15 Wednesday
October 2025
2025 October 15
1447 Rabie Al-Âkher 22

ഉരുള്‍ ബാധിത പ്രദേശങ്ങളില്‍ ദീര്‍ഘകാല പാക്കേജ് വേണം


കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുടെ വീണ്ടെടുപ്പിന് സര്‍ക്കാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ പ്രവര്‍ത്തക ക്യാമ്പ് ആവശ്യപ്പെട്ടു. ആരോഗ്യം, കുടിവെള്ളം, ഭക്ഷണം, ഭവനം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍, വ്യക്തികള്‍ എന്നിവരെ സഹകരിപ്പിച്ച് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കണം. സാങ്കേതികത്വങ്ങളുടെ പേരില്‍ പ്രകൃതി ദുരന്തത്തിലെ ഇരകളുടെ ആനുകൂല്യങ്ങളും ആവശ്യങ്ങളും നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ആള്‍നഷ്ടം സംഭവിച്ച കുടുംബങ്ങളില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഭരണകൂടം തയ്യാറാകണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. ദുരന്തമേഖലയില്‍ സേവനനിരതരാകാന്‍ ഓടിയെത്തിയ മുഴുവന്‍ സുമനസ്സുകളെയും ക്യാമ്പ് അഭിനന്ദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ, ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, മുര്‍ശിദ് പാലത്ത്, ജില്ല ഭാരവാഹികളായ അബ്ദുറഷീദ് മടവൂര്‍, കുഞ്ഞിക്കോയ ഒളവണ്ണ, ശുക്കൂര്‍ കോണിക്കല്‍, അബ്ദുല്‍മജീദ് പുത്തൂര്‍, ബി വി മഹ്ബൂബ്, മുഹമ്മദലി കൊളത്തറ, എന്‍ ടി അബ്ദുറഹ്‌മാന്‍, സത്താര്‍ ഓമശ്ശേരി പ്രസംഗിച്ചു. യൂനുസ് നരിക്കുനി, അബ്ദു മങ്ങാട്, അഷ്‌റഫ് തിരുത്തിയാട്, എം കെ പോക്കര്‍ സുല്ലമി, മുഹമ്മദ് തലക്കുളത്തൂര്‍, എന്‍ പി അബ്ദുറഷീദ്, പി ടി സുല്‍ഫിക്കര്‍ സുല്ലമി, റഫീഖ് പി സി പാലം, റഷീദ് കക്കോടി, ബിച്ചു സിറ്റി ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top