ഉദാരമതിയായ മാഷ്
ഫൈസല്‍ നന്മണ്ട
പ്രാസ്ഥാനികമായ ചില പ്രതിസന്ധി ഘട്ടത്തിലായിരുന്നു വിദ്യാര്‍ഥി വിഭാഗത്തിന്റെയും യുവജന വിഭാഗത്തിന്റെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. ഈ നിര്‍ണായക ഘട്ടത്തില്‍ മാഷ് നല്‍കിയ പിന്തുണ വിവരണാതീതമാണ്. ഐഎസ്എം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് അദ്ദേഹവുമായി കൂടുതല്‍ അടുത്തത്. മര്‍കസുദ്ദഅ്‌വ ജീവനക്കാരുടെ ശമ്പളം, ശബാബിന്റെയും പുടവയുടെയും പ്രിന്റിങ് തുടങ്ങി വലിയൊരു സാമ്പത്തിക ബാധ്യതയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കയുണ്ടാവും. ഭാരവാഹിത്വം ഏറ്റെടുത്ത ഉടനെ ഈ കാര്യം മാഷുമായി ഞാന്‍ പങ്കുവെക്കുകയും ചെയ്തു.
അതിന് മാഷുടെ പ്രതികരണം വല്ലാത്ത ആത്മധൈര്യമാണ് നല്‍കിയത്: ‘ഇത് എന്റെ വീടാണ്, ഞാനിവിടത്തെ ഗൃഹനാഥനും. ഏല്‍പിക്കപ്പെട്ട ദൗത്യവുമായി മുന്നേറുക. നിഴലു പോലെ ഞാനുണ്ടാവും.’ ഈ വാക്കുകളാണ് ഐഎസ്എം എന്ന യുവജന പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രചോദനമായത്. ജോലിയാവശ്യാര്‍ഥം താനൂരിലേക്കുള്ള യാത്രയില്‍ രാവിലെ അദ്ദേഹവുമായി സംസാരിച്ചേ പോകാറുള്ളൂ. ചില ബില്ലുകള്‍ കാണിച്ച് പറയും: ‘ഇന്ന് തീര്‍ക്കേണ്ടതാണ്. ഐഎസ്എം അക്കൗണ്ടില്‍ പണത്തിന്റെ കമ്മിയുണ്ട്. വിഷമം വേണ്ട. അതിനുള്ള പണം ഞാന്‍ കരുതിയിട്ടുണ്ട്.’
ഫണ്ട് കലക്ഷനു വേണ്ടി ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ റസീപ്റ്റ് വാങ്ങി തന്റെ വിഹിതം അദ്ദേഹം എഴുതും. മാഷുടെ ആതിഥ്യ മര്യാദ അനുഭൂതിദായകമാണ്. മാഷുടെ റൂമിലെത്തിയാല്‍ വല്ലതും നല്‍കാതെ അദ്ദേഹം ആരെയും തിരിച്ചയക്കില്ല. ‘അല്‍മനാറി’ല്‍ നിരവധി തവണ അദ്ദേഹം ഉംറ യാത്ര നടത്തിയിട്ടുണ്ട്. യാത്ര കഴിഞ്ഞ് വന്നാല്‍ വിളിക്കും. പെട്ടിയില്‍ നിന്ന് ഒരു പൊതി തന്ന് പറയും: ഓര്‍ത്ത് വാങ്ങിയതാണ്. പ്രാര്‍ഥനയില്‍ എപ്പോഴുമുണ്ടാവണം. മാതൃകാ ഗുരു, സ്‌നേഹനിധിയായ രക്ഷിതാവ്, വിശ്രമമില്ലാത്ത പോരാളി… അങ്ങനെ നിരവധി സവിശേഷതകള്‍ ബാക്കിയാക്കിയാണ് ആ കര്‍മയോഗി യാത്രയായത്.