2 Monday
December 2024
2024 December 2
1446 Joumada II 0

‘കത്ത്‌ള കിത്ത്‌ള’

മുബാറക് മുഹമ്മദ്‌


മഴയൊച്ച
ടൗണൊച്ചയിലലിഞ്ഞ്
നേര്‍ത്ത് ഇറ്റിവീഴുന്ന രാത്രിയില്‍
ഒരു ബസ്സ്
പുതപ്പിട്ടു മൂടി
എന്റെ ഗ്രാമത്തിലേക്ക് പോകുന്നു.

ഞാനിരിക്കുന്ന സീറ്റിന്റെ
അഞ്ചടി ഉയരത്തില്‍ നിന്ന്,
തിങ്ങിനിറഞ്ഞു നിന്നാടുന്ന
ആള്‍ത്തലകള്‍ക്കിടയില്‍ നിന്ന്
രണ്ട് അതിഥി തൊഴിലാളികള്‍
അവരുടെ ഭാഷയില്‍
വെടിമരുന്നിന്
തീ കൊളുത്തുന്നു.
‘ചാങ്ച്ചു കത്ത്‌ള കിത്ത്‌ള’
എന്നൊരു ശബ്ദം മാത്രം
അവരുടെ
തമ്പാക്ക് ഉരുള്‍പൊട്ടിയ
വായില്‍ നിന്നു
എന്റെ ചെവിയിലേക്കൊലിക്കുന്നു.

പുറത്തെ മഴയെത്തോല്‍പ്പിച്ച്
ആ ‘കിത്ത്‌ള’ ശബ്ദങ്ങള്‍
അപരിചിതരെപ്പോല്‍
ബസ്സിലിരിക്കുന്ന
മിണ്ടാജന്മങ്ങള്‍ക്കിടയിലേക്ക്
പടരുന്നു.

കഴിഞ്ഞ മാസം
ഓഫീസില്‍ നിന്നു
നോര്‍ത്തീസ്റ്റിലേക്ക് പോയ
യാത്രയിലെ ഡോഗ് മീറ്റിന്റെ മണം
എന്റെ മൂക്കിന്‍ തുമ്പത്ത് വന്ന്
മുട്ടിവിളിച്ചു.

അന്ന് ഞങ്ങളെല്ലാവരുടെയും
വായിലെ മലയാളം
അമ്പഴങ്ങ കമിഴ്ത്തിയ പോല്‍
വിഴുങ്ങി വിഴുങ്ങി
നിശ്ശബ്ദമായിപ്പോയതിന്റെ
ശ്വാസം തിങ്ങല്‍
ഇപ്പോഴും തൊണ്ടയെ മുറിക്കുന്നുണ്ട്.
ഫുഡ് ഓഡര്‍ ചെയ്യുമ്പോള്‍
മലയാളത്തെ തള്ളിമാറ്റി
ഹിന്ദി നിശ്ശബ്ദം മുറിഞ്ഞു വീണത്..

ഗ്രാമത്തിലേക്കെത്തവേ
ബസ്സിന്റെ മുരള്‍ച്ച
തേഞ്ഞു പോവുന്നു.
ഇലയൊച്ച തേങ്ങുന്നു
ഇരുളില്‍ മലവെള്ളം
കടപുഴക്കി, കുത്തിയൊലിക്കുന്നതിന്റെ
ആരവം അലയ്ക്കുന്നു.

ബസ്സ് പുതപ്പു മാറ്റി
കണ്ണു തുറന്നു നോക്കുന്നു
ക്ഷുദ്രരൂപിയായൊരു
തൃശൂലത്തലയന്‍.
ഹിംസക്കണ്ണുകളാല്‍
നാടിനെ നോക്കുന്നൊരു
ഭീമാകാരന്‍ ഹോര്‍ഡിംഗ്
കഴിഞ്ഞ രണ്ടു മാസമായി
കവലയില്‍
അമ്പത്താറിഞ്ചു വീതിയില്‍
നെഞ്ചുവിരിച്ചു നിന്നിരുന്നത്
നിറുത്താ മഴയില്‍
മൂക്കും കുത്തി
വീണു കിടപ്പുണ്ട്.

ഇരുട്ടിലും ആകാശത്ത്
കണ്‍മിഴിച്ചു മിടിപ്പുണ്ട്
ഒറ്റവെടിയില്‍ച്ചിതറി
പൂത്തിറങ്ങിയൊരു
അപ്പൂപ്പന്‍ നക്ഷത്രം.

Back to Top