13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

കാവി കയ്യടക്കുന്ന ന്യായാസനങ്ങള്‍

അബ്ദുറഹ്‌മാന്‍ നെടുവ

ഈയിടെ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിയമവിഭാഗമായ വിധി പ്രകോഷ്ഠിന്റെ യോഗത്തില്‍ മതേതര ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് മുപ്പത് മുന്‍ സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍ പങ്കെടുത്തിരിക്കുന്നു. മതേതര മനസ്സാക്ഷിയ്ക്ക് ഇതു തെല്ലൊന്നുമല്ല ഞെട്ടലുണ്ടാക്കേണ്ടത്. ഹിന്ദുത്വ എത്രത്തോളം പിടിമുറുക്കിയിരിക്കുന്നു എന്ന് ഈ സംഭവം മുന്നറിയിപ്പു നല്കുന്നുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ താല്പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നതാണ് യോഗത്തിന്റെ ഉദ്ദേശ്യം എന്നത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.
സംഘപരിവാര്‍ സംഘടനകള്‍ക്ക് രാജ്യത്തെ കോടതികളിലും ഉദ്യോഗസ്ഥരിലും വലിയ സ്വാധീനം ചെലുത്താനും തീരുമാനങ്ങളില്‍ ഇടപെടാനും ആകുമെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് വിഎച്ച്പിയുടെ നിയമ വിഭാഗമായ ‘വിധി പ്രകോഷ്ഠി’ന്റെ യോഗത്തില്‍ വിവിധ കോടതികളില്‍ നിന്ന് വിരമിച്ച രാജ്യത്തെ ന്യായാധിപര്‍ പങ്കെടുത്തത്. ബാബ്രിപള്ളി തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയത് മുതല്‍ സി ഐ എയുടെ മതതീവ്രവാദ സംഘടന പട്ടികയില്‍ ഉള്‍പ്പെട്ടത് വരെയുള്ള ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സംഘനയാണ് വിശ്വ ഹിന്ദു പരിഷത്ത്. രാജ്യത്തെ പല ഭീകരവാദ ആക്രമണങ്ങളിലും ഈ സംഘടനയുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. കേരളത്തില്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ ഡി ജി പി തൃശൂരില്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് ഉദ്യോഗസ്ഥ-ന്യായാധിപ-സംഘപരിവാര്‍ ബന്ധത്തിന്റെ വ്യക്തമായ തെളിവായി ഈ യോഗത്തിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വാരണാസിയിലും മഥുരയിലുമുള്ള മുസ്ലിം പള്ളികള്‍ക്കു മേല്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന നിയമ വിവാദവും വഖഫ് ഭേദഗതി ബില്ലും മതപരിവര്‍ത്തനം സംബന്ധിച്ച വിഷയങ്ങളുമായിരുന്നു ന്യായാധിപരുടെ യോഗത്തില്‍ ചര്‍ച്ചചെയ്തതെന്ന് വിഎച്ച്പി അറിയിച്ചിട്ടുണ്ട്.
യോഗത്തിന് ശേഷം വിഎച്ച്പി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും ഒപ്പമുള്ള ചിത്രം നിയമമന്ത്രി അര്‍ജുന്‍ മേഘ്വാളും എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. നിയമപരിഷ്‌കാരങ്ങളെ കുറിച്ചും ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനെ കുറിച്ചും നടന്ന വിശദമായ ചര്‍ച്ചക്ക് ശേഷം എന്നായിരുന്നു ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്. കാശിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ ഷാഹി മസ്ജിദും പിടിച്ചടക്കുന്നതും അത് വൈകാരിക പ്രശ്നമാക്കി അവതരിപ്പിക്കുന്നതും സംബന്ധിച്ച നിയമപരമായ ആലോചനകളും രാജ്യം മുഴുവന്‍ ന്യായാധിപരുടെ ഒരു ശൃംഖല ഇത്തരം നിലപാടുകള്‍ക്ക് അനുകൂലമായി പടുത്തുയര്‍ത്തുന്നതിനുമായാണ് ഈ യോഗം നടത്തിയതെന്നാണ് വിഎച്ച്പി വൃത്തങ്ങള്‍ പറയുന്നത്.
നിലവില്‍ തന്നെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഈ നിയമനിര്‍മാണങ്ങളാകട്ടെ കോടതിയുടെ കടുത്ത നിരീക്ഷണത്തിലാണ്. വഖഫ് ബോര്‍ഡ് ഭേദഗതി നിയമവും പാര്‍ലമെന്റിന്റെ ജോയിന്റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ജെ ഡി യുവും എല്‍ ജെ പിയും അടക്കമുള്ള സഖ്യകക്ഷികള്‍ക്ക് പോലും നിയമഭേദഗതിയില്‍ എതിരഭിപ്രായമുണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തി സംഘപരിവാറിന്റെ താത്പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു യോഗത്തിന്റെ ഉദ്ദേശ്യം. ഇത് മുന്നില്‍ വെക്കുന്ന സാഹചര്യം മനസ്സിലാക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഒരുമയല്ലാതെ മറ്റൊരു മാര്‍ഗവും ഇതിനെ തോല്പിക്കാനില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x