കാവഡ് യാത്രയും മുസ്‌ലിം വിദ്വേഷവും
അനസ് മുഹമ്മദ്
മുസ്‌ലിംകളെ അപരവത്കരിക്കാന്‍ എന്തുണ്ട് വഴി എന്നാലോചിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് തീവ്ര ഹിന്ദുത്വര്‍. സകല മേഖലകളിലും മുസ്‌ലിം വിദ്വേഷം കൊയ്യാന്‍ ലഭിക്കുന്ന അവസരങ്ങള്‍ അവര്‍ പാഴാക്കാറില്ല. ഏറ്റവും ഒടുവിലിതാ ഗംഗയില്‍ നിന്ന് പുണ്യജലം ശേഖരിക്കാനായി കാവഡ് യാത്രികര്‍ കടന്നുപോകുന്ന മുസഫര്‍ നഗര്‍ പ്രദേശത്തെ കടകള്‍ക്കു പുറത്ത് കടയുടമകളുടെ പേര് തൂക്കണമെന്നും ഹലാല്‍ ഭക്ഷണം കഴിക്കുന്ന സാഹചര്യം അവര്‍ക്ക് നേരിടേണ്ടിവരരുതെന്നുമൊക്കെ പറഞ്ഞ് ഉത്തര്‍പ്രദേശില്‍ വര്‍ഗീയ വിഭജനത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടായി.
കാറിലും ബസിലും സഞ്ചരിച്ച് ഹരിദ്വാറിലെത്തി ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ ഉണ്ടെങ്കിലും സ്ത്രീകളില്ലാതെ, നഗ്നപാദരായ പുരുഷന്മാര്‍ കൂട്ടമായി സഞ്ചരിച്ച് ആഘോഷപൂര്‍വം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആരംഭിക്കുന്നത് വര്‍ധിച്ചതോടെയാണ് കാവഡ് യാത്ര ശ്രദ്ധേയമാകുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് പൊളിക്കുന്നതിനു മുന്നോടിയായി ഇന്ത്യയില്‍ ഉടനീളം നടത്തിയ ഹിന്ദുത്വ പ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് കാവഡ് യാത്രയിലും ജനത്തിരക്ക് വര്‍ധിക്കുന്നത്. കുറച്ചു കാലമായി ഹിന്ദു യുവവാഹിനിയും ബജ്‌രംഗ്ദളും ആര്‍ എസ് എസും ഈ യാത്രകളുടെ പല ഏകോപനങ്ങളും ഏറ്റെടുത്തു. അതോടെ അവര്‍ കടന്നുപോകുന്ന വഴികളില്‍ അക്രമസംഭവങ്ങളും ആള്‍ക്കൂട്ട ബഹളവും സാധാരണ മനുഷ്യര്‍ക്കു നേരെയുള്ള ഭീഷണിയും ഉണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ യാത്രകളോട് അനുബന്ധിച്ച ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ധിച്ചു. അക്രമസംഭവങ്ങളും ഗതാഗതപ്രശ്‌നങ്ങളും ക്രമാതീതമായി കൂടി. കാര്‍ യാത്രക്കാര്‍ക്കു നേരെയും ബസ് യാത്രക്കാര്‍ക്കു നേരെയും ആക്രമണങ്ങള്‍ പതിവായി.
എന്നാല്‍ ഇവര്‍ കടന്നുപോകുന്ന വഴികളിലെ മത്സ്യമാംസാദികള്‍ വില്‍ക്കുന്ന കടകള്‍ അടക്കണമെന്ന ഈ വര്‍ഷത്തെ അതിഗുരുതരമായ യു പി സര്‍ക്കാര്‍ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. കിലോമീറ്ററോളം ദൂരത്തില്‍ മാസങ്ങളോളം സസ്യഭക്ഷണം മാത്രമേ വില്‍ക്കാന്‍ പറ്റൂ എന്ന ഉത്തരവ് എത്രയോ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുമെന്നു മാത്രമല്ല, അത് വീണ്ടും സാമുദായിക സംഘര്‍ഷങ്ങളിലേക്കും മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നതിലേക്കും വഴിതെളിക്കും. സ്വാഭാവികമായി മാംസഭക്ഷണം ജീവിതത്തിന്റെ ഭാഗമായ മനുഷ്യരെ ഉപയോഗിച്ചു തന്നെ മത്സ്യ-മാംസ ഭക്ഷണത്തിനെതിരായ പ്രചാരണവും ആക്രമണവും നടത്തിക്കുന്നു എന്നതാണ് ഇതിന്റെ വഴി.
ഉള്ളിയെന്നത് നിത്യജീവിതത്തിലെ അടിസ്ഥാന ഭക്ഷണമാണ് ഈ യാത്രികര്‍ക്കെല്ലാം. ഉള്ളി നിഷിദ്ധമായത് വളരെ കുറഞ്ഞ വിഭാഗത്തില്‍ പെട്ട സവര്‍ണ മനുഷ്യര്‍ക്കു മാത്രമാണ്. എന്നിട്ടും ഉള്ളി നല്‍കിയതിന്റെ പേരില്‍ പോലും കലാപം നടക്കുന്നുവെങ്കില്‍ ഹിന്ദുത്വ ബ്രിഗേഡിന്റെ ഭാഗമായ ഒരു ന്യൂനപക്ഷം ബഹുജനങ്ങളുടെ മേല്‍ ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വയുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആക്രമണങ്ങള്‍ക്ക് കാവഡ് യാത്രയെയും ഉപയോഗിക്കുന്നുവെന്നു തന്നെയാണ് അര്‍ഥം.
കട തുറന്ന് പേര് പ്രദര്‍ശിപ്പിക്കുന്ന ഒരു മുസ്‌ലിമിന്റെ നേര്‍ക്കുള്ള ആക്രമണത്തോട് ചെറുത്തുനില്‍ക്കാന്‍ ഒരു ശ്രമമെങ്കിലും അവര്‍ നടത്തിയാല്‍ മതി, കലാപങ്ങളുടെ തീ പടരാനും കാവഡ് യാത്രയുടെ പേരില്‍ പിന്നാക്ക ഹിന്ദു ഐക്യവും മുസ്‌ലിം വിദ്വേഷവും കൊണ്ട് അടുത്ത ഒരു പതിറ്റാണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തി സംഘ്പരിവാരത്തിനും ബിജെപിക്കും ഭരിക്കാന്‍. ശ്രദ്ധയോടുകൂടി ഇതിനെ ചെറുത്തില്ലെങ്കില്‍ വലിയ ദുരന്തങ്ങളാണ് വരാനിരിക്കുന്നത്.