27 Saturday
July 2024
2024 July 27
1446 Mouharrem 20

കാലികം ഹെന്ന സാബി – ജീവനാണ് ജലം

മാര്‍ച്ച് 22. ലോക ജലദിനം. ഇത്തവണ കാലാവസ്ഥ വ്യതിയാനവും ജലവും എന്നതാണ് വിഷയം. പ്രകൃതിനാശം കൊണ്ട് കാലാവസ്ഥയിലുണ്ടായ മാറ്റം മഴയെയും കാറ്റിനെയും ആശ്രയിച്ച രാജ്യങ്ങളെയാണ് വരള്‍ച്ചയിലേക്ക് തള്ളിവിടുന്നത്. വനം നശിപ്പിച്ചും വായുമലിനീകരണം കൊണ്ടും മഴ അന്യംനില്‍ക്കുമ്പോള്‍ വെള്ളം കിട്ടാക്കനിയാവുകയാണ്. വാഹനപ്പെരുപ്പം മൂലവും വ്യവസായശാലകളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണിന്റെ അമിത സാന്നിധ്യവും കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

ഉപയോഗിക്കുന്നതിനേക്കാള്‍ അധികം പാഴാക്കി കളയുന്ന നമ്മള്‍ക്ക് ഒരുതുള്ളി വെള്ളമെങ്കിലും നാളേക്കായി കരുതി വെക്കണം എന്ന അവബോധം ഉണ്ടാക്കാന്‍ കൂടിയാണ് ജലദിനം ആചരിക്കുന്നത്.

വേനലില്‍ മാത്രം ജലം സംരക്ഷിക്കണമെന്ന തെറ്റായ ധാരണയാണ്  ജനങ്ങളിലുള്ളത്. ജലം അത് അമൂല്യമാണെന്ന് തിരിച്ചറിയേണ്ടത് ജലദൗര്‍ലഭ്യം വരുമ്പോളല്ല, മറിച്ച് ജലം കാണുമ്പോഴാണെന്ന തോന്നലാണ് യഥാര്‍ഥത്തില്‍ ഉണ്ടാകേണ്ടത്. അതുകൊണ്ടാണ് മഴക്കാലത്ത് ജലം സംഭരിക്കണമെന്ന പദ്ധതി വ്യാപകമാക്കുന്നത്. ഒരോ തുള്ളിയും സൂക്ഷിച്ച് വച്ച് നാളേക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ, 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്. 2050ഓടുകൂടി ലോക ജനതയില്‍ പകുതിക്കും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നത്. ഇന്ത്യയും അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.

രാജ്യത്ത് 785 ദശലക്ഷം ആളുകള്‍ ഇന്നും അടിസ്ഥാന സൗകര്യമായ വെള്ളം കിട്ടാതെ ദുരിതത്തിലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ദുരിതം കുടുതല്‍. ഇത് അവരുടെ ആരോഗ്യത്തെയും കൃഷിയെയും ബാധിക്കുന്നതിനാല്‍ അവര്‍ പട്ടിണിയിലാണ്. മലിന ജലത്തിന്റെ ഉപയോഗം കാരണം രോഗം ഇവരെ വിട്ടുമാറുന്നില്ല. ഓരോ തുള്ളി ജലത്തിനും ഓരോ ജീവനെ രക്ഷിക്കാനുള്ള ശക്തിയുണ്ടെന്ന് തിരിച്ചറിയണം. അതിനായി ജലസംരക്ഷണ പദ്ധതികള്‍ വ്യാപകമാക്കണം.

ജലവും കാലാവസ്ഥയിലുള്ള മാറ്റവും ജല ലഭ്യതയയെയും ഉപഭോഗത്തെയും എങ്ങനെ ബാധിക്കുന്നു എന്നു ചര്‍ച്ച ചെയ്യുകയാണ് ഈ വര്‍ഷം. യു.എന്‍ വാട്ടറിന്റെ നേതൃത്വത്തില്‍ ജലദൗര്‍ലഭ്യമുള്ള നാടുകളെ കേന്ദ്രീകരിച്ച് വിപുലമായ ജലസംരക്ഷണ പദ്ധതികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്. അതോടൊപ്പം ലോകമൊട്ടാകെ ബോധവല്‍ക്കരണ പരിപാടികളും നടക്കും.  ലോകം വളരുമ്പോള്‍ ജലത്തിന്റെ ആവശ്യവും കൂടുകയാണ്. കുടിക്കാനും കൃഷിചെയ്യാനും ജലം അത്യാവശ്യമാണ്. ഇതിന് കുറവ് വരുമ്പോള്‍ നിലനില്‍പ് തന്നെ ഭീഷണിയിലാവുകയാണ്.

ജല സുരക്ഷ ഉറപ്പു വരുത്താനുള്ള പദ്ധതികള്‍ ആശൂത്രണം ചെയ്യാന്‍ ഇനിയും വൈകിക്കൂട എന്ന സന്ദേശമാണ് ജലദിനം നല്‍കുന്നത്. ഇതിന് ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്.

. ജല സ്ത്രോതസുകളും കടലും സംരക്ഷിക്കപ്പെടണം.

. സ്‌കൂളുകളില്‍ ജല സംരക്ഷണത്തെകുറിച്ച് ക്ലാസ് നല്‍കണം.

. ജലസ്രോതസ്സുകള്‍ ഉപയോഗയോഗ്യമാക്കണം.

. ജല വിതരണ സംവിധാനങ്ങള്‍ക്കായി പദ്ധതി ഒരുക്കണം.

കുടിവെള്ളമില്ലാതെ ആരും അവശേഷിക്കുന്നില്ല എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിഷയം. കുടിവെള്ളം ഉറപ്പാക്കാനും ശുദ്ധജല സ്രോതസുകളുടെ സുസ്ഥിരമായ മാനേജ്മെന്റുമാണ് ലക്ഷ്യമിട്ടത്. ഇതിനു തുടര്‍ച്ചയാണ് ഈ വര്‍ഷം  കാലാവസ്ഥാ വ്യാതിയാനവും ജലവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.

നമ്മുടെ നാടും രാജ്യവും ഏറ്റവും ഉല്‍ക്കണ്ഠയോടെയും ആകുലതയോടെയും ചിന്തിക്കേണ്ട പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. ഭീകരമായ പ്രളയത്തിന് തൊട്ടുപിന്നാലെ ചൂട്ടുപൊള്ളുന്ന കൊടുംവേനലിലേക്കും വര്‍ള്‍ച്ചയിലേക്കും ജലക്ഷാമത്തിലേക്കുമാണ് നാട് എത്തിപ്പെട്ടുനില്‍ക്കുന്നു. കുന്നിടിച്ചും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും മഴക്കാടുകള്‍ വെട്ടിനിരത്തിയും മുറ്റംപോലും സിമന്റിട്ടും സിമന്റ് ബ്ലോക്കുകള്‍ നിരത്തിയും ഒരുതുള്ളി ജലം പോലും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ അനുവദിക്കാതെയും തോടുകളും പുഴകളും കയ്യേറിയും ഭൂമിക്ക് ബലം നല്‍കുന്ന പാറക്കെട്ടുകള്‍ ആകെ പൊടിച്ച് വികസനപാതയില്‍ വിതറിയും നാം എങ്ങോട്ടാണ് യാത്ര നടത്തുന്നത്? മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി മണ്ണും ജലവും അന്യമാവുന്ന സംസ്‌കാരത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ഇനി ആയുധമാക്കേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x