8 Sunday
December 2024
2024 December 8
1446 Joumada II 6

ഏകസിവില്‍കോഡ് മതേതരമോ?


രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നടന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. പരിപാടി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകസിവില്‍ കോഡിനെക്കുറിച്ചാണ് സംസാരിച്ചത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലും മോദി ഇത് ആവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും പുതിയൊരു ആഖ്യാനത്തിലൂടെയാണ് ഏകസിവില്‍ കോഡിനെ അവതരിപ്പിക്കുന്നത്. ‘മതേതര സിവില്‍ കോഡ്’ എന്നാണ് വിളിക്കുന്നത്. തന്ത്രപൂര്‍വമായ പേര് മാറ്റമാണിത്. ഏക സിവില്‍ കോഡിനെ മതേതരമെന്ന് വിശേഷിപ്പിച്ച് ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്.
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏക സിവില്‍ കോഡ് എന്ന പഴയ പല്ലവിയുമായി രംഗത്ത് വന്നാല്‍ ഘടകകക്ഷികള്‍ തന്നെ പിന്തുണക്കാന്‍ സാധ്യതയില്ല. വഖ്ഫ് ബില്ലിന്റെ കാര്യത്തില്‍ നാമത് കണ്ടതാണ്. ബില്ലുകള്‍ ചുട്ടെടുക്കാന്‍ പഴയ പോലെ സാധിക്കുന്നില്ല. മാത്രമല്ല, ശക്തമായ മീഡിയ ഓഡിറ്റിംഗിനും വിധേയമാകുന്നുണ്ട്. അപ്പോള്‍ മതേതര സിവില്‍ കോഡ് എന്ന നാമകരണത്തില്‍ ഏകസിവില്‍ കോഡിനെ കൊണ്ടുവന്നാല്‍ ഘടകകക്ഷികളുടെ എതിര്‍പ്പിനെ നേരിടാനാവുമെന്നാണ് ബി ജെ പി കരുതുന്നത്. മറ്റൊന്ന് മതേതരത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. ബഹുഭൂരിപക്ഷത്തിന്റെ ആചാരങ്ങളും സംസ്‌കാരവും സ്വീകരിക്കുക എന്നതാണ് മതേതരത്വം എന്ന് കരുതുന്നുവരുണ്ട്. മതേതരമാക്കുക എന്ന പേരില്‍ സര്‍ക്കാറിന്റെ പല ചടങ്ങുകളും ഹൈന്ദവ സംസ്‌കാരത്തിന്റെ തനിയാവര്‍ത്തനമായി മാറാറുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിലെ നിലവിളക്കും പൂജയുമെല്ലാം മതേതര മുദ്രകളായാണ് കരുതപ്പെടുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ ആചാരങ്ങളെ മതേതരമെന്നും ഇതര സമുദായങ്ങളുടെ ആചാരങ്ങളെ വര്‍ഗീയമെന്നും മുദ്ര കുത്തുന്ന സാഹചര്യമുണ്ട്. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ആചാരങ്ങളെ പുല്‍കുന്നതാണോ മതേതരത്വം?
മതേതരത്വം എന്നാല്‍ മതനിരപേക്ഷതയാണ്. രണ്ടുതരത്തിലാണ് മതേതരത്വം എന്ന കാഴ്ചപ്പാടിനെ വിശകലനം ചെയ്യാറുള്ളത്. ഒന്ന്, എല്ലാ മതങ്ങളില്‍ നിന്നും വേര്‍പ്പെട്ടുകൊണ്ടുള്ള തീര്‍ത്തും സ്വതന്ത്രവും അതേ സമയം മതത്തിന് എതിര്‍ ചേരിയില്‍ നില്‍ക്കുകയും ചെയ്യുന്ന യൂറോകേന്ദ്രീകൃത മതേതരത്വം. രണ്ട്, എല്ലാ മതങ്ങളെയും ഒരേ അകലത്തില്‍ നിര്‍ത്തിക്കൊണ്ട് പരസ്പരമുള്ള ആദരവ് പുലര്‍ത്തുന്ന സമീപനം. മതനിരപേക്ഷത എന്ന വാക്കുകൊണ്ട് വിവക്ഷിക്കാറുള്ള ഈ രണ്ടാമത്തെ സമീപനത്തെയാണ്. ഇന്ത്യന്‍ മതേതരത്വം എന്നാല്‍ മതനിരപേക്ഷതയാണ്. അത് മതവിരുദ്ധമല്ല, അതേസമയം മതകീയവുമല്ല. മറിച്ച് എല്ലാ മതങ്ങളോടും തുല്യ അകലം പാലിക്കുന്ന ന്യൂട്രല്‍ സമീപനമാണ്. ഈ രണ്ട് വിവക്ഷ വെച്ചു നോക്കിയാലും ഇപ്പോള്‍ ഏകസിവില്‍ കോഡിനെ മതേതര സിവില്‍ കോഡ് എന്ന് വിളിക്കാനാവില്ല. കാരണം, അത് ഭൂരിപക്ഷ സമുദായത്തിന്റെ ആചാരങ്ങള്‍ക്ക് പ്രാമുഖ്യവും അംഗീകാരവും നല്‍കുന്ന വിധത്തിലാണ് വിഭാവന ചെയ്തിരിക്കുന്നത്. അതില്‍ നിന്ന് വിഭിന്നമായി എല്ലാ മതസമുദായങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന സിവില്‍ കോഡിന്റെ കരട് സമര്‍പ്പിക്കാന്‍ ഇത്രയും കാലത്തിനിടക്ക് ആര്‍ക്കും സാധിച്ചിട്ടില്ല. മാത്രമല്ല, ഏക സിവില്‍ കോഡ് ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പുമായി രംഗത്ത് വന്ന പല ഗോത്ര പിന്നാക്ക വിഭാഗങ്ങളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അതില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ മാധ്യങ്ങളോട് പറഞ്ഞത്. അതായത് വ്യത്യസ്ത മത ജാതി വര്‍ഗങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ സമഗ്രമായ ഏക സിവില്‍ കോഡ് അസാധ്യമാണ്. ഭൂരിപക്ഷത്തിന്റെ ആചാരങ്ങള്‍ക്ക് ലെജിറ്റമസി നല്‍കുന്ന വിധം മതേതര സിവില്‍ കോഡ് എന്ന് വിളിച്ചാല്‍ അതുകൊണ്ട് പ്രായോഗികമായി ഏക സിവില്‍ കോഡ് സാധ്യമാവില്ല.
മതേതരത്വ കോഡ് എന്ന് വിളിക്കുക വഴി ഞങ്ങള്‍ മതേതരത്വത്തിന്റെ ആളുകളാണെന്നും ഭരണഘടനാ സംരക്ഷകരാണെന്നും വരുത്തിത്തീര്‍ക്കാനാണ് ബി ജെ പി ഉദ്ദേശിക്കുന്നത്. ബി ജെ പി മൂന്നാമതും കേവല ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാകുമെന്ന സാമാന്യ ജനങ്ങളുടെ ആശങ്കയാണ് ബി ജെ പിയെ ഒറ്റക്ക് അധികാരം നേടുന്നതില്‍ നിന്ന് തടഞ്ഞത്. അതുകൊണ്ട് ഭരണഘടനാ സംരക്ഷണം പൊതുശ്രദ്ധ നേടിയെടുക്കാവുന്ന ഗിമ്മിക്കാണെന്ന് ആ പാര്‍ട്ടിക്ക് ബോധ്യമുണ്ട്. അതിനുള്ള വഴിയാണ് മതേതര സംരക്ഷകരെന്ന നാട്യേനെ പുതിയ നാമകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇക്കാലയളവില്‍, എല്ലാ മതങ്ങളോടും തുല്യ അകലവും ആദരവും പുലര്‍ത്തുന്ന സമീപനമാണോ സ്വീകരിച്ചത് എന്നു പരിശോധിച്ചാല്‍ തന്നെ പുതിയ സംരക്ഷക റോളിന്റെ പരിഹാസ്യത ബോധ്യമാവും.

Back to Top