കൂടോത്രത്തിന്റെ പ്രതിഫലനം – പി കെ മൊയ്തീന്‍ സുല്ലമി
ലോകത്തുള്ള ബഹുഭൂരിപക്ഷം മതവിശ്വാസികളും മാരണം, കൂടോത്രം, ആഭിചാരം എന്നീ പേരുകളില്‍ അറിയപ്പെടുന്ന സിഹ്‌റിന് പ്രതിഫലനമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ ഭൂരിപക്ഷം ഇസ്‌ലാമില്‍ പ്രമാണമല്ല. അല്ലാഹു പറയുന്നു: ”ഭൂമിയിലുള്ളവരില്‍ ബഹുഭൂരിപക്ഷത്തെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹം മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.” (അന്‍ആം 116)
സിഹ്‌റിന് പ്രതിഫലനമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം വേദക്കാരാണ്. അഥവാ യഹൂദികളും നസ്വാറാക്കളും. അല്ലാഹു പറയുന്നു: ”വേദത്തില്‍ നിന്നും ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ കണ്ടില്ലേ. അവര്‍ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു” (നിസാഅ് 51). ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ജിബ്ത് എന്നു പറഞ്ഞാല്‍ സിഹ്‌റാണ്. ഉമര്‍, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബുല്‍ ആലിയ, മുജാഹിദ്, അത്വാഅ്, ഇക്‌രിമ, സഈദുബ്‌നുല്‍ ജുബൈര്‍, ശഅബീ, ഹസന്‍, ഇസ്ഹാഖ്, സുദ്ദീ(റ) എന്നിവര്‍ അപ്രകാരം പ്രസ്താവിച്ചിരിക്കുന്നു”(ഇബ് നുല് കസീര്‍ 1:626)
അപ്പോള്‍ സിഹ്‌റിലുള്ള വിശ്വാസം യഹൂദീ നസ്വാറാക്കളുടേതാണെന്ന് മനസ്സിലാക്കാം. സിഹ്‌റിലുള്ള വിശ്വാസം എന്നു വെച്ചാല്‍ സിഹ്‌റു ഫലിക്കും എന്ന വിശ്വാസമാണ്. അവരെപ്പോലെ നാം ആകാന്‍ പാടില്ലല്ലോ? അല്ലാഹു പറയുന്നു: ”തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും (സത്യവിശ്വാസികള്‍ക്ക്) ഇനിയും സമയമായില്ലേ?” (ഹദീദ് 16). നബി(സ) പറയുന്നു: ”നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ ചര്യകള്‍ മുഴത്തിന് മുഴമായും ചാണിന് ചാണായും നിങ്ങള്‍ പിന്തുടരുക തന്നെ ചെയ്യും. അങ്ങനെ അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ കടന്നാല്‍ നിങ്ങളും അവരെ തുടര്‍ന്ന് അതില്‍ കടക്കും. തീര്‍ച്ച. സ്വഹാബത്ത് ആരാഞ്ഞു: ഇപ്പറഞ്ഞത് യഹൂദി നസ്വാറാക്കളെ സംബന്ധിച്ചാണോ? നബി(സ) പ്രതിവചിച്ചു: പിന്നെ ആരെക്കുറിച്ചാണ്?” (ബുഖാരി, മുസ്‌ലിം)
സിഹ്‌റു ഫലിക്കും എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വേറൊരു വിഭാഗം ബഹുദൈവ വിശ്വാസികളാണ്. അല്ലാഹു പറയുന്നു: ”താങ്കള്‍ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടു പോകരുത്” (അന്‍ആം 14). നബി(സ) പറയുന്നു: ”വല്ലവനും (വിശ്വാസ ആചാരങ്ങളില്‍) മറ്റുള്ള ജനതയുമായി സാദൃശ്യപ്പെട്ടുവരുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവനാണ്”(അബൂദാവൂദ് 4031).
മുസ്‌ലിംകളില്‍ ചിലരും സിഹ്‌റ് ഫലിക്കും എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ പെട്ടവരാണ് തങ്ങളെന്ന് അവകാശപ്പെടുന്നവരും ഇവരിലുണ്ട്. (ഒന്ന്) സ്വൂഫിയാക്കള്‍. അവര്‍ തങ്ങളുടെ ശൈഖുമാര്‍ക്ക് പ്രവാചകന്മാരേക്കാള്‍ സ്ഥാനം നല്‍കുന്നവരാണ്. ശൈഖുമാര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നും വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അവരുടെ അവകാശവാദം. (രണ്ട്) ത്വരീഖത്തുകാര്‍. സ്വയം ദൈവിക പദവിയിലേക്ക് ചില ദിക്‌റുകള്‍ മൂലം ഉയരാന്‍ കഴിയും എന്നാണ് ഇവരുടെ വിശ്വാസം. ‘ഹഖീഖത്തിന്റെയും മഅ്‌രിഫത്തി’ന്റെയും സ്ഥാനം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ നമസ്‌കാരം തുടങ്ങിയ ആരാധനകള്‍ നിര്‍ബന്ധമില്ല എന്നാണ് ഇവരുടെ ജല്‍പനം. (മൂന്ന്) സിഹ്‌റിന് പ്രതിഫലനമുണ്ട് എന്ന് വിശ്വസിക്കുന്ന മറ്റൊരു വിഭാഗം ഇരു വിഭാഗം സമസ്തക്കാരും സംസ്ഥാനക്കാരും അവരെ അന്ധമായി അനുകരിച്ചുപോരുന്ന മറ്റു യാഥാസ്ഥിതികരുമാണ്. ഇവര്‍ക്ക് യാതൊരു പ്രമാണവുമില്ല. ഇവരുടെ പ്രമാണം നാട്ടാചാരമാണ്. (നാല്). മേല്‍ പറഞ്ഞ വാദമുള്ള മറ്റൊരു വിഭാഗം ‘ഗള്‍ഫ് സലഫിസം’ പ്രചരിപ്പിക്കുന്നവരാണ്. അവര്‍ക്ക് നല്ലത് സമസ്തയില്‍ ചേരലാണ്.
സിഹ്‌റ് ബാധിക്കും എന്ന ശിര്‍ക്കന്‍ ആശയത്തെ വെള്ളപൂശാനും ന്യായീകരിക്കാനും വേണ്ടി നടത്തപ്പെടുന്ന ചില ന്യായീകരണങ്ങള്‍ ശ്രദ്ധയില്‍ പെടാനിടയായി. അതില്‍പെട്ട ഒരു മുടന്തന്‍ ന്യായമാണ് സിഹ്‌റിന്റെ തഅ്‌സീറിനെ (പ്രതിഫലനത്തെ) കള്ളുകുടിയുടെ പ്രതിഫലനത്തോട് ഉപമിച്ചത്. കള്ളുകുടിയും സിഹ്‌റും തമ്മില്‍ അരഡസനിലേറെ വ്യത്യാസങ്ങളുണ്ട്. (ഒന്ന്) സിഹ്‌റിന്റെ പ്രവര്‍ത്തനം രഹസ്യവും കള്ളുകുടി പരസ്യവുമാണ്. (രണ്ട്) കള്ളുകുടിയനെ സഹായിക്കുന്നത് മനുഷ്യപ്പിശാചും സാഹിറിനെ സഹായിക്കുന്നത് ജിന്ന് പിശാചുമാണ്. (മൂന്ന്) കള്ളുകുടി ഒരു ഹറാമായ കാര്യമാണ്. സിഹ്‌റ് മഹാപാപവും ശിര്‍ക്കുമാണ്. (നാല്) കള്ളുകുടി കാര്യകാരണ ബന്ധങ്ങള്‍ക്കധീനമാണ്. സിഹ്‌റ് കാര്യകാരണ ബന്ധങ്ങള്‍ക്കതീതമാണ്. (അഞ്ച്) കള്ളുകുടിയുടെ തഅ്‌സീര്‍ അതിന്റെ ഉപഭോഗത്തിന്റെയും ക്വാളിറ്റിയുടെയും തോതനുസരിച്ച് ഏറുകയും കുറയുകയും ചെയ്യും. സിഹ്‌റിന്റെ തഅ്‌സീര്‍ (പ്രതിഫലനം) ഊഹാധിഷ്ഠിതവും സാഹിറിന്റെ അവകാശവാദവുമാണ്. (ആറ്) കള്ളുകുടിയുടെ പ്രതിഫലനം നേരില്‍ കാണാനും മെഡിക്കല്‍ പരിശോധനകള്‍ കൊണ്ട് തിരിച്ചറിയാനും കഴിയും. സിഹ്‌റിന്റെ പ്രതിഫലനം തിരിച്ചറിയാനുള്ള വഴികളൊന്നുമില്ല. (ഏഴ്) കള്ള് നിരോധിക്കപ്പെട്ടത് സാമൂഹ്യ നന്മയും വ്യക്തിയുടെ ആരോഗ്യവും ഉദ്ദേശിച്ചുകൊണ്ടാണ്. സിഹ്‌റ് നിരോധിക്കപ്പെട്ടത് വിശ്വാസത്തിന്റെ ഭാഗം എന്ന നിലയിലാണ്.
സിഹ്‌റിന് തഅ്‌സീറുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ അടുത്ത കാലത്ത് ചിലര്‍ ഉന്നയിച്ച മറ്റൊരു കാര്യം ശ്രദ്ധിക്കുക: സിഹ്‌റിലെ കാര്യകാരണ ബന്ധം അവ്യക്തമായതിനാല്‍ അതിന്റെ തഅ്‌സീറില്‍ (പ്രതിഫലനത്തില്‍) വിശ്വസിക്കല്‍ ശിര്‍ക്കല്ല. അപ്പോള്‍ ഒരു വിഷയത്തിലെ കാര്യകാരണ ബന്ധം അവ്യക്തമാണെങ്കില്‍ അത് കുറ്റകരമല്ല എന്നാണ് ഇതിനര്‍ഥം. ഈ ഫത്‌വയുടെ അടിസ്ഥാനത്തില്‍ ഏത് ശിര്‍ക്കും കുഫ്‌റും ഹറാമും അനുവദനീയമാക്കാന്‍ സാധിക്കും എന്നത് ഇത്തരക്കാര്‍ക്ക് ഒരാശ്വാസവും കൂടിയാണ്.

മുജാഹിദുകളും സുന്നികളും തമ്മില്‍ ഒരുപാട് വിഷയങ്ങളില്‍ തര്‍ക്കമുണ്ട്. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥന നടത്തലും അവര്‍ പ്രാര്‍ഥന കേള്‍ക്കലും കാര്യകാരണബന്ധത്തിനതീതമാണെന്ന് മുജാഹിദുകളും പ്രസ്തുത പ്രാര്‍ഥനയുടെയും കേള്‍ക്കലിന്റെയും കാര്യകാരണ ബന്ധം അവ്യക്തമായതിനാല്‍ അവരോട് പ്രാര്‍ഥിക്കല്‍ അനുവദനീയമാണെന്ന് സുന്നികളും വാദിക്കുന്നു. അപ്പോള്‍ പുതിയ ഫത്‌വയനുസരിച്ച് മരണപ്പെട്ടുപോയവരെ വിളിച്ചുതേടല്‍ അനുവദനീയമായിത്തീരും എന്നു പറയേണ്ടിവരും. കാര്യകാരണ ബന്ധത്തിന്നതീതം എന്നതും കാര്യകാരണബന്ധം അവ്യക്തം എന്നതും ഒരേ ആശയം തന്നെയാണ്.
വ്യക്തം എന്ന പദത്തിന്റെ വിപരീത പദമാണ് അവ്യക്തം. ഒരു വ്യക്തിയുടെ എഴുത്തും പ്രസംഗവും അവ്യക്തമാണെന്നു പറഞ്ഞാല്‍ മനസ്സിലാക്കാനും വായിക്കാനും സാധിക്കാത്തത് എന്നാണ്. ദൃശ്യം എന്നതിന്റെ വിപരീത പദമാണല്ലോ അദൃശ്യം. വ്യക്തം എന്നു പറഞ്ഞാല്‍ മനുഷ്യര്‍ക്ക് ബോധ്യപ്പെടുന്നതോ ബോധ്യപ്പെടുത്താവുന്നതോ ആയ കാര്യങ്ങളാണ്. അവ്യക്തം എന്നു പറഞ്ഞാല്‍ മനുഷ്യര്‍ക്ക് ബോധ്യപ്പെട്ടതോ ബോധ്യപ്പെടുത്താവുന്നതോ അല്ലാത്ത കാര്യങ്ങളാണ്. അതിന് തന്നെയാണ് നാം അദൃശ്യം, അഭൗതികം, കാര്യകാരണ ബന്ധത്തിന്നതീതം എന്നൊക്കെ പറഞ്ഞുവരുന്നത്. അല്ലാഹുവിന്റെ മേഖലകളില്‍ പെട്ട കാര്യങ്ങളാണവ. അല്ലാഹുവിന്റെ നടപടികളും ചര്യകളും മനുഷ്യരെ സംബന്ധിച്ച് സമ്പൂര്‍ണമായും അവ്യക്തവും അദൃശ്യവും അഭൗതികവുമാണ്.
അദൃശ്യവും അവ്യക്തവുമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അവന്ന് മാത്രമേ സാധിക്കൂ. ഒരു സാഹിറിനും കണ്ണെറിയുന്നവനും സാധ്യമല്ല. അല്ലാഹു അരുളി: ”നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അത് നീക്കം ചെയ്യാന്‍ അവനൊഴികെ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല നന്മയും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തടുക്കാന്‍ ഒരാളുമില്ല” (യൂനുസ് 107). നബി(സ) ചൊല്ലാന്‍ പഠിപ്പിച്ച പ്രാര്‍ഥന ശ്രദ്ധിക്കുക: ”അല്ലാഹുവേ, നീ നല്‍കിയതിനെ തടയുന്നവനില്ല. നീ തടഞ്ഞതിനെ നല്‍കുന്നവനുമില്ല”(ബുഖാരി, മുസ്‌ലിം).
ദൃശ്യമായ നിലയില്‍ അല്ലാഹുവിന്റെ അറിവോടുകൂടി പരസ്പരം നന്മയും തിന്മയും ചെയ്യാനുള്ള കഴിവ് അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അദൃശ്യമായ നിലയില്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നാണ് മേല്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനവും ഹദീസും നമ്മെ പഠിപ്പിക്കുന്നത്. ഒരു സാഹിറിന് പിശാചിന്റെ സഹായത്തോടെ അദൃശ്യമായ നിലയില്‍ നന്മയും തിന്മയും വരുത്താന്‍ കഴിയും എന്നാണ് സാഹിറിന്റെ അവകാശവാദം. അങ്ങനെയുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് തൗഹീദ് പൂര്‍ണമായും മനസ്സിലാക്കാത്തവര്‍ പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. സിഹ്‌റില്‍ ഫലം പ്രതീക്ഷിക്കപ്പെടുന്നത് അദൃശ്യമായും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവുമാണ്. അതുകൊണ്ടാണ് സിഹ്‌റ് ശിര്‍ക്കായിത്തീര്‍ന്നത്.
താഴെ വരുന്ന തെളിവുകള്‍ ശ്രദ്ധിക്കുക: നബി(സ) അരുളി: വല്ലവനും ഒരു കെട്ട് കെട്ടി അതില്‍ ഊതുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ശിര്‍ക്കു ചെയ്തു”(നസാഈ 7:112). ഈ നബി വചനത്തെ വിശുദ്ധ ഖുര്‍ആന്‍ സത്യപ്പെടുത്തുന്നത് ശ്രദ്ധിക്കുക. ‘കെട്ടുകളില്‍ ഊതുന്നവരുടെ തിന്മകളില്‍ നിന്നും (ഞാന്‍ ശരണം തേടുന്നു) (ഫലഖ് 4) ആരാണ് കെട്ടുകളില്‍ ഊതുന്നവര്‍. ഇബ്‌നുഹജര്‍(റ) പ്രസ്താവിച്ചു: ഊതുന്നവര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് മാരണം ചെയ്യുന്നവരാണ്”(ഫത്ഹുല്‍ ബാരി 13:149). ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”അതുകൊണ്ടുദ്ദേശിക്കുന്നത് സാഹിറുകളാണെന്ന് മുജാഹിദ്, ഇക്‌രിമ, ഖതാദ, ളഹ്ഹാക്ക്(റ) എന്നിവര്‍ പ്രസ്താവിച്ചിരിക്കുന്നു”(ഇബ് നുല് കസീര്‍ 4:573)
എന്തുകൊണ്ട് സിഹ്‌റ് ശിര്‍ക്കായി ഇബ്‌നുഹജര്‍ രേഖപ്പെടുത്തി: ‘തിവലത്’ എന്ന് പറയുന്നത് സ്ത്രീകള്‍ ഭര്‍ത്താവിന്റെ സ്‌നേഹം കരസ്ഥമാക്കാന്‍ വേണ്ടി ചെയ്തു പോന്നിരുന്നതാണ്. അത് സിഹ്‌റിന്റെ ഒരു വിഭാഗമാണ്. അദൃശ്യമായ നിലയില്‍ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നും ഖൈറും ശര്‍റും പ്രതീക്ഷിക്കുന്നതുകൊണ്ടാണ് അത് ശിര്‍ക്കായിത്തീര്‍ന്നത്”(ഫത് ഹുല്‍ബാരി 13:101). പ്രമുഖ പണ്ഡിതനായ അബ്ദുര്‍ റഹ്മാനുല്‍ ഹമ്പലിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ഒരു സാഹിര്‍ ഉപകാരം ചെയ്യുമെന്നോ ഉപദ്രവം തടുക്കുമെന്നോ വിശ്വസിക്കല്‍ ശിര്‍ക്കാണ്”(അദ്ദുററുസ്സുന്നി യ്യ 2:7). അശ്ശൈഖ് അബ്ദുല്ലാഹിത്തുവൈജിരി രേഖപ്പെടുത്തി: ”പിശാചുക്കളോട് ബന്ധപ്പെട്ടു നടത്തുന്നതുകൊണ്ടും തനിക്ക് അദൃശ്യം അറിയുമെന്ന് സാഹിറിന്റെ അവകാശവാദം കാരണത്താലും സിഹ്‌റ് ശിര്‍ക്കാണ്.” (മുഖ്തസ്വറുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി: പേജ് 32).
സ്വാലിഹുബ്‌നു ഫൗസാന്‍ രേഖപ്പെടുത്തി: ”രണ്ടു നിലയില്‍ സിഹ്ര്‍ ശിര്‍ക്കില്‍ പ്രവേശിക്കുന്നതാണ്). (ഒന്ന്) പിശാചിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിനാല്‍ (രണ്ടാമതായി) അദൃശ്യകാര്യം അറിയുമെന്ന് സാഹിര്‍ അവകാശപ്പെടുന്നതിനാല്‍”(അഖീദതു ത്തൗഹീദ്: പേജ് 100-101). ഈ വിഷയത്തില്‍ വന്ന ഒരു ഹദീസും കൂടി ശ്രദ്ധിക്കുക: ”തീര്‍ച്ചയായും എല്ലാ പൈശാചിക മന്ത്രങ്ങളും ഏലസ്സുകളും ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം സ്‌നേഹം വരുത്താന്‍ വേണ്ടിയുള്ള സിഹ്‌റും ശിര്‍ക്കാണ്”(അഹ്മദ് അബൂദാവൂദ്). ചുരുക്കത്തില്‍ സിഹ്‌റ് എന്ന് പറയുന്നത് അല്ലാഹു ഒരിക്കലും പൊറുക്കാത്തതും യാതൊരു ഫലവും ചെയ്യാത്തതുമായ മിഥ്യയായ ഒരു കര്‍മം മാത്രമാണ്.