14 Tuesday
April 2026
2026 April 14
1447 Chawwâl 26

ഐ എസ് എം യൂത്ത് എന്‍ലൈവന്‍ സമ്മിറ്റ് സമാപിച്ചു-അതിരുകടന്ന ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കും

ഐ എസ് എം സംസ്ഥാന സമിതി തിരൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച യൂത്ത് എന്‍ലൈവന്‍ സമ്മിറ്റ് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

തിരൂര്‍: അതിരുകടന്ന ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യ സ്ഥാപനങ്ങളുടെ ആണിക്കല്ലിളക്കുമെന്ന് ഐ എസ് എം സംസ്ഥാന സമിതി തിരൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച യൂത്ത് എന്‍ലൈവന്‍ സമ്മിറ്റ് അഭിപ്രായപ്പെട്ടു. നിയമം വ്യാഖ്യാനിക്കാന്‍ ബാധ്യതപ്പെട്ടവര്‍ നിയമനിര്‍മാണം നടത്തുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയാണ് പ്രകടമാക്കുന്നത്. സ്വവര്‍ഗരതി, ശബരിമലയിലെ സ്ത്രീ പ്രവേശം, ആരാധനലയങ്ങളുടെ അപ്രമാദിത്വവും അവകാശതര്‍ക്കവും തുടങ്ങിയ പ്രശ്‌നങ്ങളില്‍ ധര്‍മം, സംസ്‌കാരം, പൈതൃകം, രാഷ്ട്രീയം എന്നിവയുടെ തീരുമാനങ്ങളാണ് അഭികാമ്യമായിട്ടുള്ളത്. പ്രശ്‌നപരിഹാരം ജുഡീഷ്യറിക്ക് വിട്ടുകൊടുത്ത് ജനാധിപത്യ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നിയമ പുസ്തകങ്ങളിലെ അക്ഷരങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുക എന്നതിലുപരി രാജ്യത്തെ ജനങ്ങളുടെ താല്പര്യ സംരക്ഷണത്തിനാവണം ജുഡീഷ്യറി പ്രാമുഖ്യം നല്‍കേണ്ടത്.
സ്വവര്‍ഗരതിക്ക് നിയമപരിരക്ഷ നല്‍കുകയും വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും ചെയ്തതിലൂടെ ജുഡീഷ്യറിയുടെ സാമൂഹിക പ്രതിബദ്ധത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പൗരന്മാരുടെ സാമൂഹിക ഭദ്രതയും സാംസ്‌കാരിക ഔന്നിത്യവും തകര്‍ക്കുംവിധമുള്ള വിധിന്യായങ്ങള്‍ ഒട്ടും ആശാവഹമല്ല. നിയമത്തിന്റെ തലനാരിഴകീറി വിധി പ്രസ്താവം നടത്തുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ മുഖവിലക്കെടുക്കാനും ജുഡീഷ്യറിക്ക് ബാധ്യതയുണ്ടെന്നും ഐ എസ് എം ഉണര്‍ത്തി.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് സിപി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍അലി മദനി, ഡോ. കെ അബ്ദുര്‍റഹ്മാന്‍, എം അഹ്മദ്കുട്ടി മദനി, ഡോ. അനസ് കടലുണ്ടി, പി സി അബൂബക്കര്‍, നൗഷാദ് കുറ്റിയാടി, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുസ്സലാം മുട്ടില്‍, ഷാനിഫ് വാഴക്കാട്, ഡോ. ഫുക്കാറലി, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, നസീര്‍ ചെറുവാടി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഡ്വ. ഫൈസല്‍ ബാബു, ഫോക്കസ് ഇന്ത്യ പ്രസിഡന്റ് പ്രഫ. യു പി യഹ്‌യാഖാന്‍, സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ഐ എസ് എം ജന. സെക്രട്ടറി ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, ശാക്കിര്‍ബാബു കുനിയില്‍, ഇസ്മാഈല്‍ കരിയാട്, അബ്ദുല്‍ജലീല്‍ മദനി വയനാട്, ശരീഫ് തിരൂര്‍, അബ്ദുല്‍കരീം എന്‍ജിനീയര്‍, ഫൈസല്‍ മതിലകം പ്രസംഗിച്ചു. സമദ് ചുങ്കത്തറ, ബഷീര്‍ സ്വലാഹി വയനാട്, ടി കെ എന്‍ നാസര്‍, ഷമീര്‍ ഫലാഹി, ഷാനവാസ് പറവന്നൂര്‍, റാഫി കുന്നുംപുറം, കരീം താനാളൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
Back to Top