12 Friday
April 2024
2024 April 12
1445 Chawwâl 3

കണ്ണൂര്‍ പി അബ്ദുല്‍ഖാദിര്‍ മൗലവി ആദര്‍ശ സംവാദത്തിന്റെ ഗ്രന്ഥകാരന്‍

ഹാറൂന്‍ കക്കാട്‌


‘അത്തൗഹീദ്’ എന്ന ഗ്രന്ഥരചനയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന പണ്ഡിതനാണ് കണ്ണൂര്‍ പി അബ്ദുല്‍ഖാദിര്‍ മൗലവി. ഏകദൈവവിശ്വാസത്തിന്റെ യഥാര്‍ഥ പൊരുള്‍ എന്താണെന്ന് ഇത്രമേല്‍ ലളിതമായും വ്യക്തമായും വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ അപൂര്‍വമാണ്. 1890ല്‍ കണ്ണൂരിലെ അതിപുരാതനമായ പള്ളിയകത്ത് കുടുംബത്തിലെ അബൂബക്കര്‍ എന്ന കുഞ്ഞുമൊല്ലയുടെ മകനായാണ് കണ്ണൂര്‍ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ജനനം.
അറക്കല്‍ രാജകൊട്ടാരത്തിലെ സ്ഥാനീയരായ മൊല്ലമാരായിരുന്നു പള്ളിയത്ത് കുടുംബക്കാര്‍. കണ്ണൂര്‍ സിറ്റിയിലെ ഗവ. യു പി സ്‌കൂളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിതാവിന്റെ സന്നിധിയില്‍ നിന്ന് ഖുര്‍ആനും ഫിഖ്ഹ് ഗ്രന്ഥങ്ങളും പഠിച്ചു. കണ്ണൂര്‍, മാട്ടൂല്‍, വടകര, കൊച്ചി എന്നിവിടങ്ങളിലെ പള്ളിദര്‍സുകളില്‍ നിന്ന് മതവിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടി.
വടകരയിലെ പള്ളിദര്‍സില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് വക്കം മൗലവിയുടെ മുസ്‌ലിം മാസിക വായിക്കാനിടയായത്. പിന്നീട് വക്കം മൗലവിയുടെ ദര്‍സില്‍ ചേര്‍ന്ന് മൂന്നു വര്‍ഷത്തോളം പഠനം നടത്തി. ശൈഖ് റശീദ് രിദ പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാര്‍ മാസികയും തഫ്‌സീറുല്‍ മനാറും ഇബ്‌നു തൈമിയ, ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ്, ശൈഖ് മുഹമ്മദ് അബ്ദ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും പഠിക്കാന്‍ ഇതുവഴി അവസരങ്ങള്‍ ലഭിച്ചു. ഉര്‍ദു ഭാഷയില്‍ പ്രാവീണ്യം നേടാനും ഈ കാലയളവില്‍ സാധിച്ചു. ഉപരിപഠനത്തിന് ഉമറാബാദിലാണ് ചേര്‍ന്നത്. അവിടത്തെ ബിരുദത്തോടൊപ്പം അഫ്ദലുല്‍ ഉലമാ പരീക്ഷയും പാസായി. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ അഫ്ദലുല്‍ ഉലമാ ബിരുദധാരിയായിരുന്നു അദ്ദേഹം. തിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പയ്യന്നൂര്‍ ഹൈസ്‌കൂള്‍, ചെറുകുന്ന് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു.
കൊച്ചി മുസ്‌ലിം യുവജന സംഘം 1934ല്‍ ‘കണ്ണൂര്‍ അബ്ദുല്‍ഖാദിര്‍ മൗലാനക്ക് ഒരു പ്രത്യക്ഷപത്രം’ എന്ന വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. അബ്ദുല്‍ഖാദിര്‍ മൗലവി ഉള്‍പ്പെടുന്ന വഹാബികള്‍ ഖബ്ര്‍ സിയാറത്ത് എതിര്‍ക്കുന്നവരാണെന്നും എന്നാല്‍ മൗലവി കൊച്ചിയില്‍ വന്നപ്പോള്‍ ഒരു സുഹൃത്തിന്റെ ഖബ്ര്‍ സിയാറത്ത് ചെയ്തുവെന്നും, വഹാബികളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ യോജിക്കുന്നില്ലെന്നുമായിരുന്നു ഈ പരസ്യവിജ്ഞാപനത്തിലെ ആരോപണം. ഇതിനോടുള്ള പ്രതികരണമായാണ് ‘സിയാറത്തുല്‍ ഖുബൂര്‍’ എന്ന വിഖ്യാത ഗ്രന്ഥം മൗലവി എഴുതിയത്. പ്രസിദ്ധീകരണ ചെലവിലേക്ക് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കോഴിക്കോട്ടു നിന്ന് നല്ലൊരു തുക ശേഖരിച്ച് അദ്ദേഹത്തെ സഹായിച്ചു.
‘സിയാറത്തുല്‍ ഖുബൂര്‍’ എന്ന ഗ്രന്ഥത്തിലെ ഏകദൈവവിശ്വാസം പ്രതിപാദിക്കുന്ന അധ്യായം വ്യാഖ്യാനിച്ചുകൊണ്ടാണ് 1943ല്‍ ‘അത്തൗഹീദ്’ എന്ന ഗ്രന്ഥം രചിച്ചത്. പുസ്തകം എഴുതി പൂര്‍ത്തിയാക്കിയ ഉടനെ അദ്ദേഹം തിരൂരങ്ങാടിയില്‍ പോയി കെ എം മൗലവിയെ വായിച്ചു കേള്‍പ്പിച്ചു. സന്തുഷ്ടനായ അദ്ദേഹം പുസ്തകത്തിന് പ്രത്യേക ആശംസാക്കുറിപ്പ് എഴുതി നല്‍കി. 1944ല്‍ ‘അത്തൗഹീദി’ന്റെ ആദ്യ പതിപ്പ് പ്രകാശിതമായി.

ഈ കൃതിക്ക് മറുപടിയായി മൗലവി കെ ബഷീറുദ്ദീന്‍ മൂസ ഫര്‍ത്വവി ‘അല്‍ ഖൗലുസ്സദീദ് ഫീ റദ്ദിത്തൗഹീദ്’ എന്ന പുസ്തകം രചിച്ചെങ്കിലും അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ഗ്രന്ഥം കൂടുതല്‍ ജനശ്രദ്ധ നേടുകയാണ് ചെയ്തത്. മൂസ ഫര്‍ത്വവിയുടെ പുസ്തകത്തിലെ പൊള്ളത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ഉദ്ധരിച്ചുകൊണ്ട് ‘അത്തൗഹീദ് ഖണ്ഡനത്തിന് മറുപടി’ എന്ന പേരില്‍ ഇസ്‌ലാഹി പണ്ഡിതന്മാരായിരുന്ന കെ എം മൗലവി, എ കെ അബ്ദുല്ലത്തീഫ് മൗലവി, കെ ഉമര്‍ മൗലവി എന്നിവര്‍ ചേര്‍ന്ന് ഒരു പുസ്തകം കൂടി രചിച്ചു.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും രൂപീകരണത്തില്‍ പ്രധാന പങ്കാളിയായിരുന്ന അബ്ദുല്‍ഖാദിര്‍ മൗലവി കെ ജെ യുവിന്റെ പ്രഥമ കമ്മിറ്റിയില്‍ ഭാരവാഹിയായിരുന്നു. 1933ല്‍ നാദാപുരത്ത് നടന്ന മുസ്‌ല്യാര്‍-മൗലവി വാദപ്രതിവാദത്തില്‍ മുജാഹിദ് പക്ഷത്തെ പ്രതിനിധീകരിച്ച പത്ത് പണ്ഡിതന്മാരില്‍ മൗലവിയും ഉള്‍പ്പെട്ടിരുന്നു. നവോത്ഥാന സംരംഭങ്ങളില്‍ സജീവമായ മൗലവി 1938ല്‍ പയ്യന്നൂര്‍ കേന്ദ്രീകരിച്ച് മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി എന്ന പേരില്‍ സംഘടന രൂപീകരിച്ച് വിവിധ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
വക്കം മൗലവിയുടെ ‘മുസ്‌ലിം’ മാസികയിലെയും കൊടുങ്ങല്ലൂരില്‍ നിന്നിറങ്ങിയ ‘മുസ്‌ലിം ഐക്യം’ മാസികയിലെയും ചില ലേഖനങ്ങള്‍ തെരഞ്ഞെടുത്ത് ‘യഥാര്‍ഥ സാഹിത്യം’ എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ച് മുസ്‌ലിം സര്‍വീസ് സൊസൈറ്റി, ജംഇയ്യത്തു ഹിമായത്തിസ്സുന്ന എന്നീ സാംസ്‌കാരിക സംഘടനകളും മൗലവിയുടെ നേതൃത്വത്തില്‍ രൂപീകൃതമായി. ഇതിനു കീഴില്‍ നിരവധി ലഘുലേഖകളും പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ജംഇയ്യത്തു ഹിമായത്തിസ്സുന്ന ഓഫീസില്‍ വെച്ച് അദ്ദേഹം സ്ഥിരമായി ഖുര്‍ആന്‍-ഹദീസ് പഠന ക്ലാസുകള്‍ നടത്തിയിരുന്നു. ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ഉര്‍ദു ഭാഷ എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കി.
അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെയും അഹ്‌ലുല്‍ ഖുര്‍ആന്‍ സംഘത്തിന്റെയും വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അബ്ദുല്‍ഖാദിര്‍ മൗലവി ധീരതയോടെ മുന്നേറി. ‘ഖത്മുന്നുബുവ്വത്ത് അഥവാ പ്രവാചകത്വ സമാപ്തി’ ഈ മേഖലയിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനയാണ്. ഇ മൊയ്തു മൗലവിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്. ഈ ഗ്രന്ഥത്തിന് ഖണ്ഡനമായി അഹ്മദിയ്യാ മുബല്ലിഗ് ബി അബ്ദുല്ല മൗലവി എഴുതിയ ലേഖനത്തിലെ അബദ്ധങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ‘അല്‍അമീന്‍’, ‘യുവലോകം’ എന്നീ പ്രസിദ്ധീകരണങ്ങളില്‍ അബ്ദുല്‍ഖാദിര്‍ മൗലവി മറുപടി എഴുതിയിരുന്നു.
മൗലാനാ ഇബ്‌റാഹീം സിയാല്‍കോട്ടി ഉര്‍ദു ഭാഷയില്‍ എഴുതിയ പുസ്തകം ‘മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയും പ്രവാചകത്വ സമാപ്തിയും’ എന്ന പേരില്‍ അബ്ദുല്‍ ഖാദിര്‍ മൗലവി വിവര്‍ത്തനം ചെയ്തു. ‘ഖാദിയാനികളുടെ മിഥ്യാവാദങ്ങള്‍’, ‘പരിശുദ്ധ ഫുര്‍ഖാനും ഖാദിയാനികളും’, ‘പ്രവാചകത്വം, രക്ഷാമാര്‍ഗത്തിനൊരു മറുപടി’, ‘വല്‍അസ്‌രിയുടെ പരിഭാഷ’ തുടങ്ങിയ കൃതികളും അദ്ദേഹം എഴുതി: ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍ സഹീഹായ ഹദീസാണ് ഒന്നാമതായി അവലംബിക്കേണ്ടത് എന്ന് മൗലവി പ്രത്യേകം ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. ‘ഖുലാസ്വത്തു സീറത്തുന്നബി’ എന്ന അദ്ദേഹത്തിന്റെ രചന മതത്തില്‍ ഹദീസിനുള്ള സ്ഥാനം കൃത്യമായി വിശദീകരിച്ച കൃതിയാണ്.
കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി അങ്കണത്തില്‍ വെച്ച് ‘അഹ്‌ലുല്‍ ഖുര്‍ആന്‍ സംഘം’ നേതാവായിരുന്ന പഴയങ്ങാടി മൗലവി ബി കുഞ്ഞിമുഹമ്മദ് ഹാജിയുമായി അബ്ദുല്‍ ഖാദിര്‍ മൗലവി നടത്തിയ വാദപ്രതിവാദം ഏറെ ശ്രദ്ധേയമായിരുന്നു. ഇസ്‌ലാമിന്റെ യഥാര്‍ഥ ആദര്‍ശം നിരവധി പേര്‍ക്ക് ബോധ്യപ്പെടുത്താന്‍ ഈ പരിപാടി നിമിത്തമായി. ജീവിതത്തിന്റെ അവസാന കാലത്ത് ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നപ്പോഴും ക്ഷമയുടെ കരുത്തില്‍ മൗലവി എല്ലാവര്‍ക്കും മാതൃകയായി. ജീവിതത്തിന്റെ സിംഹഭാഗവും സാമൂഹിക പരിഷ്‌കരണത്തിനും മതമൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടി സമര്‍പ്പിച്ച വിനയാന്വിതനായ കണ്ണൂര്‍ പി അബ്ദുല്‍ഖാദിര്‍ മൗലവി 1946 ഒക്ടോബര്‍ 30ന് നിര്യാതനായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x