ഉട്ടോപ്യ, ഡിസ്‌ടോപ്യ പുതുതലമുറയുടെ ആശയലോകവും പ്രയോഗികജീവിതവും – ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍
എ ഡി 1516-ല്‍ സര്‍ തോമസ് മൂര്‍ എന്ന എഴുത്തുകാരനാണ് ആദ്യമായി ഉട്ടോപ്യ എന്ന വാക്ക് ഉപയോഗിക്കുന്നത്. ഉട്ടോപ്യ എന്നത് അദ്ദേഹത്തിന്റെ ഒരു ആക്ഷേപഹാസ്യ നോവലാണ്. ലാറ്റിന്‍ ഭാഷയില്‍ പുറത്തിറങ്ങിയ ഈ കൃതി, ഒരു സാങ്കല്‍പിക ദ്വീപിന്റെ സാമൂഹിക രാഷ്ട്രീയ മതാചാര ചടങ്ങുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ചീ ജഹമരല എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമാണ് ഉട്ടോപ്യ. സാമൂഹ്യം, മതം, രാഷ്ട്രീയം, സമ്പത്ത്, അധികാരം തുടങ്ങി എല്ലാ മേഖലകളിലും സമ്പൂര്‍ണ സമത്വം നിലനില്‍ക്കുന്ന ആദര്‍ശാത്മക ഭാവനയാണ് അത്. ഇന്ന് തത്വചിന്തയുടെ ഭാഷയില്‍ അതിനെ ഉപയോഗിക്കുന്നതും സമാനമായ ഭാവനയെ കുറിക്കുന്നതിനാണ്. എല്ലാ കലര്‍പ്പുകളില്‍ നിന്നും മാറിനില്‍ക്കുന്ന, നിലവിലെ സാമൂഹിക യാഥാര്‍ഥ്യത്തില്‍ അന്തര്‍ലീനമായ അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന പരിശുദ്ധമായ ഒന്ന് എന്നര്‍ഥത്തിലുള്ള ആശയങ്ങളെയാണ് ഉട്ടോപ്യ എന്ന് വിളിക്കാറുള്ളത്. ഓരോ മേഖലയിലും ഉട്ടോപ്യകളുണ്ട്.
പ്രകൃതിയെ സംരക്ഷിക്കുന്നതില്‍, മനുഷ്യനും പ്രകൃതിയും ഒന്നായ് ചേരുകയും പ്രകൃതിയെ ചൂഷണം ചെയ്യുന്ന ചെറു സാധ്യതകളെ പോലും ഇല്ലാതാക്കുകയും ചെയ്യുന്ന ജീവിതരീതി ഇക്കോളജിക്കല്‍ ഉട്ടോപ്യ എന്ന പേരിലുണ്ട്. പ്രായോഗിക തലത്തില്‍ ഹരിത രാഷ്ട്രീയം വിജയിക്കുന്നതിലേക്ക് നയിച്ച പ്രചോദനങ്ങളില്‍ ഒന്ന് ഇക്കോളജിക്കല്‍ ഉട്ടോപ്യയാണെന്ന് ഡച്ച് ഫിലോസഫര്‍ മാരിയസ് ഡെ ഗ്യൂസ് കരുതുന്നു. സമ്പത്ത്, മതം, ശാസ്ത്രം, സാങ്കേതിക വിദ്യ, സ്ത്രീവാദം, അധികാരം തുടങ്ങിയ മേഖലകളിലെല്ലാം ഉട്ടോപ്യന്‍ ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 18, 19 നൂറ്റാണ്ടുകളില്‍ അമേരിക്കയിലും യൂറോപ്പിലും നിലനിന്നിരുന്ന റിലീജ്യസ് ഉട്ടോപ്യന്‍ ആശയങ്ങളാണ് ഒനീഡ കമ്മ്യൂണിറ്റി, അമാന കോളനീസ് എന്നിവ. ഈ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ സകല ജീവിതാവശ്യങ്ങളും മേഖലകളും നിയന്ത്രിക്കാനും പരിഹരിക്കാനും വിശ്വാസത്തിന് സാധിക്കും എന്ന കാഴ്ചപ്പാടിലാണ് ഇവര്‍ ജീവിച്ചിരുന്നത്.
ജോണ്‍ ഹംഫറി രൂപം നല്‍കിയ ഒനീഡ കമ്മ്യൂണിറ്റി ഇന്ന് ലോകത്ത് അറിയപ്പെടുന്നത് വീട്ടുപകരണങ്ങളിലെ ബിസിനസ് ഭീമന്മാരുടെ ബ്രാന്റ് എന്ന നിലയിലാണ്. 1848 മുതല്‍ 1881 വരെ, കലര്‍പ്പ് നിറഞ്ഞ സമൂഹത്തില്‍ നിന്ന് മാറി, ഒരു ദ്വീപായി താമസിച്ചിരുന്ന ഒനീഡ കമ്മ്യൂണിറ്റിയുടെ ജീവിതമാര്‍ഗം വീട്ടുപകരണങ്ങളുടെ നിര്‍മാണവും വില്‍പ്പനയുമായിരുന്നു. ഒനീഡ എന്ന ബിസിനസ് സാമ്രാജ്യം വളര്‍ന്നുവരുന്നത് അങ്ങനെയാണ്. ഉട്ടോപ്യന്‍ ആശയം പിന്നീട് പ്രയോഗിക ജീവിതത്തിലേക്ക് വഴിമാറുന്നതിന്റെ ചരിത്രവും ഇതില്‍ നിന്ന് വായിച്ചെടുക്കാം.
ആശയലോകത്തെ തീവ്രത
പുതുതലമുറ രണ്ട് അറ്റങ്ങളിലാണ് ജീവിക്കുന്നതെന്ന് പറയാറുണ്ട്. ഒരു ആശയത്തോടുള്ള തീവ്രമായ സ്‌നേഹമോ മറ്റൊരാശയത്തോടുള്ള തീവ്രമായ വിയോജിപ്പോ വെച്ച് പുലര്‍ത്തുക എന്നത് ഈ തലമുറയുടെ പ്രത്യേകതയാണ്. സ്‌നേഹവും നിഷേധവും ഇരു ധ്രുവങ്ങളില്‍ നിര്‍ത്തുന്ന ചിന്താസമീപനമാണ് പലപ്പോഴും നാം ഇന്ന് അനുഭവിക്കുന്നത്.
ഫ്രാന്‍സിസ് ബേക്കണിന്റെ ന്യൂ അറ്റ്‌ലാന്റിസ് എന്ന അപൂര്‍ണ പുസ്തകം ഉട്ടോപ്യന്‍ സയന്‍സിനെക്കുറിച്ചാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും വികാസം പ്രാപിച്ച് ഉത്തുംഗതയില്‍ എത്തിച്ചേരുന്ന ഒരു കാലത്ത്, മരണവും വേദനയും ഇല്ലാത്ത ഒരു ജീവിത നിലവാരത്തിലേക്ക് മനുഷ്യന്‍ എത്തുമെന്ന് പുസ്തകം ഭാവനയില്‍ കാണുന്നു. ഉട്ടോപ്യന്‍ തത്ത്വശാസ്ത്രത്തിന്റെ ലളിതമായ സൗകര്യങ്ങള്‍ ഇതൊക്കെയാണെന്ന് ചുരുക്കിപ്പറയാം. പരിശുദ്ധമായ ആദര്‍ശാത്മക ഭാവനകള്‍ ഒരു തരത്തില്‍ പ്രയോഗിക സമീപനങ്ങള്‍ക്ക് ചൂണ്ടുപലക കാണിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നുണ്ട്. പുതിയ കണ്ടെത്തലുകള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും പിറകില്‍ അസംഭവ്യവും അസാധ്യവുമായ ഉട്ടോപ്യന്‍ ആശയങ്ങളുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ ആദര്‍ശാത്മകവും അപ്രായോഗികവുമായ ആശയങ്ങളെ മൂര്‍ത്തീകരിക്കാന്‍ ശ്രമമുണ്ടായാല്‍ എന്താകും സ്ഥിതി? ആശയലോകവും പ്രായോഗികവാദവും എപ്പോഴും ഏറ്റുമുട്ടുന്നതാകും എന്ന് വാദിക്കുന്നില്ല. എന്നാല്‍ ആശയലോകങ്ങള്‍ക്ക് പിറവിയെടുക്കാനും വളരാനും വേണ്ടത് ഭാവനയും ചിന്തയും മാത്രമാണ്. ബാഹ്യഘടകങ്ങള്‍ ചിന്തയെ സ്വാധീനിക്കുമെങ്കിലും അത്തരം ബാഹ്യസ്വാധീനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും ചിന്തയെ കലര്‍പ്പുകളില്ലാത്ത ഭാവനാലോകത്ത് മേയാന്‍ വിടുന്നതിനും മനുഷ്യന് സാധിക്കും. അതിന് സഹായകരമാവുന്ന ഫിലോസഫികളും തത്ത്വശാസ്ത്ര സമീപനങ്ങളും ഒരു വേള വികസിച്ച് വന്നിട്ടുണ്ട്. കലര്‍പ്പുകള്‍ നിറഞ്ഞ ലോകത്ത് വികസിച്ച് വന്ന കലര്‍പ്പുകളില്ലാത്ത ചിന്താസമീപനങ്ങള്‍ ആത്യന്തികമായി കലര്‍പ്പുകളെ നിഷേധിക്കുന്നു എന്നത് കൗതുകകരമാണ്. സമാനമായ മറ്റൊരു ചിന്താരീതി വളര്‍ന്നുവരാനാവശ്യമായ വെള്ളവും വളവും നിഷേധിച്ചുകൊണ്ടാണ് അത്തരം കാല്‍പനിക ആദര്‍ശലോകം വിഭാവനം ചെയ്യപ്പെടുന്നത്. ആശയങ്ങളെ പ്രായോഗികലോകത്ത് മൂര്‍ത്തീകരിക്കാന്‍ വേണ്ടത് ചിന്തയും ഭാവനയും മാത്രമല്ല, മറിച്ച് ഒട്ടേറെ ബാഹ്യഘടകങ്ങളാണ് അതിനെ നിര്‍ണയിക്കുന്നത്. ശാസ്ത്രത്തിന്റെ വളര്‍ച്ചയും ഫിലോസഫിയും ഉദാഹരണമായെടുക്കാം. വ്യക്തമായ പരീക്ഷണങ്ങളും കൃത്യമായ രീതിശാസ്ത്രവും പാലിച്ചുകൊണ്ടാണ് ശാസ്ത്രം വളരുന്നത് എന്നാണല്ലോ വെപ്പ്. എന്നാല്‍, പരീക്ഷണങ്ങള്‍ക്കും സയന്റിഫിക് മെത്തഡോളജിക്കും അപ്പുറം ശാസ്ത്ര നിഗമനങ്ങളെയും കണ്ടെത്തലുകളെയും ബാഹ്യഘടകങ്ങള്‍ സ്വാധീനിക്കുന്നില്ലേ? ആധുനിക ശാസ്ത്രത്തിന്റെ മൂന്ന് പ്രധാന കണ്ടെത്തലുകളായി കണക്കാക്കുന്നത് വടക്കുനോക്കിയന്ത്രം, ദൂരദര്‍ശിനി, വെടിമരുന്ന് (Compass, Telescope, Gun Powder) എന്നിവയാണ്. ഇവ മൂന്നും ചേര്‍ന്നാല്‍ കൊളോണിയലിസവും സാമ്രാജ്യത്വവുമായി. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ രാജ്യങ്ങളും പ്രദേശങ്ങളും വെട്ടിപ്പിടിക്കാനുള്ള പടയോട്ടവും അക്കാലത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും തമ്മില്‍ ബന്ധങ്ങളുണ്ട്. ഇതുപോലെ, ഏത് ആദര്‍ശാത്മക ആശയങ്ങളും പ്രയോഗിക തലത്തില്‍ നിരവധി കലര്‍പ്പുകളിലൂടെയും രാഷ്ട്രീയ സാമൂഹിക അധികാര ബന്ധങ്ങളിലൂടെയുമാണ് പ്രതിനിധീകരിക്കപ്പെടുന്നത്. മതവും ഇതില്‍ നിന്ന് ഭിന്നമല്ല.
ഒരു ആശയത്തിനും സ്വയമേവ നിലനില്‍പ്പില്ല. അങ്ങനെയുണ്ടെന്ന തെറ്റിദ്ധാരണയാണ് കലര്‍പ്പുകളില്ലാതെ പ്രായോഗികവത്കരിക്കാനുള്ള ഉട്ടോപ്യന്‍ ശ്രമങ്ങളുടെ യഥാര്‍ഥ ചോദന. ആശയങ്ങളോടുള്ള സ്‌നേഹം തീവ്രമായി പോകുന്നതും പ്രായോഗിക തലത്തില്‍ അതിനെ ധ്രുവീകരണാത്മകമായി പ്രതിഷ്ഠിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നത് ഈ ചോദനയാണ്. പുതിയ കാമ്പസ് തലമുറ രണ്ടറ്റങ്ങളില്‍ ഒരു ഭാഗത്ത് നില്‍ക്കുന്നത് ഈ തീവ്രതയുടെ ഭാഗമാണ്. ആശയങ്ങള്‍ പ്രായോഗിക ലോകത്ത് മൂര്‍ത്തീകരിക്കപ്പെടുന്നതിന്റെ സാഹചര്യവും ബാഹ്യസ്വാധീനങ്ങളുടെ യാഥാര്‍ഥ്യലോകവും തിരിച്ചറിയപ്പെടാത്തതാണ് ഒരു പ്രശ്‌നം. ലോകത്ത് ഒരു ആശയവും സ്വയമേവ, പൂര്‍ണാര്‍ഥത്തില്‍, ആദര്‍ശാത്മകമായി പ്രയോഗവത്കരിക്കപ്പെട്ടിട്ടില് ല. ലോകത്ത് പ്രയോഗവത്കരിക്കപ്പെട്ടതില്‍ ഏറ്റവും മഹത്തായ ആശയമാണ് ഇസ്‌ലാം. അതിന് പോലും പ്രായോഗികതലത്തില്‍ കാലത്തിന്റെയും ദേശത്തിന്റെയും നിരവധി സ്വാധീനങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. പ്രവാചകന്‍ മദീനയില്‍ ജൂത ക്രിസ്ത്യന്‍ ഗോത്രങ്ങളുമായുണ്ടാക്കിയ കരാര്‍ മുതല്‍ ഖലീഫ ഉമറിന്റെ ഭരണപരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഈ ബാഹ്യസ്വാധീനങ്ങളുടെ ഭാഗമാണ്. ഇസ്‌ലാമിക സംസ്‌കൃതിയിലെ കാല ദേശ സ്വാധീനങ്ങള്‍ ഇന്ന് വളരെയധികം ഗവേഷണം ചെയ്യപ്പെടുന്ന ഒരു വിഷയം കൂടിയാണ്.
ഡിസ്‌ടോപ്യ, ഹെട്രോടോപ്യ
മാതൃകാപരവും ആദര്‍ശാത്മകവുമായ ഒരു ആശയമാണ് ഉട്ടോപ്യയെങ്കില്‍ അതിന്റെ നേര്‍വിപരീതമാണ് ഡിസ്‌ടോപ്യ. ആന്റിഉട്ടോപ്യ എന്ന് അതിനെ ലളിതമായി വിശദീകരിക്കാം. മനുഷ്യത്വരഹിതവും അക്രമവും മാത്രമുള്ള ഒരു സമൂഹമാണത്. ആദര്‍ശാത്മകമായി നാം ഏതൊന്നിനെ മനസ്സിലാക്കുന്നുവോ അതിന്റെ വിപരീതാര്‍ഥത്തില്‍ തീവ്രത കാണിക്കുന്ന ഭാവനയാണ് ഡിസ്‌ടോപ്യ. ഉട്ടോപ്യ പോലെ തന്നെ ഭാവന തന്നെയാണ് ഡിസ്‌ടോപ്യയിലും പ്രവര്‍ത്തിക്കുന്നത്. അതായത്, കലര്‍പ്പുകളില്ലാത്ത ആദര്‍ശാത്മകമായ സമൂഹം എന്ന ആശയം പോലെ തന്നെ അതിന്റെ എതിര്‍ധ്രുവത്തിലുള്ള കലര്‍പ്പുകള്‍ മാത്രം നിറഞ്ഞ, അക്രമാത്മക സമൂഹം എന്ന ആശയവും അസംഭവ്യമാണ്. ജോര്‍ജ് ഓര്‍വെലിന്റെ നൈന്റീന്‍ എയ്റ്റിഫോര്‍, അള്‍ഡോസ് ഹക്‌സലിയുടെ ബ്രൈവ് ന്യൂവേള്‍ഡ് എന്നീ നോവലുകള്‍ ഡിസ്‌ടോപ്യന്‍ സൊസൈറ്റിയുടെ ചെയ്തികള്‍ ഭാവന ചെയ്യുന്ന രചനകളാണ്. കലര്‍പ്പുകളെ ഭയപ്പെടുന്നവര്‍ വാദിക്കുന്ന ഒന്നാണ്, ലോകം മൊത്തം മനുഷ്യത്വരഹിതമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുന്നു എന്നത്. എന്നാല്‍, ഒരു ആശയലോകം എന്ന നിലയില്‍ തീവ്രദശയില്‍ നില്‍ക്കുന്ന അക്രമാത്മക ലോകവും അസംഭവ്യമാണ് എന്നതാണ് യാഥാര്‍ഥ്യം. നന്മ നിറഞ്ഞ ലോകത്തെ ബാഹ്യഘടകങ്ങള്‍ സ്വാധീനിക്കുന്നു എന്നതുപോലെ തന്നെ, തിന്മ നിറഞ്ഞ ലോകത്തെയും ബാഹ്യഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. എത്ര മനുഷ്യത്വരഹിതം എന്ന് നമ്മള്‍ വിലയിരുത്തിയാലും അതിനുള്ളില്‍ മനുഷ്യനന്മയുടെ ഒരംശമെങ്കിലും ഉണ്ടാവും. എത്ര നന്മ മാത്രം നിറഞ്ഞ മനുഷ്യന്‍ എന്ന് വിലയിരുത്തിയാലും അതിനുള്ളില്‍ തിന്മയുടെ അംശമുണ്ടാവുന്നത് പോലെ സ്വാഭാവികമായ മനുഷ്യാവസ്ഥയാണത്. അതിനാല്‍, ഉട്ടോപ്യ മുന്നില്‍ കണ്ട് ആശയങ്ങളെ സ്‌നേഹിക്കുന്നതോ ഡിസ്‌ടോപ്യ മുന്നില്‍ കണ്ട് ആശയങ്ങളെ നിഷേധിക്കുന്നതോ ഹിതകരമല്ല.
ഹെട്രോടോപ്യ എന്ന ആശയം വിശദീകരിക്കുന്നത് മിഷേല്‍ ഫൂക്കോ ആണ്. വാള്‍ട്ടര്‍ റസല്‍ മീഡ് എഴുതുന്നു: എല്ലാം നന്മയായ ഇടമാണ് ഉട്ടോപ്യ. എല്ലാം തിന്മയായ ഇടമാണ് ഡിസ്‌ടോപ്യ. ഹെട്രോടോപ്യ എന്നത് വ്യത്യസ്തമായ ഇടമാണ്. അവിടെ അതിലെ അംഗങ്ങള്‍ പരസ്പരം ബന്ധിതവും ബന്ധരഹിതവുമാണ് (Trains, Planes, and Automobiles: The End of the Postmodern Moment. World Policy
Journal,1996). ഇതരം അഥവാ അദര്‍ എന്ന ആശയത്തില്‍ നിന്നാണ് ഹെട്രോടോപ്യ എന്ന സങ്കല്‍പത്തെ ഫൂക്കോ വികസിപ്പിക്കുന്നത്. വ്യത്യസ്തമായ അടരുകളും വൈവിധ്യപൂര്‍ണമായ ശീലുകളും നിറഞ്ഞ ഒരിടത്തില്‍ അദൃശ്യമായ ബന്ധങ്ങളും ഇടപാടുകളും ഓരോ ഘടകത്തെയും നിര്‍ണയിക്കുന്നു എന്നതാണ് അദ്ദേഹം വിശദീകരിക്കുന്നത്. നിലവിലെ ബഹുസ്വരമായ ജീവിതയാഥാര്‍ഥ്യം തന്നെയാണ് ഈ വിശദീകരണത്തിന്റെ ഏറ്റവും സമൂര്‍ത്തമായ ഉദാഹരണം.
Journal,1996). ഇതരം അഥവാ അദര്‍ എന്ന ആശയത്തില്‍ നിന്നാണ് ഹെട്രോടോപ്യ എന്ന സങ്കല്‍പത്തെ ഫൂക്കോ വികസിപ്പിക്കുന്നത്. വ്യത്യസ്തമായ അടരുകളും വൈവിധ്യപൂര്‍ണമായ ശീലുകളും നിറഞ്ഞ ഒരിടത്തില്‍ അദൃശ്യമായ ബന്ധങ്ങളും ഇടപാടുകളും ഓരോ ഘടകത്തെയും നിര്‍ണയിക്കുന്നു എന്നതാണ് അദ്ദേഹം വിശദീകരിക്കുന്നത്. നിലവിലെ ബഹുസ്വരമായ ജീവിതയാഥാര്‍ഥ്യം തന്നെയാണ് ഈ വിശദീകരണത്തിന്റെ ഏറ്റവും സമൂര്‍ത്തമായ ഉദാഹരണം.
സന്തുലിത കാഴ്ചപ്പാടുകള്‍
2016-ല്‍ സസക്‌സ് യൂണിവേഴ്‌സിറ്റിയിലെ ആന്തോണി ബുത് തീവ്രതയുടെ തത്ത്വശാസ്ത്രം വിശകലനം ചെയ്യുന്ന ഒരു ലേഖനം എഴുതിയിരുന്നു. അതില്‍ തീവ്രമായ വിശ്വാസത്തിന്റെ സാധ്യമായ രണ്ട് മോഡലുകളാണ് അദ്ദേഹം പരിശോധിക്കുന്നത്. പാശ്ചാത്യ ഫിലോസഫര്‍മാര്‍ മുന്നോട്ട് വെക്കുന്ന Defective Belief എന്ന മോഡലും അറബ് ഫിലോസഫറായ അല്‍ ഫാറാബി മുന്നോട്ടുവെക്കുന്ന Over Beliefഎന്ന മോഡലുമാണ് വിശകലനം ചെയ്യുന്നത്. നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളെ മാത്രമേ ധാര്‍മികമായി വിശ്വസിക്കാന്‍ ഒരാള്‍ക്ക് സാധിക്കുകയുള്ളൂ. ഒരാള്‍ ഒരു പണക്കിഴി ഓഫര്‍ നല്‍കിക്കൊണ്ട് വലത് കൈ ഉയര്‍ത്താന്‍ പറയുന്നു. വലത് കൈ ആണെന്ന വിശ്വാസത്തോടെ നമ്മുടെ വലത് കൈ നാം ഉയര്‍ത്തുന്നു. അതേസമയം പണം ഓഫര്‍ ചെയ്തത്, നാം ഒരു വലിയ പുല്‍ച്ചാടിയാണെന്ന് വിശ്വസിക്കാനാണ് എങ്കില്‍ എത്ര തന്നെ ശ്രമിച്ചാലും അങ്ങനെ സ്വയമേ വിശ്വസിപ്പിക്കാന്‍ ഒരാള്‍ക്ക് സാധിക്കില്ല. ഓരോരുത്തരുടെയും നിയന്ത്രണത്തിലുള്ള കാര്യങ്ങളിലേ മനുഷ്യന്‍ വിശ്വസിക്കൂ എന്നതാണ് സത്യം. അതുകൊണ്ട് സ്വയമേവ ന്യൂനതയുള്ള വിശ്വാസ സംഹിതയില്ല. മറിച്ച്, വിശ്വാസത്തില്‍ അതിരുകവിയുന്നതാണ് തീവ്രതക്ക് ഹേതുവാകുന്നത്. ഉട്ടോപ്യയും ഡിസ്‌ടോപ്യയും സംഭവ്യമാണെന്ന വിശ്വാസം ഒന്നിനെ പ്രായോഗികമാക്കാനും ഒന്നിനെ നിഷേധിക്കാനും കാരണമാകുന്നു. പരിശുദ്ധവും കലര്‍പ്പ് രഹിതവുമായ ഒരു മാതൃകാസ്ഥാനം സാധ്യമാണെന്ന ചിന്ത സാമൂഹികമായി പ്രായോഗികമല്ല. ഭാവനാതലത്തില്‍ സാധ്യമാണ് എന്ന് മാത്രം. അതിന് പ്രതീക്ഷിച്ചുകൊണ്ട് മൂര്‍ത്തീകരണത്തിന് വേണ്ടി പ്രയത്‌നിക്കുമ്പോഴാണ് തീവ്രാശയങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ പിടിമുറുക്കുന്നത്. അതുപോലെ നേരെ തിരിച്ചും. മതവും വിശ്വാസവും ആചാരവും മനുഷ്യജീവിതത്തെ മുഴുവന്‍ ഇരുട്ടിലാക്കുന്ന അക്രമാത്മക ആശയമാണെന്ന് കരുതുന്നവര്‍ മറ്റൊരു ഉട്ടോപ്യ മുന്നില്‍ കാണുകയും ഡിസ്‌ടോപ്യന്‍ ലോകത്തെ നിഷേധിക്കുകയും ചെയ്യുന്നു. ഇതൊരു ഫിലോസഫിക്കല്‍ പ്രശ്‌നമാണ്. സമൂഹവും മനുഷ്യവാസവും ജീവിതവും അധികാര ബന്ധങ്ങളും രൂപപ്പെടുന്ന വിധവും അതിന്റെ വഴക്കവും ഇളക്കവുമുള്ള രീതിശാസ്ത്രവും മനസ്സിലാക്കിയെങ്കില്‍ മാത്രമേ ജീവിത കാഴ്ചപ്പാടുകളെ സന്തുലിതമായി നിര്‍ത്താനാവൂ.
ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് ഈ സന്തുലിത കാഴ്ചപ്പാടിനെയാണ്. സന്തുലിത കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ മനുഷ്യജീവിതത്തില്‍ പ്രായോഗികമായി ഇടപെടാനാവൂ. പുതുതലമുറ ചിന്താരീതിയിലും പ്രവര്‍ത്തനതലത്തിലും തീവ്രതയുടെയും ജീര്‍ണതയുടെയും രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന സമകാലിക പ്രതിസന്ധിയെ മറികടക്കാന്‍ സന്തുലിത കാഴ്ചപ്പാടുകളുടെ തത്വശാസ്ത്രത്തെ ജനകീയമാക്കേണ്ടതുണ്ട്.