ഉത്തരേന്ത്യയിലെ പൊതുവിദ്യാഭ്യാസവും മദ്റസകളും
ഡോ. അഷ്റഫ് വാളൂര്‍
മദ്റസകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്ത് ഇന്ന് രാജ്യത്തുടനീളം വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഭരണകൂടത്തിന്റെ ഈ തരത്തിലുള്ള നിലപാടുകള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലും മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ആകുലത ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ്? ഈ തീരുമാനത്തിന്റെ പിന്നില്‍ നമുക്ക് നിരീക്ഷിക്കാവുന്ന ചില പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, കമ്മീഷന്‍ സൂചിപ്പിച്ചതുപോലെ, രാജ്യത്തെ വിദ്യാഭ്യാസ അവകാശം നിലവില്‍ വന്നിട്ടും, വലിയൊരു വിഭാഗം കുട്ടികള്‍ ഇപ്പോഴും പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയിട്ടില്ല. 2002 ലെ ഭരണഘടനാ ഭേദഗതി പ്രകാരം, ആറ് വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാക്കുകയും, അത് ഉറപ്പുവരുത്തല്‍ സംസ്ഥാനങ്ങളുടെ കടമയാക്കുകയും ചെയ്തിട്ടുണ്ട്. 2009 ഓടെ ഇതിന്റെ ആവിഷ്‌കാരം പൂര്‍ണമായും നിലവില്‍ വരികയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് എത്തിക്കേണ്ട ബാധ്യത ബാലാവകാശ കമ്മീഷനുമേല്‍ നിക്ഷിപ്തമാണ് എന്നുള്ളത് അവര്‍ ഈ തീരുമാനത്തിനുള്ള ന്യായീകരണമായി മുന്നോട്ടുവയ്ക്കുന്നു.
രണ്ട്, രാജ്യത്തുടനീളം ഉള്ള മദ്റസകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമല്ല. അതിനാല്‍, കുട്ടികളെ മദ്റസകളുടെ പിടിയില്‍ നിന്നു മോചിപ്പിച്ച് ഗുണമേന്മയുള്ള ഭൗതിക വിദ്യാഭ്യാസം ഉറപ്പുവരുത്തണം എന്നതാണ്.
മൂന്ന്, മദ്റസകളില്‍ നിന്നുള്ള കുട്ടികളെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത് അവരുടെ തുടര്‍ പഠനത്തിന് സഹായകമാകും. മദ്റസകളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തുടര്‍പഠന സാധ്യതകള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വളരെ കുറവാണ്. അതിനാല്‍, ഈ അഭിപ്രായത്തെ മദ്റസ പ്രസ്ഥാനത്തെ പിന്തുണക്കുന്നവരും ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ നയത്തെ എതിര്‍ക്കുന്നവര്‍ പോലും പിന്തുണക്കുന്നു.
നമ്മുടെ രാജ്യത്ത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഉതകുന്ന രീതിയിലുള്ള ഒരു സംവിധാനമുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്ള മദ്റസ സംവിധാനം കേരളത്തിലെ മദ്റസ സമ്പ്രദായത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. കേരളത്തിലെ മദ്റസ സമ്പ്രദായം മത വിദ്യാഭ്യാസത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടതും രാവിലെയും വൈകിട്ടുമായി ഭൗതിക വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിക്കാത്ത രൂപത്തിലുമാണ് സംവിധാനിച്ചത്.
എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു പരിധിവരെ, മദ്റസകളില്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സിസ്റ്റമാണ് നിലവിലുള്ളത്. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സംവിധാനങ്ങളും ഉണ്ട്. ഈ സാഹചര്യത്തില്‍, ‘പൊതു വിദ്യാഭ്യാസരംഗത്തേക്ക് അവര്‍ വരുന്നില്ല’ എന്നത് ഒരു യാഥാര്‍ഥ്യമാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല. അതുകൊണ്ടുതന്നെ, ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസം നേടുന്നതിനായി, മദ്റസകളെ ആശ്രയിക്കുന്നത് പതിവാണ്. മുസ്ലിം, അമുസ്ലിം വേര്‍തിരിവില്ലാതെ സര്‍വരും മദ്റസകളില്‍ പഠിക്കുന്നു. അമുസ്ലിം കുട്ടികള്‍ വിദ്യാഭ്യാസത്തിനായി മദ്റസകളെ സമീപിക്കുന്നത് മതപരിവര്‍ത്തനത്തിന് സഹായം ചെയ്യുന്നതായി പൊതുവേദിയില്‍ വെച്ച് ഒരു ബി ജെ പി പ്രതിനിധി ആരോപിക്കുകയുണ്ടായി.
ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച റിപ്പോര്‍ട്ടില്‍ മദ്റസകള്‍ക്കെതിരായ ഭീകരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്, പാകിസ്താന്‍ സിലബസ്, മതതീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ ഈ 11 പേജുകളിലെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. മദ്റസകളില്‍ പഠിക്കുന്ന മുസ്ലിമിതര മതവിശ്വാസികളായ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള സമ്മര്‍ദം നേരിടേണ്ടി വരുന്നു എന്നാണ് ചിലരുടെ വാദം. അതില്‍ നിന്നു മോചിപ്പിക്കണം എന്നുള്ളതാണ് ഈ നയത്തെ പിന്തുണയ്ക്കുന്ന ചിലര്‍ അഭിപ്രായപ്പെടുന്നത്. 2023 ല്‍ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങളോട് മദ്റസകളില്‍ പഠിക്കുന്ന മുസ്ലിം ഇതര മതവിശ്വാസികളുടെ കണക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡ് നല്‍കിയ കണക്കുപ്രകാരം 7300 ഓളം കുട്ടികള്‍ അവിടെ മദ്റസകളില്‍ പഠിക്കുന്നുണ്ട്. അതിന്റെ 10 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ മുസ്ലിം ഇതര മതവിശ്വാസികള്‍ ആണ്.
ബംഗാളിലെ സ്ഥിതി കുറച്ചു കൂടി വ്യത്യസ്തമാണ്. മദ്റസകളില്‍ മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും കൂടി നല്‍കുന്ന സമ്പ്രദായമാണ് അവിടെയുള്ളത്. 19 ശതമാനത്തിലധികം മുസ്ലിം ഇതര മതവിശ്വാസികളായ കുട്ടികള്‍ വിദ്യാഭ്യാസത്തിനായി മദ്റസകളെ ആശ്രയിക്കുന്നുണ്ട്. 29 ശതമാനം മദ്റസാധ്യാപകര്‍ മുസ്ലിംകള്‍ അല്ല എന്നുള്ളതാണ് അവിടത്തെ മറ്റൊരു രസകരമായ കാര്യം. ഇതിന്റെ കാരണം ചികയുമ്പോള്‍ അവിടങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ വേണ്ടത്ര പഠന സംവിധാനങ്ങളില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനോ കുട്ടികളെ അതിലേക്ക് കൊണ്ടുവരാനോ ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ സ്വാഭാവികമായും വിദ്യാഭ്യാസത്തിനായി മദ്റസകളെ ആശ്രയിക്കേണ്ടി വരുന്നു.
മദ്റസകള്‍ എന്നുള്ള സമ്പ്രദായം മതകാര്യങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. 1960 കള്‍ മുതല്‍ തന്നെ ഭരണകൂടം മദ്റസ സമ്പ്രദായത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മദ്റസ ആധുനികവത്കരണ പരിപാടികള്‍ പിന്നീട് വരികയും മദ്റസകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കി അവിടെ ഭൗതിക വിഷയങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതും.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതിരിക്കുന്ന ഇടങ്ങളില്‍ അല്ലെങ്കില്‍ ഗവണ്‍മെന്റിന് വിദ്യാലയങ്ങള്‍ ഉണ്ടാക്കാനോ ഉണ്ടാക്കിയിടങ്ങളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനോ അത് ശരിയായ വിധം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കാനോ പറ്റാത്ത സാഹചര്യങ്ങളില്‍ ആ അപര്യാപ്തത പരിഹരിക്കാനായി അവിടങ്ങളില്‍ നിലവില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് എങ്കിലും കുട്ടികള്‍ വരട്ടെ എന്നുള്ള ഉല്‍പതിഷ്ണുപരമായ തീരുമാനത്തിന്റെ ഭാഗമായാണ് മദ്റസ ആധുനികവല്‍ക്കരണ പദ്ധതി നിലവില്‍ വന്നത്.
കേരളത്തിലും ചില മദ്റസകള്‍ക്ക് ഇതിന്റെ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. പല മദ്റസകളിലും ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള അധ്യാപകരെ നിയമിക്കുകയും മദ്റസ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുപോകുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും പൊതുവേ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. കേരളത്തെ സംബന്ധിച്ച് മദ്റസ സംവിധാനം മറ്റൊരു രീതിയിലാണ് എന്നുള്ളതാവാം ഇങ്ങനെയുള്ള എതിര്‍പ്പ് ഇവിടെ നേരിടേണ്ടി വന്നത്.
ഇന്ന് രാജ്യത്ത് 20 സംസ്ഥാനങ്ങളില്‍ മദ്റസ ബോര്‍ഡുകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ നിയന്ത്രിക്കുന്നതും ഗവണ്‍മെന്റിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലുള്ളതുമായ സംവിധാനങ്ങളാണ് ഇത്തരം ബോര്‍ഡുകള്‍. അധ്യാപക നിയമനം, സിലബസ്, ശമ്പളം തുടങ്ങിയവയെല്ലാം ഭരണകൂടത്തിന്റെ പരിധിയിലാണ്. ബാലാവകാശ കമ്മീഷന്റെ ഈ നിലപാട് വാര്‍ത്തയായ അതേ ദിവസം തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ അവിടുത്തെ മദ്റസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു എന്ന വാര്‍ത്തയും കാണാം. മദ്റസ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാഠശാലകള്‍ എന്ന രൂപത്തില്‍ തന്നെയാണ് പ്രവര്‍ത്തിച്ചു വരുന്നത്.
2019 ലെ പശ്ചിമബംഗാളിലെ മദ്‌റസ പൊതു പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്ക് നേടിയ കുട്ടികള്‍ മുസ്ലിംകളായിരുന്നില്ല. സ്‌കൂളില്‍ നിന്നും കിട്ടേണ്ട ഗണിതവും ശാസ്ത്രവും ഭാഷാ വിഷയങ്ങളും ഒക്കെ തന്നെയാണ് അവര്‍ക്ക് മദ്റസകളില്‍ നിന്നും ലഭിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇതിലും പരിതാപകരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ. അധ്യാപകര്‍ വളരെ നിരുത്തരവാദപരമായാണ് അവിടങ്ങളില്‍ പെരുമാറുന്നത്. അധികപേരും വിദ്യാലയങ്ങളില്‍ എത്തില്ല, പകരം, അവിടെ എത്തുന്ന ഏതെങ്കിലും ഒരു അധ്യാപകന്‍ എല്ലാവരുടെയും ഒപ്പുവെക്കുന്ന പതിവാണെന്ന് അവിടം സന്ദര്‍ശിച്ച ഒരു മലയാളി പങ്കുവെക്കുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മദ്റസകളില്‍ വ്യവസ്ഥാപിതമായി വിദ്യാഭ്യാസ പ്രക്രിയ നടക്കുന്നു എന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെയാണ് അമുസ്ലിംകള്‍ അടക്കം മദ്റസ സംവിധാനത്തെ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്. മുസ്ലിം പ്രാതിനിധ്യം നന്നേ കുറവുള്ള ഉത്തരാഖണ്ഡില്‍ പോലും വിദ്യാര്‍ഥികള്‍ മദ്‌റസകളില്‍ എത്തിച്ചേരുന്നു.
മദ്റസകള്‍ നിര്‍ത്തലാക്കണം എന്ന തീരുമാനത്തെ പിന്തുണയ്ക്കുന്നവരുടെ വാദം അമുസ്ലിംകളെ മതം പഠിപ്പിക്കുന്നതിനും മതപരിവര്‍ത്തനത്തിനും നിര്‍ബന്ധിക്കുന്നു എന്നാണ്. മദ്‌റസകളില്‍ മതപഠനം ഉണ്ട്. പക്ഷേ, അത് അമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമല്ല. അവര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. എന്നിട്ടും ചിലര്‍ പഠിക്കുന്നു എന്നത് അവരുടെ തീരുമാനമാണ്. മറ്റു മതസ്ഥരെ മതം പഠിപ്പിക്കുന്നു എന്നത് ദോഷകരമായി കാണുന്നത് യുക്തിഭദ്രമല്ല. ഈ ആരോപണത്തില്‍ കഴമ്പില്ല. മറ്റൊരു ചോദ്യം ഗവണ്‍മെന്റിന്റെ ഫണ്ടില്‍ എന്തുകൊണ്ടാണ് ഒരു മതസ്ഥര്‍ക്ക് മാത്രം പഠിക്കാന്‍ അവസരം നല്‍കുന്നത് എന്നായിരുന്നു. എന്നാല്‍ ഇന്ന് അത് മാറി മറ്റു മതസ്ഥരെയും പഠിപ്പിക്കുന്നു എന്നുള്ളതായി അവരുടെ പ്രശ്‌നം.
ഈ തീരുമാനത്തെ എന്തുകൊണ്ട് എതിര്‍ക്കണം എന്നതിന് ഇന്ന് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം തന്നെയാണ് കാരണം. പലരും വിശേഷിപ്പിക്കുന്നത് പോലെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഘട്ടം ഘട്ടമായി തുടരുന്ന അജണ്ടയുടെ തുടര്‍ച്ചയായിക്കൊണ്ടാണ് മദ്‌റസകള്‍ക്ക് എതിരെയുള്ള ബാലാവകാശ കമ്മീഷന്റെ നീക്കവും എന്ന് സാമാന്യേന ആളുകള്‍ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ രാഷ്ട്രീയവും ഉദ്ദേശ്യശുദ്ധിയും സംശയിക്കപ്പെടുന്നു.
സ്വാഭാവികമായും സര്‍ക്കാറിന്റെ രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടും സര്‍ക്കാരിനെ നയിക്കുന്നവരുടെ പ്രത്യയശാസ്ത്രവും നോക്കുമ്പോള്‍ ഒരര്‍ഥത്തിലും ഈ തീരുമാനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ പോസിറ്റീവായി കാണാന്‍ സാധിക്കില്ല. അതുകൊണ്ടാണ് വലിയ വിമര്‍ശനങ്ങള്‍ വരുന്നതും.
ലേഖനാവിഷ്‌കാരം
വാഫിറ ഹനാന്‍