29 Friday
September 2023
2023 September 29
1445 Rabie Al-Awwal 14

കവിത -അജിത്രി അ’ഭയം’

ഇടത്തോട്ട് മുണ്ടുടുക്കാന്‍
വെള്ളി മോതിരമിടാന്‍
അവന് ഈയിടെ ചെറിയ പേടി
തോന്നി തുടങ്ങിയിരുന്നു.
അസറു നിസ്‌ക്കരിക്കാന്‍
ഓടി പാഞ്ഞുള്ള വരവും നിന്നു.
രാത്രിയായിട്ടും
ജാഥ കഴിഞ്ഞ് എത്തിയിട്ടില്ലെന്ന്
തെങ്ങോലയ്ക്കിടയിലൂടെയൊലിക്കുന്ന
നിലാവിനെ നോക്കി ഉമ്മ
വാപ്പയോട് വിളിച്ചു പറയുന്നു.
വിളിച്ചു ചോദിക്കുന്നുണ്ട്,
അവന്റെ ചങ്ങാതിമാര്‍
പഴയ കാമുകി
പുതിയ അധ്യാപിക,
ഉസ്താദ്, പിന്നെ നൗഷാദും.
വായനശാലയിലെ ചങ്ങാതി
സഖാവും പ്രസിഡന്റും
പിന്നെ ഉസ്മാന്‍ പോലീസും

പോക്കുവെയിലില്‍ കുളിച്ചവന്‍
വിളിച്ചതിന്റെ പാടുകള്‍ ഫോണിലെ
നിലാവിന്‍ വെയിലില്‍ തണര്‍ത്തു കിടന്നു.

സ്വപ്‌നത്തില്‍ അഭിമന്യുവും
കൃഷ്ണനും രാമനും
ക്രിസ്തുവും ആരും വന്നില്ല.
ആരൊക്കെയോ
ലഘുലേഖയുമായ്
വന്നു പോയെന്ന്
മാടന്‍നാരായണന്‍
മൊഴി കൊടുത്ത്
താടി ചൊറിഞ്ഞ്
പറക്കുന്നതും കണ്ട്
ഞെട്ടി, തൂവലൊട്ടി
ഉമ്മയുള്ളിലെ കിളി
ചിലക്കാതെ കിടന്നു.
ഉണര്‍ന്നപ്പോള്‍….
പെട്ടെന്ന് വലിയൊരു
കമ്പിക്കൂട്
ചുറ്റിലും അഴികള്‍
അഴിയാ പ്രസംഗ കുരുക്കുകള്‍
ആസാദീ എന്നാല്‍
ആസാനീ എന്നു
വായിച്ചവന്‍ നീയല്ലേ…

പണ്ട് ആസാദ് ചൂണ്ടിക്കാണിച്ച
അതേ കഴുങ്ങില്‍
അതേ കുരുക്കില്‍
പൂതലിച്ച തടിയില്‍
കറുപ്പു കലര്‍ന്ന ചോരയില്‍
വിരല്‍ മുക്കിയെഴുതിയ
പാഴ് വര പോല്‍
ചൂണ്ടുവിരലും
ചോരയും
പനിനീര്‍പ്പൂവും
ചേര്‍ത്ത് വെച്ച് ഇറ്റു
വീഴും ചരിത്ര തുള്ളികള്‍
വാറ്റിയെടുത്ത
അത്തറിന്‍
സുഗന്ധമായ്
മാമാങ്ക പുഴയുടെ
പ്രേതം പോലെ…
അതിനരികിലെ ഏഴിളം
പാലയില്‍ കുറിയിട്ട
യക്ഷിയുടെ
മക്കനയിട്ട
പെണ്ണിന്റെ
പെണ്ണുടല്‍ ചന്തം.
പൊള്ളിയോടുന്നുണ്ടൊരു
ദേഹം, നാവു തളരാതെ.
ഭയം കുഴിച്ച കുഴിയില്‍
കുഴിയാനയ്ക്കഭയം
നിയമം കുഴിച്ച മണല്‍പ്പാടം
കുഴിയാതെ ദൂരെ
ചരിഞ്ഞു കിടക്കുന്നു.
ഫോണ്‍ ചിലയ്ക്കുന്നു.
കൂട് തുറന്നാ പക്ഷി
പാറുന്നു…
ഭയത്തിന്റെ കാഞ്ചിയില്‍
വെള്ളി കെട്ടിയ മോതിരം
ഇടതിന്റെ നിസ്‌കാരത്തഴമ്പ്
മലര്‍ത്തിയടിച്ചു കൊന്ന
ആമയുടെ ലോഗോ
സമരം കഴിഞ്ഞു
പുര കത്തുമ്പോള്‍
വാഴവെട്ടിയത് നിങ്ങളല്ലേ…
ഞമ്മളാ വാഴത്തോട്ടത്തില്‍
സുരക്ഷിതരായിരുന്നല്ലോ..
വരുന്നുണ്ട്
ഇടശ്ശേരിയുടെ അലവി
അല്ലെങ്കിലും ഓന്‍
പണ്ടേ നമ്മുടെ പക്ഷത്തല്ല …
അപ്പ വിട്ടോളീ..
ഫോണ്‍ വിളിച്ചോളീ…
നിങ്ങടെ ഇന്റര്‍നെറ്റ്
കട്ടുചെയ്യുക അതി
രഹസ്യമായിട്ടായിരിക്കും.
കാതുകുത്താതെ
കാതു കേള്‍ക്കാതെ
തോളില്‍ കയ്യിട്ട്
നടന്നുകൊള്ളൂ..
കാവിക്കൊടി കുത്തിയ
മണ്ണില്‍ കുഴിയാന മുരണ്ടു
ഒരൂക്കന്‍ ശബ്ദം

ആസാം പണിക്കാരെന്നുകരുതി…
ഇടശേരി മണ്ണു നീക്കുന്നു.
പോയ കാലങ്ങളില്‍ നിന്ന് കുതിച്ചു വന്ന തുമ്പികളെന്നു കരുതി
കണ്ണടച്ചു നില്‍ക്കുന്നു
തീവ്രവാദിയുടെ
വേഷം ചാലിച്ച
ഓര്‍മയെ
റാഞ്ചുകയാണൊരു
കുരുവി
ചുണ്ടിലിത്തിരി തേന്‍..
ഫോണ്‍ കിളി ചിലക്കുന്നു
മാമ്പഴം വീഴുന്നു…
വീട്ടിലെത്തി പായ് നിവര്‍ത്തി
ഒരു കപ്പല്‍
യാത്ര പോകുന്നു.
കുഴിയാന യാത്രയാക്കുന്നു.
.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x