15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

കടത്തിന്റെ കര്‍മശാസ്ത്രം

അനസ് എടവനക്കാട്‌


മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. അതിനാല്‍ പ്രയാസങ്ങളില്‍ പരസ്പരം സഹായിക്കുക എന്നത് അവന്റെ നിലനില്‍പിന്റെ ഭാഗം കൂടിയാണ്. സാമ്പത്തികമായ പരസ്പര സഹായങ്ങളില്‍ അവലംബിച്ചുവരുന്ന മാര്‍ഗങ്ങളാണ് കടവും ദാനവും. ഒരാള്‍ക്ക് ഒരു ആവശ്യം നിറവേറ്റാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ അയാള്‍ അപരനില്‍ നിന്ന്, തിരിച്ചുനല്‍കാമെന്ന ഉടമ്പടിയില്‍ കൈപ്പറ്റുന്ന സമ്പത്തിനെയാണ് കടം എന്നു പറയുന്നത്.
നമ്മള്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നടപ്പാക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നു മാത്രമായി കടത്തെ പലരും കാണാറുണ്ട്. അതിന്റെ തിരിച്ചടവിനെപ്പറ്റി യാതൊരു ഗൗരവവും അക്കൂട്ടര്‍ നല്‍കുന്നില്ല. എന്നാല്‍ ഒരാളുടെ സ്വര്‍ഗപ്രവേശത്തെ പോലും ബാധിക്കുന്ന തരത്തില്‍, അയാള്‍ മറ്റുള്ളവരോട് ഉണ്ടാക്കിത്തീര്‍ക്കുന്ന ബാധ്യതയായി കണ്ട് ഇസ്‌ലാം വളരെ ഗൗരവപൂര്‍വം കൈകാര്യം ചെയ്ത ഒരു വിഷയമാണ് കടം. കടം എന്നര്‍ഥം വരുന്ന ‘ദെയ്ന്‍’ എന്ന അറബി പദത്തിന്റെ ഭാഷാപരമായ ആശയം അടിയറവ്, അപമാനം, നാണക്കേട് എന്നെല്ലാമാണ്. കടം മൂലം ഒരുവന് അപമാനവും നാണക്കേടും ഉണ്ടായിത്തീരുന്നു. കടം വാങ്ങിയവനെ ‘അധമമായ കടത്തോടു കൂടിയവന്‍’ അല്ലെങ്കില്‍ ‘കടം മൂലം അധമത്വം വരിച്ചവന്‍’ എന്നര്‍ഥത്തില്‍ ‘അധമര്‍ണന്‍’ എന്നാണ് നമ്മുടെ ഭാഷയില്‍ വിളിക്കുന്നത്.
കടം അത് വീട്ടുന്നതുവരെ ഒരുതരത്തില്‍ മനുഷ്യനെ തടവിലാക്കുകയാണ് ചെയ്യുന്നത്. ഈ അര്‍ഥത്തില്‍ ”നിങ്ങളുടെ സഹോദരന്‍ അവന്റെ കടത്താല്‍ തടവിലാക്കപ്പെട്ടിരിക്കുന്നു” (ഇബ്‌നുമാജ 2433) എന്ന് പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി. മറ്റൊരിക്കല്‍ തിരുമേനി പറഞ്ഞു: ”തീര്‍ച്ചയായും ഒരു മനുഷ്യന്‍ കടക്കാരനായാല്‍, സംസാരിച്ചാല്‍ കളവു പറയും, കരാര്‍ ചെയ്താല്‍ ലംഘിക്കും” (ബുഖാരി 2397). ഈ രണ്ടു സ്വഭാവങ്ങളാകട്ടെ, കപടവിശ്വാസികളുടേതായി പഠിപ്പിക്കപ്പെട്ടതാണുതാനും. (ബുഖാരി 2749).
ജാഹിലിയ്യാ കാലത്ത് പലിശയില്‍ അധിഷ്ഠിതമായ കടമിടപാടുകളായിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത്. കടം തിരിച്ചടയ്ക്കാനാവാതെ വന്നാല്‍ സ്വയം അടിമത്തം സ്വീകരിച്ചുകൊണ്ട് ഉത്തമര്‍ണന്റെ അടിമയായിത്തീരുന്ന ഒരു രീതിയും അവിടെ നിലനിന്നിരുന്നു. ഇസ്‌ലാം ആവിഷ്‌കരിച്ച സാമ്പത്തിക രീതികളും പലിശ നിരോധനവും അടിമത്ത നിര്‍മാര്‍ജന നടപടിക്രമങ്ങളുമാണ് ജനങ്ങളെ ഈ നുകത്തിനു കീഴില്‍ നിന്നു രക്ഷപ്പെടുത്തിയത്. എന്നാല്‍ ആധുനിക ലോകം പലിശയില്‍ അധിഷ്ഠിതമായ സാമ്പത്തിക അച്ചുതണ്ടിന്‍മേലാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങള്‍ മാത്രമല്ല, പല രാജ്യങ്ങളും പലിശ തീര്‍ത്ത കടക്കെണിയില്‍ പെട്ട് നട്ടം തിരിയുകയും സാമ്പത്തിക ഭദ്രത തകര്‍ന്നുപോവുകയും ചെയ്യുന്ന കാഴ്ചകള്‍ നമുക്ക് നിത്യപരിചിതങ്ങളാണ്.
കടത്തില്‍ ഇളവ് നല്‍കുന്നതിന്റെ
മഹത്വം

”ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നവരാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവര്‍” (മുഅ്ജമുല്‍ ഔസത് 6:139) എന്ന് നബി തിരുമേനി(സ) പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ളപ്പോള്‍ ഒരാളില്‍ നിന്നു കടം ലഭിക്കുക എന്നത് വിലമതിക്കാനാവാത്ത ഒരു ഉപകാരം തന്നെയാണ്. കടം നല്‍കുക എന്നത് ഒരു സത്കര്‍മവും, അത് തിരിച്ചുവാങ്ങുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊടുക്കുക എന്നത് ഒരു ദാനവുമായാണ് പരിഗണിക്കുന്നത്.
തിരുദൂതര്‍ പറഞ്ഞു: ”പ്രയാസം അനുഭവിക്കുന്ന ഒരാള്‍ക്ക് ആരെങ്കിലും ഇളവ് അനുവദിച്ചാല്‍, അവന് ഓരോ ദിവസവും ദാനം നിര്‍വഹിച്ച (പ്രതിഫല)മുണ്ട്” (അഹ്മദ് 5:360, ഹാകിം 2:229). ഇനി അത് സദഖയായി വിട്ടുനല്‍കിയാലോ, കൂടുതല്‍ മഹത്വമേറിയ ദാനമായി അത് മാറുകയും ചെയ്യും. അല്ലാഹു പറയുന്നു: ”ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്) ആശ്വാസമുണ്ടാകുന്നതുവരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു)കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം, നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍” (അല്‍ബഖറ 280).
കടക്കാര്‍ക്ക് ഇളവു നല്‍കുക എന്നത് പരലോകത്തു വെച്ച് അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കാന്‍ മാത്രം വളരെ വലിയ ഒരു പുണ്യകര്‍മമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ”അല്ലാഹുവിന്റെ തണല്‍ കൊണ്ട് തനിക്ക് തണല്‍ ലഭിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ പ്രയാസമനുഭവിക്കുന്ന ഒരുവന് ഇളവു നല്‍കട്ടെ, അല്ലെങ്കില്‍ തിരിച്ചുകിട്ടേണ്ടതായ കടം വിട്ടുകൊടുക്കട്ടെ” (ഇബ്‌നുമാജ 2419).

ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം ഒരു സംഭവം നമുക്ക് കാണാം: ”മുന്‍ഗാമികളില്‍ പെട്ട ഒരാള്‍ മരണപ്പെട്ടു. അയാളുടെ വിചാരണവേളയില്‍ നന്മയായി യാതൊന്നും കാണപ്പെട്ടില്ല. നീ എന്താണ് പ്രവര്‍ത്തിച്ചത് എന്നു അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ജനങ്ങള്‍ക്ക് വില്‍പന നടത്തിയിരുന്ന സമയത്ത് പ്രയാസമുള്ളവന് കാലാവധി നീട്ടിനല്‍കുകയും, ദീനാറുകളിലും നാണയത്തിലും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും.’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നാം അവനെക്കാള്‍ അതിന് (അഥവാ വിട്ടുവീഴ്ച ചെയ്യുന്നതിന്) അര്‍ഹതപ്പെട്ടവനാണ്. ആയതിനാല്‍ നിങ്ങള്‍ അവന് വിട്ടുവീഴ്ച ചെയ്യുക.’ തുടര്‍ന്ന് അദ്ദേഹത്തിന് പാപമോചനം ലഭിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു” (ബുഖാരി 2391, മുസ്‌ലിം 1560-1562).
കടം വീട്ടേണ്ടതിന്റെ
പ്രാധാന്യം

സന്തുലിതമായ വ്യവസ്ഥയാണ് ഇസ്ലാം എപ്പോഴും മുന്നോട്ടുവെക്കുന്നത്. അത് ഒരു വശത്ത് ഉത്തമര്‍ണനെ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കുന്നുവെങ്കില്‍, മറുവശത്ത് അധമര്‍ണനോട് കടം വീട്ടുന്നതില്‍ കണിശത പുലര്‍ത്താന്‍ നിര്‍ദേശിക്കുന്നതു കാണാം. ”നല്ല രീതിയില്‍ കടം വീട്ടുന്നവരാണ് ജനങ്ങളില്‍ വെച്ച് ഏറ്റവും നല്ലവര്‍” എന്ന് നബി പറഞ്ഞിട്ടുണ്ട് (ബുഖാരി 2392, മുസ്‌ലിം 1600).
രണ്ടു ദീനാര്‍ കടമുണ്ടായിരുന്ന ഒരു സഹാബിയുടെ ജനാസ കൊണ്ടുവന്നപ്പോള്‍ പ്രവാചക തിരുമേനി അദ്ദേഹത്തിന്റെ മയ്യിത്തിനു വേണ്ടി നമസ്‌കരിക്കാതെ പിന്തിരിഞ്ഞുപോവുകയാണുണ്ടായത് എന്നത് കടം വീട്ടാതെ മരണപ്പെട്ടുപോകുന്നതിന്റെ ഗൗരവം വ്യ ക്തമാക്കുന്നു. പിന്നീട് അബൂഖതാദ(റ) ആ കടം ഏറ്റെടുത്ത ശേഷമാണ് തിരുമേനി അദ്ദേഹത്തിന്റെ മയ്യിത്തിനു വേണ്ടി നമസ്‌കാരം നിര്‍വഹിച്ചത്. ശേഷം ‘ഇപ്പോഴാണ് അവന്റെ ചര്‍മം അവന് തണുപ്പായി മാറിയത്’ എന്ന് തിരുമേനി പ്രസ്താവിക്കുകയുണ്ടായി. പിന്നീട് അല്ലാഹു നബിയെ സമ്പത്തു കൊണ്ട് അനുഗ്രഹിച്ചപ്പോള്‍ സഹാബിമാര്‍ അവശേഷിപ്പിച്ചുപോയ കടങ്ങളെല്ലാം തിരുമേനി ഏറ്റെടുക്കുകയായിരുന്നു (അബൂദാവൂദ് 3343, നസാഈ 1964, അഹ്മദ് 3:629, ഇബ്‌നു ഹിബ്ബാന്‍).
”സമ്പന്നന്‍ (കടം വീട്ടുന്ന കാര്യത്തില്‍) അനാസ്ഥ കാണിക്കുന്നത് ദ്രോഹമാണ്” (ബുഖാരി 2287, മുസ്‌ലിം 1564). കടം വീട്ടാന്‍ കഴിയുന്നവര്‍ അതിന് അമാന്തിക്കരുത് എന്നാണ് പ്രവാചക അധ്യാപനം. കടം നല്‍കുമ്പോള്‍ ഉത്തമര്‍ണന്‍ കൂടുതലായി എന്തെങ്കിലും തിരികെ ആവശ്യപ്പെടുന്നത് പലിശയുടെ ഗണത്തിലാണ് ഉള്‍പ്പെടുക. എന്നാല്‍ കടം വീട്ടുന്ന വേളയില്‍ അധമര്‍ണന്‍ അറിഞ്ഞുകൊണ്ട് എന്തെങ്കിലും ഔദാര്യമായി അധികം നല്‍കുന്നത് പ്രവാചകന്‍ പഠിപ്പിച്ച ‘നല്ല രീതിയില്‍ കടം വീട്ടുക’ എന്നതിലാണ് ഉള്‍പ്പെടുന്നത്. ജാബിറി(റ)ല്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”നബി(സ) പൂര്‍വാഹ്നത്തില്‍ പള്ളിയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നബിയുടെ അടുത്തു ചെന്നു. എന്നോട് രണ്ട് റക്അത്ത് നമസ്‌കരിക്കാന്‍ നബി അരുളി. എനിക്ക് തന്നു തീര്‍ക്കേണ്ട കടബാധ്യത നബിക്ക് ഉണ്ടായിരുന്നു. നബി കടം വീട്ടുകയും കൂടുതല്‍ തരുകയും ചെയ്തു” (ബുഖാരി 2394, മുസ്‌ലിം 715). കടം വീട്ടുന്ന മറ്റൊരു സന്ദര്‍ഭത്തില്‍ ”താങ്കളുടെ കുടുംബത്തിലും താങ്കളുടെ സമ്പത്തിലും അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ” (നസാഈ 4687) എന്ന് കടം തന്നവനു വേണ്ടി പ്രവാചകന്‍ പ്രാര്‍ഥിച്ചതായും നമുക്ക് കാണാം.
കടത്തിന്റെ കൈമാറ്റം
ഒരു വ്യക്തി മറ്റൊരാളില്‍ നിന്ന് ഒരു തുക കടം വാങ്ങിയിട്ടുണ്ടെന്ന് കരുതുക. ആദ്യത്തെ വ്യക്തിയില്‍ നിന്നു മൂന്നാമതൊരാള്‍ തത്തുല്യമായ മറ്റൊരു തുകയും കടം വാങ്ങിയിട്ടുമുണ്ടെങ്കില്‍, ആദ്യ വ്യക്തി തന്റെ കടം വീട്ടുന്നതിനായി രണ്ടാമനെ, അയാളുടെ സമ്മതത്തോടെ മൂന്നാമത്തെ വ്യക്തിയെ ഏല്‍പിച്ചുകൊടുക്കാവുന്നതാണ്. ഇതിനെ അല്‍ഹവാല എന്നാണ് പറയുക. രണ്ടാമന്, തനിക്ക് കിട്ടേണ്ട തുക മൂന്നാമനില്‍ നിന്നു ലഭിച്ചാല്‍ ആദ്യത്തെ വ്യക്തിയുടെയും മൂന്നാമത്തെ വ്യക്തിയുടെയും കടങ്ങള്‍ വീട്ടപ്പെട്ടതായി കണക്കാക്കപ്പെടും. മൂന്നാമന്‍ കടം വീട്ടുന്നതുവരെ ഒന്നാമത്തെ കടത്തിന്റെ ഉത്തരവാദിത്തം ആദ്യ വ്യക്തിയില്‍ നിലനില്‍ക്കുന്നതായിരിക്കും. അബൂഹുറയ്‌റ നിവേദനം ചെയ്ത ഒരു ഹദീസില്‍ റസൂല്‍ പറഞ്ഞു: ”നിങ്ങളുടെ പക്കല്‍ നിന്ന് കടം വാങ്ങിയവര്‍ ഏതെങ്കിലും ധനികനെ പിന്തുടരാനാണ് നിങ്ങളോട് ആവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ അപ്രകാരം ചെയ്യേണ്ടതാണ്” (ബുഖാരി 2287, മുസ്‌ലിം 1564).
കടം എഴുതിവെക്കലും സാക്ഷിനില്‍ക്കലും
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തമായ ആയത്തു ദെയ്ന്‍ (അല്‍ബഖറ 282) അവതരിപ്പിച്ചിരിക്കുന്നതുതന്നെ കടം എഴുതിവെക്കുന്നതിന്റെയും അതിനു സാക്ഷി നില്‍ക്കുന്നതിന്റെയും നിയമവശങ്ങള്‍ മനുഷ്യര്‍ക്ക് പഠിപ്പിച്ചുകൊടുക്കാന്‍ വേണ്ടിയാണ്. പ്രസ്തുത സൂക്തത്തില്‍ നിന്നും അതിന്റെ വിശദീകരണങ്ങളില്‍ നിന്നും മനസ്സിലാകുന്ന സുപ്രധാന സംഗതികള്‍ ഇവയാണ്:
1. ഒരു നിശ്ചിത അവധി വെച്ചുകൊണ്ടുള്ള കടമിടപാടുകള്‍ നടത്തുമ്പോള്‍, അതെത്ര ചെറുതാകട്ടെ വലുതാകട്ടെ, അത് എഴുതി രേഖപ്പെടുത്തിവെക്കാന്‍ മടിക്കരുത്.
2. അത് എഴുതി രേഖപ്പെടുത്തേണ്ടത് മൂന്നാമതൊരു വ്യക്തിയായിരിക്കണം. എഴുത്തറിയാവുന്ന ആരും അതിന് വിസമ്മതം പറയുകയുമരുത്.
3. രേഖയുണ്ടാക്കുമ്പോള്‍ അതില്‍ എഴുതേണ്ട വാചകം പറഞ്ഞുകൊടുക്കേണ്ടത് കടം വാങ്ങിയവനായിരിക്കണം. കടബാധ്യതയുള്ളവന്‍ അവിവേകിയോ കാര്യപ്രാപ്തി ഇല്ലാത്തവനോ ഊമയോ മറ്റോ ആണെങ്കില്‍ അയാളുടെ രക്ഷാകര്‍ത്താവോ പ്രതിനിധിയോ ആണ് അത് നിര്‍വഹിക്കേണ്ടത്.
4. വ്യവസ്ഥ എഴുതി രേഖപ്പെടുത്തുമ്പോള്‍ രണ്ടു പുരുഷന്മാരെ സാക്ഷി നിര്‍ത്തുകയും വേണം. ഇനി രണ്ടു പുരുഷന്മാരെ സൗകര്യപ്പെട്ടില്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളും വേണം സാക്ഷി നില്‍ക്കാന്‍.
5. ഈ ഇടപാടിന്റെ പേരില്‍ എഴുത്തുകാരനെയും സാക്ഷിയെയും ഒരു കാരണവശാലും ദ്രോഹിക്കാന്‍ പാടുള്ളതല്ല.
സ്വത്ത് കണ്ടുകെട്ടല്‍
അബ്ദുര്‍റഹ്മാനുബ്‌നു കഅ്ബുബ്‌നു മാലിക് തന്റെ പിതാവില്‍ നിന്നു മുര്‍സലായ നിലയില്‍ ഉദ്ധരിക്കുന്ന ഒരു നിവേദനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ”അല്ലാഹുവിന്റെ റസൂല്‍ മുആദിന്റെ(റ) സമ്പത്ത് കണ്ടുകെട്ടുകയും കടബാധ്യതയ്ക്കു പകരമായി അത് വില്‍ക്കുകയും ചെയ്തു” (ബുലൂഗുല്‍മറാം 867, ഹാകിം 3:273, ദാറഖുത്‌നി 4:231, നൈലുല്‍ ഔത്വാര്‍ 5:292).
മുആദുബ്‌നു ജബല്‍ വളരെ ഔദാര്യവാനായിരുന്നു. അദ്ദേഹം സമ്പത്തൊന്നും സ്വരുക്കൂട്ടി വെച്ചിരുന്നില്ല. ദാനധര്‍മങ്ങള്‍ക്കായി യഹൂദരില്‍ നിന്ന് അദ്ദേഹം കടം വാങ്ങുകയും ചെയ്തിരുന്നു. ഒടുവില്‍ യഹൂദര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് വീട്ടുന്നതിനായി പ്രവാചകന്‍ അദ്ദേഹത്തിന്റെ സ്വത്ത് ഏറ്റെടുത്തു വില്‍ക്കുകയായിരുന്നു. കടം നല്‍കിയവര്‍ ആവശ്യപ്പെടുന്നപക്ഷം ഭരണാധികാരിക്ക് അത് വീട്ടാന്‍ അധമര്‍ണനോട് ആവശ്യപ്പെടാവുന്നതും, അയാള്‍ക്ക് അതിനു കഴിയുന്നില്ലെങ്കില്‍ അയാളുടെ ധനം പിടിച്ചെടുത്ത് അത് ലഭിക്കേണ്ടവര്‍ക്ക് ആനുപാതികമായി നല്‍കി കടക്കാരോടുള്ള ബാധ്യത വീട്ടാവുന്നതുമാണെന്ന് ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ വിധി പറയുന്നു.
ഇനി ഒരാളുടെ സ്വത്ത് കണ്ടുകെട്ടുന്ന വേളയിലോ അതിനു ശേഷമോ അയാള്‍ക്ക് കടം നല്‍കിയ ഒരു വ്യക്തി, താന്‍ നല്‍കിയ അതേ വസ്തു അയാളുടെ പക്കല്‍ കാണുകയാണെങ്കില്‍ മറ്റു കടക്കാരേക്കാള്‍ ആ വസ്തു ഏറ്റെടുക്കാന്‍ അര്‍ഹന്‍ അത് നല്‍കിയ ആള്‍ തന്നെയാണ്. റസൂല്‍ പറഞ്ഞു: ”പാപ്പരായ ഒരാളുടെ പക്കല്‍ നിന്ന് അയാളുടെ ഒരു കടക്കാരന് തന്റെ പക്കല്‍ നിന്ന് അയാള്‍ കടം വാങ്ങിയ അതേ വസ്തു തന്നെ കണ്ടുകിട്ടിയാല്‍, മറ്റുള്ളവരെക്കാള്‍ അതെടുക്കാനുള്ള അവകാശം അയാള്‍ക്കു തന്നെയാണ്” (ബുഖാരി 2402, മുസ്‌ലിം 1559).
മോചനവും
പ്രാര്‍ഥനകളും

സാമ്പത്തികമായ അച്ചടക്കം ഒരു പരിധി വരെ അനാവശ്യ കടങ്ങളില്‍ ചെന്നുപെടുന്നതില്‍ നിന്നു മനുഷ്യനെ സഹായിക്കും. അമിതമായ ആഗ്രഹങ്ങള്‍, കമ്പല്‍സീവ് ബയിങ് ഡിസോര്‍ഡര്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ മുതലായവ ഇത്തരം അനാവശ്യ കടങ്ങളില്‍ പെട്ടുപോകുന്നതിനുള്ള കാരണങ്ങളാണ്. അത്യാവശ്യവും ആവശ്യവും അനാവശ്യവും കൃത്യമായി തിരിച്ചറിയുന്നതിലൂടെയും കൃത്യമായ ബജറ്റിങിലൂടെയും ആത്മനിയന്ത്രണങ്ങളിലൂടെയും ജീവിതശൈലി മാറ്റുന്നതിലൂടെയും മറ്റും ഇത്തരം കടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കടം വാങ്ങേണ്ടത് അനിവാര്യമായി വന്നേക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വിശ്വാസി ക്ഷമ അവലംബിക്കുകയും അല്ലാഹു വിരോധിച്ച പലിശക്കെണിയില്‍ പെട്ടുപോകാതെ ഒഴിവായി നില്‍ക്കാന്‍ പരിശ്രമിക്കേണ്ടതുമാണ്. ജാബിര്‍(റ) പറഞ്ഞു: ”പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും എഴുതിവെക്കുന്നവനെയും സാക്ഷി നില്‍ക്കുന്നവനെയും അല്ലാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു” എന്ന്. എന്നിട്ട് (അദ്ദേഹം തന്നെ) പറഞ്ഞു: ”അവരെല്ലാം സമന്മാരാണ്” (മുസ്‌ലിം 1598).
കടത്തില്‍ മുങ്ങിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ക്ഷമ അവലംബിക്കുക എന്നത് വലിയ ഒരു കാര്യം തന്നെയാണ്. ഇപ്രകാരം അല്ലാഹു പറഞ്ഞിട്ടുമുണ്ടല്ലോ: ”അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്” (ത്വലാഖ് 2-3).
കടം കൊണ്ട് വിഷമിക്കുന്നവര്‍ക്ക് സകാത്തില്‍ നിന്ന് ഒരു വിഹിതം നല്‍കാന്‍ വിശുദ്ധ ഖുര്‍ആന്‍ (തൗബ 60) ആവശ്യപ്പെടുന്നുണ്ട്. കടത്തില്‍ നിന്നുള്ള മോചനത്തിനായി അല്ലാഹുവിന്റെ ദൂതന്‍ ചില പ്രാര്‍ഥനകള്‍ പഠിപ്പിച്ചിട്ടുണ്ട്. നമസ്‌കാരവേളയില്‍ (അതിലെ അത്തഹിയ്യാത്തില്‍) ”അല്ലാഹുവേ, പാപങ്ങളില്‍ നിന്നും കടത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു” എന്ന് പ്രവാചകന്‍(സ) പ്രാര്‍ഥിച്ചിരുന്നു (ബുഖാരി 832). സ്വീറ് പര്‍വതത്തോളം കടമുണ്ടെങ്കിലും അല്ലാഹു അത് വീട്ടിത്തരും എന്ന് പറഞ്ഞുകൊണ്ട് പഠിപ്പിക്കപ്പെട്ട മറ്റൊരു പ്രസിദ്ധമായ പ്രാര്‍ഥന ഇപ്രകാരമാണ്: ”അല്ലാഹുവേ, നീ നിഷിദ്ധമാക്കിയതിന് പകരം നീ അനുവദനീയമാക്കിയതുകൊണ്ട് എനിക്ക് തൃപ്തി വരുത്തേണമേ. നിനക്കു പുറമെയുള്ളവരുടെ ആശ്രയത്തില്‍ നിന്ന് എന്നെ മുക്തനാക്കുകയും ചെയ്യേണമേ” (തിര്‍മിദി 3563).

അവലംബം
(1) വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍
(2) സിഹാഹുസ്സിത്ത.
(3) മുസ്‌നദ് അഹ്മദ്.
(4) ബുലൂഗുല്‍മറാം, ഹാഫിള് ഇബ്‌നു ഹജര്‍.
(5) നൈലുല്‍ ഔത്താര്‍, ശൗക്കാനി.
(6) മിന്‍ഹാജുല്‍ മുസ്‌ലിം, ജസാഇരി.
(7) അല്‍ലുബാബ് ഫീ ഫിഖ്ഹിസ്സുന്ന, മുഹമ്മദ് സുബ്ഹി ഹല്ലാഖ്.
(8) ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x