30 Saturday
November 2024
2024 November 30
1446 Joumada I 28

കാഫിറാക്കുന്നതിലെ ഇസ്‌ലാമിക കാഴ്ചപ്പാട്‌

സയ്യിദ് സുല്ലമി


സത്യവിശ്വാസികളെ കാഫിര്‍ എന്നോ സത്യനിഷേധി എന്നോ വിശേഷിപ്പിക്കാന്‍ ഒരു മുസ്‌ലിമിന് അവകാശമില്ല. ഒരു മുസ്‌ലിമിന്റെ അഭിമാനവും അന്തസ്സും വളരെ ഉന്നതമാണ്. അവന്റെ വിശ്വാസം അവന് സ്വന്തം ജീവനേക്കാള്‍ പ്രാധാന്യമുള്ളതാണ്. ലോക മുസ്ലിംകളുടെ ഖിബ്‌ലയേക്കാള്‍ ഒരു വിശ്വാസിക്ക് മഹത്വമുണ്ട്. ഇബ്‌നു ഉമര്‍(റ) പറയുന്നു: ‘റസൂല്‍(സ) കഅ്ബ പ്രദക്ഷിണം ചെയ്യുന്നത് ഞാന്‍ കണ്ടു. അദ്ദേഹം പറയുന്നു: എത്ര വിശിഷ്ടമാണ് നീ, എത്ര സുഗന്ധം! എത്ര മഹത്വമാണ് നിനക്ക്! എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ് സത്യം, അല്ലാഹുവിന്റെ അടുക്കല്‍ നിന്റെ മഹത്വത്തെക്കാള്‍ വലുതാണ് സത്യവിശ്വാസിയുടെ മഹത്വം’ (ഇബ്‌നുമാജ). ശഹാദത്ത് അര്‍ഥമറിഞ്ഞ് പ്രഖ്യാപിച്ച ഒരു വ്യക്തിയെ, അവന്‍ അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും ഖളാഅ് ഖദ്‌റിലും വിശ്വസിക്കുന്നുവെങ്കില്‍ കാഫിര്‍ എന്നു വിളിക്കുന്നത് വലിയ അപകടമാണ്. അദ്ദേഹം സത്യനിഷേധിയല്ലാത്തതിനാല്‍ അങ്ങനെ വിളിക്കുന്നത് വിളിച്ചവനിലേക്കു തന്നെ മടങ്ങുമെന്നാണ് പ്രവാചക അധ്യാപനം.
അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ഏതൊരു വ്യക്തിയാവട്ടെ, തന്റെ സഹോദരനെ ഹേ, കാഫിര്‍ എന്ന് അഭിസംബോധന ചെയ്താല്‍ രണ്ടിലൊരാള്‍ ആ വിശേഷണം വഹിക്കും (ബുഖാരി 6104). അതായത് വിശ്വാസം ഉള്‍ക്കൊണ്ടവനെ കാഫിര്‍ എന്നു വിളിച്ചാല്‍ അത് അവനിലേക്കു തന്നെ മടങ്ങും. മറ്റൊരാളിലേക്ക് കുഫ്ര്‍ ആരോപിക്കുന്നവര്‍ക്ക് ഈ നബിവചനം വലിയ താക്കീതാണ് നല്‍കുന്നത്. മുസ്‌ലിമിനെ കാഫിറാക്കുന്നത് അത്യന്തം ഗുരുതരമാണ്. ഇമാം നവവിയുടെ രിയാദുസ്വാലിഹീനില്‍ ‘ബാബു തഹ്‌രീമി കൗലിഹി ലി മുസ്ലിമിന്‍ യാ കാഫിര്‍’ (മുസല്‍മാനെ ഹേ സത്യനിഷേധി എന്ന് വിളിക്കല്‍ നിഷിദ്ധമാണ്) എന്നൊരു അധ്യായം തന്നെയുണ്ട്. പിന്നീട് ചില നബിവചനങ്ങള്‍ നല്‍കുന്നുണ്ട്. അതിലൊന്ന്: അബൂദര്‍റ്(റ) പറയുന്നു: റസൂല്‍(സ) പറയുന്നതായി കേട്ടു. ആരെങ്കിലും ഒരു വ്യക്തിയെ അവിശ്വാസം കൊണ്ട് വിളിച്ചാല്‍ അല്ലെങ്കില്‍ അല്ലാഹുവിന്റെ ശത്രു എന്ന് വിളിച്ചാല്‍, അവന്‍ അപ്രകാരമല്ലെങ്കില്‍ വിളിച്ചവനിലേക്ക് അത് മടങ്ങുന്നതാണ്. (മുത്തഫഖുന്‍ അലൈഹി)
ഒരാളെ മുസ്ലിമെന്നോ അവിശ്വാസിയെന്നോ വിധിക്കാന്‍ അവകാശമുള്ളത് അല്ലാഹുവിന് മാത്രമാണ്. അവിശ്വാസം വിധിക്കുന്നവനും വിശ്വാസം വിധിക്കുന്നവനും അല്ലാഹുവാണ്. ഒരു കാര്യം അനുവദനീയമാക്കുന്നതും നിഷിദ്ധമാക്കുന്നതും അല്ലാഹുവാണ്. അവന്‍ നിഷിദ്ധമാക്കിയത് അനുവദനീയമാക്കുന്നതിനും അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നതിനും ഒരാള്‍ക്കും അധികാരമില്ല. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ വിധിയില്‍ സത്യനിഷേധിയല്ലാത്തവനെ സത്യനിഷേധിയാക്കാനോ അല്ലാഹുവിന്റെ വിധിയില്‍ മുസ്ലിമല്ലാത്ത ഒരാളെ മുസ്ലിം ആയി പ്രഖ്യാപിക്കാനോ നമുക്ക് അര്‍ഹതയില്ല. ഇസ്ലാമിക മതനിയമ സംഹിത ലക്ഷ്യം വെക്കുന്നത് തന്നെ മതം, ശരീരം, സമ്പത്ത്, അഭിമാനം, ബുദ്ധി എന്നിവയുടെ സംരക്ഷണമാണ്. പ്രത്യേകിച്ച് ഒരു മുസ്ലിമിന്റെ അഭിമാനം സംരക്ഷിക്കപ്പെടണം, അവനെ അധര്‍മകാരി എന്ന് പോലും വിളിച്ചുകൂടാ.
പണ്ഡിത
വീക്ഷണങ്ങള്‍

സുഊദി ഗ്രാന്‍ഡ് മുഫ്തിയായിരുന്ന ശൈഖ് ഇബ്‌നു ബാസ്(റ) പറയുന്നു: ഒരു മുസ്ലിമിന് തന്റെ സഹോദരനെ സത്യനിഷേധിയായി ചിത്രീകരിക്കല്‍ അനുവാദമില്ല, അല്ലാഹുവിന്റെ ശത്രു എന്നോ ദുര്‍വൃത്തന്‍ എന്നോ തെളിവില്ലാതെ വിളിക്കാന്‍ പാടില്ല, വല്ലവനും തന്റെ സഹോദരനെ കുഫ്ര്‍ കൊണ്ട് വിളിച്ചാല്‍, അവന്‍ അപ്രകാരമല്ലെങ്കില്‍ ഇവനിലേക്ക് തന്നെ അത് മടങ്ങും. അതുകൊണ്ട് തന്നെ ഇത്തരം ചീത്ത ശൈലിയില്‍ പെടാതെ സൂക്ഷിച്ചു പോരാന്‍ ഓരോ ആളുകളും ജാഗ്രത പാലിക്കണം. യുക്തിബോധമില്ലാതെ സംസാരിക്കുന്നതില്‍ നിന്നും ആക്ഷേപങ്ങളും അവഹേളനങ്ങള്‍ ഉയര്‍ത്തുന്നതില്‍ നിന്നും നാവ് സംരക്ഷിക്കപ്പെടണം. (ഫതാവ നൂറുന്‍ അലദ്ദര്‍ബ് )
ഇമാം മനാവി(റ) എഴുതുന്നു: വല്ല വ്യക്തിയും ഒരു സത്യവിശ്വാസിയെ അവിശ്വാസം കൊണ്ട് ആരോപിച്ചാല്‍, ഹേ കാഫിര്‍ എന്നുള്ള വിളി പോലെ, അത് അവനെ വധിക്കലാണ്, അതായത് അത്തരം ആരോപണം അന്തസ്സില്‍ അല്ലെങ്കില്‍ വേദനിപ്പിക്കുന്നതില്‍ അവനെ വധിക്കുന്നത് പോലെയാണ്. (ഫയ്ദുല്‍ ഖദീര്‍)
മാലികി പണ്ഡിതനായ ഇമാം ഇബ്‌നു അബ്ദില്‍ ബര്‍റ് (റ) പറയുന്നു: മുസ്ലിമിനെ അധാര്‍മികനാക്കുന്നതും അവിശ്വാസിയാക്കുന്നതും യാതൊരു സംശയത്തിനും അവകാശമില്ലാത്തവണ്ണം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വിരോധിച്ചിട്ടുണ്ട്. (തംഹീദ്)
സൈനുദ്ദീന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍മലൈബാരി(റ) എഴുതുന്നു: മതവിധി നല്‍കുന്നവന്‍ അനിവാര്യമായും തനിക്ക് സാധ്യമാകും വിധം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് ഒരാളെ കാഫിറാക്കല്‍. അതിന്റെ അപകടം വലുതായത് കൊണ്ടും തന്റെ ലക്ഷ്യമില്ലായ്മയെ അതിജയിക്കുന്നത് കൊണ്ടുമാണത്. പ്രത്യേകിച്ച് പൊതുജനങ്ങളെ സംബന്ധിച്ച്, പൗരാണികരും ആധുനികരുമായ നമ്മുടെ ഇമാമുമാര്‍ ഈ വീക്ഷണത്തില്‍ നില കൊണ്ടിരിക്കുന്നു. (ഫത്ഹുല്‍ മുഈന്‍)

സത്യനിഷേധിയല്ലാത്ത ഒരാള്‍ക്കെതിരെ കുഫ്ര്‍ ആരോപിക്കുക വഴി വലിയ പാപങ്ങളിലാണ് അവന്‍ പെട്ട് പോയിരിക്കുന്നത്. ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്തു പോകുന്ന നിരീശ്വരവാദമോ കപടവിശ്വാസമോ മതത്തില്‍ നിന്നുള്ള വ്യതിചലനമോ ആണ് അവന്‍ ആരോപിക്കുന്നത്. ആരോപണം ഉന്നയിക്കുന്നവന്‍ തെളിവുകളുടെ അകമ്പടിയോടെ സത്യസന്ധതയോടെയാണ് ഈ പറയുന്നതെങ്കില്‍ അവന്റെ മേല്‍ കുറ്റമില്ല. പക്ഷെ കലിമ ഉരുവിട്ട ഒരാള്‍ക്കെതിരെ അത് ഉന്നയിക്കുമ്പോള്‍ അവന് യോജിക്കാത്ത ഒരു വിശേഷണം കളവായി എഴുന്നള്ളിക്കുകയാണ്. അതുകൊണ്ട് ജാഗ്രത കാണിക്കാതെ തീവ്രത തലയിലേറ്റി വികാര വിക്ഷുബ്ധനായി അവന്‍ കാഫിര്‍ ആണെന്ന് പ്രഖ്യാപിക്കുന്നുവെങ്കില്‍ അത് തിരിച്ചടിക്കും.
കാഫിറാക്കല്‍ വഴി മുസ്ലിം സമുദായത്തിനിടയില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് ഖവാരിജുകളാണ്. ഇതേ തുടര്‍ന്ന് സമുദായത്തിന്റെ ഹൃദയം തകര്‍ക്കുന്ന സംഭവ വികാസങ്ങള്‍ ഉടലെടുത്തു. പ്രവാചകന്‍ അവരെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: ‘വില്ലില്‍ നിന്ന് അമ്പ് തെറിച്ച് പോകുന്നത് കണക്കെ ഇസ്ലാമില്‍ നിന്ന് അവര്‍ വ്യതിചലിച്ച് പോകും. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരാകാം, പക്ഷെ അത് അവരുടെ തൊണ്ടയില്‍ നിന്ന് താഴേക്ക് ഇറങ്ങിയിട്ടുണ്ടാവില്ല. അവര്‍ നമസ്‌കരിക്കുകയും നോമ്പ് നോല്‍ക്കുകയും ഖുര്‍ആന്‍ തിലാവത്ത് നിര്‍വഹിക്കുകയും ചെയ്യും. പക്ഷെ അവര്‍ മുസ്ലിംകളെ സത്യനിഷേധികളാക്കി ചിത്രീകരിക്കുകയും അവരുടെ രക്തവും സമ്പത്തും സ്ത്രീകളും തങ്ങള്‍ക്ക് അനുവദനീയമാക്കുകയും ചെയ്യും. ഈ ഖവാരിജ് ചിന്ത പലരിലും പല കാലത്തും നില കൊണ്ടു. അവര്‍ അല്ലാഹു ആദരിച്ച മനുഷ്യനെ നിന്ദിക്കുകയും അവന്റെ അന്തസ്സിനെ ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നു.
നമസ്‌കാരം നിര്‍വഹിക്കുന്ന, ഖിബ്‌ലയെ അംഗീകരിക്കുന്ന, നാം അറുത്തത് ഭക്ഷിക്കുന്ന വ്യക്തി മുസല്‍മാനാണെന്ന തിരുവചനത്തെ നാം ഉള്‍ക്കൊള്ളുക. ഇമാം അയ്‌നി(റ) പറയുന്നു: ഈ തിരുവചനത്തില്‍ ജനങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കേണ്ടത് ആന്തരികമായ സംഗതികള്‍ നോക്കാതെ ബാഹ്യമായവയെ നോക്കിയായിരിക്കണം. അപ്പോള്‍ ആര്‍ ദീനിന്റെ ചിഹ്നങ്ങള്‍ പ്രകടമാക്കുന്നുവോ അവനില്‍ കല്‍പ്പിക്കപ്പെടുക വിശ്വാസിയെന്ന വിധിയായിരിക്കും. എന്നാല്‍ ദീനീ അടയാളങ്ങള്‍ പ്രകടിപ്പിക്കാന്‍ കൂട്ടാക്കാതെയിരിക്കുന്നവര്‍ക്ക് നേരെ കല്‍പ്പിക്കപ്പെടുന്ന വിധി അതിനനുസൃതമായതായിരിക്കും. അത് മൂന്ന് വിശേഷണങ്ങള്‍ നിമിത്തമാണ്. നമസ്‌കാരം, ഖിബ്‌ല, മുസ്ലിംകള്‍ അറുത്തവയെ ഭക്ഷിക്കുക തുടങ്ങി മൂന്നെണ്ണം ഏകദൈവവിശ്വാസവും പ്രവാചകത്വവും മുഹമ്മദ് നബിയുടെ പ്രബോധന ദൗത്യ നിര്‍വഹണവും അംഗീകരിക്കുന്നവനിലല്ലാതെ ഒരുമിക്കുകയില്ല. (ഉംദതുല്‍ ഖാരി)
പ്രവാചകന്‍(സ) വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: ‘നിശ്ചയം ഉന്നതനും അനുഗ്രഹ സമ്പൂര്‍ണനുമായ അല്ലാഹു നിങ്ങളുടെ മേല്‍ ഈ ദിവസത്തെയും ഈ നാടിന്റെയും ഈ മാസത്തിന്റെയും പവിത്രത പോലെ നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും പവിത്രമാക്കിയിരിക്കുന്നു. അവിടുന്ന് തുടര്‍ന്നു, നിങ്ങള്‍ക്ക് നാശം, അന്യോന്യം പിരടികള്‍ വെട്ടി നിഷേധികളായി എന്റെ ശേഷം നിങ്ങള്‍ മാറരുത്.’ (ബുഖാരി : 121)
ശിര്‍ക്ക് വ്യാപിക്കുന്നു
മുസ്‌ലിം സമുദായത്തില്‍ വലിയ തോതില്‍ ശിര്‍ക്ക് കടന്നുകയറിയിരിക്കുന്നു. അന്‍ബിയാക്കള്‍, ബദ്‌രീങ്ങള്‍, മഹത്തുക്കള്‍ തുടങ്ങിയവരെ വിളിച്ചു പ്രാര്‍ഥിക്കുന്നു. അവര്‍ എല്ലാം കേള്‍ക്കുന്നുവെന്നും കാണുന്നുവെന്നും വിശ്വസിക്കുന്നു. ഇതൊക്കെ ദീനില്‍ ഉള്ളതാണെന്നും ശരിയായ മതം ഇതാണെന്നുമാണ് ഇവര്‍ കരുതുന്നത്. തങ്ങള്‍ യഥാര്‍ഥ വിശ്വാസം സ്വീകരിച്ച വിഭാഗമാണെന്ന് അഭിമാനം കൊള്ളുകയും ചെയ്യുന്നു. ഇങ്ങനെ ശിര്‍ക്ക് ചെയ്യുന്നവരെ മുശ്‌രിക്, കാഫിര്‍ എന്നിങ്ങനെ വിളിക്കുന്നത് അനുചിതമാണ്.
സാബിത് ബിന്‍ ളഹ്ഹാഖ്(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: ”ആരെങ്കിലും ഒരു സത്യവിശ്വാസിയുടെ മേല്‍ കുഫ്ര്‍ ആരോപിച്ചാല്‍ അത് അവനെ വധിക്കുന്നതുപോലെയാണ്” (ബുഖാരി 6047). ദര്‍ഗകളില്‍ ഇസ്തിഗാസ ചെയ്യുക, മൗലിദ് നടത്തുക, ഖുത്ബിയ്യത്ത് ഓതുക തുടങ്ങിയവ ചെയ്യുന്നവരെ നാം മുശ്‌രിക്കെന്നോ കാഫിറെന്നോ വിളിക്കാന്‍ പാടില്ല. അടിസ്ഥാനപരമായി അവര്‍ രണ്ടു സത്യസാക്ഷ്യങ്ങളും പ്രഖ്യാപിച്ചവരും ഇസ്‌ലാമിക വിശ്വാസത്തിലെ ആറ് കാര്യങ്ങള്‍ വിശ്വസിക്കുന്നവരും ഇസ്‌ലാമിക കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരുമാണ്. മുസ്‌ലിമായി ജീവിക്കണമെന്ന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണ്. അവരുടെ ഖിബ്‌ല കഅ്ബയാണ്. പരലോകത്തില്‍ വിശ്വാസം ഉള്ളവരുമാണ്. ഇതെല്ലാം അംഗീകരിക്കുന്ന ജനങ്ങളെ എങ്ങനെ കാഫിര്‍ എന്നു വിളിക്കും?
അവര്‍ അല്ലാഹുവിനെയോ വിശുദ്ധ ഖുര്‍ആനിനെയോ പാരത്രിക ജീവിതത്തെയോ നിഷേധിക്കുന്നില്ല. അപ്പോള്‍ അവരെ സത്യനിഷേധി എന്ന് വിളിച്ചുകൂടാ. അവര്‍ നിരന്തരം ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറയുന്നു. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരെ മുശ്‌രിക് എന്ന് വിളിക്കുകയല്ല വേണ്ടത്. മറിച്ച് തൗഹീദില്‍ നിന്ന് അവര്‍ക്ക് വ്യതിയാനം സംഭവിക്കുമ്പോള്‍ ഗുണകാംക്ഷയോടെ നിങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണ്, അത് വലിയ പാപമാണ് എന്ന് പഠിപ്പിക്കുകയാണ് വേണ്ടത്.
പ്രബോധകന്റെ ദൗത്യം
പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ശിര്‍ക്ക്, ബിദ്അത്ത് തുടങ്ങി സമൂഹത്തെ ബാധിക്കുന്ന അധാര്‍മികതകള്‍ക്കെതിരെ യുക്തിസഹമായി പ്രബോധനം നടത്തുകയാണ് വിശ്വാസിയുടെ ബാധ്യത. ”(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ അവനോട് പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ” (വി.ഖു: 12:108). ഈ വചനത്തെ ഇബ്‌നു കസീര്‍ വ്യാഖ്യാനിക്കുന്നു: ‘ഉള്‍ക്കാഴ്ചയോടെയും ദൃഢബോധ്യത്തോടെയും മതപ്രമാണങ്ങളോടുകൂടിയും ബുദ്ധിപരമായും റസൂലിനെ പിന്‍പറ്റുന്നവര്‍ റസൂല്‍ ക്ഷണിച്ചതിലേക്ക് പ്രബോധനം ചെയ്യുക” (തഫ്‌സീര്‍ ഇബ്‌നു കസീര്‍).
നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ് ഒരു പ്രബോധകന്‍ നിര്‍വഹിക്കുന്നതില്‍ മുഖ്യം. അത് പക്വതയോടെയും ഗുണകാംക്ഷയോടെയും നിര്‍വഹിക്കണം. തീവ്രമായ വാക്കുകളോ അധിക്ഷേപമോ പരിഹാസമോ പാടില്ല. ”അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും വേണ്ടി” (വി.ഖു: 2:143).
മുസ്‌ലിംകളെ കാഫിറാക്കുന്ന രീതി തുടങ്ങിവെച്ചത് ഖവാരിജുകളാണ്. വലിയ പാപങ്ങളോ തിന്മകളോ ചെയ്യുന്നവരെ അവര്‍ കാഫിറുകളാക്കി, അവര്‍ക്കെതിരെ വാള്‍ പ്രയോഗിച്ചു. പ്രബോധകന്‍ പ്രബോധനം എന്ന ദൗത്യനിര്‍വഹണം മാത്രം നടത്തുക. അല്ലാഹു പറയുന്നു: ”നിന്റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. അവരുടെ കണക്കുനോക്കുന്ന ബാധ്യത നമുക്കാകുന്നു” (വി.ഖു: 13:40). ”വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ല” (വി.ഖു: 36:17).
മുസ്‌ലിം സമൂഹത്തില്‍ നിരവധി പേര്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുകയും നവീന ആചാരങ്ങള്‍ കൊണ്ടാടുകയും ചെയ്തുവരുന്നു. ഇത് വലിയ തെറ്റു തന്നെയാണ്. പക്ഷേ, അതിന്റെ പേരില്‍ ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് അവരെ പുറത്താക്കുകയും കാഫിര്‍ മുദ്ര കുത്തുകയും ചെയ്യുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. പ്രബോധനരംഗത്ത് അനഭിലഷണീയമായ പ്രവണതയാണത്.
ഇസ്‌ലാഹി പ്രസ്ഥാനം പുലര്‍ത്തിപ്പോരുന്ന പ്രബോധന സംസ്‌കാരം അത് അംഗീകരിക്കുന്നില്ല. മൗലികമായി അവര്‍ സത്യവിശ്വാസികളാണ്. അതുകൊണ്ടുതന്നെ അവരെ അപമാനിക്കുകയല്ല, അവരുടെ തെറ്റുകള്‍ തിരുത്താന്‍ ഉതകുന്ന വിധത്തില്‍ പ്രമാണങ്ങള്‍ ഉദ്ധരിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. പ്രവാചകന്‍ പറഞ്ഞു: ”നമ്മുടെ നമസ്‌കാരം നിര്‍വഹിക്കുകയും നമ്മുടെ ഖിബ്‌ലയെ ഖിബ്‌ലയായി അംഗീകരിക്കുകയും നമ്മള്‍ അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവന്‍ മുസ്‌ലിമാണ്” (ബുഖാരി 391).
പള്ളികള്‍
അമ്പലങ്ങളല്ല

അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട പള്ളികളെ അമ്പലങ്ങള്‍ എന്നു വിശേഷിപ്പിക്കരുത്. വെറും വികാരപ്രകടനങ്ങള്‍ മാത്രമാണ് അങ്ങനെയുള്ള ജല്‍പനങ്ങള്‍. ചില പുരോഹിതന്മാരുടെ സ്വാര്‍ഥത കാരണം പ്രമാണ ദുര്‍വ്യാഖ്യാനങ്ങളും മാര്‍ഗഭ്രംശം സംഭവിച്ച സൂഫീ ധാരയെ പുല്‍കുന്നതും നിമിത്തം ഇസ്ലാമിക വിരുദ്ധ വിശ്വാസ ആചാരങ്ങള്‍ ചില പള്ളികളില്‍ നടക്കുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ ആ പള്ളികള്‍ സുജൂദ് ചെയ്യാന്‍, നമസ്‌കരിക്കാന്‍ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അവ അമ്പലങ്ങളല്ല, പള്ളികള്‍ തന്നെയാണ്. തൗഹീദ് മുറുകെ പിടിക്കുന്നതില്‍ അവര്‍ക്ക് പറ്റിയ അബദ്ധങ്ങള്‍ തിരുത്തിക്കൊടുക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ ഉണ്ടാവണം.

Back to Top