30 Saturday
November 2024
2024 November 30
1446 Joumada I 28

കിത്താബിലെ ഇസ്‌ലാം  ജൗഹര്‍ കെ അരൂര്‍

ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരു രചയിതാവിന്റെ സാങ്കല്‍പിക സൃഷ്ടിയാണ് കിതാബ് നാടകം. അതില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും താറടിക്കാനുള്ള കൃത്യമായ അജണ്ടയുണ്ട്. നാടകം മുന്നോട്ടു വെക്കുന്നത് ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല എന്നാണ്. എന്നാല്‍ ഇസ്‌ലാമിനെ പഠിച്ചവര്‍ക്കാര്‍ക്കും ഇത്തരം ഒരു പരാതി ഇല്ല താനും. പിന്നെ പരാതിയുള്ളത് സ്വതന്ത്ര ഫെമിനിസ്റ്റുകള്‍ക്കും ഇടത് പുരോഗമന വാദികള്‍ക്കുമാണ്.
ഇസ്‌ലാം പുരുഷന് മാത്രമായി ഒരു ആരാധനാ കര്‍മവും പഠിപ്പിച്ചിട്ടില്ല. പല ആരാധനാ കര്‍മങ്ങളിലും സ്ത്രീക്ക് ഇളവ് നല്കുകയും ചെയ്തിട്ടുണ്ട്  എന്ന വസ്തുത അറിഞ്ഞോ അറിയാതെയോ നാടകം വിസ്മരിക്കുന്നുണ്ട്. പുരുഷന്റെ വാരിയെല്ലുകള്‍ക്കിടയില്‍ നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചത് എന്ന വചനത്തിന്റെ അര്‍ഥ തലങ്ങള്‍ ഇന്ന് ശാസ്ത്രം പോലും അംഗീകരിച്ചു കഴിഞ്ഞു. അതിനെ പോലും അംഗീകരിക്കാന്‍ കഴിയാത്തവരുടെ കപടത നാടകം വ്യക്തമാക്കുന്നു. പുരുഷന്‍ തിന്നതിന്റെ പാതിയെ സ്ത്രീ ഭക്ഷിക്കാവൂ എന്നതും ഇസ്‌ലാമിന്റെ വാദമല്ല. പിന്നെ ഇത് ഇസ്‌ലാമിന്റെ മേല്‍ കെട്ടി വെക്കുന്നത് എന്തിന് എന്ന ചോദ്യമാണ് ഇസ്‌ലാമിനെ കരിവാരി തേക്കാന്‍ എന്ന ഉത്തരത്തിലേക്ക് നമ്മെ നയിക്കുന്നത്.
അല്ല ഇനി സ്വത്ത് ഓഹരി വെക്കുന്നിടത്ത് സ്ത്രീക്ക് പാതിയെ കിട്ടാറുള്ളൂ എന്ന ഇസ്‌ലാം വിരുദ്ധര്‍ ഉന്നയിക്കാറുള്ള സ്ഥിരം പല്ലവി അല്പം വ്യത്യസ്തത കൂട്ടിക്കലര്‍ത്തി പറയാന്‍ ശ്രമിച്ചതാണ് എങ്കില്‍ ഇസ്‌ലാമിലെ സ്വത്ത് വിഭജനത്തില്‍  പുരുഷനേക്കാള്‍ സ്ത്രീക്ക് കിട്ടുന്ന സാഹചര്യവും പുരുഷന് സ്ത്രീയേക്കാള്‍ കിട്ടുന്ന സാഹചര്യവും ഇരു വിഭാഗത്തിനും ഒരുപോലെ കിട്ടുന്ന സാഹചര്യവും ഉണ്ട് എന്ന വസ്തുത അറിയാന്‍ ശ്രമിക്കാതെ പോയത് ഇസ്‌ലാമിന്റെ തെറ്റായി കാണരുത്.
നാടകം ഉന്നയിക്കുന്ന  മറ്റൊരു വിഷയം സ്വര്‍ഗത്തില്‍ പുരുഷന്മാര്‍ക്ക് ഹൂറുലീങ്ങള്‍ ഉണ്ട് സ്ത്രീകള്‍ക്ക് ഹൂറന്മാര്‍ ഒന്നും ഇല്ലല്ലോ എന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്ക് ഉത്തമരായ ഇണകളുണ്ട് എന്നാണ് പറഞ്ഞത്. ശേഷം സ്ത്രീ ഇണകളെ കുറിച്ചല്പം വര്‍ണിച്ചു എന്ന് മാത്രം.  പുരുഷന്റെ മനശ്ശാസ്ത്രത്തെയും സ്ത്രീയുടെ മനശ്ശാസ്ത്രത്തെയും കൃത്യമായി അറിയുന്ന ദൈവത്തിന് തന്റെ സൃഷ്ടികളോട് സംവദിക്കേണ്ടത് എങ്ങനെ എന്ന് വ്യക്തമായി അറിയും എന്നതിനൊരു ഉദാഹരണമായി കണ്ടാല്‍ മതി അതിനെ.
പെണ്ണിന് ബാങ്ക് വിളിക്കാന്‍ പാടില്ല എന്ന് ഇസ്‌ലാം ഒരിക്കലും നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നിട്ടും എന്ത് കൊണ്ട് പെണ്ണ് ബാങ്ക് വിളിക്കുന്നില്ല എന്ന ചോദ്യത്തിന്റെ വിശ്വാസികളായ പെണ്ണുങ്ങള്‍ക്ക് ബാങ്ക് വിളിക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ട് എന്ന ഉത്തരം അക്ഷരാര്‍ത്ഥത്തില്‍ നാടകത്തിന്റെ കപട മുഖം വലിച്ചു കീറുന്നുവെങ്കിലും സ്ത്രീകളുടെ ജമാഅത്ത്  നമസ്‌കാരത്തിനുള്ള ബാങ്ക് അവര്‍ തന്നെയാണ് കൊടുക്കാറുള്ളത് എന്ന സത്യം വിസ്മരിക്കുകയും അരുത്.
രണ്ടിലധികം പെണ്മക്കളെ പോറ്റി വളര്‍ത്തുന്ന  മാതാപിതാക്കള്‍ക്ക് സ്വര്‍ഗമുണ്ടെന്നു പഠിപ്പിച്ച ഇസ്‌ലാം, ആദ്യത്തെ മൂന്ന് വട്ടവും നിന്റെ മാതാവിനെ സ്‌നേഹിക്കണം അത് കഴിഞ്ഞെ പിതാവിനോട് നിനക്ക് ബാധ്യതയുള്ളൂ എന്ന് പഠിപ്പിച്ച ഇസ്‌ലാം, ആര്‍ത്തവ വേദനയാല്‍ പുളയുന്ന കാലത്ത് ഇസ്‌ലാമിലെ നിര്‍ബന്ധ കര്‍മമായ നമസ്‌കാരത്തിന് പോലും ഇളവ് നല്‍കിയ ഇസ്‌ലാം, പിന്നെങ്ങനെ പുരുഷ മേധാവിത്തത്തിന്റെ മതമായി മാറും.. ?
കപട നിരീശ്വര വാദങ്ങള്‍ക്ക് സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇസ്‌ലാമിനെ പോലൊരു പവിത്രമായ മതത്തെ കരിവാരി തേച്ചേ മതിയാവൂ എന്ന ചിന്തയില്‍ നിന്നുയര്‍ന്നു വന്ന വെറുമൊരു നാടകം അതാണ് കിതാബ്.
Back to Top