9 Saturday
November 2024
2024 November 9
1446 Joumada I 7

ഉഗ്രപാപങ്ങളും പശ്ചാത്താപവും-3 സിഹ്‌റിനു പ്രതിഫലനമോ? പി മുസ്തഫ നിലമ്പൂര്‍

അസ്സബ്ഉല്‍ മൂബിഖാത് എന്ന് നബി(സ) വിശേഷിപ്പിച്ച ഏഴ് ഉഗ്രപാപങ്ങളില്‍ പെട്ട മാരണത്തെപ്പറ്റിയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. സിഹ്ര്‍ എന്ന പദത്തിന് ഭാഷാപരമായും സാങ്കേതികമായും വിവിധ അര്‍ഥങ്ങളുണ്ട്. മാരണം, കൂടോത്രം, അടിസ്ഥാനമില്ലാത്തത്, വഞ്ചന, യാഥര്‍ഥ്യത്തില്‍ നിന്നും എതിരായത്, മയക്കല്‍, തോന്നിപ്പിക്കല്‍ തുടങ്ങി വിവിധ അര്‍ഥങ്ങളിലും ആശയങ്ങളിലും ഇത് പ്രയോഗിച്ചിട്ടുണ്ട്. ഉത്ഭവ കേന്ദ്രം അവ്യക്തമോ നിഗൂഢമോ ആയതിനെ സിഹ്ര്‍ എന്നു പറയും. മനുഷ്യര്‍ക്ക് അവരുടെ പഞ്ചേന്ദ്രിയങ്ങള്‍ മുഖേനയോ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലോ അല്ലാതെ, കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായതോ അഭൗതികമായതോ ആയ വഴിയിലൂടെയുള്ള സ്വാധീനം പ്രതീക്ഷീക്കുന്നതും പ്രവര്‍ത്തിക്കുന്നതും സ്രഷ്ടാവിന്റെ ഏകത്വത്തില്‍ പങ്കുച്ചേര്‍ക്കലാണ്. സിഹ്‌റിലൂടെ അത്തരത്തിലുള്ള വിശ്വാസമാണ് സങ്കല്‍പ്പിക്കപ്പെടുന്നത്.
പദാര്‍ഥ ലോകത്ത് ദൈവേതര സ്വാധീനം ചെലുത്താന്‍ മനുഷ്യര്‍ക്ക് കഴിയുമെന്ന വിശ്വാസവും ഗ്രഹങ്ങളുടെ സ്വാധീനം നേട്ടകോട്ടങ്ങളില്‍ ഉണ്ടാകുമെന്ന ധാരണയുമാണ് സിഹ്‌റിന്റെ അടിസ്ഥാനം. ഇബ്‌നുഖല്‍ദുന്‍ (ക്രി. 1332-1406) വ്യക്തമാക്കുന്നു: ”പാദാര്‍ഥ ലോകത്ത് സ്വാധീനം ചെലുത്താന്‍ മനുഷ്യമനസ്സുകള്‍ക്ക് സാധിക്കും വിധത്തിലുള്ള ജ്ഞാനങ്ങളാണ് അവ (സിഹ്ര്‍). ചിലപ്പോള്‍ ഉപരിലോകത്തെ സഹായം കൂടാതെയോ അല്ലെങ്കില്‍ ഉപരിലോകത്തെ സഹായിയെ കൂടിയോആവാം.” (മുഖദ്ദിമ). മറ്റൊരിടത്ത് പറയുന്നു: ”സിഹ്‌റിന്റെ ഏതൊരു പരിശീലനവും ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ഉപരിലോകങ്ങള്‍, പിശാചുക്കള്‍ എന്നിവയെ ആദരിക്കുകയും ആരാധിക്കുകയും വിനയവിധേയത്വ പ്രകടനത്തിലൂടെ പ്രീണിപ്പിക്കുകയും ചെയ്തു കൊണ്ടേ സാധ്യമാകൂ. അക്കാരണത്താല്‍ തന്നെ ഇവ മുഴുക്കെയും അല്ലാഹു അല്ലാത്തവരോടുള്ള ആഭിമുഖ്യവുമാണ്. ഇക്കാരണത്താല്‍ ശിര്‍ക്കും കുഫ്‌റുമായിത്തീരുന്നു.” (മുഖദ്ദിമ 498)
ഗ്രഹങ്ങളുടെയും രാശിനിലയുടെയും സ്വാധീനത്തിലധിഷ്ഠിതമായ വിശ്വാസമാണ് സിഹ്‌റിലൂടെ നിര്‍വ്വഹിക്കുന്നത്. ശൈഖ് അഹ്മദ്ബ്‌നു അലി അല്‍ബൂനി (മരണം ഹിജ്‌റ 622) വ്യക്തമാക്കുന്നു: ”നീ മനസ്സിലാക്കുക, തീര്‍ച്ചയായും അക്ഷരങ്ങള്‍ക്ക് പ്രതിഫലമുള്ളതു പോലെ അക്കങ്ങള്‍ക്ക് രഹസ്യങ്ങളുണ്ട്. ഉപരിലോകം അധോലോകത്തെ സഹായിക്കുന്നു. അര്‍ശുലോകം കുര്‍സ് ലോകത്തെ സഹായിക്കുന്നു. കുര്‍സുലോകം ശനി ഗ്രഹത്തെ സഹായിക്കുന്നു. ശൈത്യം വരള്‍ച്ച ഗ്രഹത്തെയും വരള്‍ച്ച വാതഗ്രഹത്തെയും വാതം ജലഗ്രഹത്തെയും ജലം മണ്‍ഗ്രഹെത്തയും മണ്ണ് ശനി ഗ്രഹത്തെയും സഹായിക്കുന്നു. (ശംസുല്‍ മആരിഫില്‍ കുബ്‌റാ 1:5). സാഹിറുകളുടെ ഗ്രഹസ്വാധീന വിശ്വാസം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുന്നതാണ് മേല്‍ പ്രസ്താവന.
പുരാതനകാലം മുതലേ ഇത്തരം അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ടായുരുന്നു. നൂഹ്‌നബി(അ)യുടെ ജനതയില്‍ ആ വിശ്വാസമുണ്ടായിരുന്നുവെന്ന് ഖുര്‍ആനില്‍ നിന്നു വായിച്ചെടുക്കാം. ഇദ്‌രീസ് നബി(അ)യുടെ കാലം മുതലാണ് ഇതിന്റെ പ്രാരംഭം എന്ന് പറയപ്പെടുന്നു. ഈജിപ്തുകാരും ബാബിലോണിക്കാരും സിഹ്‌റിനെ ആസ്പദമാക്കിയുള്ള ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തി. പിന്നീട് സ്‌പെയിനിലെ സാഹിറുകളുടെ നേതാവ് മസ്വലമത്ബ്‌നു അഹ്മദുല്‍ മജ്‌രീതി  കൂടുതല്‍ സമഗ്രമായി ക്രോഡീകരിച്ചെടുക്കുകയും‘ഗായതുല്‍ഹകീം എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ബുഖ്തുനസ്ര്‍ (ബി സി 605-562) യഹൂദികളുടെ രാജ്യം കീഴ്‌പ്പെടുത്തിയപ്പോള്‍ അവരിലധികപേരും ബാബിലോണില്‍ അഭയം തേടുകയും അവിടെ പ്രചാരത്തിലുള്ള സിഹ്ര്‍ എന്ന കലയില്‍ ആകൃഷ്ടരാവുകയും ചെയ്തു. ഈ കലയെ അവര്‍ മതത്തിന്റെ പരിവേഷത്തില്‍ അവതരിപ്പിക്കുകയും പല കള്ളക്കഥകളും അതിനായി പ്രചരിപ്പിക്കുകയും ചെയ്തു. ഈ കലക്ക് പിന്നീട് പ്രചുരപ്രചാരം നല്‍കിയതും മതവേഷം കെട്ടിച്ചതും ജൂതക്രൈസ്തവരാണ്. ഖുര്‍ആന്‍ പറയുന്നു:‘”വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു.” (നിസാഅ് 51)
ഇബ്‌നുഹജര്‍(റ) പറയുന്നു: ”സൂര്യന് ചുറ്റുമുള്ള സപ്ത ഗ്രഹങ്ങളെ ആരാധിച്ചിരുന്ന സാബീ മതക്കാരാണ് ബാബിലോണിയക്കാര്‍ സപ്ത ഗ്രഹങ്ങളാണ് പ്രാപഞ്ചിക പ്രതിഭാസങ്ങളെ സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും എന്ന് അവര്‍ വിശ്വസിക്കുകയും അവയുടെ നാമത്തില്‍ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിച്ചു പൂജിച്ചു പോരുകയും ചെയ്തു. (ഫത്ഹുല്‍ബാരി 10:222, ബാബു സിഹ്ര്‍). ‘ജിബ്തില്‍ വിശ്വസിക്കും’ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം സിഹ്‌റില്‍ വിശ്വസിക്കലാണെന്ന് ഉമര്‍(റ), ഇബ്‌നുഅബ്ബാസ്(റ) മുതലായവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇബ്‌നുകസീര്‍(റ) ഉദ്ധരിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ ജൂതക്രൈസ്തവരുടെ ശിര്‍ക്കന്‍ വിശ്വാസമാണ് സിഹ്‌റിലൂടെ പുനരാഗമനം ചെയ്യപ്പെടുന്നത്. ശിര്‍ക്കും വഞ്ചനയും ചതിയും കള്ളത്തരവും കുമിഞ്ഞ് കൂടുന്ന സിഹ്‌റിനെ അതീവ ഗുരുതരമായിട്ടാണ് ഇസ്‌ലാം കാണുന്നത്.
സാഹിറിന് തൗബ ചെയ്യാനുള്ള അവസരം പോലും നല്‍കാതെ വധിച്ചു കളയണമെന്നാണ് സലഫുകളുടെ നിലപാട്. ഹനഫികളുടെയും മാലികികളുടെയും ഹന്‍ബലികളുടെയും വീക്ഷണവും അതുതന്നെ. ശാഫിഈ ഇമാമാകട്ടെ സിഹ്‌റിനെ മൂന്നായി തിരിക്കുകയും വധിച്ചുകളയേണ്ടതും അതല്ലാത്ത ശിക്ഷ നല്‍കേണ്ടതുമുണ്ടെന്ന് അഭിപ്രായപ്പെടുയും ചെയ്യുന്നു. ഉമറിന്റെ(റ) നിര്‍ദേശ പ്രകാരം സിഹ്‌റ് ചെയ്യുന്ന പുരുഷനെയും സ്ത്രീയെയും വധിച്ചു കളഞ്ഞിട്ടുണ്ട്. ഹഫ്‌സ(റ)യുടെ അയല്‍വാസിനിയെ സിഹ്‌റ് ചെയ്തതിന്റെ പേരില്‍ വധിച്ചിട്ടുണ്ട്. സിഹ്‌റിന് സ്വാധീനമോ പ്രതിഫലനമോ ഉള്ളതുകൊണ്ടല്ല ഇപ്രകാരം ശിക്ഷ നടപ്പിലാക്കിയത്. അങ്ങനെയായിരുന്നുവെങ്കില്‍ വധിക്കാന്‍ വിധി കല്‍പിക്കുന്ന വിധികര്‍ത്താവിനെതിരെയും അവര്‍ക്ക് സിഹ്‌റ് ചെയ്യാമായിരുന്നുവല്ലോ. തൗഹിദിലധിഷഠിത സമൂഹത്തില്‍ കുഫ്‌റിന്റെയും ശിര്‍ക്കിന്റെയും ഫസാദ് കൊണ്ടുവരുന്നതു കൊണ്ടാണ് ഭരണാധികാരി ശിക്ഷ നല്‍കുന്നത്. സിഹ്‌റിലൂടെ പ്രതിഫലനം കാംക്ഷിക്കുന്നത് അവ്യക്തവും അഭൗതികവുമായ വഴിയിലൂടെയാണ്. ആ ജ്ഞാനം അല്ലാഹുവിന് മാത്രമുള്ളതാണ്. ”(നബിയേ) പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല. അല്ലാഹുവല്ലാതെ” (നംല് 65)
ഇംറാനുബ്‌നു ഹുസൈ്വന്‍(റ) പറയുന്നു: ”ശകുനം നോക്കുന്നവനും നോക്കിക്കുന്നവനും കണക്ക് നോക്കുന്നവനും നോക്കിക്കുന്നവനും സിഹ്‌റ് ചെയ്യുന്നവനും ചെയ്യിക്കുന്നവനും നമ്മില്‍ പെട്ടവരല്ല. ആരെങ്കിലും ജ്യോത്സ്യനെ സമീപിച്ച് അവന്‍ പറയുന്നത് സത്യപ്പെടുത്തിയാല്‍ മുഹമ്മദ് നബി(സ)ക്ക് അവതരിച്ചതില്‍ അവന്‍ അവിശ്വസിച്ചു.” (മുസ്‌നദ് ബസ്സാര്‍ 9:52, ത്വബ്‌റാനി, ഔസത് 5:118). ”ആരെങ്കിലും ജ്യോത്സ്യനെ സമീപിച്ച് വല്ലതും ചോദിച്ചാല്‍ നാല്‍പത് ദിവസത്തെ നമസ്‌ക്കാരം അല്ലാഹു സ്വീകരിക്കുകയില്ല.” (മുസ്‌ലിം 5957)
ഇത്തരം നിഗൂഢ പുരോഹിതരെ വിശ്വാസമില്ലാതെ സമീപിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നതു പോലും നാല്‍പ്പത് ദിവസത്തെ നമസ്‌കാരം തൗബ എന്നിവ നിരസിക്കപ്പെടാന്‍ കാരണമാകും. അയാള്‍ പറയുന്നത് സത്യമെന്നംഗീകരിച്ചാല്‍ നബി(സ)യെയും അദ്ദേഹത്തിന്റെ രിസാലത്തിനെയും അവിശ്വസിച്ചവനായിത്തീരുകയും ചെയ്യും. നബി(സ) പറഞ്ഞു: ”മൂന്ന് വിഭാഗം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. മദ്യപാനം ശീലമാക്കിയവന്‍, കുടുംബബന്ധം വിഛേദിക്കുന്നവന്‍, സിഹ്‌റിനെ സത്യപ്പെടുത്തുന്നവന്‍.” (അഹ്മദ്)
സിഹ്‌റും അവ്യക്തതയും
നിഗൂഢവും അവ്യക്തവുമായ വഴിയിലൂടെയാണ് സിഹ്‌റില്‍ ഫലം പ്രതീക്ഷിക്കുന്നത്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായതും അവ്യക്തവുമായ നിലയില്‍ ഗുണമോ ദോഷമോ പ്രതീക്ഷിക്കുന്നത് അല്ലാഹുവിന് മാത്രമറിയുന്ന അദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അംഗീകരിച്ചു കൊടുക്കലാണ്. അദൃശ്യം എന്നാല്‍ കാണാന്‍ കഴിയാത്തത് എന്ന് ഭാഷാര്‍ഥം. അഭൗതികം എന്നാല്‍ ബാഹ്യവും ഭൗതികവുമായ ജ്ഞാനങ്ങള്‍ക്കതീതമായത് എന്നാണാശയം. ഈ ആശയത്തില്‍ അദൃശ്യവും അഭൗതികവുമായവ കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായത് എന്നാണ് ഇസ്‌ലാഹി പ്രസ്ഥാനം നാളിതുവരെ സ്വീകരിച്ചു പോന്നിട്ടുള്ള നിലപാട്. അവ്യക്തം എന്നതിന്റെ ഭാഷാര്‍ഥവും അദൃശ്യമായത് എന്നാകുന്നു. അവ്യക്തമായ പ്രതിഫലനം എന്നത് അദൃശ്യവും അഭൗതികവുമായ തലത്തില്‍ തന്നെയാണ്.
അവ്യക്തതയെയും അദൃശ്യത്തെയും ഇസ്‌ലാഹി പ്രസ്ഥാനം വേര്‍പ്പെടുത്തിയിരുന്നില്ല. ജിന്നുകളോട് സഹായം തേടാം. എന്ന് ജല്‍പിക്കുന്നവരുടെ വാദവും ഇത് തന്നെ യാ ഇബാദല്ലാ അഈനൂനീ എന്ന് ഒരാള്‍ വിജനസ്ഥലത്ത് വെച്ചു സഹായം തേടിയാല്‍ തേടുന്നവന് അവ്യക്തമാണെങ്കിലും ജിന്നുകള്‍ പോലുള്ള അദൃശ്യ സൃഷ്ടികള്‍ സഹായിച്ചേക്കാം എന്ന് പറയുന്നത് ശിര്‍ക്കും ആ നിലയില്‍ മാരണത്തില്‍ നിന്ന് പ്രതിഫലനം പ്രതീക്ഷിക്കുന്നത് തൗഹീദുമാകുന്നത് വിചിത്രമാണ്.
കണ്‍കെട്ട്, ജാലവിദ്യ മുതലായവയെയാണ് അവ്യക്തമായ വഴിയിലൂടെയുള്ള സിഹ്‌റ് എന്ന് പറയുന്നതെങ്കില്‍ ശുദ്ധവങ്കത്തം എന്നേ അതിനെ സംബന്ധിച്ച് പറയാന്‍ കഴിയൂ. എന്തുകൊണ്ടെന്നാല്‍ ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കുന്ന കലയെ സംബന്ധിച്ച് ജാലവിദ്യക്കാരന് കൃത്യമായ ബോധമുണ്ടായിരിക്കും. കാണുന്നവര്‍ക്ക് അവ്യക്തമാണെങ്കിലും ജാലവിദ്യക്കാരന് അത് വ്യക്തമാണ്. ഇതിനെ അവ്യക്തം എന്നു വിളിക്കാമെങ്കില്‍ രോഗശമനത്തിനായി മരുന്ന് ഉപയോഗിച്ച് റബ്ബിന്റെ അനുഗ്രഹത്താല്‍ രോഗശമനം നേടുമ്പോള്‍ അവ്യക്തമായ നിലയില്‍ രോഗശമനം നേടി എന്ന് പറയേണ്ടിവരും. താന്‍ ഉപയോഗിക്കുന്ന മരുന്ന് തന്റെ ശരീരത്തില്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് രോഗി അറിഞ്ഞിട്ടില്ലെങ്കിലും അതു നിര്‍ദേശിച്ച ഡോക്ടറുടെ വിജ്ഞാനത്തില്‍ അതിന് വ്യക്തതയുണ്ടാകും. അതിനാല്‍ നാം അവ്യക്തമായ നിലയില്‍ രോഗശമനം നേടി എന്നും പറയുന്നില്ല. ഇതുതന്നെയാണ് ജാലവിദ്യക്കാരന്റെ അവസ്ഥയും.
ഇനി ജാലവിദ്യ ശിര്‍ക്കല്ല എന്ന് സ്ഥാപിക്കലാണ് ഉദ്ദേശ്യമെങ്കില്‍ ജാലവിദ്യ ശിര്‍ക്കാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. സിഹ്‌റും മാജികും തമ്മില്‍ അജഗജാന്തരം ഉണ്ട്. മാജിക് തികച്ചും കണ്‍കെട്ടു വിദ്യയാണ്. സ്ഹ്‌റാകട്ടെ ചെയ്യുന്ന സാഹിറിന് പോലും അതിന്റെ പ്രവര്‍ത്തന രീതിയോ എന്തു സംഭവിക്കുമെന്നോ വ്യക്തമല്ല. കുറെ ഭൗതികാവശിഷ്ടങ്ങളോ മറ്റോ എവിടെയെങ്കിലും നിക്ഷേപിക്കുകയോ അക്ഷരങ്ങളും അക്കങ്ങളും വികൃതമായി രൂപം നല്‍കുകയോ ചെയ്യുമ്പോള്‍ ഭൗതികമായ ഒരു മാര്‍ഗവുമില്ലാതെ എവിടെയോ ഉള്ള ഏതോ വ്യക്തിയെ സ്വാധീനിക്കുകയും പ്രതിഫലിക്കുകയും ചെയ്യുമെന്ന് പറയുന്നതും മാജിക്കും ഒന്നാകില്ല. അവ്യക്തമായ നിലയില്‍ ഒരു വലിയ്യിന്റെ സഹായം ലഭിച്ചേക്കാം എന്ന് കരുതി മരിച്ചുപോയവരോട് സഹായം തേടുന്നത് ശിര്‍ക്കാണെന്നപോലെ സിഹ്‌റിലൂടെ പ്രതിഫലനം പ്രതീക്ഷിക്കുന്നതും അതിനെ സത്യപ്പെടുത്തുന്നതും കുഫ്‌റിലും ശിര്‍ക്കിലും അകപ്പെടാന്‍ കാരണമാകും.
Back to Top