15 Wednesday
January 2025
2025 January 15
1446 Rajab 15

‘കട്ടുമുറി’കള്‍ കൊണ്ട് ഗൂഢലക്ഷ്യം നേടാനാവില്ല

മന്‍സൂറലി ചെമ്മാട്‌


ആദര്‍ശത്തിന്റെ ആധാരശിലയായ തൗഹീദിനെ അട്ടിമറിക്കാന്‍ പഴുത് അന്വേഷിക്കുന്ന ചിലരുടെ സ്വാധീനമാണ് വിസ്ഡം വിഭാഗത്തിന്റെ കരുത്തും ഊര്‍ജവുമെന്നാണ് അവരുടെ പല നീക്കങ്ങളും വിളിച്ചുപറയുന്നത്. മുറിക്ലിപ്പുകളും അടര്‍ത്തിയെടുത്ത വരികളും വ്യാജ വര്‍ത്തമാനങ്ങളുമായി യഥാര്‍ഥ മുജാഹിദുകള്‍ക്കു നേരെ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുമ്പോള്‍, ഇവരുടെ ആദര്‍ശ വ്യതിയാനത്തെ പ്രമാണബദ്ധമായി പ്രതിരോധിക്കുന്നവരുടെ വായടപ്പിക്കാന്‍ അത് മതിയാകും എന്ന് വെറുതെ സ്വപ്‌നം കാണുകയാണവര്‍.
വിജനപ്രദേശത്തും പുഴക്കരയിലുമൊക്കെ ഒറ്റപ്പെടുമ്പോഴും വഴിയറിയാതെ പരിഭ്രാന്തിയിലാവുമ്പോഴും അപകടത്തില്‍ പെടുമ്പോഴും വിളിച്ചുതേടിയാല്‍ സഹായത്തിനെത്തുന്ന രക്ഷകരായി ജിന്നിനെ മനസ്സില്‍ പ്രതിഷ്ഠിച്ചവരും, ഓരോ പള്ളിച്ചെരുവിലും ഒരു ജിന്നിറക്കല്‍ കേന്ദ്രം എന്ന ആശയത്തിന്റെ സാക്ഷാത്കാരം കിനാവുകാണുന്നവരും തൗഹീദി പ്രസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ സമൂഹത്തില്‍ വിശ്വാസജീര്‍ണതകള്‍ നട്ടുമുളപ്പിക്കുന്ന വര്‍ത്തമാനകാലം ഒരു നവോത്ഥാനത്തെ തേടുന്നുണ്ട്. കരിങ്കുട്ടിയും കാളിയും ചേക്കുട്ടിപ്പാപ്പയും മന്ത്രവാദവും കൂടോത്രവും ആളുകളുടെ വിശ്വാസവും നിര്‍ഭയത്വവും കാര്‍ന്നുതിന്നുകൊണ്ട് നാട് അടക്കി വാണിരുന്ന ഇന്നലെകളില്‍ വേദവെളിച്ചത്തിന്റെ ദീപശിഖയേന്തി ഇസ്‌ലാഹി നേതാക്കളും പണ്ഡിതരും നടത്തിയ അതേ ഇസ്‌ലാഹ്. അതാണ് കാലം തേടുന്ന ഇസ്‌ലാഹ്. അതിനെ ഭയക്കുന്നവരാണ് ഇതിനെ നവ ഇസ്‌ലാഹ് എന്ന് പരിഹസിക്കുന്നത്.
മുജാഹിദുകളുടെ കാമ്പയിനില്‍ പ്രകോപിതരായ കൂടോത്രവാദക്കാര്‍ മുജാഹിദ് പണ്ഡിതന്മാരുടെ ഉദ്ധരണികളില്‍ നിന്ന് അടര്‍ത്തിമാറ്റിയ വരികള്‍ വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ കഴിഞ്ഞ ലേഖനത്തില്‍ നമ്മള്‍ കണ്ടു. അതുപോലെ അതേ ലേഖനത്തില്‍ തന്നെ അബ്ദുസ്സലാം സുല്ലമിക്കെതിരെ പ്രയോഗിക്കുന്ന മറ്റൊരു കുതന്ത്രം നോക്കൂ:
”അല്ലാഹുവിന്റെ ഇറക്കം എന്ന വിശേഷണത്തെ അബ്ദുസ്സലാം സുല്ലമി പരിഹസിച്ചത് കാണുക: ‘രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാന ഭാഗം നിലനില്‍ക്കാത്ത ഒരു നിമിഷനേരം ഭൂമിയില്‍ ഉണ്ടാവുകയില്ല. ഭൂമി പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ചലിക്കുകയാണ്. ഒരു സ്ഥലത്തു നിന്ന് ഈ സമയം അവസാനിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു. ഇരുപത്തിനാലു മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും. അപ്പോള്‍ ഇറക്കം (നുസൂല്‍) എന്നതിന് ഇവര്‍ നല്‍കുന്ന ബാഹ്യാര്‍ഥ പ്രകാരം സിംഹാസനത്തില്‍ ആരോഹണം ചെയ്യാന്‍ അല്ലാഹുവിന് സമയമുണ്ടായിരിക്കുകയില്ല’ (ശബാബ്, 2009 ജൂലൈ 10, പേജ് 29).
അല്ലാഹുവിന്റെ വിശേഷണങ്ങളെ സ്വന്തം ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നവര്‍ക്ക് ഇങ്ങനെയൊക്കെ പറയേണ്ടിവരും. ഖുര്‍ആനിലെ മഹത്തായ സൂറത്തായി പഠിപ്പിക്കപ്പെട്ട സൂറത്തുല്‍ ഫാതിഹയും ഖുര്‍ആനിന്റെ മൂന്നിലൊന്നെന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്തുല്‍ ഇഖ്‌ലാസും നന്നായി പഠിച്ച് യഥാര്‍ഥ ‘വെളിച്ചം’ കണ്ടെത്താന്‍ ഇവര്‍ക്കു സാധിക്കട്ടെ” (നേര്‍പഥം, 2024 ജൂണ്‍ 15).
ഈ വരികള്‍ മാത്രം വായിക്കുന്ന ഒരാള്‍ക്ക് എന്തൊക്കെയായിരിക്കും മനസ്സില്‍ വരിക? സുല്ലമിയെ കുറിച്ച് അദ്ദേഹത്തിന്റെ വിശ്വാസത്തിലും നിലപാടിലും പ്രമാണങ്ങളോടുള്ള സമീപനത്തിലും പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധാരണ പടര്‍ത്തി, അതുവഴി അദ്ദേഹത്തിന്റെ പ്രമാണബദ്ധമായ പ്രബോധനങ്ങള്‍ നിരാകരിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം ‘കട്ടുമുറി’കള്‍ക്ക് പിന്നിലുള്ളതെന്ന് വ്യക്തമാണല്ലോ.
ഇവരുടെ അന്ധവിശ്വാസ പ്രചാരണത്തിന് അത്രമാത്രം ഭീഷണിയായിരുന്നു അബ്ദുസ്സലാം സുല്ലമി എന്ന്, മരിച്ചിട്ടും മാറാത്ത ഈ പക കാണുമ്പോള്‍ തന്നെ മനസ്സിലാക്കാം. കഴിഞ്ഞ ഭാഗത്തില്‍ പരാമര്‍ശിച്ച ഉദ്ധരണികളുടെ അവസ്ഥ തന്നെയാണ് ഇതിന്റെ കാര്യത്തിലും. സത്യത്തില്‍ സുല്ലമി എന്താണ് എഴുതിയതെന്ന് നമുക്കൊന്ന് വായിക്കാം, അതേ ശബാബില്‍ നിന്ന്:
”നവയാഥാസ്ഥിതികര്‍ എഴുതുന്നു: ‘നോക്കൂ, അല്ലാഹുവിന്റെ നുസൂല്‍ (ഇറക്കം) എന്ന സ്വിഫാത്തിനെ പച്ചയായി നിഷേധിക്കുകയാണ് ഇവിടെ മടവൂരികള്‍ ചെയ്തിരിക്കുന്നത്. എന്നിട്ട് ഹദീസിനെ നിഷേധിക്കേണ്ടതില്ല എന്നൊരു കമന്റും പാസാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സ്വിഫാത്തുകളെ ഈ വിധത്തില്‍ ദുര്‍വ്യാഖ്യാനിച്ച് നിഷേധിച്ചുകൊണ്ടിരിക്കുന്ന മടവൂരികള്‍ തങ്ങളുടെ തൗഹീദിനെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തിയാല്‍ നന്ന്” (ഇസ്‌ലാഹ് മാസിക, 2009 ഏപ്രില്‍, പേജ് 38).
ഇവര്‍ ഇവിടെയും മുജസ്സിമത്തിന്റെയും കറാമിയ്യത്തിന്റെയും വാദം അല്ലാഹുവിന്റെ സ്വിഫാത്ത് എന്നു പറഞ്ഞ് അവതരിപ്പിക്കുകയാണ്. അല്ലാഹു സിംഹാസനത്തില്‍ നിന്ന് ഒഴിവാകുന്ന നിലയ്ക്കുള്ള ഇറക്കമാണ് ഇവിടെ ഉദ്ദേശ്യമെന്ന് പറയുന്നില്ല. അതുപോലെ നാം ഇറക്കം എന്നതുകൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്ന ഉദ്ദേശ്യമാണ് വിവക്ഷ എന്നും പ്രസ്താവിക്കുന്നില്ല. ഇതെല്ലാം അല്ലാഹുവിന് അവയവങ്ങള്‍ ഉെണ്ടന്നു പറയുന്ന പിഴച്ച കക്ഷികളുടെ ജല്‍പനങ്ങള്‍ മാത്രമാണ്. രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാന ഭാഗം നിലനില്‍ക്കാത്ത ഒരു നിമിഷനേരം ഭൂമിയില്‍ ഉണ്ടാവുകയില്ല. ഭൂമി പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ചലിക്കുകയാണ്. ഒരു സ്ഥലത്തുനിന്ന് ഈ സമയം അവസാനിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു. ഇരുപത്തിനാല് മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും. അപ്പോള്‍ ഇറക്കം (നുസൂല്‍) എന്നതിന് ഇവര്‍ നല്‍കുന്ന ബാഹ്യാര്‍ഥപ്രകാരം സിംഹാസനത്തില്‍ ആരോഹണം ചെയ്യാന്‍ അല്ലാഹുവിന് സമയമുണ്ടായിരിക്കുകയില്ല.
‘അല്ലാഹു അവരുടെ അടുത്തു വരും’ എന്നു പറയുന്ന ഹദീസിനെ (മുസ്‌ലിം 183-302) വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നത് പ്രത്യേകം ശ്രദ്ധിക്കുക: ‘നീ മനസ്സിലാക്കുക. തീര്‍ച്ചയായും സ്വിഫാത്തുകള്‍ (വിശേഷണങ്ങള്‍) വിവരിക്കുന്ന ഹദീസുകളെയും ആയത്തുകളെയും സംബന്ധിച്ച് അറിവുള്ളവര്‍ക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്. ഒന്ന്, ഈ അഭിപ്രായമാണ് സലഫികളില്‍ ബഹുഭൂരിപക്ഷം അല്ലെങ്കില്‍ മുഴുവന്‍ പേരും പ്രകടിപ്പിക്കുന്നത്. അതായത്, ഇവയുടെ അര്‍ഥത്തില്‍ നാം സംസാരിക്കേണ്ടതില്ല. പക്ഷേ അവരെല്ലാം പറയുന്നു: ഇവയില്‍ വിശ്വസിക്കല്‍ നമുക്ക് നിര്‍ബന്ധമാണ്. എന്നാല്‍ അത് അല്ലാഹുവിന്റെ മഹത്വത്തിന് യോജിച്ച നിലയ്ക്കായിരിക്കണം. നിര്‍ബന്ധമായും നാം ഇപ്രകാരം വിശ്വസിക്കുകയും വേണം. അതായത് അല്ലാഹുവിനെപ്പോലെ മറ്റൊന്നുമില്ല. അവന്‍ തടിയില്‍ നിന്ന് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങുന്നതില്‍ നിന്നും ഒരു ഭാഗത്ത് സ്ഥാനം ഉറപ്പിക്കുന്നതില്‍ നിന്നും സൃഷ്ടികളുടെ മറ്റുള്ള വിശേഷണങ്ങളില്‍ നിന്നും പരിശുദ്ധനാണ്. സലഫികളുടെ ഈ അഭിപ്രായം തന്നെയാണ് ദൈവശാസ്ത്ര പണ്ഡിതന്മാരില്‍ ഒരു സംഘത്തിന്റെയും അഭിപ്രായം. വിഷയം ശരിക്കും ആഴത്തില്‍ ഗ്രഹിച്ച ഒരു സംഘവും ഈ അഭിപ്രായത്തെ തിരഞ്ഞെടുക്കുന്നു. ഇതാണ് ഏറ്റവും സുരക്ഷിതത്വം. രണ്ട്, ദൈവശാസ്ത്ര പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും തിരഞ്ഞെടുത്തത്. അതായത് തീര്‍ച്ചയായും ഇത്തരം ഹദീസുകളെയും ആയത്തുകളെയും സന്ദര്‍ഭത്തിന് യോജിച്ച നിലയ്ക്ക് വ്യാഖ്യാനിക്കണം. അറബി ഭാഷ ശരിക്കും ഗ്രഹിച്ചവന് മാത്രമാണ് ഇത് അനുവദനീയമാവുക. അതിന്റെ ശാഖകളും അടിത്തറകളും. അപ്പോള്‍ ഈ അഭിപ്രായ പ്രകാരം ഹദീസിന്റെ വിവക്ഷ ഇപ്രകാരമാണ്: അല്ലാഹു വരും എന്നത് അവന്റെ ദര്‍ശനത്തിന് അലങ്കാരമായി പ്രയോഗിച്ചതാണ്. അല്ലാഹുവിന്റെ പ്രവര്‍ത്തനമാണ് വരവ് കൊണ്ട് ഉദ്ദേശ്യമെന്നും വ്യാഖ്യാനിക്കുന്നു. മലക്കുകളാണെന്നും വ്യാഖ്യാനിക്കാം. ഇമാം ഖാദി ഇയാദ്(റ) എഴുതുന്നു: ഈ വ്യാഖ്യാനമാണ് എനിക്ക് സ്വീകാര്യമായിട്ടുള്ളത്’ (ശര്‍ഹു മുസ്‌ലിം 2:29).
ഇമാം നവവി ഈ വ്യാഖ്യാനത്തിലും രീതിയിലും ഒന്നിനെയും എതിര്‍ക്കുന്നില്ല. അല്ലാഹുവിന്റെ വിശേഷണത്തെ (സ്വിഫാത്തിനെ) നിഷേധിക്കലായും തൗഹീദില്‍ നിന്നുള്ള വ്യതിയാനമായും ജല്‍പിക്കുന്നില്ല. നവയാഥാസ്ഥിതികര്‍ സലഫികളുടെ വാദം എന്ന് ജല്‍പിച്ച് പിഴച്ചുപോയ കക്ഷികളുടെ വാദം മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണെന്ന് ശറഹു മുസ്‌ലിമിലെ ഈ പ്രസ്താവന വിളിച്ചുപറയുന്നു. ഇബ്നു ഹജര്‍ രാത്രിയുടെ അവസാനഭാഗത്ത് അല്ലാഹു ഇറങ്ങും എന്ന് പറയുന്ന ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നു: ‘അല്ലാഹുവിന് ഭാഗമുണ്ടെന്ന് പറയുന്നവര്‍ ഈ ഹദീസിനെ തെളിവ് പിടിക്കുന്നു. അത് ഉപരിഭാഗമാണ്. എന്നാല്‍ ഭൂരിപക്ഷം അല്ലാഹുവിന് ഭാഗമുണ്ടെന്ന അഭിപ്രായത്തെ എതിര്‍ക്കുന്നു. കാരണം, ഇത് അല്ലാഹുവിന് സ്ഥലമുണ്ടെന്നതിലേക്ക് എത്തിക്കുന്നു. അല്ലാഹുവിന്റെ ഇറക്കത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നിച്ചിട്ടുണ്ട്. ഹദീസിനെ അതിന്റെ ബാഹ്യവും യഥാര്‍ഥവുമായ അര്‍ഥത്തില്‍ തന്നെ ചിലര്‍ പരിഗണിക്കുന്നു. അല്ലാഹുവിനെ സൃഷ്ടികളോട് തുലനപ്പെടുത്തുന്ന പിഴച്ച കക്ഷിയായ മുശബ്ബിഹത്ത് ആണ് ഇപ്രകാരം ചെയ്യുന്നത്. അല്ലാഹു ഇവരുടെ വചനങ്ങളില്‍ നിന്ന് പരിശുദ്ധനാണ്. മുഅ്തസിലിയാക്കളും ഖവാരിജുകളും ഇത്തരത്തിലുള്ള സര്‍വ ഹദീസുകളെയും നിഷേധിക്കുന്നു. ഇവ സ്വഹീഹല്ലെന്ന് പറയുന്നു. ഇത് കിടമത്സരമാണ്’ (ഫത്ഹുല്‍ബാരി 4:47).
ഇതുകൊണ്ടാണ് ഹദീസിനെ നിഷേധിക്കേണ്ടതില്ലെന്ന് ഞാന്‍ എഴുതിയത്. ഇതിനെയാണ് ഇവര്‍ ‘കമന്റ്’ എന്ന് പരിഹസിക്കുന്നത്. മുഅ്തസിലിയാക്കളുടെ വാദം എന്താണെന്നുപോലും പഠിക്കാതെയാണ് ഇവര്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്! പിഴച്ച കക്ഷികളുടെ പല വാദങ്ങളും ഇവര്‍ സലഫികളുടെ വാദമായി അവതരിപ്പിക്കുകയാണെന്ന് ഇബ്‌നു ഹജറിന്റെ ഈ പ്രസ്താവനയും വ്യക്തമാക്കുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടുണ്ടെന്നും ഇബ്‌നു ഹജര്‍ പറയുന്നു. ഇമാം മാലിക്, ഇബ്‌നു ദഖീഖില്‍ ഈദി, ഇബ്‌നുല്‍ അറബി, അബൂബക്‌രിബ്‌നു ഫൂറക്, ഇമാം ബൈദാവി മുതലായവരെല്ലാം വ്യാഖ്യാനിച്ചവരുടെ കൂട്ടത്തിലാണെന്നും അദ്ദേഹം വിവരിക്കുന്നു. മലക്കാണെന്നു വരെ വ്യാഖ്യാനിച്ചത് ഇബ്‌നു ഹജര്‍ ഉദ്ധരിച്ച്, നസാഈ ഉദ്ധരിച്ച ഹദീസ് ഈ വ്യാഖ്യാനത്തെ ശക്തിപ്പെടുത്തുന്നുണ്ടെന്ന് പറയുന്നു (ഫത്ഹുല്‍ബാരി 4:48).
ഇതൊന്നും വായിച്ചു പഠിക്കാതെയാണ് ഇവര്‍ എന്നെ അല്ലാഹുവിന്റെ വിശേഷണത്തെ നിഷേധിക്കുന്നവനായും ഹദീസ് നിഷേധിയായും തൗഹീദില്‍ നിന്ന് വ്യതിചലിച്ചവനായും ആരോപിക്കുന്നത്. ഇമാം നവവി എഴുതുന്നു: ‘ഈ ഹദീസിന്റെ ബാഹ്യാര്‍ഥം പരിഗണിക്കാന്‍ പാടില്ല എന്നതാണ് സലഫുകളുടെ അഭിപ്രായം. അല്ലാഹുവിന് ചലനവും ഒരു സ്ഥലത്തുനിന്ന് നീങ്ങിപ്പോകലും ഇല്ലെന്ന് വിശ്വസിക്കണമെന്നും ഇതില്‍ നിന്ന് അല്ലാഹു പരിശുദ്ധനാണെന്നും അവര്‍ പറയുന്നു. ഇമാം മാലികും ഇമാം ഔസാഈയും ഹദീസിനെ വ്യാഖ്യാനിക്കുന്നു. മാലികുബ്‌നു അനസ് അല്ലാഹുവിന്റെ കാരുണ്യവും അവന്റെ കല്‍പനയും അവന്റെ മലക്കുകളും ഇറങ്ങുമെന്ന് വ്യാഖ്യാനിക്കുന്നു. ഇത് അലങ്കാരപ്രയോഗമാണെന്നും വ്യാഖ്യാനിക്കുന്നു. അതായത് ഈ സമയത്തുള്ള പ്രാര്‍ഥന അല്ലാഹു വളരെ വേഗം സ്വീകരിക്കുകയും ഉത്തരം നല്‍കുകയും ചെയ്യും” (ശര്‍ഹു മുസ്‌ലിം 3:293,294) (ശബാബ് വാരിക, 2009 ജൂലൈ 10).
ഇത്രയും കൃത്യവും പണ്ഡിതോചിതവുമായ വിശദീകരണത്തെയാണ് അതിലെ നാലു വരികള്‍ മാത്രം അടര്‍ത്തിയെടുത്ത് ഉയര്‍ത്തിക്കാട്ടി തെറ്റിദ്ധാരണ പരത്താന്‍ നോക്കുന്നത്.
പ്രബോധനവും പൊതുതാല്‍പര്യവും
ഇസ്‌ലാഹി പ്രസ്ഥാനത്തെ നെടുകെ പിളര്‍ത്താന്‍ മാത്രം ഉപയോഗിക്കുകയും പിന്നീട് സൗകര്യപൂര്‍വം പിന്നാമ്പുറത്തേക്ക് മാറ്റിവെക്കുകയും ചെയ്ത ഒന്നായിരുന്നു, ശബാബിലെ ‘പ്രബോധന വിജയത്തിന് പൊതുതാല്‍പര്യ മേഖല കണ്ടെത്തുക’ എന്ന പത്രാധിപക്കുറിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍. ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി വളരെ സദുദ്ദേശ്യപരമായി എഴുതിയ തികച്ചും നിര്‍ദോഷമായ ആ കുറിപ്പിനെ പരിഹസിച്ചും വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തിയും അതിനീചമായ പ്രചാരണമായിരുന്നു ഇവര്‍ നടത്തിയിരുന്നത്. ‘ചെറിയമുണ്ടത്തിന്റെ വലിയ മണ്ടത്തര’മെന്ന വാറോല അടിച്ചിറക്കി നാടുനീളെ കൊണ്ടുനടക്കുകയായിരുന്നു അക്കാലത്ത് ഇക്കൂട്ടര്‍. പില്‍ക്കാലത്ത് ആരോപകര്‍ തന്നെ ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത ആരോപണങ്ങളിലൊന്നായി ഇതും മറവിയിലാണ്ടു. വിവാദകാലത്ത് വാര്‍ധക്യസഹജമായ അവശതയിലായിരുന്ന ഉമര്‍ മൗലവിയെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയതോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പേരില്‍ ആരോ എഴുതിയതോ ആയ ഒരു പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടാണ് ഈ വിഷയം ‘നേര്‍പഥ’ത്തില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത്.
പ്രസ്തുത എഡിറ്റോറിയല്‍ എഴുതിയ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിക്കോ പ്രസിദ്ധീകരിച്ച ഐഎസ്എമ്മിനോ ഒരിക്കലുമില്ലാത്ത വാദങ്ങളാണ് പച്ചക്കളവിന്റെ അകമ്പടിയോടെ ഇവര്‍ ആരോപിച്ചിരുന്നത്. തൗഹീദ് വിട്ട് പൊതുതാല്‍പര്യമേഖല കണ്ടെത്തണമെന്നും പൊതുതാല്‍പര്യത്തിന്റെ പാലം കെട്ടിയിട്ട് വേണം തൗഹീദ് പറയാന്‍ എന്നുമൊക്കെ ആ എഡിറ്റോറിയലില്‍ ഉണ്ടെന്നൊക്കെ ദുര്‍വ്യാഖ്യാനിച്ചു.
സത്യത്തില്‍, ഇസ്‌ലാമിനെ കുറിച്ച് അറിയാന്‍ ഒട്ടും താല്‍പര്യമില്ലാത്തവരും തൗഹീദ് മനസ്സിലാക്കുന്നതില്‍ നിന്ന് പുറംതിരിഞ്ഞുനില്‍ക്കുന്നവരുമായ ആളുകളെ നമ്മുടെ പ്രബോധന ദൗത്യവുമായി ബന്ധിപ്പിക്കാനുള്ള മാര്‍ഗത്തെ കുറിച്ചുള്ള ഒരന്വേഷണമായിരുന്നു പ്രസ്തുത ലേഖനത്തില്‍ ഉണ്ടായിരുന്നത്. തൗഹീദ് അവരില്‍ എത്തിക്കാനും അവരെക്കൊണ്ട് അത് അംഗീകരിപ്പിക്കാനും എന്തുണ്ട് മാര്‍ഗമെന്ന അന്വേഷണം. ആ ആളുകളുമായി ആശയവിനിമയം നടത്തുന്നതിനുള്ള കവാടങ്ങള്‍ തുറന്നുകിട്ടാനുള്ള ഒരു പാലമായി പൊതുതാല്‍പര്യമുള്ള വിഷയങ്ങളെ ഉള്‍പ്പെടുത്താം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം.
ആ എഡിറ്റോറിയലില്‍ നിന്നുള്ള വരികള്‍ നമുക്കു വായിക്കാം: ”മുസ്‌ലിം സമൂഹത്തിനുള്ളില്‍ പ്രബോധകര്‍ക്ക് ഒരു പരിധി വരെ ആശയവിനിമയം നടത്താന്‍ സാധിക്കുന്നത്, പ്രബോധിതര്‍ ഇസ്‌ലാമിനെ കുറിച്ച് അറിയാന്‍ ഒട്ടൊക്കെ താല്‍പര്യമുള്ളവരായതുകൊണ്ടാകുന്നു. എന്നാല്‍ മുസ്‌ലിം സമൂഹത്തില്‍ കുറേ പേരും ഇതര സമൂഹത്തില്‍ ഏറെ പേരും ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്തവരാകയാല്‍ ഇസ്‌ലാമിക പ്രഭാഷണങ്ങളോ പ്രസിദ്ധീകരണങ്ങളോ അവരുമായി ആശയവിനിമയത്തിന് ഉപകരിക്കാതെപോകുന്നു. വിവരസാങ്കേതിക വിദ്യ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ജനങ്ങളില്‍ ഭൂരിഭാഗവുമായി നമുക്ക് ആശയവിനിമയം നടത്താന്‍ കഴിയാതെപോകുന്നത് പ്രബോധനരംഗത്തെ ഒരു വലിയ നഷ്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഒന്നാമതായി പ്രബോധകനും പ്രബോധിതനും തമ്മില്‍ പൊതുതാല്‍പര്യമുള്ള വിഷയം കണ്ടെത്തുക. തുടര്‍ന്ന് ആ വിഷയം സംബന്ധിച്ച ചര്‍ച്ചകളിലൂടെ രൂപം കൊള്ളുന്ന സൗഹൃദത്തെ പ്രബോധിതന്റെ മനസ്സിലേക്ക് ഇസ്‌ലാമിന്റെ സന്ദേശവുമായി കടന്നുചെല്ലാനുള്ള ഒരു പാലമായി ഉപയോഗപ്പെടുത്തുക. നീ പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പൊതുവായി സ്വീകരിക്കാവുന്ന ഒരു തത്വത്തിലേക്ക് നിങ്ങള്‍ വരിക. അല്ലാഹുവിനെയല്ലാതെ ആരാധിക്കാതിരിക്കുകയും അവനില്‍ യാതൊന്നിനെയും നാം പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക’ (വി.ഖു. 3:64). പൊതുതാല്‍പര്യത്തിന്റെ ഭൂമിക കണ്ടെത്തിയിട്ട് സത്യപ്രബോധനം നിര്‍വഹിക്കേണ്ടത് എങ്ങനെയാണെന്ന് ഈ ദൈവിക വചനം വ്യക്തമാക്കുന്നു” (ശബാബ്, 99 ഏപ്രില്‍ 23).
ഈ വരികളാണ് ദുരാരോപണത്തിന് ഇക്കൂട്ടര്‍ ആയുധമാക്കിയത്. മാത്രമല്ല, തൗഹീദിനെ തന്നെയാണ് ഒരു പൊതുതാല്‍പര്യ മേഖലയായി നിര്‍ദേശിക്കുന്നതെന്ന് അതില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം സൂചന നല്‍കുന്നു. ആ എഡിറ്റോറിയലിന്റെ അവസാന ഭാഗം കൂടി നോക്കിയാല്‍ ഈ കാര്യം കൂടുതല്‍ വ്യക്തമാവും: ”സമൂഹവും ലോകവും നന്നാവാന്‍ എന്തൊക്കെ വേണമെന്നതു സംബന്ധിച്ച ഒരു തുറന്ന ചര്‍ച്ചയ്ക്കു ശേഷം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്ക് ഇസ്‌ലാം നല്‍കുന്ന മാര്‍ഗദര്‍ശനത്തിലേക്ക് അവരുടെ ശ്രദ്ധ തിരിക്കാവുന്നതാണ്. തുടര്‍ന്ന് പ്രകൃതിയുടെ മൗലികതയെയും വിധാതാവിന്റെ അജയ്യതയെയും സംബന്ധിച്ച ഖുര്‍ആനിക വചനങ്ങളിലൂടെ കണിശമായ ഏകദൈവത്വത്തിലേക്ക് ചര്‍ച്ച നയിക്കാവുന്നതാണ്” (അതേ പുസ്തകം). നോക്കൂ, വലിയ വായില്‍ വ്യതിയാനമെന്ന് അലമുറയിട്ട് ഉയര്‍ത്തിപ്പിടിച്ച ആ എഡിറ്റോറിയലില്‍ അപാകത എന്താണുള്ളത്? ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ പറ്റാത്ത ഇസ്‌ലാമിക വിരുദ്ധത വല്ലതും ഇതിലുണ്ടോ? എന്നിട്ടും വിസ്ഡംകാര്‍ ഇന്നുമിത് ആയുധമായി എഴുന്നള്ളിക്കുന്നു. തൗഹീദിന്റെ യഥാര്‍ഥ പാഠങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചാല്‍ വിജനപ്രദേശത്തെ ജിന്നുതേട്ട വാദം മുതല്‍ കൂടോത്ര-കണ്ണേറ് വാദങ്ങളും ജിന്നുകളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്താല്‍ അവര്‍ സഹായിക്കും എന്ന വാദവും വരെ കടപുഴകും എന്നറിയാവുന്നതുകൊണ്ടാവും ഈ വിഷയത്തെ ഇവരിന്നും ഭയക്കുന്നത്.
സേവന
പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍

നമ്മുടെ സാമൂഹിക സേവന-ജീവകാരുണ്യ-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആരെങ്കിലും ഈ ദീനിലേക്ക് ആകൃഷ്ടരാവുക എന്നത് മഹാ പാപമെന്ന മട്ടിലായിരുന്നു അന്നത്തെ ആരോപണങ്ങള്‍. ഈ വികല നിലപാട് ഇവരെ സേവനപ്രവര്‍ത്തനങ്ങളെ പച്ചയായി എതിര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു. വിദ്യാഭ്യാസ-അനാഥ സംരക്ഷണ-സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് തൗഹീദ് മാത്രം പറഞ്ഞാല്‍ മതി എന്ന് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുതന്നെ നിര്‍ദേശം ഉയര്‍ന്നു. ഐഎസ്എമ്മിന്റെ മരം നടീല്‍ കാമ്പയിനെ ‘കക്ഷം വടിക്കല്‍’ കാമ്പയിന്‍ പോലെ എന്നു പരിഹസിച്ചു. മരം നടാത്തവനും മരുന്ന് കൊടുക്കാത്തവനും മദ്യപാനിയും സ്വര്‍ഗത്തില്‍ പോകും, ശിര്‍ക്കില്ലാതാക്കുന്ന പണിയാണ് നമ്മള്‍ ചെയ്യേണ്ടത് എന്നും മരുന്ന് വേണോ മരുന്ന്, അരി വേണോ അരി എന്നൊന്നും ചോദിച്ച് ഒരു പ്രവാചകനും മുമ്പ് വന്നിട്ടില്ലെന്നും മരം നടാനും റോഡ് വെട്ടാനുമൊക്കെ ഇവിടെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമുണ്ട്, അതൊന്നും നമ്മുടെ പണിയല്ല എന്നുമൊക്കെയുള്ള ഘോരപ്രഭാഷണങ്ങള്‍ ഇന്നും മുജാഹിദുകള്‍ മറന്നിട്ടില്ല.
എന്നാല്‍, സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സംഘടനയെ പിളര്‍ത്തുകയും തങ്ങളുടെ ഗൂഢ അജണ്ടകള്‍ക്ക് വഴിമുടക്കമായി മാറിയേക്കാവുന്ന ആദര്‍ശസ്‌നേഹികളെ അനഭിമതരാക്കുകയും ചെയ്യുക എന്ന പദ്ധതിയുടെ ഭാഗം മാത്രമായിരുന്നു ഇതൊക്കെയെന്ന് തെളിയിച്ചുകൊണ്ട് പിന്നീട് അവര്‍ പലപ്പോഴും മലക്കംമറിഞ്ഞ്, ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആളുകളായി വേഷം കെട്ടാന്‍ മല്‍സരിക്കുന്നതാണ് നമ്മള്‍ കണ്ടത്. എന്നിട്ട്, ഇതിന്റെ ജാള്യത മറച്ചുവെക്കാന്‍ പറഞ്ഞ ന്യായം അവരെ കൂടുതല്‍ വെട്ടിലാക്കുകയായിരുന്നു. സാമൂഹികക്ഷേമവും ദഅ്‌വത്തും കൂട്ടിക്കെട്ടിയതിനെയാണ് തങ്ങള്‍ എതിര്‍ത്തത് എന്നായിരുന്നു മുഖം രക്ഷിക്കാന്‍ അവര്‍ പറഞ്ഞത്. അങ്ങനെ ആരാണ് കൂട്ടിക്കെട്ടിയത്, എവിടെയാണ് കൂട്ടിക്കെട്ടിയത് എന്ന മറുചോദ്യത്തിന് കൃത്യമായ ഉത്തരമില്ലായിരുന്നു.
ഇസ്‌ലാമിക അധ്യാപനങ്ങളിലെ സുന്ദരമായ ആശയങ്ങളും മൂല്യങ്ങളുമാണ് ഒട്ടനവധി ആളുകളെ ഈ ആദര്‍ശധാരയില്‍ എത്തിച്ചത്. ഓരോരുത്തരെയും വ്യത്യസ്തമായ ഘടകങ്ങളായിരിക്കും ഈ പരിവര്‍ത്തനത്തില്‍ സ്വാധീനിച്ചിട്ടുണ്ടാവുക. മുസ്‌ലിംകളുടെ നന്മകള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷണം തോന്നി, ഈ പ്രവര്‍ത്തനങ്ങളെ ഇവരെ പ്രചോദിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തോട് ആളുകള്‍ക്ക് താല്‍പര്യം തോന്നുക സ്വാഭാവികമാണ്. ഇതിനെ ദഅ്‌വത്ത് രംഗത്തെ വന്‍ വ്യതിയാനമായി ചിത്രീകരിച്ചുകൊണ്ടാണ് സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നുപോലും ആളുകളെ അകറ്റിനിര്‍ത്താനുള്ള പ്രവണതക്ക് ഇവര്‍ അക്കാലത്ത് വഴിയൊരുക്കിയത്.
ഉമര്‍ മൗലവിയുടെ
നിലപാട്

ശബാബില്‍ വന്ന, മുകളില്‍ സൂചിപ്പിച്ച മുഖപ്രസംഗത്തെയും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയെയും മര്‍കസുദ്ദഅ്‌വയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ‘നേര്‍പഥ’ത്തിലെ ലേഖകന്‍ ഉദ്ധരിച്ചത് ഉമര്‍ മൗലവിയുടേതെന്ന് ഉറപ്പില്ലാത്തതും അദ്ദേഹത്തിന്റെ പേരിലുള്ളതുമായ വരികളാണല്ലോ. എന്നാല്‍ ഇത്തരം വിഷയത്തില്‍ സാക്ഷാല്‍ ഉമര്‍ മൗലവി സല്‍സബീലില്‍ പ്രസിദ്ധപ്പെടുത്തിയ വരികള്‍ കൂടി വായിക്കാം:
”വിശപ്പ് മൂലം പ്രയാസപ്പെടുന്നവന്‍, രോഗത്താല്‍ വിഷമിക്കുന്നവന്‍, കുടുംബവിഷയത്തിലോ തൊഴില്‍പരമായോ വല്ല കാര്യത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവന്‍, കച്ചവടത്തില്‍ നഷ്ടം ഉണ്ടായതില്‍ വേവലാതിപ്പെടുന്നവന്‍, വേണ്ടപ്പെട്ടവര്‍ മാറാരോഗികളായതില്‍ മാനസിക വിഷമം അനുഭവിക്കുന്നവന്‍- ഇത്തരം അവസ്ഥയെ കുറിച്ച് ഉപദേശകന് അറിവുണ്ടാവുകയും തനിക്ക് കഴിയുംവിധം പ്രശ്‌നപരിഹാരത്തിനു സഹായിക്കുകയോ നല്ല വാക്കുകള്‍ കൊണ്ട് സമാശ്വസിപ്പിക്കുകയോ ചെയ്ത ശേഷം ഉപദേശിക്കുക” (സല്‍സബീല്‍, ഒക്‌ടോബര്‍ ’98).
മനസ്സിനെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുകയും ഇണക്കുകയും ചെയ്യപ്പെടാന്‍ പൊതുഫണ്ടില്‍ നിന്ന് വിഹിതം നല്‍കാമെന്നും അവരുടെ മനസ്സിനെ ഇനി ആരും പിടിച്ചുനിര്‍ത്തേണ്ടതില്ലാത്തവിധം ഹൃദയങ്ങള്‍ ഇസ്‌ലാമില്‍ നല്ലവണ്ണം അലിഞ്ഞുചേരുകയും പരിപൂര്‍ണമായും യഥാര്‍ഥ മുസ്‌ലിംകളായിത്തീരുകയും ചെയ്യുന്നതോടെ ആ വിഹിതത്തിന് അവര്‍ അര്‍ഹരല്ലാതാവുകയും ചെയ്യുമെന്ന് ഉമര്‍ മൗലവി 1971 ഡിസംബര്‍ ലക്കം സല്‍സബീലില്‍ മറുപടിയായി വ്യക്തമാക്കുക വരെ ഉണ്ടായിട്ടുണ്ട്.
രോഗിയായിരുന്ന അവസരത്തില്‍ മരുന്നു കൊടുക്കുകയും പഥ്യം ആചരിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നതിനു ശേഷം രോഗം മാറുമ്പോള്‍ അതെല്ലാം നിര്‍ത്തിക്കളയുന്നതുപോലെ മാത്രമാണിതെന്നും അദ്ദേഹം അതില്‍ പറയുന്നുണ്ട്. ആ ഉമര്‍ മൗലവി ‘പ്രബോധന വിജയത്തിന് പൊതുതാല്‍പര്യ മേഖല കണ്ടെത്തുക’ എന്ന ഒരു തലക്കെട്ട് കാണുമ്പോഴേക്ക്, സയണിസത്തിന് നീരും വളവും നല്‍കി സംരക്ഷിക്കുന്ന അമേരിക്കയുമായി ഈ ആശയത്തിന് ബന്ധമുണ്ടെന്ന് കരുതുകയും ഞെട്ടിപ്പോവുകയും ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലല്ലോ.
അമാനി മൗലവി
പറയുന്നു

വിശുദ്ധ ഖുര്‍ആന്‍ 9:60ന്റെ വ്യാഖ്യാനക്കുറിപ്പില്‍ മുഹമ്മദ് അമാനി മൗലവി ‘മുഅല്ലഫത്തുല്‍ ഖുലൂബി’നെ കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”ഈ വകുപ്പില്‍ ഒന്നിലധികം തരക്കാര്‍ ഉള്‍പ്പെടുന്നു. ഒരു തരക്കാര്‍ ഇസ്‌ലാമിനെ അംഗീകരിച്ചിട്ടില്ലെങ്കിലും അംഗീകരിച്ചേക്കുമെന്നു പ്രതീക്ഷിക്കുന്നവരാകുന്നു. ഹുനൈനിലെ ഗനീമത്ത് സ്വത്തുക്കളില്‍ നിന്ന് സ്വഫ്‌വാനുബ്‌നു ഉമയ്യ(റ)ക്ക് നബി(സ) ഒരു വന്‍ തുക നല്‍കിയത് ഇതിനൊരു ഉദാഹരണമാണ്. മക്കാ വിജയത്തെത്തുടര്‍ന്ന് അനേകം ആളുകള്‍ വന്ന് ഇസ്‌ലാമില്‍ പ്രവേശിച്ചപ്പോള്‍, തന്റെ കാര്യത്തില്‍ ആലോചിക്കാന്‍ അല്‍പകാലം ഒഴിവു നല്‍കണമെന്ന് നബിയോട് പറഞ്ഞ് ഒഴിവായ ഒരു ഖുറൈശി പ്രമാണിയായിരുന്നു അദ്ദേഹം.
മുശ്‌രിക്കായിക്കൊണ്ടായിരുന്നു അദ്ദേഹം മുസ്‌ലിംകളോടൊപ്പം ഹുനൈനില്‍ സംബന്ധിച്ചിരുന്നതും. അദ്ദേഹം തന്നെ പറയുകയാണ്: ‘ഹുനൈനിന്റെ ദിവസം എനിക്ക് റസൂല്‍(സ) തരാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം എനിക്ക് ജനങ്ങളില്‍ വെച്ച് ഏറ്റവും വെറുപ്പുള്ള ആളായിരുന്നു. അങ്ങനെ, തന്നുതന്ന് മനുഷ്യരില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളായിത്തീര്‍ന്നു അവിടുന്ന്’ (അ.മു.തി.). അദ്ദേഹം പിന്നീട് ഇസ്‌ലാമിനെ അംഗീകരിച്ച് നല്ല നിലയിലായിത്തീരുകയും ചെയ്തു. മറ്റൊരു തരക്കാര്‍ ഇസ്‌ലാമിനെ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും വിശ്വാസം അടിയുറച്ചുകഴിഞ്ഞിട്ടില്ലാത്തവരാണ്. ഇവര്‍ക്ക് വിശ്വാസത്തില്‍ ദൃഢതയും സ്ഥിരതയും ലഭിക്കാന്‍ ഇത് സഹായകമായിരിക്കും.’
മുഅല്ലഫത്തുല്‍ ഖുലൂബിന് ‘സാമ്പത്തിക സഹായം നല്‍കിയാല്‍ ഇസ്‌ലാമിലേക്ക് വരുമെന്ന് തോന്നുന്ന അമുസ്‌ലിംകള്‍’ എന്ന് വ്യാഖ്യാനം നല്‍കിയിരുന്ന മദ്റസാ പാഠപുസ്തകമായിരുന്നു എത്രയോ വര്‍ഷങ്ങളായി മുജാഹിദ് പ്രസ്ഥാനം കുട്ടികളെ പഠിപ്പിച്ചിരുന്നത്.
ഇതൊക്കെയാണ് മഹാ വ്യതിയാനമായി ഇക്കൂട്ടര്‍ അലമുറയിട്ട് ആരോപിച്ചിരുന്നത്. ആളുകള്‍ക്ക് നന്മ ചെയ്തുകൊടുക്കുന്ന പശ്ചാത്തലത്തില്‍ പടച്ചവനെയോ പരലോകത്തെയോ സത്യമതത്തെയോ കുറിച്ച പരാമര്‍ശങ്ങളോ പരിചയപ്പെടുത്തലുകളോ അതിന്റെ ഗുണഭോക്താക്കള്‍ക്ക് ഹിദായത്ത് ലഭിക്കണമെന്ന ആഗ്രഹമോ ഉണ്ടാവാന്‍ പാടില്ലെന്ന ഇവരുടെ വാദത്തെ പൊളിച്ചെഴുതുന്നതാണ് മേല്‍ ഉദ്ധരണികള്‍. യഥാര്‍ഥത്തില്‍ ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനം പോലും ഇവര്‍ക്കെതിരാണ്:


”ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരനും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചു പോകുന്നതും ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു” (വി.ഖു 76:8,9,10).
ഇക്കൂട്ടരുടെ കാഴ്ചപ്പാടില്‍ കടുത്ത നിഷിദ്ധമായ പാലം പണിയായിരിക്കുമിത്.

”അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രേ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നു” (വി.ഖു 18:98) എന്ന ദുല്‍ഖര്‍നൈനിന്റെ പ്രഖ്യാപനവും ഇവരുടെ ദൃഷ്ടിയില്‍ വ്യതിയാനമാവണം. ശബാബിനെയും ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയടക്കം ആദര്‍ശബോധമുള്ള മുജാഹിദുകളെയും ഇഖ്‌വാനികളായി മുദ്രയടിക്കാന്‍ നീക്കിയ കരുക്കള്‍ ഇവരെ കൊണ്ടെത്തിച്ചത് മഹാ പതനത്തിലേക്കാണ്.

Back to Top