23 Monday
December 2024
2024 December 23
1446 Joumada II 21

ഓര്‍മകളില്‍ മായാതെ അലിമിയാന്‍ – എം എം നദ്‌വി പത്തപ്പിരിയം

ശബാബ് 2019 ജൂലൈ 12 ലക്കം യാത്രകള്‍/സ്മരണകള്‍ എന്ന പംക്തിയില്‍ ‘അലിമിയാന്റെ ഓര്‍മകളില്‍’ എന്ന മുജീബുര്‍റഹ്‌മാൻ കിനാലൂരിന്റെ കുറിപ്പ് വായിച്ചു. മൗലാന അലിമിയാന്റെ ദേഹവിയോഗത്തിന് പത്തുവര്‍ഷം മുമ്പ്, തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദാറുല്‍ഉലൂം നദ്‌വത്തുല്‍ ഉലമയില്‍വെച്ച് ലേഖകന്‍ നടത്തിയ കൂടിക്കാഴ്ചയുടെ മധുര സ്മരണകളാണ് അതില്‍. ജീവിതകാലത്തും മരണശേഷവും വളരെ അഭിമാനത്തോടെയും ആദരവോടെയും മുസ്‌ലിംലോകം സ്മരിക്കുന്ന അതികായനും അസാധാരണ പ്രതിഭയുമായ അലിമിയാന്റെ അതിഥിയായി കഴിയാന്‍ അവസരം ലഭിച്ചു എന്നത് ഒരു അസുലഭ ഭാഗ്യം തന്നെയാണ്. ഈ അനുഭവം ലേഖകന്‍ തന്റെ തൂലികയിലൂടെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയത് ഹൃദ്യമായി.
മൗലാനയുടെ ആതിഥേയത്വം അവിസ്മരണീയമായി ആര്‍ക്കും അനുഭവപ്പെടും. ആ സ്‌നേഹവായ്പും ആദരവുമെല്ലാം ഒന്നു വേറെ തന്നെയായിരുന്നു. എന്നാല്‍ മുന്‍പരിചയമില്ലാത്ത രണ്ടു വ്യക്തികള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വളരെ തിരി ക്കു പിടിച്ച് ഒരു വ്യക്തിയെ കാണാ ന്‍ ചെന്നപ്പോഴുണ്ടായ പ്രയാസം ലേഖകന്‍ ഓര്‍മ്മിക്കുന്നു. അതു സ്വാഭാവികമാണല്ലോ. എന്നാല്‍, കേരളം പോലുള്ള വിദൂര പ്രദേശങ്ങളില്‍നിന്നു തന്നെ കാണാന്‍ വരുന്നവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞു തന്നെ യാണ് മൗലാന പെരുമാറിയിരുന്നത്. അതുപോലെ മൗലാനയെ ഉള്‍ക്കൊള്ളാന്‍ വിശാല മനസ്സുള്ള മുസ്‌ലിം സമൂഹത്തിലെ ഏതു സംഘടനകളു ടെ ക്ഷണവും അദ്ദേഹം സസന്തോഷം സ്വീകരിച്ചിരുന്നു.
മുസ്‌ലീം ലോകത്ത് അദ്ദേഹം ശ്രദ്ധേയനാകാന്‍ തുടങ്ങിയ ആദ്യകാലത്തുതന്നെ കേരളത്തിലേക്കുള്ള തന്റെ പ്രഥമ യാത്ര കെ എന്‍ എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു. ആ സംഭവം തന്റെ ആത്മ കഥയായ ‘കാര്‍വാനെ സിന്തഗി’ ഒന്നാം വാള്യം 464ാം പേജില്‍ വളരെ വിശദമായി വിവരിക്കുന്നുണ്ട്. ‘കേരലാ കാ ഏക് സഫര്‍ ഔര്‍ ഏക് അഹം ഖുതുബ:’ എന്നാണ് തലവാചകം. അദ്ദേഹം എഴുതുന്നു: ‘1961 ഫെബ്രുവരി 5 (ഹി. 1380 ശഅ്ബാന്‍ 18) ന് കേരള നദ്‌വത്തു ല്‍ മുജാഹിദീന്റെ ഒരു വാര്‍ഷിക സമ്മേളനം കോഴിക്കോട്ടു നടന്നു. കേരളത്തില്‍ വളരെ കാര്യക്ഷമമായ വിദ്യാഭ്യാസ, പ്രബോധന, പരിഷ്‌ക്കരണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെ എന്‍ എം. അവരുടെ ശക്തമായ നിര്‍ബന്ധവും ചില സ്‌നേഹിതന്മാരുടെ ശിപാര്‍ശയും മൂലം ഞാന്‍ ആ സേമ്മളനത്തിന്റെ അധ്യക്ഷനായി പങ്കെടുത്തു. അവിടെ ഉര്‍ദു സംസാര ഭാഷയല്ലാത്തതിനാല്‍ എന്റെ പ്രസംഗം അറബിയിലായിരുന്നു. …..’ അതിനുശേഷം വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അഞ്ചു പ്രാവശ്യം അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.
‘അലിമിയാന്റെ ഓര്‍മകളില്‍’ എന്ന ലേഖനത്തില്‍ ചില ചെറിയ പിശകുകള്‍ വന്നിട്ടുണ്ട്. അല്ലാമാ അബ്ദുല്‍ഹയ്യ് ബിന്‍ ഫക്‌റുദ്ദീന്‍ അല്‍ഹസനി (ലക്‌നവി)എന്നാണ് പിതാവിന്റെ ശരിയായ പേര്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് കൃതി, ‘നുസ്ഹത്തുല്‍ഖവാത്തിരി വ ബഹ്ജത്തുല്‍ മസാമിഇ വന്ന വാദിരി’ ആണ്. ഹൈദരാബാദിലെ ദാഇറതുല്‍ മആരിഫില്‍ ഇസ്‌ലാമിയ്യ:യായിരുന്നു ഇത് ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്. ഇന്നതിന്റെ പൂര്‍ണമായ പേര് ‘അല്‍ഇഅ്‌ലാമു ബിമന്‍ ഫീതാരിഖില്‍ ഹിന്ദി മിനല്‍ അഅ്‌ലാമി അല്‍മുസമ്മാ ബിനുസ്ഹത്തില്‍ ഖവാത്തിരി വബഹ്ജത്തില്‍ മസാമിഇ വന്നവാദിരി’ എന്നാണ്. ‘അല്‍ഇഅ്‌ലാം…’ എന്ന ചുരുങ്ങിയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഗ്രന്ഥം 4500ല്‍ ഏറെ ഇന്ത്യന്‍ പണ്ഡിതന്മാരുടെ സമഗ്രമായ ജീവചരിത്രമാണ്. ബൈറൂതിലെ ‘ദാറുബ്‌നുഹസം’ എന്ന പ്രസിദ്ധീകരണാലയമാണ് ഇത് പുറത്തിറക്കിയത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ തന്റെ കാലംവരെയുള്ള ഏതാണ്ടെല്ലാ പണ്ഡിതന്മാരെയും അല്ലാമാ അബ്ദുല്‍ഹയ്യ്(റ) അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഫത്ഹു ല്‍ മുഈനിന്റെ കര്‍ത്താവായ ശൈഖ് സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ പേരു മാത്രമാണ് കേരളത്തില്‍ നിന്ന് അതില്‍ ഇടം പിടിച്ചത്. ബഹുസ്വര സമൂഹത്തില്‍ പ്രബോധനത്തിനായി മൗലാനാ നദ്‌വി രൂപം കൊടുത്ത സംഘടനയുടെ പേര് ‘പയാമേഇന്‍സാനിയ്യ’ എന്നായിരുന്നു.

Back to Top