്ങള്‍ക്ക് സിഹ്‌റു പഠിപ്പിച്ചുകൊടുത്തു കൊണ്ട് പിശാചുക്കളാണ് കാഫിറുകളായിത്തീര്‍ന്നത്” (അല്‍ബഖറ 102). കൂടോത്രം ശിര്‍ക്കാണ്. നബി(സ) പറയുന്നു: ”തീര്‍ച്ചയായും എല്ലാ പൈശാചിക മന്ത്രങ്ങളും ഏലസ് ഉറുക്കുകളും തിവലത്ത് എന്ന (സിഹ്‌റും) ശിര്‍ക്കാകുന്നു” (അഹ്മദ്, അബൂദാവൂദ്). തിവലത്ത് എന്ന സിഹ്ര്‍ എന്താണെന്നും എന്തുകൊണ്ട് അത് ശിര്‍ക്കായി എന്നും ഇബ്‌നുഹജര്‍(റ) വിശദീകരിക്കുന്നുണ്ട്: ”ഭര്‍ത്താക്കന്മാരുടെ സ്‌നേഹം പിടിച്ചുപറ്റാനുള്ള ഒരേര്‍പ്പാടാണ് തിവലത്ത്. അത് ഒരു ഇനം സിഹ്‌റില്‍ പെട്ടതാണ്. അത് ശിര്‍ക്കായിത്തീരാന്‍ കാരണം- അല്ലാഹു അല്ലാത്ത ശക്തികള്‍ക്ക് അദൃശ്യമായ നിലയില്‍ ശര്‍റിനെ തടുക്കാനും ഖൈറിനെ വരുത്താനും സാധിക്കും എന്ന് വിശ്വസിച്ചതുകൊണ്ടാണ്” (ഫത്ഹുല്‍ ബാരി 13:101). ജാലവിദ്യയെ ഖുര്‍ആന്‍ എതിര്‍ക്കാനുണ്ടായ മറ്റൊരു കാരണം: യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങള്‍ യാഥാര്‍ഥ്യമായി തോന്നിപ്പിച്ച് ജനങ്ങളെ പറ്റിക്കുന്നതുകൊണ്ടാണ്.
നാല്: കൂടോത്രം ഏഴ് മഹാപാപങ്ങളില്‍ പെട്ടതാണ്. എന്നാല്‍ മായാജാലം വന്‍പാപങ്ങളില്‍ പെട്ടതല്ല.
അഞ്ച്: മായാജാലം കൊണ്ട് ദ്രോഹമനസ്ഥിതിയില്ല. അത് ഭൗതിക ജീവിതത്തിന് ഒരു ഉപാധി എന്ന നിലക്ക് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ കൂടോത്രം ജനങ്ങളെ ദ്രോഹിക്കാനും കബളിപ്പിക്കാനുമാണ്. അതുകൊണ്ട് ലഭിക്കുന്ന ഗുണം പോലും ശര്‍റായിട്ടാണ് ഇസ്‌ലാം ഗണിക്കുന്നത്.
ആറ്: മായാജാലം കൊണ്ട് തോന്നലുകള്‍ ഉണ്ടാക്കാനേ സാധിക്കൂ. കൂടോത്രം കൊണ്ട് ശാരീരികമായ ദ്രോഹവും മാനസികവിഭ്രാന്തിയും വരുത്താന്‍ സാധിക്കുമെന്നാണ് സാഹിറുകളുടെ അവകാശവാദം.
ഏഴ്: മായാജാലം നടത്തുന്ന വ്യക്തിക്ക് ഒരു വസ്തുവിനെ പല വസ്തുക്കളായി പ്രദര്‍ശിപ്പിച്ച് തോന്നലുണ്ടാക്കാന്‍ സാധിക്കും. കൂടോത്രക്കാരന് അപ്രകാരം സാധ്യമല്ല.
എട്ട്: കൂടോത്രം എന്നത് പിശാചിന്റെ സഹായത്തോടെ നടത്തുന്ന ഒരേര്‍പ്പാടാണ് എന്നാണ് സാഹിറുകളുടെ വാദം. ഇബ്‌നുഹജറിന്റെ(റ) പ്രസ്താവന ശ്രദ്ധിക്കുക: ”സിഹ്‌റ് എന്നത് പിശാചിന്റെ ഒരുതരം സാമീപ്യം കൊണ്ടും സഹായം കൊണ്ടും നടക്കുന്ന ഒരേര്‍പ്പാടാണ്”(ഫത്ഹുല്‍ബാരി 13:144). അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവന ഇപ്രകാരമാണ്: ”പിശാചുക്കളുടെ സഹായത്തോടുകൂടി മാത്രമേ സിഹ്‌റിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ”(ഫത്ഹുല്‍ബാരി 8:91). ഇപ്രകാരമാണ് സാഹിറുകളുടെ അവകാശവാദമെന്ന് ഒരുപാട് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മായാജാലത്തിന് പിശാചുമായി യാതൊരു ബന്ധവുമില്ല. അത് പഠിച്ചു പ്രയോഗിക്കുന്ന ഒരു കലയാണ്.
ഒമ്പത്: മായാജാലത്തില്‍ കുടുക്കി അമ്പരപ്പിക്കാന്‍ ഏത് ബുദ്ധിമാനെയും സാധിക്കും. എന്നാല്‍ കൂടോത്രത്തില്‍ വിശ്വസിക്കുന്നത് അന്ധവിശ്വാസികള്‍ മാത്രമായിരിക്കും.
പത്ത്: മായാജാലം ഭൗതികമായ നിലയില്‍ നടത്തുന്ന കലയാണ്. കൂടോത്രം ദീനിന്റെ പേരില്‍ നടത്തുന്ന യാഥാര്‍ഥ്യമില്ലാത്ത തട്ടിപ്പ് മാത്രമാണ്.
പതിനൊന്ന്: മായാജാലക്കാരെ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ കഴിവനുസരിച്ച് എല്ലാവരും ഇഷ്ടപ്പെടും. അതാണ് മുതുകാടിനെപ്പോലെയുള്ള മാന്ത്രികരെ ഇഷ്ടപ്പെടാന്‍ കാരണം. എന്നാല്‍ കൂടോത്രം ചെയ്യുന്നവരെ എല്ലാവരും വെറുക്കും. അതിന്റെ കാരണം മായാജാലം തട്ടിപ്പാണെങ്കിലും അത് മാനസികമായി വെറുപ്പിക്കുന്ന ഒരേര്‍പ്പാടല്ല. എന്നാല്‍ കൂടോത്രം ചെയ്യുന്നവന്റെ ശ്രമം ജനങ്ങളെ ദ്രോഹിക്കാനുള്ളതാണ്. സിഹ്‌റുകൊണ്ട് ആരെയും ഒന്നും ചെയ്യാന്‍ സാധ്യമല്ല. എങ്കിലും അവന്റെ ശ്രമം അദൃശ്യമായ നിലയില്‍ ശര്‍റും ഖൈറും വരുത്തിവെക്കുകയെന്നതാണ്. അതുകൊണ്ടാണ് കൂടോത്രം ശിര്‍ക്കും കുഫ്‌റുമായത്.
മായാജാലത്തിന്ന് അറബി ഭാഷയില്‍ സിഹ്‌റ് എന്ന് പറയും എന്നതുകൊണ്ട് മാത്രം അത് കൂടോത്രത്തിന് തുല്യമല്ല. ഒരേ കര്‍മം തന്നെ പല രൂപത്തിലും ഭാവത്തിലുമുണ്ടാകും. ഒരു വസ്തുവിന്റെ ഭാഷാപരമായ അര്‍ഥം നോക്കിയാണ് അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ത്വലാഖ് എന്ന അറബി പദത്തിന് ‘വിവാഹമോചനം നടത്തുക’ എന്നാണ് അര്‍ഥം. അതേ പദത്തിന് ‘കയറിന്റെ കെട്ട് അഴിക്കുക’ എന്ന അര്‍ഥവുമുണ്ട്. രണ്ടും ഒന്നാണെന്നു പറയാനൊക്കുമോ? രിബാ എന്ന പദത്തിന് അറബി ഭാഷയില്‍ ‘പലിശ’യെന്നും, ‘മിച്ചം’ എന്നും അര്‍ഥമുണ്ട്. രണ്ടും ഒരേ ആശയവും ഒരേ അര്‍ഥവുമാണെന്നു പറയാനൊക്കുമോ? ജാലവിദ്യയിലൂടെ മൂസാനബിക്ക്(അ) നിമിഷനേരത്തെ തോന്നലും ഭയവും മാത്രമാണുണ്ടായത്. എന്നാല്‍ മുഅ്ജിസത്തുള്ള പ്രവാചകന് കൂടോത്രം ബാധിച്ചതിനാല്‍ ആറു മാസം ബുദ്ധിഭ്രമം ബാധിച്ചുവെന്നാണ് പറയുന്നത്. അപ്പോള്‍ മായാജാലത്തിന്റെ തോന്നലും കൂടോത്രത്തിന്റെ തിന്മയും ഇവര്‍ അവകാശപ്പെടുന്നതുപോലെ തുല്യമാണോ?
ഇമാംറാസി(റ) ഏഷണി പോലും സിഹ്‌റിന്റെ ഒരുദാഹരണമാണ് എന്നാണ് രേഖപ്പെടുത്തിയത്. അക്കാര്യം ഇബ്‌നുകസീര്‍(റ) തന്റെ മുഖ്തസ്വറില്‍ (1:99) രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കൂടോത്രവും ഏഷണിയും ഒന്നാണെന്ന് പറയാനൊക്കുമോ? ചുരുക്കത്തില്‍ മായാജാലവും കൂടോത്രവും തമ്മില്‍ പത്തോളം വ്യത്യാസങ്ങളുണ്ട്. അതിനാല്‍ മായാജാലം എന്നത് യഥാര്‍ഥ സിഹ്‌റല്ല.അത് ഭാഷാപരമായ സിഹ്ര്‍ മാത്രമാണ്. സാങ്കേതികമായി ഇസ്‌ലാമില്‍ സിഹ്ര്‍ എന്ന് പറയപ്പെടുന്നത് കൂടോത്രം, മാരണം, ആഭിചാരം എന്നീ പേരുകളില്‍ അറിയപ്പെടുന്ന സിഹ്‌റിനെയാണ്. അതിലാണ് ശിര്‍ക്കും കുഫ്‌റും ദ്രോഹ മന:സ്ഥിതിയും വരുന്നത്. അത് രണ്ടും ഒന്നാണെന്ന വാദം ഒട്ടും സ്വീകാര്യയോഗ്യമല്ല തന്നെ.

3 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x