3 Tuesday
December 2024
2024 December 3
1446 Joumada II 1

കവിത  നിയാസ് വൈക്കം – വല്ല്യാപ്പ 

പുറത്തെപ്പള്ളിയില്‍
വട്ടം കിടത്തിയപ്പോള്‍
പകലന്തിയോളം
മുഖംനോക്കിയിരുന്ന
മിമ്പറാദ്യമായൊന്നു
നിശ്ശബ്ദമായി
ഊന്നുവടിയാരോ
പള്ളിക്കുളത്തിലേ –
ക്കെറിഞ്ഞതുകണ്ടിട്ടാവണം
വട്ടത്തൊപ്പി
ആണിപറിഞ്ഞുതാഴെവീണ്
ശ്വാസംമുട്ടിപ്പിടഞ്ഞത്
പള്ളിക്കാട്ടില്‍
കൊണ്ടേകിടത്തിയേച്ചും
പോന്നപ്പോളാണ്
ചുറ്റും കിടന്നവരെണീറ്റിരുന്നു
പൊട്ടിക്കരഞ്ഞത്
അകമ്പടിപോകാതെ
പട്ടാപ്പകലൊരു റാന്തല്‍വിളക്ക്
കരിംതിരി കത്തിയത്
കരയാനാളില്ലാത്തത് കൊണ്ടാവണം
അസറിന്റെ സമയത്തും
മൈക്ക്
മൗനക്കുരുക്കില്‍ പൊട്ടിക്കരഞ്ഞത്
നിസ്‌ക്കാരപ്പായെല്ലാം
കുടഞ്ഞെണീറ്റ്
പൊടിതുമ്മിച്ചുമച്ചത്
തൊണ്ട നനയ്ക്കാതെ
ഹൗള്
തയമ്മം ചെയ്തത്….
മൂത്രപ്പുര മുഴുവന്‍
മണം തിന്ന് ഛര്‍ദിച്ചത്
ന്റെ വല്ല്യാപ്പ ഒരു മുഅദ്ദിന്‍
മാത്രമായിരുന്നില്ലല്ലോ അവര്‍ക്ക്.
Back to Top