കവിത- ഹസ്ന യഹ്യ
പാതിരാ നേരത്ത്
ജാലകപ്പാളികളില്‍
ചില്ലേറ് കൊള്ളുന്ന ശബ്ദം
തുറന്നൊന്നു നോക്കിയ
നേരത്തു കണ്ടത്
മഴയുടെ രൗദ്രഭാവം
പെരുമഴത്തുള്ളലാട്ടം.
ആരോ തുറന്നിട്ട
മഴവാതിലുകള്‍
അടക്കാത്തതെന്തെന്നു
കുഞ്ഞ്,
പേടിച്ചരണ്ട്
നിലവിളിച്ചവന്‍
ഇറുക്കിപ്പിടിച്ചെന്റെ നെഞ്ചില്‍
മുറുക്കിപ്പിടിച്ചെന്റെ കയ്യില്‍.
പേമാരിയില്‍ മുങ്ങിക്കുതിര്‍ന്നൊരു
കുന്ന് വീണു പൊടിഞ്ഞടിഞ്ഞു
പോയെന്നു കേട്ടു,
ഉറക്കാതെ രാവിനെ
പെരുമ്പറ കൊട്ടി കൂകി വിളിച്ചു
മുടിയഴിച്ചിട്ട് ലാത്തുന്ന കാറ്റ്.
നേരം വെളുത്തപ്പോള്‍
കണ്ട കാഴ്ച്ചയില്‍
കണ്ണീരുപോലും ഉറഞ്ഞു പോയി.
ചത്തു മലര്‍ന്നു കിടക്കുന്ന പുഷ്പങ്ങള്‍,
വേരറിയാതെ പുഴകി വീണ മരങ്ങള്‍,
തോട്ടടുത്തുള്ളവരാരെയും കാണാനില്ല.
മണ്ണിന്നടിയില്‍ മാഞ്ഞു
പോയവരെല്ലാമെന്ന്
ചിറകറ്റൊരു പ്രാവിന്‍കുഞ്ഞു പറഞ്ഞു.
മൂകമാം ഭീതിയില്‍
തനിച്ചായൊരു കോണില്‍
വീണ്ടുമെന്‍ മകന് ചോദിച്ചു,
മഴ വാതില്‍ തുറന്നിട്ടതാരെന്ന്…
ഞൊടിനേരം കൊണ്ട്
ഞാറിഞ്ഞൊരു സത്യം
പാതിയുമൊലിച്ചു
പോയൊരു കൂരയിലാണിപ്പോഴെന്ന്.
ഞെട്ടലോടെ അറിയുന്നു
പൊരുള്‍
നാടില്ല,
വീടില്ല
മണ്ണില്ല
വാടകച്ചീട്ടു പോലുമില്ല കയ്യിലിന്ന്
തെളിവുകളുമില്ല
സാക്ഷികളുമില്ല
ഇവിടെ പിറന്നവരെന്നു പറയാന്‍
ഞങ്ങളിവിടെ പിറന്നവരെന്നറിയാന്‍.
.