ഒന്ന് മിണ്ടാനെന്തു മടി
ഡോ. മന്‍സൂര്‍ ഒതായി
മനുഷ്യന്റെ വലിയ പ്രത്യേകതയാണ് സംസാര ശേഷി. മനസ്സിലെ വികാര വിചാരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ നമുക്ക് ആനന്ദവും ആശ്വാസവും ലഭിക്കും. കേള്‍ക്കാനും പറയാനും ആളുണ്ടാവുമ്പോഴാണ് വ്യക്തികള്‍ക്ക് വളരാനും വികസിക്കാനുമുള്ള ഉന്മേഷവും ഉത്സാഹവും ഉണ്ടാവുക. സംസാരത്തിന്റെ നല്ലൊരു ശതമാനവും നാം ഉപയോഗിക്കാറുള്ളത് കൂടെയുള്ളവരോട് വികാരങ്ങള്‍ പങ്കിടാനും ചിന്തകള്‍ പ്രതിഫലിപ്പിക്കാനുമാണ്.
ആശയ വിനിമയത്തില്‍ പറയുന്ന വാക്കുകള്‍ക്കപ്പുറം പ്രകടിപ്പിക്കുന്ന രീതിയാണ് പ്രധാനം. അതുകൊണ്ടാണല്ലോ നാം സംസാരിക്കുമ്പോള്‍ കണ്ണും കാതും കൈകളും ഒപ്പം ചേരുന്നത്. മുഖഭാവവും തലയാട്ടലും എന്നു വേണ്ട ശരീരത്തിന്റെ മറ്റു അവയവങ്ങളെല്ലാം നമ്മുടെ സംസാരത്തില്‍ പങ്കുചേരുന്നു. ബോഡി ലാംഗ്വേജ് അഥവാ ശരീരഭാഷ എന്ന് കേട്ടിട്ടില്ലേ? നാം പറയാതെ പറയുന്നതാണ് ശരീരഭാഷ. ചില സന്ദര്‍ഭങ്ങളില്‍ ശരീരഭാഷ അതിശക്തവും തീക്ഷ്ണവുമായി മാറുകയും ചെയ്യും. മറ്റുള്ളവരോട് സംസാരിക്കാനുള്ള താല്‍പര്യവും താല്‍പര്യക്കുറവും പ്രകടമാവുന്നത് ശരീരഭാഷയിലൂടെയാണ്.
മിണ്ടിയും പറഞ്ഞും ആശയങ്ങള്‍ പങ്കിട്ടും വളരേണ്ടതാണ് മനുഷ്യജീവിതം. ഒറ്റക്കുള്ള ജീവിതത്തില്‍ വളര്‍ച്ചയോ പുരോഗതിയോ ഉണ്ടാവില്ല. സൗഹാര്‍ദവും സാമൂഹിക ബന്ധവും സ്ഥാപിക്കുമ്പോഴാണ് വ്യക്തിത്വം പൂര്‍ണമാവുന്നത്. അതിന്റെ പ്രാഥമിക തലം മനുഷ്യര്‍ക്കിടയിലെ ആശയ വിനിമയമാണ്. മനുഷ്യന് സംസാര ശേഷി നല്‍കിയത് ദിവക്യകാരുണ്യത്തിന്റെ അടയാളമായി വിശുദ്ധ വേദം സൂചിപ്പിക്കുന്നു. ‘മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സംസാരമഭ്യസിപ്പിക്കുകയും ചെയ്ത ദൈവം പരമ ദയാലുവാകുന്നു.’ (വി.ഖു 55:1-4)
സോഷ്യല്‍ മീഡിയ സജീവമായതോടെ നമുക്കിടയിലെ ജൈവികവും ഫലപ്രദവുമായ സംസാരം നന്നേ കുറഞ്ഞിരിക്കുന്നു. ചുറ്റുമുള്ള മനുഷ്യരോട് സംവദിച്ച് അനുഭവവും ആസ്വാദനവും തേടുന്നതില്‍ സ്മാര്‍ട്ട് ഫോണുകള്‍ തടസ്സം സൃഷ്ടിക്കുന്നു. തൊട്ടരികിലുള്ള സുഹൃത്തിനെനോക്കി പുഞ്ചിരിക്കുന്നതിന് പകരം കൈയിലുള്ള സ്‌ക്രീനില്‍ ചിരിക്കാന്‍ വകയുണ്ടോ എന്നന്വേഷിക്കുകയാണ് പുതുതലമുറ.
മിണ്ടാനുള്ള മടി നമുക്കിടയിലെ അകലം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരും ഒരേ സ്ഥലത്ത് താമസിക്കുന്നവര്‍ പോലും അപരനിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിന് ഇടപെടണം എന്നോര്‍ത്ത് ഉള്‍വലിയുന്നവരുമുണ്ട്. സാമൂഹിക ബന്ധങ്ങള്‍ നേട്ടങ്ങള്‍ക്കും വിജയത്തിനും തടസ്സമാവുമെന്ന് കരുതി സ്വന്തത്തിലേക്ക് ചുരുങ്ങുന്നവരുമുണ്ട്. എന്നാല്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നോക്കൂ: സൗഹൃദവും ബന്ധവും വരുന്നതിനനുസരിച്ച് തലച്ചോറില്‍ ന്യൂറല്‍ കണക്ടിവിറ്റികള്‍ വര്‍ധിക്കും. ഇത് ബ്രെയിനിന്റെ അപാരമായ കഴിവുകളെ ഉത്തേജിപ്പിക്കും. അതുവഴി മനസ്സ് വിശാലമാവുകയും നവീനമായ ആശയങ്ങള്‍ രൂപപ്പെടുകയും ചെയ്യും.
പരസ്പരം അറിഞ്ഞും അംഗീകരിച്ചും ആദരിച്ചും തളിര്‍ത്തുവളരേണ്ടതാണ് മനുഷ്യ ബന്ധങ്ങള്‍. കുടുംബ സാമൂഹിക ബന്ധങ്ങളാണ് ഒരു വ്യക്തിയുടെ വിജയത്തിന്റെ അടിത്തറ. ബന്ധങ്ങളിലേക്കുള്ള കവാടം തുറക്കപ്പെടുന്നത് മറ്റുള്ളവരെ പരിഗണിക്കുമ്പോഴാണ്. ഒരു വ്യക്തിക്ക് നല്‍കാവുന്ന ഏറ്റവും വലിയ അംഗീകാരം അയാളെ ശ്രദ്ധിക്കലും ശ്രവിക്കലുമാണ്. മഹാനായ മുഹമ്മദ് നബി(സ) നമ്മെ ഓര്‍മിപ്പിച്ച കാര്യം എത്ര പ്രസക്തമാണ്. ‘നന്മയില്‍ നിന്ന് യാതൊന്നും നിങ്ങള്‍ നിസ്സാരമായി കരുതരുത്. നിന്റെ സഹോദരനെ പുഞ്ചിരിയോടെ എതിരേല്‍ക്കുന്നത് പോലും'(മുസ്്ലിം).